• Sitemap
  • Advance Search
Economy

തോട്ടം തൊഴിലാളികളുടെ അവകാശങ്ങളിൽ മാറ്റം ചെലുത്തുന്ന പുതിയ തൊഴിൽ കോഡുകൾ

प्रविष्टि तिथि: 07 DEC 2025 10:35 AM

പ്രധാന വസ്തുതകൾ

  • തോട്ടം മേഖലയിൽ തൊഴിലാളി സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും അനുസരണം ലളിതമാക്കുന്നതിനും പുതിയ തൊഴിൽ നിയമങ്ങൾ ഏകീകൃത മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു.
  • പഴയ ചട്ടക്കൂടിൽ നിന്ന് പുതിയ തൊഴിൽ കോഡുകളിലേക്കുള്ള മാറ്റം, വിഘടിച്ച വ്യവസ്ഥകൾക്ക് പകരമായി തോട്ടം മേഖലയ്ക്ക് സമഗ്രമായ പരിഷ്കാരങ്ങൾ നൽകുന്നു.
  • മെച്ചപ്പെട്ട ക്ഷേമം, സുരക്ഷിതമായ തൊഴിലിടങ്ങൾ, വിപുലീകരിച്ച സാമൂഹിക സുരക്ഷാ വ്യവസ്ഥകൾ എന്നിവയിലൂടെ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ജീവിതം മെച്ചപ്പെടുന്നു.
  • സ്ത്രീകളും കുടിയേറ്റ/ സീസണൽ തൊഴിലാളികളും സമഗ്രവും ആധുനികവൽക്കരിക്കപ്പെട്ടതുമായ സംരക്ഷണ ചട്ടക്കൂടിന് കീഴിൽ കൂടുതൽ പ്രവേശനവും സ്ഥിരതയും അവസരങ്ങളും നേടുന്നു

 

ആമുഖം

ഇന്ത്യൻ തൊഴിലാളി ശക്തിയുടെ ഒരു സുപ്രധാന ഭാഗമാണ് തോട്ടം തൊഴിലാളികൾ. അവർ കാർഷിക ഉത്പാദനം, കയറ്റുമതി വരുമാനം, ഗ്രാമീണ ഉപജീവനമാർഗ്ഗങ്ങൾ എന്നിവയെ പിന്തുണയ്ക്കുന്നു. പതിറ്റാണ്ടുകളായി അവരുടെ തൊഴിൽ സാഹചര്യങ്ങൾ, താമസം, ക്ഷേമം, വൈദ്യസഹായ സൗകര്യങ്ങൾ എന്നിവയ്ക്ക് രൂപം നൽകിയിരുന്നത് 1951-ലെ തോട്ടം തൊഴിലാളി നിയമമായിരുന്നു. ഇത് ഈ മേഖലയിലെ തൊഴിലാളി സംരക്ഷണത്തിന് അടിത്തറ പാകി. എന്നാൽ, അക്കാലത്ത് സുപ്രധാനമായ സുരക്ഷാ സംവിധാനങ്ങൾ നൽകിയിരുന്നെങ്കിലും ഈ ചട്ടക്കൂടിന് പരിമിതമായ കവറേജും വിഘടിച്ച സാമൂഹിക സുരക്ഷാ നടപടികളും സീസണൽ, കുടിയേറ്റ തൊഴിലാളികൾക്ക് കുറഞ്ഞ പിന്തുണയുമായിരുന്നു ഉണ്ടായിരുന്നത്.

പുതിയ തൊഴിൽ കോഡുകൾ നടപ്പിലാക്കുന്നതോടെ - പ്രത്യേകിച്ചും 2019-ലെ വേതന കോഡ് (WC), 2020-ലെ തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യ (OSH&WC) കോഡ്, 2020-ലെ സാമൂഹിക സുരക്ഷാ (SS) കോഡ് -തോട്ടം തൊഴിലാളികളെ നിയന്ത്രിക്കുന്ന ചട്ടക്കൂട് നവീകരിക്കുകയും വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ കോഡുകൾ നിലവിലുള്ള പ്രസക്തമായ സുരക്ഷാ സംവിധാനങ്ങൾ നിലനിർത്തുകയും അവയെ വികസിപ്പിക്കുകയും ആധുനിക തൊഴിൽ ആവശ്യകതകളുമായി പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു, അതുവഴി തോട്ടം തൊഴിലാളികളെ ഏകീകൃത ദേശീയ സംരക്ഷണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരുന്നു. ആരോഗ്യം, സുരക്ഷ, ക്ഷേമം, സാമൂഹിക സുരക്ഷ, ആനുകൂല്യങ്ങളുടെ കൈമാറ്റം എന്നിവ ഉൾക്കൊള്ളുന്ന വിപുലവും ഏകീകൃതവുമായ ഒരു സംവിധാനത്തിലേക്ക് ഇത് തോട്ടം തൊഴിലാളികളെ എത്തിക്കുന്നു.

