• Sitemap
  • Advance Search
Social Welfare

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖല

प्रविष्टि तिथि: 30 AUG 2026 10:08 AM

വളർച്ചയുടെയും പ്രാപ്യതയുടെയും ഉൾച്ചേർക്കലിൻ്റെയും ഒരു ദശകം

 

ഇന്ത്യയുടെ വിജ്ഞാന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കൽ: പുരോഗതിയുടെ ഒരു ദശാബ്‌ദം 

വിജ്ഞാനാധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിൻ്റെ അടിത്തറയും 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ പ്രധാന സ്തംഭവുമാണ് ഉന്നത വിദ്യാഭ്യാസം. സമഗ്രവും ബഹുവിഷയാധിഷ്ഠിതവുമായ പഠനം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിര വികസന ലക്ഷ്യം 4-ൻ്റെ ലക്ഷ്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഈ നയം വിഭാവനം ചെയ്യുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിലും ആജീവനാന്ത പഠനാവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലുമാണ് സുസ്ഥിര വികസന ലക്ഷ്യം 4 ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി വാർഷിക സർവേ നടത്തിവരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വർഷം തോറും നടത്തുന്ന ഓൾ ഇന്ത്യ സർവേ ഓൺ ഹയർ എജ്യുക്കേഷൻ (AISHE), രാജ്യത്തുടനീളമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ (HEIs) സംബന്ധിച്ച സമഗ്രമായ വിവരശേഖരം ലഭ്യമാക്കുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിലുള്ള ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ പുരോഗതി നിരീക്ഷിക്കുന്നതിനും, ഉയർന്നുവരുന്ന അപര്യാപ്തതകൾ കണ്ടെത്തുന്നതിനും, നയപരമായ നടപടികൾക്ക് രൂപം നൽകുന്നതിനും ഈ വിവരങ്ങൾ സഹായിക്കുന്നു.

 

വളരുന്ന ഉന്നത വിദ്യാഭ്യാസ ശൃംഖല

ഉന്നത വിദ്യാഭ്യാസ സർവേ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ ശൃംഖലയിൽ ഗണ്യമായ വിപുലീകരണമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

  • 2014–15-ൽ 760 ആയിരുന്ന സർവ്വകലാശാലകളുടെ എണ്ണം 2023–24-ൽ 1,289 ആയി വർദ്ധിച്ചു, ഇത് 69.6 ശതമാനം വളർച്ചയെ പ്രതിനിധീകരിക്കുന്നു.
  • കോളേജുകളുടെ എണ്ണം 38,498-ൽ നിന്ന് 48,246 ആയി ഉയർന്നു, ഇത് 25.3 ശതമാനം വർദ്ധനവാണ്.
  • സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 12,276-ൽ നിന്ന് 15,221 ആയി ഉയർന്നു. ഏകദേശം 24 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.


രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് പഠനാവസരങ്ങൾ ഒരുക്കുന്നതിനുള്ള സ്ഥാപനങ്ങളുടെ ശൃംഖല വിപുലീകരിച്ചതിനെയും അതിനുള്ള ശേഷി വർദ്ധിച്ചതിനെയുമാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്. ഇത് ഉന്നത വിദ്യാഭ്യാസത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിക്കുകയും കൂടുതൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്തു. ഒപ്പം, ഇന്ത്യയുടെ ഭാവിക്കായി കൂടുതൽ പ്രാപ്യവും വൈവിധ്യപൂർണ്ണവും ഉൾക്കൊള്ളുന്നതുമായ ഒരു വിജ്ഞാന ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ഇത് സംഭാവന നൽകി.

 

വിദ്യാർത്ഥി പ്രവേശനത്തിലെ വർദ്ധനവ്: തുല്യതയും ഉൾച്ചേർക്കലും ഉറപ്പാക്കൽ

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി പ്രവേശനത്തിൽ സ്ഥിരതയാർന്ന വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2014–15-ൽ 3.42 കോടിയായിരുന്ന വിദ്യാർത്ഥികളുടെ എണ്ണം 2023–24-ൽ 31.5 ശതമാനം വർദ്ധിച്ച് 4.50 കോടിയായി ഉയർന്നു.

