• Sitemap
  • Advance Search
Economy

പുതിയ തൊഴിൽ കോഡുകൾ ബീഡി, സിഗാർ തൊഴിലാളികൾക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പാക്കുന്നു

प्रविष्टि तिथि: 03 DEC 2025 13:53 PM

പ്രധാന വസ്തുതകൾ

  • ഒരു തൊഴിലുടമയും ജീവനക്കാർക്ക് മിനിമം വേതനത്തിൽ കുറഞ്ഞ തുക നൽകാൻ പാടില്ല.
  • തറക്കൂലി കേന്ദ്ര ​ഗവൺമെന്റ് നിശ്ചയിക്കും.
  • തൊഴിലാളികൾക്ക് അധിക ജോലിഭാരം ഒഴിവാക്കാൻ സാധാരണ പ്രവൃത്തിസമയം പരിമിതപ്പെടുത്തി.
  • തൊഴിലുടമകൾ വേതന സ്ലിപ്പുകൾ നൽകുകയും നിയമന കത്തുകളിലൂടെ ഔപചാരികത ഉറപ്പാക്കുകയും ചെയ്യുന്നു.
  • രാജ്യവ്യാപകമായി ESIC കവറേജ് വിപുലീകരണവും മെച്ചപ്പെട്ട ബോണസ് വ്യവസ്ഥകളും
  • സൗജന്യ വാർഷിക ആരോഗ്യ പരിശോധനകളും വേതനത്തോടു കൂടിയ വാർഷിക അവധിയും ലിംഗവിവേചന നിരോധനവും ഉറപ്പാക്കുന്നു.

 

ആമുഖം

അടുത്തിടെ തൊഴിൽ കോഡുകൾ നടപ്പിലാക്കിയതോടെ, 2020-ലെ തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ കോഡ് (OSHWC Code), 2020-ലെ സാമൂഹ്യ സുരക്ഷാ കോഡ്, 2020-ലെ വ്യാവസായിക ബന്ധ കോഡ്, 2019-ലെ വേതന കോഡ് എന്നിവ ഇന്ത്യയിലെ ബീഡി, സിഗാർ തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതന സംരക്ഷണം, സാമൂഹ്യ സുരക്ഷാ പരിരക്ഷ, ജോലിസ്ഥലത്തെ സുരക്ഷാ സംവിധാനങ്ങൾ എന്നിവ നൽകുന്നു. ഈ മേഖല ഇപ്പോൾ കൂടുതൽ ഔപചാരികവൽക്കരിക്കപ്പെടുകയും ഇന്ത്യയിലുടനീളമുള്ള തൊഴിലാളികളുടെ ഉപജീവനമാർഗത്തിന് കൂടുതൽ സ്ഥിരത നൽകുന്ന ശക്തമായ നിയന്ത്രണ അടിത്തറയുമായി മുന്നോട്ട് പോകുകയും ചെയ്യുന്നു.

പഴയ ചട്ടക്കൂടിൽ നിന്ന് ആധുനിക പരിഷ്കാരങ്ങളിലേക്ക്

1966-ലെ മുൻ ബീഡി, സിഗാർ തൊഴിലാളി (തൊഴിൽ വ്യവസ്ഥകൾ) നിയമപ്രകാരം, ഈ മേഖലയിലെ തൊഴിലാളികൾ വളരെ ഇടുങ്ങിയ സംരക്ഷണ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാണ് പ്രവർത്തിച്ചിരുന്നത്. ഒരു സാധാരണ പ്രവൃത്തി ദിവസം ഒമ്പത് മണിക്കൂർ വരെ നീട്ടാൻ കഴിയുമായിരുന്നു, എന്നിരുന്നാലും പ്രതിവാര ജോലി സമയം 48 മണിക്കൂറായി പരിമിതപ്പെടുത്തിയിരുന്നു. വേതനത്തോടു കൂടിയ വാർഷിക അവധിക്ക് അർഹത നേടുന്നതിന്, ഒരു തൊഴിലാളി ഒരു കലണ്ടർ വർഷത്തിൽ 240 ദിവസം ജോലി പൂർത്തിയാക്കേണ്ടിയിരുന്നു. വൈദ്യപരിശോധനകൾക്ക് വ്യവസ്ഥയുണ്ടായിരുന്നില്ല.

