• Skip to Content
  • Sitemap
  • Advance Search
Infrastructure

ആരവല്ലി കുന്നുകൾ: പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനം ഉറപ്പാക്കലും

प्रविष्टि तिथि: 21 DEC 2025 15:15 PM

അവലോകനം

 

ആരവല്ലി കുന്നുകളിൽ ഖനന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ഏകീകൃത നയനിർവചനം സംബന്ധിച്ചും ബന്ധപ്പെട്ട സംസ്ഥാന ഗവണ്മെൻ്റുകളുടെ കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തുന്നതിനുമായി 9/5/24 ലെ ഉത്തരവിലൂടെ രൂപീകരിച്ച കമ്മിറ്റിയുടെ 12/8/2025 ലെ അധിക ശുപാർശകൾ സുപ്രീം കോടതി 2025 നവംബർ-ഡിസംബർ മാസത്തിൽ പരിഗണിച്ചു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) നേതൃത്വo നൽകിയ ഈ കമ്മിറ്റിയിൽ ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ വനം വകുപ്പ് സെക്രട്ടറിമാരും ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ, സെൻട്രൽ എംപവേർഡ് കമ്മിറ്റി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നു. മരുഭൂവൽകരണത്തിനെതിരായ പ്രതിരോധം, ഭൂഗർഭജല റീചാർജ് മേഖല, ജൈവവൈവിധ്യ ആവാസ വ്യവസ്ഥ എന്നീ നിലകളിൽ ആരവല്ലി പർവതനിരകളുടെ പാരിസ്ഥിതിക പ്രാധാന്യത്തെ കോടതി എടുത്തുപറഞ്ഞു.

 

ആരവല്ലികളുടെ പ്രാധാന്യം

 

ഡൽഹി മുതൽ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൗമ രൂപീകരണങ്ങളിൽ ഒന്നാണ് ആരവല്ലി കുന്നുകളും പർവതനിരകളും. ചരിത്രപരമായി, 37 ജില്ലകളിലായി സംസ്ഥാന ഗവണ്മെൻ്റുകൾ അവയെ നിയന്ത്രിക്കുന്നു. ഉത്തര മേഖലയിലെ മരുഭൂവൽകരണത്തിനെതിരായ പ്രകൃതിദത്ത പ്രതിരോധമായും ജൈവവൈവിധ്യത്തിൻ്റെയും ജല റീചാർജിൻ്റെയും സംരക്ഷക കേന്ദ്രമായും അവയുടെ പാരിസ്ഥിതിക പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ അനിയന്ത്രിതമായ ഖനനം "രാജ്യത്തിൻ്റെ പരിസ്ഥിതിക്ക് വലിയ ഭീഷണി" ഉയർത്തുന്നുവെന്ന് സുപ്രീം കോടതി ഊന്നിപ്പറയുകയും അവയെ സംരക്ഷിക്കുന്നതിന് ഏകീകൃത മാനദണ്ഡങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. പാരിസ്ഥിതിക സ്ഥിരത, സാംസ്കാരിക പൈതൃകം, സുസ്ഥിര വികസനം എന്നിവയ്ക്ക് ഈ കുന്നുകളുടെ സംരക്ഷണം അതിനാൽ അത്യന്താപേക്ഷിതമാണ്.

 

 പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ

 

സുപ്രീം കോടതി നിർദ്ദേശങ്ങൾക്ക് അനുസൃതമായി, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം രൂപീകരിച്ച കമ്മിറ്റി സംസ്ഥാന ഗവണ്മെൻ്റുകളുമായി വിപുലമായ കൂടിയാലോചന നടത്തി. ആരവല്ലി കുന്നുകളിൽ ഖനനം നിയന്ത്രിക്കുന്നതിനായി, രാജസ്ഥാന് മാത്രമേ ഔദ്യോഗിക, വ്യവസ്ഥാപിത നിർവചനം ഉള്ളൂവെന്ന് കണ്ടെത്തി. റിച്ചാർഡ് മർഫി ലാൻഡ്‌ഫോം വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കി സംസ്ഥാന ഗവണ്മെൻ്റിൻ്റെ 2002 ലെ കമ്മിറ്റി റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. പ്രാദേശിക ഭൂതലത്തിൽ നിന്ന് 100 മീറ്റർ ഉയർന്ന എല്ലാ ഭൂ സവിശേഷതകളെയും കുന്നുകളായി തിരിച്ചറിഞ്ഞ റിച്ചാർഡ് മർഫി ലാൻഡ്‌ഫോം വർഗ്ഗീകരണത്തെ അടിസ്ഥാനമാക്കി, കുന്നുകളിലും അതിൻ്റെ ചരിവുകളിലും ഖനനം നിരോധിച്ചു. 2006 ജനുവരി 9 മുതൽ രാജസ്ഥാൻ ഈ നയം പിന്തുടരുന്നു. ചർച്ചകളിൽ, ആരവല്ലി മേഖലയിലെ ഖനനം നിയന്ത്രിക്കുന്നതിന് "പ്രാദേശിക ഭൂനിരപ്പിന് മുകളിൽ 100 മീറ്റർ" എന്ന മേൽപ്പറഞ്ഞ ഏകീകൃത മാനദണ്ഡം സ്വീകരിക്കാൻ എല്ലാ സംസ്ഥാനങ്ങളും അംഗീകരിച്ചു. ഒപ്പം 09.01.2006 മുതൽ രാജസ്ഥാനിൽ പ്രാബല്യത്തിൽ വന്ന, ഇത് കൂടുതൽ വസ്തുനിഷ്ഠവും സുതാര്യവുമാക്കാൻ ഏകകണ്ഠമായി സമ്മതിച്ചു. 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള കുന്നുകളെ ചുറ്റിപ്പറ്റി ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഭൂരൂപങ്ങളെയും അവയുടെ ഉയരവും ചരിവുകളും പരിഗണിക്കാതെ ഖനന പാട്ടത്തിന് നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതുപോലെ, 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള രണ്ട് തൊട്ടടുത്തുള്ള കുന്നുകളുടെ 500 മീറ്റർ പരിധിയിലുള്ള എല്ലാ ഭൂരൂപങ്ങളെയും ചേർത്താണ് ആരവല്ലി നിരകളെന്നു വിശദീകരിച്ചിരിക്കുന്നത്. ഈ 500 മീറ്റർ മേഖലയ്ക്കുള്ളിൽ നിലവിലുള്ള എല്ലാ ഭൂരൂപങ്ങളെയും അവയുടെ ഉയരവും ചരിവുകളും പരിഗണിക്കാതെ ഖനന പാട്ടത്തിന് നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നു. അതിനാൽ, 100 മീറ്ററിൽ താഴെയുള്ള എല്ലാ ഭൂരൂപങ്ങളിലും ഖനനം അനുവദനീയമാണെന്ന് നിഗമനം ചെയ്യുന്നത് തെറ്റാണ്. രാജസ്ഥാൻ നിലവിൽ പിന്തുടരുന്ന നിർവചനത്തെ ശക്തിപ്പെടുത്തുന്നതിനും കൂടുതൽ സുതാര്യവും വസ്തുനിഷ്ഠവും സംരക്ഷണ കേന്ദ്രീകൃതവുമാക്കുന്നതിനും സുപ്രീം കോടതി രൂപീകരിച്ച കമ്മിറ്റി നിരവധി മെച്ചപ്പെടുത്തലുകൾ നിർദ്ദേശിച്ചു:

 

  •  എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃതമായ പ്രയോഗികത സാധ്യമാക്കുന്നതിനും അടിത്തട്ട് വരെയുള്ള മുഴുവൻ കുന്നിൻ പ്രദേശത്തിൻ്റെയും പൂർണ്ണ സംരക്ഷണം ഉറപ്പാക്കുന്നതിനും വ്യക്തവും വസ്തുനിഷ്ഠവും ശാസ്ത്രീയമായി ശക്തവുമായ ഒരു മാനദണ്ഡം ഉണ്ടാകണം.
  • രാജസ്ഥാൻ്റെ നിർവചനത്തിൽ ഇല്ലാതിരുന്ന 'നിര'കൾക്ക് വ്യക്തമായ സംരക്ഷണം. കുന്നുകൾക്കിടയിലെ 500 മീറ്ററിനുള്ളിലെ മേഖല പർവത നിരയായി അംഗീകരിക്കണമെന്നും അതനുസരിച്ച് സംരക്ഷിക്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു.
  • ഏതെങ്കിലും ഖനന പ്രവർത്തനം പരിഗണിക്കുന്നതിന് മുമ്പ് ആരവല്ലി കുന്നുകളും നിരകളും സർവേ ഓഫ് ഇന്ത്യ ഭൂപടങ്ങളിൽ നിർബന്ധിതമായി അടയാളപ്പെടുത്തണം.
  • ഖനനം കർശനമായി നിരോധിച്ചിരിക്കുന്ന കോർ/സംരക്ഷിത പ്രദേശങ്ങളുടെ വ്യക്തമായ തിരിച്ചറിയൽ.
  • സുസ്ഥിര ഖനനം പ്രാപ്തമാക്കുന്നതിനുള്ള വിശദമായ മാർഗ്ഗ നിർദ്ദേശവും നിയമവിരുദ്ധ ഖനനം തടയുന്നതിനുള്ള ഫലപ്രദമായ നടപടികളും.

 

മുകളിൽ പറഞ്ഞ നടപടികൾ "ആരവല്ലി കുന്നുകൾ", "ആരവല്ലി നിരകൾ" എന്നിവയുടെ വ്യക്തവും ഭൂപട അധിഷ്ഠിതവുമായ പ്രവർത്തന നിർവചനം ആവിഷ്കരിക്കുന്നു. കൂടാതെ, കോർ/ സംരക്ഷിത പ്രദേശങ്ങളെ സംരക്ഷിക്കുകയും പുതിയ ഖനനം നിയന്ത്രിക്കുകയും നിയമവിരുദ്ധ ഖനനത്തിനെതിരായ നടപടികളുടെ നിർവഹണം കർശനമാക്കുന്ന ഒരു നിയന്ത്രണ ചട്ടക്കൂട് ഉറപ്പാക്കുകയും ചെയ്യുന്നു. 20.11.2025 ലെ അന്തിമ വിധിന്യായത്തിൽ, സാങ്കേതിക സമിതിയുടെ സഹായം ഉൾപ്പെടെ, കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ സുപ്രീം കോടതി പ്രശംസിച്ചു (ഉത്തരവിൻ്റെ ഖണ്ഡിക 33). അനധികൃത ഖനനം തടയുന്നതിനെക്കുറിച്ചും ആരവല്ലി കുന്നുകളിലും നിരകളിലും സുസ്ഥിര ഖനനം മാത്രം അനുവദിക്കുന്നതിനുള്ള ശുപാർശകളെയും (ഉത്തരവിൻ്റെ ഖണ്ഡിക 39) അഭിനന്ദിച്ചു. സുപ്രീം കോടതി ഈ ശുപാർശകൾ അംഗീകരിക്കുകയും ഭൗമ എം‌പി‌എസ്‌എം തയ്യാറാക്കുന്നതുവരെ പുതിയ പാട്ടങ്ങൾക്ക് ഇടക്കാല മൊറട്ടോറിയം ഏർപ്പെടുത്തുകയും ചെയ്തു.