  • ഉന്നത വിദ്യാഭ്യാസ മേഖലയിലെ മൊത്തം പ്രവേശന അനുപാതം (GER) 2014–15-ലെ 23.7 ശതമാനത്തിൽ നിന്ന് 2022–23-ൽ 29.5 ശതമാനമായും, 2023–24-ൽ 30 ശതമാനമായും വർദ്ധിച്ചു. ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനവും പങ്കാളിത്തവും വർദ്ധിച്ചുവരുന്നതിനെയാണ് ഈ സ്ഥിരതയാർന്ന വളർച്ച സൂചിപ്പിക്കുന്നത്. 2035-ഓടെ ജി.ഇ.ആർ 50 ശതമാനമായി ഉയർത്തുകയെന്ന 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ലക്ഷ്യത്തിന് ഇത് കരുത്തുപകരുന്നു.




 

• 2014-15 മുതൽ 2023-24 വരെയുള്ള കാലയളവിൽ, വിവിധ കോഴ്സ് തലങ്ങളിലെ മൊത്തം പ്രവേശനത്തിലുണ്ടായ ശതമാന വർദ്ധനവ് ഇപ്രകാരമാണ്:

  • പി.എച്ച്.ഡി 1.17 ലക്ഷത്തിൽ നിന്ന് 3.43 ലക്ഷം (192.89 ശതമാനം); ബിരുദാനന്തര ബിരുദം 38.53 ലക്ഷത്തിൽ നിന്ന് 57.85 ലക്ഷം (50.15 ശതമാനം); ബിരുദം 2.71 കോടിയിൽ നിന്ന് 3.45 കോടി (27.27 ശതമാനം);
  • ഡിപ്ലോമ 25.08 ലക്ഷത്തിൽ നിന്ന് 33.15 ലക്ഷം (32.22 ശതമാനം); സർട്ടിഫിക്കറ്റ് 1.70 ലക്ഷത്തിൽ നിന്ന് 2.08 ലക്ഷം (22.55 ശതമാനം); ഇൻ്റഗ്രേറ്റഡ് 1.41 ലക്ഷത്തിൽ നിന്ന് 5.69 ലക്ഷം (301.36 ശതമാനം).

 

 

• ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ത്രീകളുടെ പ്രവേശനം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സ്ഥിരതയാർന്ന വളർച്ച കൈവരിച്ചു. 2014–15-ൽ 1.57 കോടിയായിരുന്ന സ്ത്രീകളുടെ പ്രവേശനം 42.2 ശതമാനം വർദ്ധിച്ച് 2023–24-ൽ 2.24 കോടിയായി ഉയർന്നു. ഈ ദശാബ്ദത്തിലെ മൊത്തം പ്രവേശന വളർച്ചാ നിരക്കിനേക്കാൾ കൂടുതലാണിത്. 2023–24-ൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടിയ വനിതാ വിദ്യാർത്ഥികളുടെ എണ്ണം:

  • പി.എച്ച്.ഡി: 1.71 ലക്ഷം; ബിരുദാനന്തര ബിരുദം: 32.53 ലക്ഷം; ബിരുദം: 1.71 കോടി;
  • പി.ജി ഡിപ്ലോമ: 91,332; ഡിപ്ലോമ: 13.27 ലക്ഷം; സർട്ടിഫിക്കറ്റ്: 1.10 ലക്ഷം, ഇൻ്റഗ്രേറ്റഡ്: 2.73 ലക്ഷം.


• ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ത്രീകളുടെ മൊത്തം പ്രവേശന അനുപാതം 2014–15-ലെ 22.9 ശതമാനത്തിൽ നിന്ന് 2023–24-ൽ 31.2 ശതമാനമായി ഉയർന്നു. തുടർച്ചയായ ഏഴാം വർഷവും ഇത് പുരുഷന്മാരുടെ പ്രവേശന അനുപാതത്തേക്കാൾ (28.9 ശതമാനം) കൂടുതലാണ്.

• ഉന്നത വിദ്യാഭ്യാസ രംഗത്ത് പഠനം പൂർത്തിയാക്കിയവരുടെ ആകെ എണ്ണം 2014–15-ലെ 88.28 ലക്ഷത്തിൽ നിന്ന് 2023–24-ൽ 1.09 കോടിയിലധികമായി വർദ്ധിച്ചു (24.06 ശതമാനം വർദ്ധനവ്). മികച്ച രീതിയിലുള്ള കോഴ്സ് പൂർത്തീകരണം, പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നത് തടയൽ, വർദ്ധിച്ചുവരുന്ന പ്രവേശനം, വിപുലീകരിച്ച സ്ഥാപന ശേഷി എന്നിവയെയാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്. ഗവണ്മെൻ്റ് പദ്ധതികളുടെ പിന്തുണയോടെയുള്ള ഈ മുന്നേറ്റം ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രാപ്യത, തുല്യത, ഗുണനിലവാരം, കാര്യക്ഷമത എന്നിവയിലെ പുരോഗതി എടുത്തുകാണിക്കുന്നു.