തോട്ടം തൊഴിലാളികളുടെ മാറുന്ന സാഹചര്യങ്ങൾ

1951-ലെ തോട്ടം തൊഴിലാളി നിയമത്തിന് കീഴിലുള്ള സംരക്ഷണങ്ങൾ

തോട്ടങ്ങളിൽ വൈദ്യസഹായം, താമസം, കാന്റീനുകൾ, ക്രഷെകൾ, തൊഴിൽ സമയം/അവധികൾ തുടങ്ങിയ സംരക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ആദ്യത്തെ സമഗ്രമായ ചട്ടക്കൂടാണ് 1951-ലെ തോട്ടം തൊഴിലാളി നിയമം സൃഷ്ടിച്ചത്. എന്നിരുന്നാലും, വർഷങ്ങൾ കഴിയുന്തോറും പോരായ്മകൾ പ്രകടമായി: പരിമിതമായ കവറേജ്, വിഘടിച്ച സാമൂഹിക സുരക്ഷാ സംവിധാനങ്ങൾ, സീസണൽ, കുടിയേറ്റ തൊഴിലാളികൾക്ക് തുച്ഛമായ പിന്തുണ എന്നിവയായിരുന്നു അവ. ഈ നിയമം ഉൾക്കൊണ്ടിരുന്ന പ്രധാന വ്യവസ്ഥകൾ താഴെ നൽകുന്നു:

  • നിയമപരമായ പ്രയോഗക്ഷമത: 15-ൽ താഴെയോ തുല്യമോ തൊഴിലാളികളുള്ളതോ 5 ഹെക്ടറോ അതിൽ കൂടുതലോ സ്ഥലമുള്ള തോട്ടങ്ങൾക്ക് മാത്രമാണ് നിയമം ബാധകമായിരുന്നത്.
  • സൗകര്യങ്ങളും ക്ഷേമ വ്യവസ്ഥകളും: തൊഴിലുടമകൾ വൈദ്യസഹായം, കുടിവെള്ളം, ശുചിത്വം, താമസം എന്നിവ നൽകണമായിരുന്നു; ക്ഷേമ സൗകര്യങ്ങളിൽ 150-ൽ അധികം തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് കാന്റീനുകൾ, 50-ൽ അധികം സ്ത്രീ തൊഴിലാളികളുള്ള സ്ഥാപനങ്ങൾക്ക് ക്രഷെകൾ എന്നിവയും വിദ്യാഭ്യാസ പിന്തുണയും ഉൾപ്പെടുന്നു.
  • തൊഴിൽ സമയം, അവധി, സാമൂഹിക സുരക്ഷ: പ്രതിദിന/പ്രതിവാര തൊഴിൽ സമയം നിശ്ചയിച്ചിരുന്നു, ഓവർടൈമിനും ശമ്പളത്തോടുകൂടിയ വാർഷിക അവധിക്കും വ്യവസ്ഥകളുണ്ടായിരുന്നു. സാമൂഹിക സുരക്ഷ ഗ്രാറ്റുവിറ്റിയിൽ (5 വർഷത്തിന് ശേഷം) പരിമിതപ്പെടുത്തി, പ്രസവാവധി ഒരു പ്രത്യേക നിയമത്തിന് കീഴിലായിരുന്നു. കൂടാതെ, എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ESI), പ്രൊവിഡന്റ് ഫണ്ട് (PF) എന്നിവയുടെ വ്യവസ്ഥകൾ സാർവത്രികമായി ബാധകമായിരുന്നില്ല.
  • വനിതാ തൊഴിലാളികളും കുടിയേറ്റ/സീസണൽ തൊഴിലാളികളും: രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു, കുടിയേറ്റ/സീസണൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളുടെ കൈമാറ്റ സൗകര്യം ഉണ്ടായിരുന്നില്ല.
  • പരിശീലനവും സുരക്ഷാ മാനദണ്ഡങ്ങളും: രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരിശീലനത്തിനോ സുരക്ഷാ നടപടികൾക്കോ പ്രത്യേക നിയമ വ്യവസ്ഥകൾ ഉണ്ടായിരുന്നില്ല.