 

പ്രവർത്തന നിർവചനങ്ങൾ

 

ആരവല്ലി കുന്നുകൾ: ആരവല്ലി ജില്ലകളിൽ സ്ഥിതിചെയ്യുന്ന, പ്രാദേശിക ഭൂപ്രകൃതിയിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഏതൊരു ഭൂ സവിശേഷതയെയും ആരവല്ലി കുന്നുകൾ എന്ന് വിളിക്കും. ഈ ആവശ്യത്തിനായി, ചുറ്റുമുള്ള ഭൂപ്രകൃതിയിലെ ഏറ്റവും താഴ്ന്ന രൂപരേഖയെ അടിസ്ഥാനമാക്കി (റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വിശദമായ നടപടിക്രമം അനുസരിച്ച്) പ്രാദേശിക ഭൂനിരപ്പ് നിർണ്ണയിക്കും. അത്തരം ഏറ്റവും താഴ്ന്ന രൂപരേഖ കൊണ്ട് ചുറ്റപ്പെട്ട പ്രദേശത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കുന്നും, അതിൻ്റെ അനുബന്ധ മേഖലയും യഥാർത്ഥമോ വിപുലീകൃതമോ ആയാലും അവിടത്തെ മുഴുവൻ ഭൂപ്രകൃതിയും, അവയുടെ ഉയരം പരിഗണിക്കാതെ തന്നെ, ആരവല്ലി കുന്നുകളുടെ ഭാഗമായി കണക്കാക്കപ്പെടും.

 

ആരവല്ലി നിര: മുകളിൽ നിർവചിച്ചിരിക്കുന്നതുപോലെ പരസ്പരം 500 മീറ്റർ സാമീപ്യത്തിൽ സ്ഥിതിചെയ്യുന്ന രണ്ടോ അതിലധികമോ ആരവല്ലി കുന്നുകൾ, ഇരുവശത്തുമുള്ള ഏറ്റവും താഴ്ന്ന രൂപരേഖയുടെ അതിർത്തിയിലെ ഏറ്റവും പുറം പോയിൻ്റിൽ നിന്ന് അളന്നുകൊണ്ട് ആരവല്ലി നിരയെ രൂപപ്പെടുത്തുന്നു. രണ്ട് കുന്നുകളുടെയും ഏറ്റവും താഴ്ന്ന രൂപരേഖകൾക്കിടയിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിന് തുല്യമായ വീതിയുള്ള ബഫറുകൾ സൃഷ്ടിച്ചാണ് രണ്ട് ആരവല്ലി കുന്നുകൾക്കിടയിലുള്ള വിസ്തീർണ്ണം നിർണ്ണയിക്കുന്നത്. രണ്ട് ബഫർ മേഖലകൾക്കിടയിൽ, അവയുടെ സന്ധിരേഖകൾ ബന്ധിപ്പിച്ചുകൊണ്ട് മറ്റൊരു സന്ധി രേഖ സൃഷ്ടിക്കപ്പെടുന്നു. ഒടുവിൽ, സന്ധി രേഖയുടെ രണ്ട് അവസാന പോയിൻ്റുകളിൽ നിന്നും ലംബമായി രണ്ട് വരകൾ വരയ്ക്കുകയും രണ്ട് കുന്നുകളുടെയും ഏറ്റവും താഴ്ന്ന രൂപരേഖയിൽ മുട്ടുന്നത് വരെ നീട്ടുകയും ചെയ്യുന്നു. ഈ കുന്നുകളുടെ ഏറ്റവും താഴ്ന്ന രൂപരേഖകൾക്കിടയിൽ വരുന്ന മുഴുവൻ ഭൂപ്രകൃതിയും, കുന്നുകൾ, അനുബന്ധ ചരിവുകൾ തുടങ്ങിയ ഭൂ സവിശേഷതകളും ആരവല്ലി നിരകളുടെ ഭാഗമായി ഉൾപ്പെടുത്തും.

 

ഈ നിർവചനങ്ങൾ സാങ്കേതികം മാത്രമല്ല, പാരിസ്ഥിതിക സുരക്ഷാ നടപടികളാണ്. ആരവല്ലി കുന്ന് അല്ലെങ്കിൽ നിരയായി കണക്കാക്കുന്നത് എന്താണെന്ന് വ്യക്തമായി തിരിച്ചറിയുന്നതിലൂടെ, എല്ലാ നിർണായക ഭൂപ്രകൃതികളും, ചരിവുകളും, ബന്ധിപ്പിക്കുന്ന ആവാസ വ്യവസ്ഥകളും നിയമപരമായ സംരക്ഷണ പരിധിയിലാണെന്ന് ഉറപ്പാക്കുന്നു, അതുവഴി പാരിസ്ഥിതിക തകർച്ച തടയുന്നു.