 

2020-ലെ പുതിയ തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സാഹചര്യങ്ങൾ (OSHWC) കോഡ് ഈ വിടവുകൾ അഭിസംബോധന ചെയ്തു. സാധാരണ പ്രവൃത്തി ദിനം എട്ട് മണിക്കൂറായി നിശ്ചയിക്കുകയും പ്രതിവാര പരിധി 48 മണിക്കൂർ നിലനിർത്തുകയും ചെയ്തു. ഓവർടൈമിന് ഇരട്ടി വേതന നിരക്കിൽ നഷ്ടപരിഹാരം നൽകണമെന്ന് ഇത് നിർദ്ദേശിക്കുന്നു.

ഒരു കലണ്ടർ വർഷത്തിൽ 180 ദിവസം ജോലി ചെയ്താൽ വേതനത്തോടു കൂടിയ വാർഷിക അവധിക്ക് ഇപ്പോൾ അർഹതയുണ്ട്. ഇത് അവധി അവകാശങ്ങളെ കൂടുതൽ തൊഴിലാളി സൗഹൃദപരമാക്കുന്നു. കൂടാതെ, ജീവനക്കാർക്ക് ഇപ്പോൾ സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾക്കും അർഹതയുണ്ട്.

ബീഡി & സിഗാർ തൊഴിലാളികൾക്കായി ശക്തിപ്പെടുത്തിയ ക്ഷേമ നടപടികൾ

വേതന, പേയ്‌മെന്റ് സംരക്ഷണം

പുതിയ തൊഴിൽ നിയമങ്ങൾ ബീഡി, സിഗാർ തൊഴിലാളികൾക്ക് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിരത നൽകുകയും അപകടസാധ്യതകൾ കുറയ്ക്കുകയും ഈ മേഖലയിലുടനീളം മാന്യവും സ്ഥിരതയുള്ളതുമായ ഉപജീവനമാർഗ്ഗം ഉറപ്പാക്കുകയും ചെയ്യുന്നു.

  • മിനിമം വേതനം സാർവത്രികമാക്കൽ: പുതിയ വ്യവസ്ഥകൾ പ്രകാരം, ​ഗവൺമെന്റ് നിശ്ചയിച്ച മിനിമം വേതനത്തിൽ കുറഞ്ഞ തുക ഒരു തൊഴിലുടമയും ജീവനക്കാർക്ക് നൽകാൻ പാടില്ല. മുമ്പ്, മിനിമം വേതനം നിശ്ചിത തൊഴിൽ മേഖലകളിൽ മാത്രമേ ബാധകമായിരുന്നുള്ളൂ. ഗവൺമെന്റ് ഓരോ അഞ്ച് വർഷത്തിലും മിനിമം വേതനം അവലോകനം ചെയ്യുകയോ പരിഷ്കരിക്കുകയോ ചെയ്യും.
  • തറക്കൂലി: ഭക്ഷണം, വസ്ത്രം എന്നിവ ഉൾപ്പെടെയുള്ള ഒരു ജീവനക്കാരന്റെ ഏറ്റവും കുറഞ്ഞ ജീവിത നിലവാരം കണക്കിലെടുത്ത് കേന്ദ്രസർക്കാർ തറക്കൂലി നിശ്ചയിക്കും. ഇത് സംസ്ഥാനങ്ങൾ തമ്മിലുള്ള വേതനത്തിലെ വ്യത്യാസം കാരണം തൊഴിലാളികൾ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരിടത്തേക്ക് കുടിയേറുന്നത് കുറയ്ക്കും.
  • ഓവർടൈം വേതനം: സാധാരണ പ്രവൃത്തി സമയത്തിന് അപ്പുറമുള്ള ഏത് ജോലിക്കും തൊഴിലുടമകൾ ജീവനക്കാർക്ക് സാധാരണ വേതനത്തിന്റെ ഇരട്ടിയെങ്കിലും നൽകണം.
  • വേതനം നൽകുന്നതിനുള്ള സമയപരിധി: മറ്റൊരു പ്രധാന സംരക്ഷണം സമയബന്ധിതമായി വേതനം നൽകുക എന്നതാണ് . തൊഴിലുടമ താഴെപ്പറയുന്ന നിർദ്ദിഷ്ട കർശന സമയപരിധികൾ പ്രകാരം എല്ലാ ജീവനക്കാർക്കും വേതനം നൽകുകയോ അല്ലെങ്കിൽ ലഭിക്കാൻ ഇടയാക്കുകയോ ചെയ്യണം:

ക്രമം

ജീവനക്കാരുടെ വിഭാ​ഗം

വേതനം നൽകുന്നതിനുള്ള സമയപരിധി

1

ദിവസക്കൂലിക്കാർ

ഷിഫ്റ്റ് അവസാനിക്കുമ്പോൾ

2

ആഴ്ചതോറും വേതനം വാങ്ങുന്നവർ

ആഴ്ചയിലെ അവധിക്ക് മുമ്പ്

3

രണ്ടാഴ്ചയിലൊരിക്കൽ വേതനം വാങ്ങുന്നവർ

രണ്ടാഴ്ച അവസാനിച്ച് 2 ദിവസത്തിനകം

4

മാസശമ്പളക്കാർ

അടുത്ത മാസത്തിലെ 7 ദിവസത്തിനുള്ളിൽ

5

ജോലിയിൽ നിന്ന് പിരിച്ചുവിടുമ്പോഴോ, രാജിവെക്കുമ്പോഴോ

2 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ

 

വേതനം കൃത്യസമയത്ത് നൽകുന്നതും വേതനത്തിൽ നിന്ന് അനധികൃതമായി തുക കുറയ്ക്കുന്നതും സംബന്ധിച്ച വ്യവസ്ഥകൾ, മുമ്പ് പ്രതിമാസം ₹24,000/- വരെ വേതനം വാങ്ങുന്നവർക്ക് മാത്രമാണ് ബാധകമായിരുന്നത്. എന്നാൽ ഇപ്പോൾ ഇത് വേതന പരിധിയില്ലാതെ എല്ലാ ജീവനക്കാർക്കും ബാധകമാണ്.

  • കുടിശ്ശിക നൽകാനുള്ള ഉത്തരവാദിത്തം: ജീവനക്കാർക്ക് വേതനം നൽകേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ച് പണം നൽകുന്നതിൽ പരാജയപ്പെട്ടാൽ, ജീവനക്കാരനെ നിയമിച്ച സ്ഥാപനത്തിന്റെ പ്രൊപ്രൈറ്റർക്കോ, കമ്പനിക്കോ, സ്ഥാപനത്തിനോ ഉത്തരവാദിത്തമുണ്ടായിരിക്കും.
  • സാധാരണ പ്രവൃത്തി ദിവസത്തിനായി ജോലി സമയം നിശ്ചയിക്കൽ: മതിയായ നഷ്ടപരിഹാരം കൂടാതെ ജീവനക്കാരെ അമിതമായി ജോലി ചെയ്യുന്നതിൽ നിന്ന് തടയുന്നതിന് ഈ വ്യവസ്ഥ സാധാരണ പ്രവൃത്തി സമയത്തെ പരിമിതപ്പെടുത്തുന്നു, അതുവഴി ആരോഗ്യവും ജോലി-ജീവിത സന്തുലിതാവസ്ഥയും സംരക്ഷിക്കുന്നു. ഓവർടൈം ഇല്ലാതെ ഒരു ദിവസം 8 മണിക്കൂർ, 9.5 മണിക്കൂർ അല്ലെങ്കിൽ 12 മണിക്കൂർ എന്നിങ്ങനെ നിശ്ചയിക്കാം. ആഴ്ചയിൽ യഥാക്രമം 1, 2 അല്ലെങ്കിൽ 3 ശമ്പളത്തോടുകൂടിയ അവധി ദിവസങ്ങൾ ഉൾപ്പെടെ ആഴ്ചയിൽ 48 മണിക്കൂർ ജോലിക്ക് വിധേയമാണ്. സാധാരണ ജോലി സമയത്തിന്, തൊഴിലാളികളുടെ സമ്മതം ആവശ്യമില്ല. എന്നിരുന്നാലും, സാധാരണ വേതന നിരക്കിന്റെ ഇരട്ടി വേതനം നൽകുന്ന ഓവർടൈം സമയത്തിന് തൊഴിലാളികളുടെ സമ്മതം ആവശ്യമാണ്.
  • വേതന സ്ലിപ്പുകൾ വിതരണം ചെയ്യൽ: വേതനം നൽകുന്നതിന് മുമ്പോ അതോടൊപ്പമോ തൊഴിലുടമകൾ ഇലക്ട്രോണിക് രൂപത്തിലോ ഭൗതിക രൂപത്തിലോ ജീവനക്കാർക്ക് വേതന സ്ലിപ്പുകൾ നൽകണം.

സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ

പുതിയ വ്യവസ്ഥകൾ ബീഡി, സിഗാർ തൊഴിലാളികൾക്കുള്ള സാമൂഹ്യ സംരക്ഷണം വിപുലീകരിച്ചു, അവർക്ക് ശക്തമായ സുരക്ഷയും മികച്ച തൊഴിലിട സുരക്ഷയും നൽകുന്നു. കൂടുതൽ ഉൾക്കൊള്ളുന്ന ഒരു പിന്തുണാ സംവിധാനം ഉറപ്പാക്കുന്നതിലൂടെ ഈ നടപടികൾ സ്ഥിരത വർദ്ധിപ്പിക്കുകയും തൊഴിലാളികളുടെ ജീവിതത്തിൽ അന്തസ്സ് കൊണ്ടുവരുകയും ചെയ്യും.

  • ESIC കവറേജ് വിപുലീകരണം: "വിജ്ഞാപനം ചെയ്ത പ്രദേശങ്ങൾ" എന്ന ആശയം എടുത്തുമാറ്റിക്കൊണ്ട് ESIC കവറേജ് രാജ്യവ്യാപകമായി വ്യാപിപ്പിച്ചു. 10-ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് പോലും തൊഴിലുടമയുടെയും ജീവനക്കാരന്റെയും പരസ്പര സമ്മതത്തോടെ സ്വമേധയാ അംഗത്വം എടുക്കാൻ കഴിയും.
  • പരിമിതി കാലയളവ്: ഒരു ജീവനക്കാരന് ക്ലെയിമുകൾ ഫയൽ ചെയ്യാനുള്ള പരിമിതി കാലയളവ് നിലവിലുള്ള ആറ് മാസം മുതൽ രണ്ട് വർഷം വരെ എന്നത് മാറ്റി മൂന്ന് വർഷമായി നീട്ടി.
  • മെച്ചപ്പെടുത്തിയ ബോണസ് വ്യവസ്ഥകൾ: ​ഗവൺമെന്റ് നിശ്ചയിച്ച പരിധിക്കുള്ളിൽ വേതനം വാങ്ങുകയും ഒരു അക്കൗണ്ടിംഗ് വർഷത്തിൽ കുറഞ്ഞത് 30 ദിവസം ജോലി ചെയ്യുകയും ചെയ്ത എല്ലാ ജീവനക്കാർക്കും ബോണസ് നൽകണം. വാർഷിക ബോണസ് ജീവനക്കാരൻ നേടിയ വേതനത്തിന്റെ കുറഞ്ഞത് 8.33%, പരമാവധി 20% വരെയും ആകാം.
  • നിയമന കത്തുകളിലൂടെ ഔപചാരികവൽക്കരണം: ഓരോ ജീവനക്കാരനും ജീവനക്കാരന്റെ വിശദാംശങ്ങൾ, തസ്തിക, വേതനത്തിന്റെ വിശദാംശങ്ങൾ, സാമൂഹ്യ സുരക്ഷാ വിശദാംശങ്ങൾ എന്നിവ വ്യക്തമാക്കുന്ന നിശ്ചിത ഫോർമാറ്റിലുള്ള നിയമന കത്തുകൾ ലഭിക്കും.

  • "കുടുംബം" എന്ന നിർവചനം വിപുലീകരിക്കുന്നു: വനിതാ ജീവനക്കാരെ സംബന്ധിച്ചിടത്തോളം, ​ഗവൺമെന്റ് നിർദ്ദേശിക്കുന്ന വരുമാന പരിധിയെ അടിസ്ഥാനമാക്കി, അമ്മായിയപ്പനെയും അമ്മായിയമ്മയെയും ഉൾപ്പെടുത്തി കുടുംബത്തിന്റെ നിർവചനം വിപുലീകരിച്ചു.