ഒരു സമഗ്ര നിയമ സംരക്ഷണവും അംഗീകാരവും

പുതിയ തൊഴിൽ കോഡുകൾ വന്നതോടെ, തോട്ടം തൊഴിലാളികളുടെ സംരക്ഷണം പരിമിതവും വിഘടിച്ചതുമായ സുരക്ഷാ സംവിധാനങ്ങളിൽ നിന്ന് ഏകീകൃതവും വിപുലീകരിച്ചതും ക്ഷേമാധിഷ്ഠിതവുമായ ഒരു സംവിധാനത്തിലേക്ക് പരിണമിച്ചു. 10 അല്ലെങ്കിൽ അതിലധികമോ തൊഴിലാളികളെ നിയമിക്കുന്നതോ 5 ഹെക്ടറോ അതിൽ കൂടുതലോ വ്യാപിച്ചുകിടക്കുന്നതുമായ എല്ലാ തോട്ടങ്ങൾക്കും കവറേജ് വ്യാപിപ്പിച്ചു.

ഇത് തോട്ടം തൊഴിലാളികളെ, വേതനം, സുരക്ഷ, തൊഴിൽ സാഹചര്യങ്ങൾ, ആനുകൂല്യങ്ങൾ, സാമൂഹിക സുരക്ഷ എന്നിങ്ങനെ എല്ലാ പ്രധാന വശങ്ങളും ഒരുമിച്ച് നിയന്ത്രിക്കപ്പെടുന്ന ഏകീകൃത തൊഴിൽ ആവാസവ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നു.

തൊഴിൽ കോഡുകൾ തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും ക്ഷേമം ശക്തിപ്പെടുത്തി

തോട്ടം തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ജീവിത സാഹചര്യങ്ങൾ നേരിട്ട് മെച്ചപ്പെടുത്തുന്ന ശക്തമായ ആരോഗ്യ, ക്ഷേമ മാനദണ്ഡങ്ങൾ കോഡുകൾ അവതരിപ്പിക്കുന്നു. ഈ വ്യവസ്ഥകൾ ക്ഷേമം മെച്ചപ്പെടുത്തുകയും തൊഴിലാളികൾക്ക് ആരോഗ്യകരവും കൂടുതൽ സന്തുലിതവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു.

  • നിർബന്ധിത ESIC കവറേജ്: തോട്ടം തൊഴിലാളികൾക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ESI) കവറേജ് വിപുലീകരിച്ചു. ഇത് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും തൊഴിലുടമയിൽ നിന്നോ ESIC വഴിയോ വൈദ്യസഹായ സൗകര്യങ്ങൾ ഉറപ്പാക്കുന്നു.
  • മെച്ചപ്പെട്ട ഭവന മാനദണ്ഡങ്ങൾ: തൊഴിലാളിക്കും അവരുടെ കുടുംബത്തിനും വെള്ളം, അടുക്കള, ടോയ്‌ലറ്റ് സൗകര്യങ്ങൾ എന്നിവയോടുകൂടിയ താമസ സൗകര്യം തൊഴിലുടമ നേരിട്ടോ ​ഗവൺമെന്റ്/മുനിസിപ്പൽ പദ്ധതികൾ വഴിയോ നൽകണം.
  • കുടുംബങ്ങൾക്കുള്ള ക്ഷേമ സൗകര്യങ്ങൾ: 100 അല്ലെങ്കിൽ അതിലധികമോ തൊഴിലാളികളെ (കരാർ തൊഴിലാളികൾ ഉൾപ്പെടെ) നിയമിക്കുന്ന തോട്ടങ്ങളിൽ ഒരു കാന്റീൻ നൽകണം.
  • 50 അല്ലെങ്കിൽ അതിലധികമോ ജീവനക്കാർ ജോലി ചെയ്യുന്നിടത്ത്, പൊതുവായ ക്രഷ് സൗകര്യങ്ങൾ വഴിയോ അല്ലെങ്കിൽ കൂട്ടായ വിഭവങ്ങൾ ഉപയോഗിച്ചോ ഒരു ക്രഷ് സൗകര്യം ആവശ്യമാണ്.
  • തൊഴിലാളികളുടെ 25 അല്ലെങ്കിൽ അതിലധികമോ കുട്ടികൾ ഉള്ളിടത്ത് 6-12 വയസ് പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകണം.