 

ഭൂരൂപങ്ങളുടെ സമഗ്രമായ ഉൾപ്പെടുത്തൽ: 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഏതെങ്കിലും ഭൂരൂപത്തെ അവയുടെ ചരിവുകൾക്കൊപ്പം ചേർത്താണ് ആരവല്ലി കുന്നുകളായി നിർവചിക്കുന്നത്. ഇതിലൂടെ ഇവിടുത്തെ പാരിസ്ഥിതിക യൂണിറ്റാകെ സംരക്ഷിക്കപ്പെടുന്നു. മണ്ണിൻ്റെ സ്ഥിരത, ജലസംഭരണം, സസ്യജാലങ്ങൾ എന്നിവയ്ക്ക് സുപ്രധാനമായ ചരിവുകളുടെയോ താഴ്‌വരകളുടെയോ ചൂഷണം ഇതിലൂടെ തടയുന്നു.

 

നിരകളുടെ ക്ലസ്റ്റർ അധിഷ്ഠിത നിർവചനം: 500 മീറ്ററിനുള്ളിലെ കുന്നുകളെ ആരവല്ലി നിരകളായി തരംതിരിക്കുന്നു. താഴ്‌വരകൾ, ഇടവിട്ടുള്ള ചരിവുകൾ, പ്രധാന കൊടുമുടികൾക്കിടയിലുള്ള ചെറിയ കുന്നുകൾ എന്നിവയും സംരക്ഷിക്കപ്പെടുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു. പാരിസ്ഥിതികമായി, ഇത് ആവാസ വ്യവസ്ഥകളുടെയും വന്യജീവി ഇടനാഴികളുടെയും സമഗ്രതയും കണക്റ്റിവിറ്റിയും സംരക്ഷിക്കുന്നു.

 

ഔദ്യോഗിക ടോപ്പോഷീറ്റുകളിലെ മാപ്പിംഗ്: കുന്നുകളും നിരകളും അടയാളപ്പെടുത്താൻ സർവേ ഓഫ് ഇന്ത്യ മാപ്പുകൾ ഉപയോഗിക്കുന്നത് അതിർത്തികളെ വസ്തുനിഷ്ഠവും പ്രായോഗികവുമാക്കുന്നു. ഇത് അവ്യക്തത കുറയ്ക്കുകയും നിയമവിരുദ്ധ ഖനനത്തിനോ നിർമ്മാണത്തിനോ എതിരായ നിയന്ത്രണ നടപടികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അത് വസ്തുനിഷ്ഠവും സുതാര്യവുമാക്കുന്നു.

 

 കോർ/സംരക്ഷിത പ്രദേശങ്ങളുടെ സംരക്ഷണം: പാരിസ്ഥിതിക സുരക്ഷാ നടപടികളുമായി ഈ നിർവചനം ബന്ധപ്പെട്ടിരിക്കുന്നു - സംരക്ഷിത പ്രദേശങ്ങൾ, കടുവ സംരക്ഷണ കേന്ദ്രങ്ങൾ, സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതി സംവേദനക്ഷമതയുള്ള മേഖലകൾ, തണ്ണീർത്തടങ്ങൾ, CAMPA തോട്ടങ്ങൾ എന്നിവ സ്വയമേവ ഉൾപ്പെടുത്തിയിരിക്കുന്നു. ഏറ്റവും ദുർബലവും ജൈവവൈവിധ്യ സമ്പന്നവുമായ മേഖലകൾ ഖനനത്തിനോ വികസനത്തിനോ വിനിയോഗിക്കുന്നില്ലെന്ന് ഇത് ഉറപ്പാക്കുന്നു.

 

 20/11/2025 ലെ ഉത്തരവിൽ ബഹുമാനപ്പെട്ട സുപ്രീം കോടതി ഇനിപ്പറയുന്ന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:

 

  • ആരവല്ലി കുന്നുകളുടെയും നിരകളുടെയും നിർവചനം സംബന്ധിച്ച് MoEF & CC കമ്മിറ്റി നൽകിയ ശുപാർശകൾ ഞങ്ങൾ അംഗീകരിക്കുന്നു;
  • നിർണായക, തന്ത്രപര, ആണവ ധാതുക്കൾ (പാർട്ട് ബിയിൽ വിജ്ഞാപനം ചെയ്ത ആണവ ധാതുക്കൾ, എംഎംഡിആർ നിയമത്തിൻ്റെ ഒന്നാം ഷെഡ്യൂളിൻ്റെ ഭാഗം ഡിയിൽ വിജ്ഞാപനം ചെയ്ത നിർണായക, തന്ത്രപര ധാതുക്കൾ), എംഎംഡിആർ നിയമം 1957 ലെ ഏഴാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ധാതുക്കൾ എന്നിവ ഒഴികെ, കോർ/സംരക്ഷിത പ്രദേശങ്ങളിലെ ഖനനം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശകൾ ഞങ്ങൾ അംഗീകരിക്കുന്നു;
  • ആരവല്ലി കുന്നുകളിലെയും നിരകളിലെയും സുസ്ഥിര ഖനനത്തിനായുള്ള ശുപാർശകളും ആരവല്ലി കുന്നുകളിലെയും നിരകളിലെയും അനധികൃത ഖനനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികളും ഞങ്ങൾ അംഗീകരിക്കുന്നു;
  • എന്നിരുന്നാലും, ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ (ICFRE) വഴി ആരവല്ലിയുടെ സുസ്ഥിര ഖനനത്തിനുള്ള ഒരു ആസൂത്രണ പദ്ധതി (MPSM) തയ്യാറാക്കാൻ MoEF&CC-യോട് ഞങ്ങൾ നിർദ്ദേശിക്കുന്നു. അതായത്, സാരന്ദ കുന്നിനായുള്ള MPSM-ൻ്റെ മാതൃകയിൽ ഒന്ന് സൃഷ്ടിക്കണം. ഗുജറാത്ത് മുതൽ ഡൽഹി വരെ വ്യാപിച്ചിരിക്കുന്ന തുടർച്ചയായ മലനിരയായി ആരവല്ലിയെ മനസ്സിലാക്കാം. ഇവ ഇനിപ്പറയുന്നവ ചെയ്യണം:

 

• ആരവല്ലി ഭൂപ്രകൃതിയിലെ ഖനനത്തിന് അനുവദനീയമായ പ്രദേശങ്ങൾ, പാരിസ്ഥിതികമായി ലോലമായ സംരക്ഷണ-നിർണ്ണായക, പുനഃസ്ഥാപന-മുൻഗണനാ മേഖലകൾ തിരിച്ചറിയുക. അവിടെ ഖനനം കർശനമായി നിരോധിക്കുകയോ അസാധാരണവും ശാസ്ത്രീയമായി ന്യായീകരിക്കപ്പെട്ടതുമായ സാഹചര്യങ്ങളിൽ മാത്രം അനുവദിക്കുകയോ വേണം;

 

• പാരിസ്ഥിതിക ആഘാതത്തെ കുറിച്ചും പാരിസ്ഥിതിക വാഹകശേഷിയെ കുറിച്ചും ഒരു സമഗ്ര വിശകലനം നടത്തുക

 

• ഖനനത്തിനു ശേഷമുള്ള വിശദമായ പുനഃസ്ഥാപന- പുനരധിവാസ നടപടികൾ ഉൾപ്പെടുത്തുക.

 

  • കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ICFRE വഴി എം പി എസ് എം അന്തിമമാക്കുന്നതുവരെ, പുതിയ ഖനന പാട്ടങ്ങൾ അനുവദിക്കരുതെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു;
  • ICFRE-യുമായി കൂടിയാലോചിച്ച് MPSM അന്തിമമാക്കുമ്പോൾ, സുസ്ഥിര ഖനനം അനുവദിക്കാൻ കഴിയുന്ന മേഖലകളിൽ മാത്രമേ MPSM അനുസരിച്ച് ഖനനം അനുവദിക്കാൻ പാടുള്ളുവെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നു; കൂടാതെ,
  • അതേസമയം, നിലവിലുള്ള ഖനികളിലെ ഖനന പ്രവർത്തനങ്ങൾ, റിപ്പോർട്ടിലെ സുസ്ഥിര ഖനനവുമായി ബന്ധപ്പെട്ട് കമ്മിറ്റി നൽകിയ ശുപാർശകൾ കർശനമായി പാലിച്ചുകൊണ്ട് തുടരും.

 

• പുതിയ ഖനന പാട്ടങ്ങൾ മരവിപ്പിക്കുക: നിർവചനം ഇപ്പോൾ പ്രവർത്തനക്ഷമതയെ അടിസ്ഥാനമാക്കിയുള്ളതിനാൽ, ഝാർഖണ്ഡിലെ സാരന്ദ വനങ്ങൾക്കായി ഐസിഎഫ്ആർഇ തയ്യാറാക്കിയ സുസ്ഥിര ഖനന പദ്ധതിയുടെ (എംപിഎസ്എം) മാതൃകയിൽ പുതുതായി ഒന്ന് തയ്യാറാക്കുന്നതുവരെ പുതിയ ഖനന പാട്ടങ്ങൾ നൽകരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് അടിയന്തര പാരിസ്ഥിതിക ഭീഷണികൾക്കെതിരായ ഒരു പ്രതിരോധ കവചമായി പ്രവർത്തിക്കുന്നു.

 

 ഭൂ പ്രകൃതി തലത്തിലെ സംരക്ഷണം: ആരവല്ലിയെ തുടർച്ചയായ ഭൗമ അതിർവരമ്പായി കണക്കാക്കുന്നതിലൂടെ, നിർവചനം ഒറ്റപ്പെട്ട കുന്നുകളെ മാത്രമല്ല, മുഴുവൻ ഭൂപ്രകൃതിയെയും സംരക്ഷിക്കുന്നു. ഏറ്റവും വലിയ പാരിസ്ഥിതിക അപകടസാധ്യതകളിൽ ഒന്നായ വിഘടനത്തിൽ നിന്ന് ഇത് സംരക്ഷിക്കുന്നു.

 

• പാരിസ്ഥിതിക പ്രവർത്തനങ്ങൾ സംരക്ഷിക്കപ്പെടുന്നു:

• താർ മരുഭൂമിയിൽ നിന്നുള്ള പ്രകൃതിദത്ത പ്രതിരോധം നിലനിർത്തുന്നതിലൂടെ മരുഭൂവൽകരണം തടയുന്നു.

• താഴ്‌വരകളിലും ചരിവുകളിലും ഭൂഗർഭജല റീചാർജ് മേഖലകളെ സംരക്ഷിക്കുന്നു.

• ചരിവുകൾ, വരമ്പുകൾ എന്നിവയ്ക്ക് ഇടയിലുള്ള പ്രദേശങ്ങളിലെ ജൈവവൈവിധ്യ ആവാസ വ്യവസ്ഥകൾ നിലനിർത്തുന്നു.

