Infrastructure
പൈമാന (PAIMANA) ഡാറ്റാ അധിഷ്ഠിത അടിസ്ഥാന സൗകര്യ ഭരണനിർവഹണം ശക്തിപ്പെടുത്തുന്നു
प्रविष्टि तिथि:
10 AUG 2026 11:52 AM
പൈമാന (PAIMANA) – ഒരു അവലോകനം
അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ കാര്യക്ഷമമായ നിരീക്ഷണം സമയബന്ധിതമായ നടപ്പാക്കലിനും സുതാര്യതയ്ക്കും ഭരണനിർവഹണത്തിനും അത്യന്താപേക്ഷിതമാണ്. ഇതിന് പിന്തുണ നൽകുന്നതിനായി ഇന്ത്യയിലെ കേന്ദ്രമേഖലാ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നിരീക്ഷിക്കുന്നതിനുള്ള ഒരു വെബ് അധിഷ്ഠിത പ്ലാറ്റ്ഫോമായി 2025 സെപ്റ്റംബർ 25-ന് പൈമാന (PAIMANA - Project Assessment, Infrastructure Monitoring and Analytics for Nation-Building) ആരംഭിച്ചു. മുമ്പുണ്ടായിരുന്ന OCMS-2006 (ഓൺലൈൻ കമ്പ്യൂട്ടറൈസ്ഡ് മോണിറ്ററിംഗ് സിസ്റ്റം) എന്ന സംവിധാനത്തിന് പകരമായാണ് ഈ പ്ലാറ്റ്ഫോം നിലവിൽ വന്നത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം (MoSPI) വികസിപ്പിച്ച പൈമാന, 150 കോടി രൂപയോ അതിൽ കൂടുതലോ ചെലവ് വരുന്ന, നിലവിൽ പുരോഗമിക്കുന്ന കേന്ദ്രമേഖലാ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നിരീക്ഷിക്കുന്നതിനായി ഉപയോഗിക്കുന്നു.
DPIIT-യുടെ ഇന്റഗ്രേറ്റഡ് പ്രൊജക്റ്റ് മോണിറ്ററിംഗ് പോർട്ടലിന് (IPMP) പകരമായി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ കേന്ദ്രീകൃത സംഭരണിയായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ MoSPI 2026 ജൂലൈ 08-ന് PAIMANA-CRIP എന്ന പേരിൽ ഒരു മൊഡ്യൂൾ ആരംഭിച്ചു. പ്രഗതി (PRAGATI - പ്രോ-ആക്ടീവ് ഗവേണൻസ് ആൻഡ് ടൈംലി ഇംപ്ലിമെന്റേഷൻ), PMG, മറ്റ് അവലോകന സംവിധാനങ്ങൾ എന്നിവയ്ക്കായുള്ള പ്രൊജക്റ്റ് സംബന്ധിയായ ഡാറ്റ പിന്നീട് ഇതുവഴി തന്നെ ശേഖരിക്കുകയും പുതുക്കുകയും ചെയ്യും.
20-ലധികം മന്ത്രാലയങ്ങൾ/വകുപ്പുകൾ/നിർവഹണ ഏജൻസികൾ എന്നിവ ഡാറ്റാ എൻട്രി വഴിയോ അല്ലെങ്കിൽ API (ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകൾ) വഴിയോ PAIMANA-CRIP-യിൽ പദ്ധതികളുടെ വിവരങ്ങൾ പതിവായി പുതുക്കുന്നു.
നിലവിൽ പൈമാന പോർട്ടലിന്റെ പ്രൊജക്റ്റ് മോണിറ്ററിംഗ് വിഭാഗം API അധിഷ്ഠിത ഡാറ്റാ കൈമാറ്റം വഴി DPIIT-യുടെ IPMP/IIG എന്നിവയുമായി സംയോജിപ്പിച്ചിരിക്കുന്നു. പൈമാനയിലെ 60 ശതമാനത്തിലധികം പദ്ധതികളുടെയും വിവരങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ/വകുപ്പുകളുടെ MIS അല്ലെങ്കിൽ വെബ് പ്ലാറ്റ്ഫോമുകളിൽ നിന്ന് API-കൾ വഴി സ്വയമേവ പുതുക്കപ്പെടുന്നു.