ഈ ക്ഷേമ സൗകര്യങ്ങൾ തൊഴിലുടമ നേരിട്ടോ ഗവൺമെന്റ്/മുനിസിപ്പൽ പദ്ധതികൾ വഴിയോ നൽകണം.

ഏകീകൃതവും സുരക്ഷിതവും കൂടുതൽ നിയന്ത്രിതവുമായ തൊഴിലിടങ്ങൾ

തൊഴിൽ കോഡുകൾ തോട്ടങ്ങളിലുടനീളം സുരക്ഷിതവും കൂടുതൽ സ്ഥിരതയുള്ളതും തൊഴിലാളി സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.

  • തൊഴിൽ സമയവും അവധിയും: സാധാരണ തൊഴിൽ സമയം, ഓവർടൈം വേതനം, വിശ്രമ ഇടവേളകൾ, ശമ്പളത്തോടുകൂടിയ അവധി എന്നിവ ഇപ്പോൾ വ്യവസായങ്ങളിലുടനീളം ഏകീകരിച്ചു.
  • സുരക്ഷയും പരിശീലന ആവശ്യകതകളും: OSH&WC കോഡിന് കീഴിൽ, അപകടങ്ങൾ/അപകടസാധ്യതകളുമായുള്ള സമ്പർക്കവും തടയുന്നതിനുള്ള സംരക്ഷണ ഉപകരണങ്ങൾ തൊഴിലുടമകൾ നൽകണം, അതോടൊപ്പം രാസവസ്തുക്കൾ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും സംഭരിക്കുന്നതിനും ഉപയോഗിക്കുന്നതിനും നിർബന്ധിത പരിശീലനവും നൽകണം.

വ്യക്തവും കൂടുതൽ പ്രവചനാത്മകവുമായ തൊഴിൽ ഷെഡ്യൂളുകളിൽ നിന്ന് തോട്ടം തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്നു. മെച്ചപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളും മികച്ച പരിശീലന പിന്തുണയും ഉള്ളതിനാൽ, മൊത്തത്തിലുള്ള തൊഴിലിട ക്ഷേമവും സുരക്ഷയും കൂടുതൽ സ്ഥിരതയുള്ളതായി മാറിയിരിക്കുന്നു.

വിപുലീകരിച്ച സാമൂഹിക സുരക്ഷയും കൈമാറ്റ സൗകര്യവും

  • സംയോജിത സാമൂഹിക സുരക്ഷാ കവറേജ്: സാമൂഹിക സുരക്ഷാ കോഡിന് കീഴിൽ, പ്രൊവിഡന്റ് ഫണ്ട് (PF), പെൻഷൻ/വാർദ്ധക്യ സംരക്ഷണം എന്നിവ ഉൾപ്പെടുത്തി സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിച്ചു. അഞ്ച് വർഷത്തെ സേവനത്തിന് ശേഷവും, സ്ഥിര-കാലയളവ് തൊഴിലിന്റെ കാര്യത്തിൽ ഒരു വർഷത്തിന് ശേഷവും ഗ്രാറ്റുവിറ്റി നൽകപ്പെടും.
  • കുടിയേറ്റ, സീസണൽ തൊഴിലാളികൾക്കുള്ള പോർട്ടബിലിറ്റി: ആധാർ-ലിങ്ക്ഡ് രജിസ്ട്രേഷൻ വഴി കുടിയേറ്റ, സീസണൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളുടെ കൈമാറ്റ സൗകര്യം സാധ്യമാക്കുന്നു. ആധാർ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ രജിസ്ട്രേഷൻ വഴി PF, ESI, ഗ്രാറ്റുവിറ്റി എന്നിവ സംസ്ഥാനങ്ങൾക്കും തൊഴിലുടമകൾക്കും ഇടയിൽ കൊണ്ടുപോകാൻ കഴിയുമെന്ന് ഉറപ്പാക്കുന്നു.