ഒരു അക്കാദമിക വർഷത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ആകെ വിദ്യാർത്ഥികളുടെ എണ്ണത്തെയാണ് ഉന്നതവിദ്യാഭ്യാസ ലബ്ധി എന്നത് സൂചിപ്പിക്കുന്നത്.

 

  • ഉന്നത വിദ്യാഭ്യാസ മേഖലയിലെ ലിംഗസമത്വ സൂചികയിൽ (GPI) ഗണ്യമായ പുരോഗതിയുണ്ടായി; ഇത് 2014–15-ലെ 0.92-ൽ നിന്ന് 2023–24-ൽ 1.08 ആയി ഉയർന്നു. ഇതേ കാലയളവിൽ പട്ടികജാതി (SC) വിഭാഗത്തിലെ ജി.പി.ഐ 0.91-ൽ നിന്ന് 1.11 ആയും, പട്ടികവർഗ്ഗ (ST) വിഭാഗത്തിലെ ജി.പി.ഐ 0.81-ൽ നിന്ന് 1.08 ആയും വർദ്ധിച്ചു.


• ജി.പി.ഐ-യിലെ ഈ വർദ്ധനവ് സ്ത്രീകൾക്ക് കൂടുതൽ അനുകൂലമായ തുല്യത കൈവരുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് തുല്യതയും ഉൾച്ചേർക്കലും സന്തുലിതമായ പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിൽ ഗവണ്മെൻ്റ്  സംരംഭങ്ങൾ ചെലുത്തിയ സ്വാധീനത്തെയാണ് ഈ പുരോഗതി വ്യക്തമാക്കുന്നത്.

 

ലിംഗസമത്വ സൂചിക (GPI)

വിദ്യാഭ്യാസ സമ്പ്രദായത്തിൽ സ്ത്രീകളുടെ തുല്യ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്ന സൂചികയാണ് ലിംഗസമത്വ സൂചിക (GPI). പുരുഷന്മാരുടെ മൊത്തം പ്രവേശന അനുപാതവുമായി സ്ത്രീകളുടെ മൊത്തം പ്രവേശന അനുപാതത്തെ താരതമ്യം ചെയ്താണ് ഇത് കണക്കാക്കുന്നത്.

  • ജി.പി.ഐ 1 എന്നത് സ്ത്രീ-പുരുഷ തുല്യതയെ സൂചിപ്പിക്കുന്നു.
  • ജി.പി.ഐ 0-നും 1-നും ഇടയിലാണെങ്കിൽ, അത് പുരുഷന്മാർക്ക് കൂടുതൽ അനുകൂലമായ അസമത്വം നിലനിൽക്കുന്നുവെന്ന് കാണിക്കുന്നു.
  • ജി.പി.ഐ 1-ൽ കൂടുതലാണെങ്കിൽ, അത് സ്ത്രീകൾക്ക് കൂടുതൽ അനുകൂലമായ പങ്കാളിത്തം നിലനിൽക്കുന്നുവെന്ന് സൂചിപ്പിക്കുന്നു.

 

