Technology
മാനസ്: ലഹരിക്കെതിരെ ഒരു ഡിജിറ്റൽ പ്രതിരോധ കവചം
प्रविष्टि तिथि:
02 JUL 2026 11:27 AM
ലഹരിമുക്ത ഭാരതത്തിനായി പൗരന്മാരെ സജ്ജരാക്കുന്ന ദേശീയ നാർക്കോട്ടിക്സ് ഹെൽപ്പ് ലൈൻ
മാനസ് (MANAS): പൗരന്മാരുടെ കൈകളിൽ അധികാരം നൽകുന്ന സംവിധാനം

ലഹരിമരുന്ന് ഉപയോഗവും അതിന്റെ കടത്തും വലിയ സാമൂഹിക-ആരോഗ്യ പ്രശ്നങ്ങളായാണ് ഇന്ത്യാ ഗവൺമെന്റ് കണക്കാക്കുന്നത്. വ്യക്തികൾക്കപ്പുറം ഈ പ്രശ്നങ്ങൾ കുടുംബങ്ങളെയും സമൂഹങ്ങളെയും പൊതുജന സുരക്ഷയെയും ബാധിക്കുന്നു. പൗരന്മാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹായ സേവനങ്ങൾ ലഭ്യമാക്കുന്നത് മെച്ചപ്പെടുത്തുന്നതിനും ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും സഹായം തേടുന്നതിനുമായി എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതുമായ ഒരു പ്ലാറ്റ്‌ഫോമിന്റെ ആവശ്യകത ഗവൺമെന്റ് തിരിച്ചറിഞ്ഞു.
ഈ ആവശ്യകത നിറവേറ്റുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷനുമായി (DIC) സഹകരിച്ച് 2024 ജൂലൈ 18-ന് ദേശീയ നാർക്കോട്ടിക്സ് ഹെൽപ്പ് ലൈൻ 'മാനസ്' (MANAS - മാദക് പദാർത്ഥ് നിഷേധ് അസൂചന കേന്ദ്ര) ആരംഭിച്ചു. സുരക്ഷിതവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു പ്ലാറ്റ്‌ഫോമായി നിർമ്മിച്ചിരിക്കുന്ന മാനസ് പൗരന്മാർക്ക് ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും കൗൺസിലിംഗ് തേടാനും പുനരധിവാസ സഹായങ്ങൾ എപ്പോൾ വേണമെങ്കിലും ലഭ്യമാക്കാനും സൗകര്യമൊരുക്കുന്നു.
ഡിജിറ്റൽ ഇന്ത്യാ ദർശനവും ലഹരിമുക്ത ഭാരതം എന്ന ലക്ഷ്യവും മാനസ് ഒന്നിപ്പിക്കുന്നു. 1933 എന്ന ദേശീയ ഹെൽപ്പ് ലൈൻ നമ്പറിലൂടെയും ഔദ്യോഗിക പോർട്ടലിലൂടെയും ഇ-മെയിലിലൂടെയും ഉമാഗ് (UMANG) ആപ്പിലൂടെയും ഈ പ്ലാറ്റ്‌ഫോം ലഭിക്കുന്നു. ഇതിലൂടെ സഹായം ലഭ്യമാക്കുന്ന വഴി, ലഹരിമരുന്ന് ഉപയോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ നിശബ്ദരായ കാഴ്ചക്കാരായി നിൽക്കുന്നതിന് പകരം സജീവമായി പങ്കാളികളാകാൻ മാനസ് പൗരന്മാരെ പ്രാപ്തരാക്കുന്നു.
|
നിങ്ങൾക്ക് അറിയാമോ?
ലഹരിമരുന്ന് ഉപയോഗ പ്രശ്നത്തിന്റെ യഥാർത്ഥ വ്യാപ്തി വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയിലെ ലഹരിമരുന്ന് ഉപയോഗത്തിന്റെ അളവിനെക്കുറിച്ചുള്ള രാജ്യത്തെ ആദ്യത്തെ സമഗ്ര റിപ്പോർട്ട് 2019-ൽ പുറത്തുവന്നു.