പുതിയ വ്യവസ്ഥകൾ തോട്ടം തൊഴിലാളികൾക്ക് ദീർഘകാല സാമ്പത്തിക സുരക്ഷിതത്വവും വലിയ സ്ഥിരതയും ഉറപ്പാക്കുന്നു. ആനുകൂല്യങ്ങളുടെ തടസ്സമില്ലാത്ത തുടർച്ച കുടിയേറ്റ, സീസണൽ തൊഴിലാളികൾക്ക് അവർ ജോലി ചെയ്യുന്നിടത്തെല്ലാം ആനുകൂല്യങ്ങൾ നേടാൻ അവസരം നൽകുന്നു.

സ്ത്രീ തൊഴിലാളികൾക്ക് മെച്ചപ്പെട്ട പ്രവേശനവും സുരക്ഷയും സമത്വവും

തൊഴിലിന്റെയും കുടുംബജീവിതത്തിന്റെയും എല്ലാ ഘട്ടങ്ങളിലും സ്ത്രീകളുടെ ആവശ്യകതകൾ തിരിച്ചറിഞ്ഞുകൊണ്ട്, തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികൾക്കുള്ള അവസരങ്ങളും പിന്തുണ സംവിധാനങ്ങളും തൊഴിൽ കോഡുകൾ ഗണ്യമായി ശക്തിപ്പെടുത്തുന്നു.

  • വിപുലീകരിച്ച തൊഴിലവസരങ്ങൾ: സ്ത്രീ തൊഴിലാളികൾക്ക് രാത്രിയിലും രാവിലെ 6 മണിക്ക് മുമ്പും വൈകുന്നേരം 7 മണിക്ക് ശേഷവും ജോലി ചെയ്യാൻ അവരുടെ സമ്മതത്തിന് വിധേയമായും തൊഴിലുടമ ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കുന്നതിനും വിധേയമായും അനുവാദമുണ്ട്.
  • സഹായകരമായ അടിസ്ഥാന സൗകര്യങ്ങൾ: സ്ത്രീ തൊഴിലാളികൾക്ക് ക്രഷും പ്രസവാനുകൂല്യ സംരക്ഷണവും ഉറപ്പാക്കുന്നു. പ്രസവാനുകൂല്യങ്ങളിൽ 26 ആഴ്ചത്തെ അവധിയും മുലയൂട്ടൽ ഇടവേളകളും ഉൾപ്പെടുന്നു.

ഇപ്പോൾ സ്ത്രീകൾക്ക് വിശാലവും സുരക്ഷിതവുമായ തൊഴിലവസരങ്ങളിലേക്ക് കൂടുതൽ പ്രവേശനം ലഭിക്കുന്നു. പ്രസവം, ശിശു സംരക്ഷണം എന്നിവയ്ക്കുള്ള മെച്ചപ്പെടുത്തിയ പിന്തുണ സ്ത്രീകൾക്ക് ജോലിയും കുടുംബവും സന്തുലിതമാക്കാൻ സഹായിക്കുന്നു, ഇത് ഉപജീവനമാർഗ്ഗത്തിൽ സ്ഥിരത ഉറപ്പാക്കുന്നു.

ഉപസംഹാരം

രാജ്യത്തിന്റെ മേഖലകളെ സുസ്ഥിരമായി നിലനിർത്തിയവർക്ക് ഒരു പ്രധാന വഴിത്തിരിവാണ് പുതിയ തൊഴിൽ കോഡുകൾ. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം, സുരക്ഷിതമായ തൊഴിലിടങ്ങൾ, മെച്ചപ്പെട്ട താമസം, സമഗ്രമായ സംരക്ഷണങ്ങൾ എന്നിവയിലൂടെ ഈ കോഡുകൾ കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുടിയേറ്റക്കാർക്കും അവസരവും സുരക്ഷിതത്വവും കൊണ്ടുവരുന്നു, ഇത് കൂടുതൽ തുല്യമായ ഒരു തൊഴിൽ ശക്തി കെട്ടിപ്പടുക്കുന്നു.

മെച്ചപ്പെട്ട സംരക്ഷണം സുരക്ഷ മാത്രമല്ല, വരും വർഷങ്ങളിൽ പുരോഗതിയുടെയും സാധ്യതയുടെയും ഒരു ബോധം നൽകുന്ന തോട്ടം തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതവും ആത്മവിശ്വാസമുള്ളതുമായ ഒരു യാത്രയുടെ തുടക്കമാണ് ഈ മാറ്റങ്ങൾ അടയാളപ്പെടുത്തുന്നത് .

 

See in PDF

***

SK

(तथ्य सामग्री आईडी: 150610) आगंतुक पटल : 86


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Bengali , Kannada , Manipuri , Odia