പദ്ധതി നിരീക്ഷണം ശക്തമാക്കുന്നതിന് പുറമെ, ഒരു പ്രത്യേക പെർഫോമൻസ് മോണിറ്ററിംഗ് ഡാഷ്ബോർഡിലൂടെ അടിസ്ഥാനസൗകര്യ പ്രകടന നിരീക്ഷണത്തെ പിന്തുണയ്ക്കുന്നതിനായി പൈമാന അതിന്റെ പ്രവർത്തനം വിപുലീകരിച്ചു. 2026 ഏപ്രിൽ 16-ന് ആരംഭിച്ച ഈ ഡാഷ്ബോർഡ് വിപുലമായ സൂചക കൂട്ടായ്മയിലൂടെ പ്രധാന ഉപമേഖലകളിലെ അടിസ്ഥാനസൗകര്യ വികസന പ്രകടനം നിരീക്ഷിക്കുന്നു. ഡാറ്റാ അധിഷ്ഠിത ഭരണനിർവഹണത്തിലേക്കും തെളിവടിസ്ഥാനത്തിലുള്ള നയരൂപീകരണത്തിലേക്കുമുള്ള ഒരു വലിയ മുന്നേറ്റത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്.
പെർഫോമൻസ് മോണിറ്ററിംഗ് ഡാഷ്ബോർഡ് ഒറ്റനോട്ടത്തിൽ
പ്രധാന അടിസ്ഥാനസൗകര്യ മേഖലകളിലുടനീളമുള്ള പ്രകടന സൂചകങ്ങളെ പെർഫോമൻസ് മോണിറ്ററിംഗ് ഡാഷ്ബോർഡ് ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഒന്നിച്ച് കൊണ്ടുവരുന്നു. ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും നൽകുന്ന/പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക ഡാറ്റയിൽ നിന്നാണ് ഈ സൂചകങ്ങൾ ക്രോഡീകരിക്കുന്നത്, കൂടാതെ ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവ കൃത്യമായി പുതുക്കുകയും ചെയ്യുന്നു. ഇന്ററാക്ടീവ് വിഷ്വലൈസേഷനുകളിലൂടെയും വിശകലന ടൂളുകളിലൂടെയും ഡാഷ്ബോർഡ് ഈ ഡാറ്റ അവതരിപ്പിക്കുന്നു. ഇത് കാലക്രമേണയുള്ള പ്രവണതകൾ നിരീക്ഷിക്കാനും ഓരോ മേഖലയുടെയും പ്രകടനം വിലയിരുത്താനും ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു.

പെർഫോമൻസ് മോണിറ്ററിംഗ് ഡാഷ്ബോർഡിന്റെ പ്രധാന സവിശേഷതകൾ
- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുമായി (NIPFP) കൂടിയാലോചിച്ച് വികസിപ്പിച്ച വിപുലമായ ഇൻഡിക്കേറ്റർ ഫ്രെയിംവർക്കിന്മേലാണ് പെർഫോമൻസ് മോണിറ്ററിംഗ് ഡാഷ്ബോർഡ് നിർമ്മിച്ചിരിക്കുന്നത്. ഈ ഫ്രെയിംവർക്ക്, സാമ്പത്തിക കാര്യ വകുപ്പ് (DEA) പുറപ്പെടുവിച്ച ഹാർമണൈസ്ഡ് മാസ്റ്റർ ലിസ്റ്റ് (HML) ഓഫ് ഇൻഫ്രാസ്ട്രക്ചർ (2022)-മായി പൊരുത്തപ്പെടുന്നതാണ്. ഇത് നയപിന്തുണയ്ക്കും നിക്ഷേപ ആസൂത്രണത്തിനും സാമ്പത്തികാനുകൂല്യങ്ങൾക്കും അർഹതയുള്ള അടിസ്ഥാനസൗകര്യ മേഖലകളുടെ ദേശീയ തരംതിരിക്കൽ ചട്ടക്കൂടായി പ്രവർത്തിക്കുന്നു.