- ഏകദേശം 16 കോടി ആളുകൾ മദ്യം കഴിക്കുന്നു. ഇതിൽ 5.7 കോടിയിലധികം ആളുകളെ ഇത് ഗുരുതരമായി ബാധിച്ചിരിക്കുന്നു.
- 3.1 കോടി ആളുകൾ കഞ്ചാവും 2.26 കോടി ആളുകൾ ഒപ്പിയോയിഡുകളും ഏകദേശം 1.18 കോടി ആളുകൾ ലഹരി ഗുളികകളും ഉപയോഗിക്കുന്നു.
- ഏകദേശം 2.8 കോടി ആളുകൾ ഒപ്പിയോയിഡുകളെ മാത്രം ആശ്രയിച്ചു കഴിയുന്നവരാണ്. ഇതിൽ അടിയന്തര ചികിത്സ ആവശ്യമുള്ള 28 ലക്ഷത്തോളം ആളുകളും ഉൾപ്പെടുന്നു.
|

മാനസ് വാഗ്ദാനം ചെയ്യുന്നത്
റിപ്പോർട്ട് ചെയ്യൽ, കൗൺസിലിംഗ്, ബോധവൽക്കരണം എന്നിവ ഒരൊറ്റ സംവിധാനത്തിൽ സംയോജിപ്പിച്ചുകൊണ്ട് പൗരന്മാരുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് മാനസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

- പൗരന്മാർക്ക് അവരുടെ പേരോ മറ്റ് വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ ലഹരിമരുന്ന് കടത്ത്, വിപണനം, അനധികൃത കൃഷി, അതുമായി ബന്ധപ്പെട്ട മറ്റ് പ്രവർത്തനങ്ങൾ എന്നിവ അതീവ രഹസ്യമായി റിപ്പോർട്ട് ചെയ്യാൻ സാധിക്കും.
- ലഹരിക്ക് അടിമപ്പെട്ടവർക്ക് കൗൺസിലിംഗും പിന്തുണയും തേടാം; ഇതിനായുള്ള കോളുകൾ കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ 14446 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് കൈമാറുന്നതാണ്.
- രാജ്യത്തുടനീളം സേവനം ഉറപ്പാക്കിക്കൊണ്ട് 1933 എന്ന ഹെൽപ്പ് ലൈൻ നമ്പറിലൂടെയും വെബ് പോർട്ടലിലൂടെയും ഉമംഗ് (UMANG) ആപ്ലിക്കേഷനിലൂടെയും ഏത് സമയത്തും ഈ സേവനങ്ങൾ ലഭ്യമാണ്.
- ഡിജിറ്റൽ ടിക്കറ്റ് ജനറേഷനും വർക്ക്ഫ്ലോ മാനേജ്‌മെന്റും വഴി ബന്ധപ്പെട്ട ഏജൻസികളുമായി വിവരങ്ങൾ വേഗത്തിൽ പങ്കിടാൻ സാധിക്കുന്നു. ഇത് ഏകോപനവും പ്രതികരണ സമയവും മെച്ചപ്പെടുത്തുന്നു.
- ഈ സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ഒന്നിലധികം ഭാഷകളിലുള്ള കോൾ സപ്പോർട്ട്, സ്മാർട്ട് IVRS, ചാറ്റ്‌ബോട്ട് സംവിധാനം, പ്രാദേശിക ഭാഷാ സഹായം തുടങ്ങിയ സമഗ്രമായ ഫീച്ചറുകൾ വികസിപ്പിച്ചുവരുന്നു.
|
ലഹരിക്ക് അടിമപ്പെട്ട ഒരാളെ എനിക്ക് എങ്ങനെ സഹായിക്കാൻ കഴിയും?