സുരക്ഷിതവും ആരോഗ്യകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തൊഴിലിടങ്ങൾ

ബീഡി, സിഗാർ തൊഴിലാളികളുടെ തൊഴിലിട സുരക്ഷയും ക്ഷേമവും തൊഴിൽ കോഡുകൾ ശക്തിപ്പെടുത്തുന്നു. മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ, സുരക്ഷിതമായ സൗകര്യങ്ങൾ, അപകടങ്ങളിൽ ശക്തമായ പിന്തുണ എന്നിവ അവ ഉറപ്പാക്കുന്നു. ഈ പരിഷ്കാരങ്ങൾ ആരോഗ്യകരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ തൊഴിൽ അന്തരീക്ഷത്തെ പിന്തുണയ്ക്കുകയും തൊഴിലാളികൾക്ക് മികച്ച പരിചരണവും സുരക്ഷിതമായ ഉപജീവനമാർഗ്ഗവും ഉറപ്പാക്കാൻ പിന്തുണ നൽകുകയും ചെയ്യുന്നു.

  • അപകട നഷ്ടപരിഹാരം ഉൾപ്പെടുത്തൽ: ജോലിസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോഴോ, ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുമ്പോഴോ ഉണ്ടാകുന്ന അപകടങ്ങൾക്കും ഇപ്പോൾ ജീവനക്കാർക്ക് നഷ്ടപരിഹാരം ലഭിക്കും.
  • സൗജന്യ വാർഷിക ആരോഗ്യ പരിശോധന: എല്ലാ ജീവനക്കാർക്കും സൗജന്യ വാർഷിക ആരോഗ്യ പരിശോധനകൾക്ക് അർഹതയുണ്ടാകും.
  • വേതനത്തോടു കൂടിയ വാർഷിക അവധി: ഒരു കലണ്ടർ വർഷത്തിൽ 180 ദിവസമോ അതിൽ കൂടുതലോ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേതനത്തോടു കൂടിയ അവധിക്ക് അർഹതയുണ്ട്. (പ്രവൃത്തി ദിവസങ്ങൾ 240 ദിവസത്തിൽ നിന്ന് 180 ദിവസമായി കുറയ്ക്കുന്നു).
  • ആരോഗ്യം, സുരക്ഷ, ക്ഷേമ സൗകര്യങ്ങൾ: ബീഡി, സിഗരറ്റ് എന്നിവയുമായി ബന്ധപ്പെട്ട ജോലിസ്ഥലങ്ങളിലെ ശുചിത്വം, കുടിവെള്ളം, ടോയ്‌ലറ്റുകൾ, വിശ്രമമുറികൾ, കാന്റീനുകൾ എന്നിവയ്ക്കുള്ള വ്യവസ്ഥകളും തൊഴിൽ സുരക്ഷയും ആരോഗ്യവും സംബന്ധിച്ച മാനദണ്ഡങ്ങളും ഗവൺമെന്റ് നിർദ്ദേശിക്കും.
  • ലിംഗ വിവേചന നിരോധനം: ഒരേ ജോലിക്കോ സമാന സ്വഭാവമുള്ള ജോലിക്കോ ഉള്ള നിയമനം, വേതനം, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിൽ ലിംഗഭേദത്തിന്റെ പേരിൽ തൊഴിലുടമ വിവേചനം കാണിക്കാൻ പാടില്ല.

ഉപസംഹാരം

ശക്തമായ വേതന സംരക്ഷണം, സുരക്ഷാ-ആരോഗ്യ മാനദണ്ഡങ്ങൾ, വിപുലീകരിച്ച സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങൾ എന്നിവയോടെ, ഈ പുതിയ കോഡുകൾ ബീഡി, സിഗാർ മേഖലയിലെ തൊഴിലാളികളുടെ ക്ഷേമവും അന്തസ്സും സംരക്ഷിക്കുന്നതിൽ നിർണ്ണായകമായ ഒരു മാറ്റം കുറിക്കുന്നു. ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്ന ശക്തമായ വ്യവസ്ഥകൾ വനിതാ തൊഴിലാളികളെ ഉയർത്തിക്കൊണ്ടുവരാൻ സഹായിക്കും. ഈ പരിഷ്കാരങ്ങൾ ഓരോ ബീഡി, സിഗാർ തൊഴിലാളിയും അംഗീകരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും കൂടുതൽ സുരക്ഷിതത്വവും അന്തസ്സുമുള്ള ജീവിതം നയിക്കാൻ ശാക്തീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു ഭാവിയാണ് വാഗ്ദാനം ചെയ്യുന്നത്.

Click here to see pdf 

***

SK

(तथ्य सामग्री आईडी: 150616) आगंतुक पटल : 37


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Kannada , Urdu
Prime Minister mygov.in Content Link
National Portal Of India
STQC Certificate