- നിലവിലുള്ള മറ്റ് ഇൻഡക്സുകളുമായി വിവരങ്ങൾ പരസ്പരം കൂട്ടിക്കുഴയുന്നത് ഒഴിവാക്കാൻ സൂചകങ്ങൾ ലളിതവൽക്കരിച്ചിട്ടുണ്ട്. വ്യവസായ ഉൽപ്പാദന സൂചിക (IIP), എട്ട് പ്രധാന വ്യവസായങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.
- വിശദമായ ഇൻഡിക്കേറ്റർ ഫ്രെയിംവർക്ക് ഊർജ്ജം, സിവിൽ ഏവിയേഷൻ, ടെലികമ്മ്യൂണിക്കേഷൻസ്, റെയിൽവേ, റോഡുകൾ, പോർട്ട്, ഷിപ്പിംഗ് & വാട്ടർവേയ്സ് എന്നിങ്ങനെ ആറ് അടിസ്ഥാനസൗകര്യ ഉപമേഖലകളിലായി വ്യാപിച്ചുകിടക്കുന്നു.
- പെർഫോമൻസ് മോണിറ്ററിംഗ് ഡാഷ്ബോർഡ് ഇപ്പോൾ 165 സൂചകങ്ങളിലേക്ക് വിപുലീകരിച്ചിട്ടുണ്ട്. 54 പുതിയ സൂചകങ്ങൾ ഉൾപ്പെടുത്തിയത് ഇതിൽ അടങ്ങിയിരിക്കുന്നു, ഇത് അടിസ്ഥാനസൗകര്യ പ്രകടന നിരീക്ഷണത്തിന്റെ സമഗ്രത വലിയ അളവിൽ വർധിപ്പിക്കുന്നു.
- ഒറ്റ ഡിജിറ്റൽ ഇന്റർഫേസിലൂടെ ഓരോ മേഖലയിലെയും പ്രകടനം പ്രത്യേകം നിരീക്ഷിക്കാൻ സാധിക്കുന്നു. ഇത് നയരൂപകർത്താക്കൾക്കും ഗവേഷകർക്കും മറ്റ് പങ്കാളികൾക്കും ഇന്ററാക്ടീവ് വിഷ്വലൈസേഷനും ടൈം-സീരീസ് വിശകലനത്തിനുള്ള അവസരവും നൽകുന്നു.
- കേന്ദ്രീകൃതമായ ഒരു ഡാഷ്ബോർഡ് അടിസ്ഥാനസൗകര്യ മേഖലകളുടെ സമഗ്ര കാഴ്ചപ്പാട് ഒറ്റയടിക്ക് ലഭ്യമാക്കുന്നു. ഈ ശേഷി മേഖലകൾ തമ്മിലുള്ള വിശകലനം കൂടുതൽ ശക്തമാക്കുന്നു.
- നിലവിലെ സംവിധാനം വളർച്ചാ നിരക്കുകളിലൂടെയാണ് ഓരോ മേഖലയുടെയും പ്രകടനം വിലയിരുത്തുന്നത്. ഇത് തിരഞ്ഞെടുക്കപ്പെട്ട മേഖലകളിലെ വാർഷിക വളർച്ച, പ്രതിമാസ വളർച്ച, മൊത്തത്തിലുള്ള വളർച്ച, ലക്ഷ്യങ്ങൾ, ശേഷിയുടെ ഉപയോഗം എന്നിവ അവലോകനം ചെയ്യുന്നു.