ലഹരിമരുന്നിന്റെ വിതരണവും ആവശ്യകതയും അടങ്ങുന്ന ദുഷിച്ച വലയത്തിലെ ഇരയാണ് ലഹരിക്ക് അടിമപ്പെട്ട വ്യക്തി. അവരെ ബഹുമാനത്തോടെ കാണുകയും ഏറ്റവും അടുത്തുള്ള ഗവൺമെന്റ് ലഹരിവിമോചന കേന്ദ്രത്തിൽ നിന്ന് പ്രൊഫഷണൽ, മെഡിക്കൽ സഹായം തേടാൻ പ്രോത്സാഹിപ്പിക്കുകയും വേണം. കൗൺസിലിംഗിനും തെറാപ്പിക്കുമായി അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
|
സ്വാധീനം: ക്രമാനുഗതമായി വളരുന്ന പൊതുജനവിശ്വാസം

തുടക്കം മുതൽ മാനസ് പൗരന്മാരിലേക്കുള്ള സമ്പർക്കം വർധിപ്പിക്കുകയും പൊതുജന സേവന വിതരണം ശക്തിപ്പെടുത്തുകയും ലഹരിമരുന്ന് നിയമപാലക ഏജൻസികൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്തു. സുരക്ഷിതമായ ചാനലുകളിലൂടെ ലഹരിമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ എളുപ്പത്തിൽ റിപ്പോർട്ട് ചെയ്യാൻ ഈ പ്ലാറ്റ്‌ഫോം പൗരന്മാരെ പ്രാപ്തരാക്കി. ഇത് പൗരന്മാരും എൻഫോഴ്സ്മെന്റ് ഏജൻസികളും തമ്മിലുള്ള വിവരങ്ങൾ പങ്കിടൽ ശക്തമാക്കുകയും ലഹരിമരുന്ന് കടത്തിനും ലഹരി ഉപയോഗത്തിനുമെതിരെയുള്ള പ്രതികരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു.
ഇത് രാജ്യത്തുടനീളമുള്ള കൗൺസിലിംഗ്, പുനരധിവാസം, ബോധവൽക്കരണ സേവനങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനവും മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രൊഫഷണൽ കൗൺസിലിംഗ് പിന്തുണയുടെ വർധിച്ചുവരുന്ന ഉപയോഗം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സഹായം തേടാനുള്ള പൗരന്മാരുടെ വലിയ സന്നദ്ധതയെ പ്രതിഫലിപ്പിക്കുന്നു. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ ക്യാമ്പയ്‌നുകളിൽ കൂടുതൽ പൊതുജനങ്ങളുടെയും യുവാക്കളുടെയും പങ്കാളിത്തം പ്രോത്സാഹിപ്പിച്ചു. പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത വർക്ക്ഫ്ലോകൾ ഏകോപനവും സേവന വിതരണവും മെച്ചപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പൗരന്മാരുടെ പങ്കാളിത്തത്തിലൂടെ ലഹരിമുക്ത ഭാരതം എന്ന വലിയ കാഴ്ചപ്പാടിനെ ഇത് പിന്തുണയ്ക്കുകയും ചെയ്യുന്നു.
മാനസ് എങ്ങനെയാണ് ഡിജിറ്റൽ ഇന്ത്യ എന്ന വാഗ്ദാനത്തെ ശക്തിപ്പെടുത്തുന്നത്

പൗരന്മാരെ സംരക്ഷിക്കുന്നതിനും പൊതുസേവനങ്ങൾ ലഭ്യമാക്കുന്നതിനും സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിന്റെ ഒരു മികച്ച ഉദാഹരണമാണ് മാനസ്. ഇത് ഈ ദൗത്യത്തിന്റെ കാഴ്ചപ്പാടിനെ വ്യക്തവും പ്രായോഗികവുമായ രീതികളിൽ മുന്നോട്ട് കൊണ്ടുപോകുന്നു:
- മാനസ് 24 മണിക്കൂറും പ്രവർത്തിക്കുന്നു. കൂടാതെ ഇന്ത്യയിൽ എവിടെ നിന്നും ഇതിലേക്ക് ബന്ധപ്പെടാനും സാധിക്കും.