• ഡൽഹി-എൻസിആറിൻ്റെ വായു ഗുണനിലവാരവും കാലാവസ്ഥയും നിയന്ത്രിക്കുന്ന "ഹരിത ശ്വാസകോശങ്ങൾ" സംരക്ഷിക്കുന്നു.

 

എങ്ങനെ ആരവല്ലി പർവതനിരകൾ സംരക്ഷിക്കപ്പെടുന്നു

 

സുപ്രീം കോടതി പിന്നീട് ശരിവച്ച കമ്മിറ്റിയുടെ കണ്ടെത്തലുകൾ, ആരവല്ലി കുന്നുകളും പർവതനിരകളും തിരിച്ചറിയുന്നതിനുള്ള വ്യക്തമായ ശാസ്ത്രീയ അടിത്തറ നൽകുന്നു. കർശനമായ ഖനന നിയന്ത്രണങ്ങളും നിരീക്ഷണവും സംയോജിപ്പിച്ച്, ആരവല്ലിയുടെ പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും ആസന്നമായ പാരിസ്ഥിതിക ഭീഷണിയിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

 

സുതാര്യവും വസ്തുനിഷ്ഠവും ശാസ്ത്രീയവും: ആരവല്ലി കുന്നുകളെ അവയുടെ ചരിവുകൾ ഉൾപ്പെടെ, ഭൂതലത്തിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയർന്ന ഭൂരൂപങ്ങളായി നിർവചിച്ചിരിക്കുന്നു. ഇത് പഴുതുകൾ തടയുകയും യഥാർത്ഥത്തിലുള്ള എല്ലാ കുന്നിൻ പ്രദേശങ്ങളും ഉൾക്കൊള്ളുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

 

സമഗ്രമായി മാപ്പ് ചെയ്ത നിരകൾ: 500 മീറ്റർ ചുറ്റളവിലുള്ള കുന്നുകൾ ആരവല്ലി പർവതനിരകളുടെ ഭാഗമായി ചേർത്തിരിക്കുന്നു. ഇടയിലുള്ള താഴ്‌വരകൾ, ചരിവുകൾ, ചെറിയ കുന്നുകൾ എന്നിവയും ഇതിലൂടെ സംരക്ഷിക്കപ്പെടുന്നു.

 

കോർ/സംരക്ഷിത മേഖലകൾ സംരക്ഷിക്കപ്പെടുന്നു: സംരക്ഷിത പ്രദേശങ്ങൾ, പരിസ്ഥിതി ലോല മേഖലകൾ, കടുവ സംരക്ഷണ മേഖലകൾ, തണ്ണീർത്തടങ്ങൾ, CAMPA തോട്ടം മേഖല എന്നിവിടങ്ങളിൽ ഖനനം പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.

 

പുതിയ ഖനന പാട്ടങ്ങളൊന്നുമില്ല: വിശദമായ സുസ്ഥിര ഖനന പദ്ധതി (MPSM) തയ്യാറാക്കുന്നതുവരെ പുതിയ ഖനന പാട്ടങ്ങൾ മരവിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

 

നിലവിലുള്ള ഖനികളുടെ കർശന നിയന്ത്രണം: നിലവിലെ പ്രവർത്തനങ്ങൾ പരിസ്ഥിതി അനുമതി, വനം അനുമതി, തുടർച്ചയായ നിരീക്ഷണം എന്നിവയ്ക്ക് അനുസൃതമായിരിക്കണം; ചട്ട ലംഘനങ്ങൾ ഉണ്ടായാൽ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതിലേക്ക് നയിച്ചേക്കാം.

 

നിയമവിരുദ്ധ ഖനന പ്രതിരോധം: ഡ്രോണുകൾ, സിസിടിവി, വെയ്‌ബ്രിഡ്ജുകൾ, ജില്ലാ കർമസേനകൾ എന്നിവയിലൂടെയുള്ള നിരീക്ഷണം, അനധികൃത പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി ഉറപ്പാക്കുന്നു.

 

ഭൂ പ്രകൃതി ആസൂത്രണം: ICFRE തയ്യാറാക്കുന്ന വരുന്ന MPSM അനുവദനീയമായതും നിരോധിതവുമായ മേഖലകളെ തിരിച്ചറിയുകയും പാരിസ്ഥിതിക വാഹക ശേഷി വിലയിരുത്തുകയും ഖനനാനന്തര പുനഃസ്ഥാപനം നിർബന്ധമാക്കുകയും ചെയ്യും.

 

ഖനനത്തിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള സുരക്ഷാ മാർഗങ്ങൾ

 

സുപ്രീം കോടതി ശരിവച്ച കണ്ടെത്തലുകൾ ഖനനം മൂലം ആരവല്ലികളുടെ പാരിസ്ഥിതിക സമഗ്രതയിൽ വിട്ടുവീഴ്ച ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ കർശനമായ നടപടികൾ നിർദ്ദേശിക്കുന്നു. ദുർബല മേഖലകളിലെ സമ്പൂർണ്ണ നിരോധനം, സുസ്ഥിര ഖനന രീതികൾ, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായ ശക്തമായ നിർവഹണം എന്നിവ ഈ സുരക്ഷാ മാർഗങ്ങൾ സംയോജിപ്പിക്കുന്നു.