ഉപമേഖലകളിലുടനീളമുള്ള പെർഫോമൻസ് ഇൻഡിക്കേറ്ററുകളുടെ വിതരണം (2026 ജൂലൈ 16 ലെ കണക്ക് പ്രകാരം)
|
ക്രമ നമ്പർ
|
അടിസ്ഥാനസൗകര്യ ഉപമേഖല
|
ആകെ സൂചകങ്ങളുടെ എണ്ണം
|
|
1
|
സിവിൽ ഏവിയേഷൻ
|
31
|
|
2
|
റോഡുകൾ
|
8
|
|
3
|
ഊർജ്ജം
|
14
|
|
4
|
പോർട്ട്, ഷിപ്പിംഗ് & വാട്ടർവേയ്സ്
|
62
|
|
5
|
ടെലികമ്മ്യൂണിക്കേഷൻസ്
|
13
|
|
6
|
റെയിൽവേ
|
37
|
|
ആകെ
|
165
|
പരിഷ്കരിച്ച നിരീക്ഷണ രീതി
പരിഷ്കരിച്ച രീതി വെറുമൊരു മേഖലയിലെ ഉത്പാദനം അളക്കുന്നതിൽ നിന്ന് മാറി വിവിധ മാനങ്ങളിലൂടെയുള്ള വിപുലമായ അടിസ്ഥാനസൗകര്യ പ്രകടനം വിലയിരുത്തുന്നതിലേക്ക് വഴിമാറുന്നു. അതായത് അടിസ്ഥാനസൗകര്യങ്ങൾ എത്രത്തോളം വ്യാപകമായി ലഭ്യമാണെന്ന് അളക്കുന്ന ലഭ്യത, അതിന്റെ ഉപയോഗപ്രദതയും വിശ്വസനീയതയും വിലയിരുത്തുന്ന ഗുണമേന്മ, അടിസ്ഥാനസൗകര്യങ്ങൾക്കായി സാമ്പത്തിക സ്രോതസ്സുകൾ വിതരണം ചെയ്യുന്നതും ഉപയോഗിക്കുന്നതും വിലയിരുത്തുന്ന സാമ്പത്തിക ചെലവും വരുമാനവും, നിർദ്ദിഷ്ട ആവശ്യത്തിനായി അടിസ്ഥാനസൗകര്യങ്ങൾ എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കുന്നുവെന്ന് നിർണ്ണയിക്കുന്ന വിനിയോഗം, ജനങ്ങൾക്ക് ഇത് സാമ്പത്തികമായി താങ്ങാൻ കഴിയുന്നതാണോ എന്ന് നിർണ്ണയിക്കുന്ന ശേഷി എന്നിങ്ങനെ സൂചകങ്ങളുടെ തരംതിരിക്കൽ, ലളിതമായ ഉത്പാദന ട്രാക്കിംഗിനപ്പുറം ഒന്നിലധികം മാനങ്ങളിലുടനീളമുള്ള അടിസ്ഥാനസൗകര്യ പ്രകടനത്തിന്റെ കൂടുതൽ സമഗ്രമായ വിലയിരുത്തലിലേക്ക് മാറുന്നതിലൂടെ വിശകലനം മെച്ചപ്പെടുത്തുന്നു. ഇത് കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള നയപരമായ തീരുമാനങ്ങൾക്കും നിശ്ചിത ലക്ഷ്യമിട്ടുള്ള ഇടപെടലുകൾക്കും വഴിയൊരുക്കുന്നു.
പങ്കാളികളുടെ ഇടപെടൽ
ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും ഉൾപ്പെടെയുള്ള പങ്കാളികൾക്ക് അവരുടെ പദ്ധതി നിർവഹണത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുന്നു. പൈമാനയിൽ (PAIMANA) നിന്നുള്ള ഡാറ്റാ അനലിറ്റിക്സിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങൾ തയ്യാറാക്കുന്നത്. ഇത്തരം അനലിറ്റിക്സ് പദ്ധതി നിർവഹണത്തിൽ ശ്രദ്ധ നൽകേണ്ട സ്ഥലങ്ങളിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ അവരെ സഹായിക്കുന്നു.
- പ്രതിമാസ അവലോകന യോഗങ്ങളിലൂടെയും മറ്റ് വിവര കൈമാറ്റങ്ങളിലൂടെയും നിരന്തരമായ ഏകോപനം നടക്കുന്നു. പെർഫോമൻസ് ഇൻഡിക്കേറ്ററുകളെക്കുറിച്ചുള്ള സമയബന്ധിതമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഈ രീതി തെളിവധിഷ്ഠിത നിരീക്ഷണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
- പ്രത്യേകം തയ്യാറാക്കിയ ഡാഷ്ബോർഡുകൾക്കായുള്ള ലോഗിൻ വിവരങ്ങൾ ഓരോ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പക്കൽ ലഭ്യമാണ്. തൽഫലമായി പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി അവർക്ക് പോർട്ടലിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കുന്നു.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ നിരീക്ഷണം (2026 ജൂൺ വരെയുള്ള കണക്ക്)
- 2026 ജൂൺ വരെയുള്ള കണക്കനുസരിച്ച് 17 കേന്ദ്ര മന്ത്രാലയങ്ങളിലായി പുരോഗമിക്കുന്ന 1,847 പദ്ധതികൾ നിരീക്ഷണത്തിലാണ്. ഇവയുടെ ആകെ പുതുക്കിയ ചെലവ് 40.54 ലക്ഷം കോടി രൂപയാണ്.