- ഇത് പൊതുജനങ്ങളുടെ ജാഗ്രതയെ ഉപയോഗപ്രദവും രേഖപ്പെടുത്തപ്പെട്ടതുമായ വിവരങ്ങളാക്കി മാറ്റുന്നു. അതുവഴി ജനങ്ങളെ സേവനങ്ങളുടെ നിഷ്ക്രിയ സ്വീകർത്താക്കളാക്കുന്നതിന് പകരം ഭരണത്തിൽ സജീവ പങ്കാളികളാക്കുന്നു.
- ഓരോ റിപ്പോർട്ടും ഡിജിറ്റലൈസ്ഡ് വർക്ക്ഫ്ലോകളിലൂടെ ലോഗ് ചെയ്യാനും രജിസ്റ്റർ ചെയ്യാനും ട്രാക്ക് ചെയ്യാനും പരിഹരിക്കാനും കഴിയും. ഇത് വേഗതയും സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരുന്നു.
- ഇത് പൊതുജനങ്ങളെ 30 NCB സോണൽ യൂണിറ്റുകളുമായും 36 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സുകളുമായും നേരിട്ട് ബന്ധിപ്പിക്കുന്നു.
- ഈ പോർട്ടൽ ഏകീകൃതവും സുരക്ഷിതവും ദ്വിഭാഷാ പ്ലാറ്റ്‌ഫോമുമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
- രാജ്യത്തുടനീളമുള്ള കൗമാരക്കാരെയും യുവാക്കളെയും ആകർഷിക്കുന്നതിനായി ഇത് MyGov പോർട്ടലിൽ ക്വിസുകൾ, പോസ്റ്റർ മത്സരങ്ങൾ, റീൽ നിർമ്മാണ മത്സരങ്ങൾ തുടങ്ങിയ ബോധവൽക്കരണ പരിപാടികൾ നടത്തുന്നു.
- വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്നതിനാൽ ഈ ഡാറ്റയിലെ രീതികളും പ്രവണതകളും പഠിക്കാൻ സാധിക്കുന്നു; ഇത് എവിടെയൊക്കെയാണ് പ്രശ്നങ്ങൾ വർധിച്ചുവരുന്നതെന്ന് മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരണങ്ങൾ ആസൂത്രണം ചെയ്യാനും ഏജൻസികളെ സഹായിക്കുന്നു.
ലഹരിമുക്ത ഭാരതത്തിലേക്ക്
പൗരന്മാരുടെ സംരക്ഷണത്തിനും സാമൂഹിക നന്മയ്ക്കുമായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI) എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് മാനസ് കാണിച്ചുതരുന്നു. സാങ്കേതികവിദ്യ, പൗരന്മാരുടെ പങ്കാളിത്തം, കൗൺസിലിംഗ്, അനലിറ്റിക്സ്, സുരക്ഷിതമായ റിപ്പോർട്ടിംഗ് എന്നിവ ഒരുമിച്ച് ചേർത്തുകൊണ്ട് ഓരോ റിപ്പോർട്ടിലൂടെയും ഓരോ കോളിലൂടെയും സുരക്ഷിതവും ആരോഗ്യകരവും ലഹരിമുക്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കുന്നു. ഇതിന്റെ വ്യാപ്തി വളരുകയും സംവിധാനങ്ങൾ കൂടുതൽ വികസിക്കുകയും ചെയ്യുമ്പോൾ ഡിജിറ്റലും അതോടൊപ്പം തന്നെ തികച്ചും മാനുഷികവുമായ ഭരണനിർവ്വഹണത്തിന്റെ വ്യക്തമായ ഉദാഹരണമായി മാനസ് നിലകൊള്ളുന്നു.
അവലംബം
Ministry of Home Affairs
Click here to see pdf
***
SK
(तथ्य सामग्री आईडी: 150676)
आगंतुक पटल : 11
Provide suggestions / comments