 

ഖനന നിയന്ത്രണം സമ്പൂർണ്ണ നിരോധന മേഖലകൾ:
  • പുതിയ പാട്ടം (പൊതുധാതുക്കൾ): ആരവല്ലി കുന്നുകളും മലനിരകളും മാപ്പ് ചെയ്തിരിക്കുന്ന നിർദ്ദിഷ്ട പ്രദേശത്തു പുതിയ ഖനന പാട്ടങ്ങൾ അനുവദിക്കില്ല.
  • നിർണായക, തന്ത്രപരമായ, ആണവ ധാതുക്കൾ: ദേശീയ സുരക്ഷയും സാമ്പത്തിക അനിവാര്യതകളും കണക്കിലെടുത്ത്, MMDR നിയമത്തിലെ ഷെഡ്യൂൾ VII ലെ ആണവ ധാതുക്കൾ (ഒന്നാം ഷെഡ്യൂൾ ഭാഗം B), നിർണായക, തന്ത്രപര ധാതുക്കൾ (ഒന്നാം ഷെഡ്യൂൾ ഭാഗം D), എന്നിവയ്ക്ക് ഇളവ് ബാധകമാണ്; മറ്റെല്ലാ സുരക്ഷാ മുൻകരുതലുകളും തുടർന്നും ബാധകമാകും.
  • നിലവിലുള്ള/പുതുക്കൽ പാട്ടങ്ങൾ: EC/CTO വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു വിദഗ്ദ്ധ സംഘം (വനം, ഖനനം & ജിയോളജി, പ്രാദേശിക ഭരണകൂടം SPCB, ഡൊമെയ്ൻ വിദഗ്ധർ) പരിശോധന നടത്തുകയും അധിക സുരക്ഷാ മുൻകരുതലുകൾ നിർദ്ദേശിക്കുകയും SPCB യുടെ തുടർച്ചയായ നിരീക്ഷണം ഉറപ്പാക്കുകയും വേണം.
  • സംരക്ഷിത മേഖലകൾ: കടുവ സംരക്ഷണ കേന്ദ്രങ്ങളും തിരിച്ചറിഞ്ഞ ഇടനാഴികളും ഉൾപ്പെടെ.
  • പരിസ്ഥിതി ലോല മേഖലകൾ/പ്രദേശങ്ങൾ: 1986 ലെ EPA പ്രകാരമുള്ള കരട് അല്ലെങ്കിൽ അന്തിമ ESZ/ESA; പരിസ്ഥിതി ലോല മേഖലകളുടെ നിർദ്ദേശങ്ങൾ തീർപ്പുകൽപ്പിച്ചിട്ടില്ലാത്തിടത്ത്, T.N. ഗോദവർമ്മൻ കേസിൻ്റെ അടിസ്ഥാനത്തിൽ സുപ്രീം കോടതിയുടെ സ്ഥിരസ്ഥിതി ESZ നിർദ്ദേശങ്ങൾ ബാധകമാക്കുക.
  • ബഫർ സോൺ: വിജ്ഞാപനം ചെയ്ത ESZ ചെറുതാണെങ്കിൽ പോലും സംരക്ഷിത പ്രദേശ അതിർത്തിയുടെ ഒരു  കിലോമീറ്ററിനുള്ളിൽ ഖനനം പാടില്ല.
  • സംരക്ഷണ നിക്ഷേപങ്ങൾ: CAMPA, ഗവണ്മെൻ്റ് ഫണ്ടുകൾ അല്ലെങ്കിൽ അന്താരാഷ്ട്ര സഹകരണം വഴി വളർത്തിയ തോട്ടങ്ങളുള്ള പ്രദേശങ്ങൾ.
  • തണ്ണീർത്തടങ്ങൾ: 2017 ലെ നിയമങ്ങൾ പ്രകാരം റാംസർ/തണ്ണീർത്തടങ്ങളിൽ നിന്ന് 500 മീറ്റർ.
സുസ്ഥിര ഖനന സംരക്ഷണം അനധികൃത ഖനനം തടയൽ 
  • വനഭൂമി അംഗീകാരങ്ങൾ: പാരിസ്ഥിതിക അനുമതിക്ക് പുറമേ വന അനുമതി (വൻ അധിനിയം, 1980); പകരം വനവൽക്കരണം, മൊത്തം വർത്തമാന മൂല്യം, വന്യജീവി പദ്ധതികൾ, സുരക്ഷാ മേഖല ഗ്രീൻബെൽറ്റുകൾ, മണ്ണ്-ഈർപ്പം സംരക്ഷണം എന്നിവ നിർബന്ധമാണ്.
  • പരിസ്ഥിതിമൂല്യ നിർണയവും പാരിസ്ഥിതിക അനുമതിയും (EC): ToR-ഉം ഏകീകൃത EC വ്യവസ്ഥകളും, പ്രദേശ അധിഷ്ഠിത നിർദ്ദിഷ്ട വ്യവസ്ഥകളും ഉള്ള EAC/SEAC വിലയിരുത്തൽ; ഭേദഗതി ചെയ്ത പ്രകാരം 2006 ലെ EIA വിജ്ഞാപനത്തിലെ വ്യവസ്ഥകൾ അനുസരിച്ച് സഞ്ചിത ആഘാതങ്ങളെ അഭിസംബോധന ചെയ്യുന്ന ശക്തമായ പാരിസ്ഥിതിക ആഘാത പഠനം.
  • നിയമ പാലന നിരീക്ഷണം: ആറ് മാസത്തെ റിപ്പോർട്ടുകൾ; MoEF&CC RO, SPCB, SEAC, DMG, വനം, CGWB/SGWB എന്നിവയുടെ ഒന്നാം വർഷത്തെ സംയുക്ത പരിശോധനകൾ; നിയമം പാലിക്കാത്ത സാഹചര്യത്തിൽ പാരിസ്ഥിതിക അനുമതി  തടഞ്ഞേക്കാം.
  • ഓഡിറ്റുകളും നിർവ്വഹണവും: MoEF&CC RO, SPCB-കൾ എന്നിവരുടെ ആനുകാലിക പരിശോധനകൾ, ഓൺലൈൻ നിരീക്ഷണം, പരിസ്ഥിതി ഓഡിറ്റർമാർ; ആവർത്തിച്ചുള്ള ലംഘനങ്ങൾ EC/CTO റദ്ദാക്കലിനും പിഴകൾക്കും കാരണമാകും.
  • ഭൂഗർഭജല സംരക്ഷണങ്ങൾ: DARK സോണുകൾക്കായുള്ള NOC-കൾ അല്ലെങ്കിൽ പ്രവർത്തനങ്ങൾ ഭൂഗർഭ ജലമേഖലയെ ബാധിക്കുമ്പോൾ; ജലഭൂപ്രകൃതിയും റീചാർജ് പ്രവർത്തനങ്ങളും സംരക്ഷിക്കുക.
  • സാംസ്കാരിക പൈതൃകം: സംരക്ഷിത സ്മാരകങ്ങൾക്ക് (ഉദാ. കോട്ടകൾ) സമീപം ആയിരിക്കുമ്പോൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ NOC.