- ഈ പദ്ധതികൾക്കായി ഇതുവരെ 21.97 ലക്ഷം കോടി രൂപ ചെലവഴിച്ചു കഴിഞ്ഞു. ഇത് പുതുക്കിയ ചെലവിന്റെ ഏകദേശം 54.18 ശതമാനത്തിന് തുല്യമാണ്. ഇത് പദ്ധതികളുടെ സ്ഥിരതയാർന്ന പുരോഗതിയെയാണ് കാണിക്കുന്നത്.
- പല പദ്ധതികളും പൂർത്തീകരണത്തിന്റെ അവസാന ഘട്ടങ്ങളിൽ എത്തിയിട്ടുണ്ട്. ഏകദേശം 709 പദ്ധതികൾ (~39%) 80% ഭൗതിക പുരോഗതി കൈവരിച്ചിട്ടുണ്ട്. ഭൗതികമായ സാമ്പത്തിക പൂർത്തീകരണത്തിൽ 337 ഓളം പദ്ധതികൾ (~19%) 80% പരിധി പിന്നിട്ടു.
- പുരോഗമിച്ചുകൊണ്ടിരിക്കുന്ന പദ്ധതികളുടെ എണ്ണത്തിൽ ഗതാഗത & ലോജിസ്റ്റിക്സ് (Transport & Logistics) മേഖലയാണ് മുൻപന്തിയിൽ നിൽക്കുന്നത്. കണക്റ്റിവിറ്റിക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് 22.32 ലക്ഷം കോടി രൂപ മൂല്യമുള്ള 1,341 പദ്ധതികൾ ഈ മേഖലയിലുണ്ട്.
- നിലവിലുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികളിൽ, ഓരോന്നിനും 1,000 കോടി രൂപയോ അതിൽ കൂടുതലോ ചെലവ് വരുന്ന 30.51 ലക്ഷം കോടി രൂപ മൂല്യമുള്ള 769 മെഗാ പദ്ധതികൾ ഉൾപ്പെടുന്നു.
- കൂടാതെ ഓരോന്നിനും 150 മുതൽ 1,000 കോടി രൂപ വരെ ചെലവ് വരുന്ന, 5.10 ലക്ഷം കോടി രൂപ മൂല്യമുള്ള 1,078 പ്രധാന പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ മന്ത്രാലയം/വകുപ്പ് തിരിച്ചുള്ള പുരോഗതി
- റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിലാണ് ഏറ്റവും കൂടുതൽ പദ്ധതികൾ രേഖപ്പെടുത്തിയിട്ടുള്ളത്. 9.89 ലക്ഷം കോടി രൂപയുടെ (24%) പുതുക്കിയ ചെലവുവിഹിതമുള്ള 1,022 പദ്ധതികളെയാണ് (55%) ഈ മന്ത്രാലയം കൈകാര്യം ചെയ്യുന്നത്.
- റെയിൽവേ മന്ത്രാലയം 255 പദ്ധതികൾ (14%) നടപ്പിലാക്കുന്നു. ഇവയ്ക്ക് മൊത്തത്തിൽ 8.69 ലക്ഷം കോടി രൂപയുടെ (21%) പുതുക്കിയ ചെലവുവരുന്നു.
- കൽക്കരി മന്ത്രാലയം 121 പദ്ധതികൾ (7%) നടത്തുന്നുണ്ട്. ഇവയുടെ മൊത്തം പുതുക്കിയ ചെലവ് 2.22 ലക്ഷം കോടി രൂപയാണ് (6%).