 

പ്രവർത്തന നിയന്ത്രണങ്ങൾ:

 

  • നിയന്ത്രിത ഖനനം മാത്രം: നിയുക്ത പ്രദേശങ്ങളിൽ കർശനമായ വ്യവസ്ഥകളോടെ അനുമതി; സംരക്ഷിത പ്രദേശങ്ങളിൽ ഖനനമില്ല.
  • നിരീക്ഷണം: ഡ്രോണുകൾ, സിസിടിവി (രാത്രി കാഴ്ച ഉൾപ്പെടെ), ഹൈടെക് വെയ്ബ്രിഡ്ജുകൾ, പ്രവേശന പാതകളിലെ കിടങ്ങുകൾ, പ്രത്യേക നിയമവിരുദ്ധ ഖനന പട്രോളിംഗ്.
  • ഭരണം: ജില്ലാതല കർമസേന (റവന്യൂ, വനം, പോലീസ്, ഖനനം), ടോൾ ഫ്രീ ലൈനുകളുള്ള പരാതി കൺട്രോൾ റൂമുകൾ, നിരോധനങ്ങളും പിഴകളും പ്രഖ്യാപിക്കുന്ന അടയാളങ്ങൾ.
  • ലോജിസ്റ്റിക്സ് മേൽനോട്ടം:  ഇ-ചലാൻ വിതരണം; ഗതാഗതവും സംഭരണവും നിരീക്ഷിക്കുന്നതിനുള്ള എസ്‌പി‌സി‌ബി നേതൃത്വത്തിലുള്ള സംഘങ്ങൾ; അനധികൃത ഖനികൾ ഉടനടി പൂട്ടൽ.

 

 

ഉപസംഹാരം:

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, സംസ്ഥാന ഗവണ്മെൻ്റുകളുമായി ഏകോപിപ്പിച്ചുള്ള ശ്രമങ്ങൾ എന്നിവയിലൂടെ ആരവല്ലി കുന്നുകൾ ഇപ്പോഴും ശക്തമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പാരിസ്ഥിതിക സംരക്ഷണം, സുസ്ഥിര വികസനം, സുതാര്യത എന്നിവയ്ക്കുള്ള പ്രതിജ്ഞാബദ്ധത ഗവണ്മെൻ്റ് ആവർത്തിക്കുന്നു.

 

ആശങ്കാജനകമായ അവകാശവാദങ്ങൾക്ക് വിരുദ്ധമായി, ആരവല്ലികളുടെ പരിസ്ഥിതിക്ക് ആസന്നമായ ഒരു ഭീഷണിയുമില്ല. തുടർച്ചയായ വനവൽക്കരണം, പരിസ്ഥിതി ലോല മേഖല അറിയിപ്പുകൾ, ഖനനത്തിൻ്റെയും നഗരവത്കരണ പ്രവർത്തനങ്ങളുടെയും കർശനമായ നിരീക്ഷണം എന്നിവയിലൂടെ രാജ്യത്തിൻ്റെ പ്രകൃതിദത്ത പൈതൃകമായും പാരിസ്ഥിതിക കവചമായും ആരവല്ലി നിരകൾ എക്കാലവും വർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. ഇന്ത്യയുടെ ദൃഢനിശ്ചയം വ്യക്തമാണ്: ഉത്തരവാദിത്വപരമായ വികസനവും സംരക്ഷണവും സന്തുലിതമാക്കിക്കൊണ്ട് ആരവല്ലികൾ വർത്തമാന, ഭാവി തലമുറകൾക്കായി സംരക്ഷിക്കപ്പെടുക തന്നെ ചെയ്യും.

അവലംബം:

Ministry of Environment & Climate Change:

Report of the Committee on Uniform definition of Aravalli Hills and Ranges

Supreme Court of India:

https://api.sci.gov.in/supremecourt/1995/2997/2997_1995_1_1502_66178_Order_20-Nov-2025.pdf

Click here to see in PDF

****

 

(तथ्य सामग्री आईडी: 150600) आगंतुक पटल : 58


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Urdu , हिन्दी , Kannada
Link mygov.in
National Portal Of India
STQC Certificate