- മറ്റ് നാല് മന്ത്രാലയങ്ങളും/വകുപ്പുകളും വലിയ തോതിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്.
- പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം 4.33 ലക്ഷം കോടി രൂപയുടെ പുതുക്കിയ ചെലവ് വരുന്ന 105 പദ്ധതികൾ കൈകാര്യം ചെയ്യുന്നു.
- ഊർജ്ജ മന്ത്രാലയം 5.71 ലക്ഷം കോടി രൂപയുടെ പുതുക്കിയ ചെലവ് വരുന്ന 98 പദ്ധതികൾ കൈകാര്യം ചെയ്യുന്നു.
- ഭവന, നഗരകാര്യ മന്ത്രാലയം 3.65 ലക്ഷം കോടി രൂപയുടെ പുതുക്കിയ ചെലവ് വരുന്ന 50 പദ്ധതികൾ നടപ്പിലാക്കുന്നു.
- ജലവിഭവ, നദീവികസന, ഗംഗാ പുനരുജ്ജീവന വകുപ്പ് 2.04 ലക്ഷം കോടി രൂപയുടെ പുതുക്കിയ ചെലവ് വരുന്ന 40 പദ്ധതികൾ കൈകാര്യം ചെയ്യുന്നു.
- മറ്റ് 156 പദ്ധതികളുടെ (8%) മൊത്തം പുതുക്കിയ ചെലവ് 4.02 ലക്ഷം കോടി രൂപയാണ് (10%). ഉന്നതവിദ്യാഭ്യാസം, സിവിൽ ഏവിയേഷൻ, സ്റ്റീൽ, ടെലികമ്മ്യൂണിക്കേഷൻസ്, തൊഴിൽ & ഉദ്യോഗം, പോർട്ട്, ഷിപ്പിംഗ് & വാട്ടർവേയ്സ്, ആരോഗ്യ & കുടുംബക്ഷേമം, ഖനികൾ, ഡിപിഐഐടി (DPIIT), കായികം തുടങ്ങിയ നിരവധി മന്ത്രാലയങ്ങളിലായും വകുപ്പുകളിലായും ഇവ വ്യാപിച്ചുകിടക്കുന്നു.
ഡാറ്റാ അധിഷ്ഠിത ഭരണനിർവഹണത്തിലേക്ക്
150 കോടി രൂപയോ അതിൽ കൂടുതലോ ചെലവ് വരുന്ന കേന്ദ്രമേഖലാ പദ്ധതികളുടെ അവലോകനം അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ/ഡാഷ്ബോർഡ്, പെർഫോമൻസ് മോണിറ്ററിംഗ് ഡാഷ്ബോർഡ് എന്നിവയുടെ ഫലങ്ങൾക്കൊപ്പം കേന്ദ്രമേഖലാ അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ സമാഹാരമായ മൊഡ്യൂളുകൾ കൂടി ഉൾക്കൊള്ളുന്ന പൈമാന (PAIMANA) പോർട്ടൽ സുതാര്യത, കാര്യക്ഷമത, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കും. ഇവയുടെ പതിവായ പുതുക്കലുകൾ അടിസ്ഥാനസൗകര്യ നിരീക്ഷണത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അവ തെളിവധിഷ്ഠിത നയരൂപീകരണത്തിനും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും സഹായിക്കുന്നു. അങ്ങനെ ഈ ശ്രമം രാജ്യത്തുടനീളം സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ അടിസ്ഥാനസൗകര്യ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
അവലംബം
Ministry of Statistics and Programme Implementation (MoSPI):
https://paimana-proj.mospi.gov.in/ReportPage
https://www.pib.gov.in/PressReleasePage.aspx?PRID=2286550®=%203&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2285365®=48&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2226267®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2252587®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2244898®=3&lang=1
https://www.pib.gov.in/PressReleasePage.aspx?PRID=2277758®=48&lang=2
https://www.pib.gov.in/PressReleasePage.aspx?PRID=2290413®=48&lang=1
Click to see in pdf
***
SK
(तथ्य सामग्री आईडी: 150825)
आगंतुक पटल : 9
Provide suggestions / comments