  • മൊത്തം പ്രവേശനത്തിൽ പട്ടികജാതി (SC) വിദ്യാർത്ഥികളുടെ വിഹിതം 2014–15-ലെ 13.44 ശതമാനത്തിൽ നിന്ന് 2023–24-ൽ 15.5 ശതമാനമായി ഉയർന്നു. ഇതേ കാലയളവിൽ പട്ടികവർഗ്ഗ (ST) വിദ്യാർത്ഥികളുടെ വിഹിതം 4.8 ശതമാനത്തിൽ നിന്ന് 6.4 ശതമാനമായി വർദ്ധിച്ചു. ഇതര പിന്നാക്ക വിഭാഗങ്ങളുടെ (OBC) പങ്കാളിത്തം 32.8 ശതമാനത്തിൽ നിന്ന് 40.1 ശതമാനമായി ഉയർന്നു. എല്ലാ സാമൂഹിക വിഭാഗങ്ങളിലും വെച്ച് പ്രവേശന വിഹിതത്തിൽ ഏറ്റവും വലിയ വർദ്ധനവ് രേഖപ്പെടുത്തിയത് ഒ.ബി.സി വിഭാഗത്തിലാണ്.
  • പട്ടികജാതി (SC) വിദ്യാർത്ഥികളുടെ മൊത്തം പ്രവേശന അനുപാതം 2014–15-ലെ 18.9 ശതമാനത്തിൽ നിന്ന് 2023–24-ൽ 27.8 ശതമാനമായി ഉയർന്നു. പട്ടികവർഗ്ഗ (ST) വിദ്യാർത്ഥികളുടേത് 13.5 ശതമാനത്തിൽ നിന്ന് 22.8 ശതമാനമായും വർദ്ധിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം ഉന്നത വിദ്യാഭ്യാസ രംഗത്തെ വളർന്നുവരുന്ന ഉൾച്ചേർക്കലിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
  • ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ (PwBD) പ്രവേശനം 2014–15-ലെ 64,298-ൽ നിന്ന് 2022–23-ൽ 88,816 ആയി ഉയർന്നു (38.1 ശതമാനം വളർച്ച). ഈ കാലയളവിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രവേശനത്തിൽ യഥാക്രമം 54.4 ശതമാനവും 19.0 ശതമാനവും വളർച്ച രേഖപ്പെടുത്തി.
  • 2023–24-ൽ 54,080 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. ഇതിൽ 34,080 പുരുഷന്മാരും 20,000 സ്ത്രീകളും ഉൾപ്പെടുന്നു. ഭിന്നശേഷി വിഭാഗത്തിൽ പുരുഷ പ്രവേശനം ഉയർന്ന തോതിൽ തുടരുന്നത് ഉന്നത വിദ്യാഭ്യാസ പ്രാപ്യതയിൽ ഇപ്പോഴും നിലനിൽക്കുന്ന ലിംഗപരമായ അസമത്വത്തെ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസ പ്രാപ്യതയിലുണ്ടായ പുരോഗതി ഇരു ലിംഗക്കാർക്കിടയിലും തുല്യമായി പ്രതിഫലിച്ചിട്ടില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.



സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിദ്യാർത്ഥി പ്രവേശനം

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സയൻസ്, ടെക്നോളജി, എൻജിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) വിഭാഗങ്ങളിലെ വിദ്യാർത്ഥി പ്രവേശനത്തിൽ സ്ഥിരതയാർന്ന വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ മേഖലയിലെ മൊത്തം പ്രവേശനം 2014–15-ലെ 91.5 ലക്ഷത്തിൽ നിന്ന് 2023–24 ആയപ്പോഴേക്കും 1.02 കോടിയായി ഉയർന്നു. ഈ കാലയളവിൽ ഏകദേശം 11.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്.

വിപുലീകരിച്ച സ്ഥാപന ശേഷിയേയും STEM വിഷയങ്ങളോട് വിദ്യാർത്ഥികൾക്കുള്ള സുസ്ഥിരമായ താൽപ്പര്യത്തെയുമാണ് ഈ വളർച്ച പ്രതിഫലിപ്പിക്കുന്നത്. ഗവണ്മെൻ്റ് പദ്ധതികൾ, ഡിജിറ്റൽ സാങ്കേതികവിദ്യകൾ, നൂതനാശയങ്ങൾ, ഗവേഷണം, തൊഴിലവസരങ്ങൾ എന്നിവയാണ് ഈ മുന്നേറ്റത്തിന് കരുത്തേകുന്നത്. ഒപ്പം ഇത് ഇന്ത്യയുടെ വിജ്ഞാന സമ്പദ്‌ വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

 


ഉന്നത വിദ്യാഭ്യാസത്തിലെ വിദേശ വിദ്യാർത്ഥി പ്രവേശനം

  • ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം 2014–15-ലെ 42,293-ൽ നിന്ന് 2023–24-ൽ 58,134 ആയി ഉയർന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ രേഖപ്പെടുത്തിയ ഏകദേശം 37.5 ശതമാനം വർദ്ധനവ്, അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ ഉന്നത പഠന കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്വീകാര്യത വർദ്ധിച്ചുവരുന്നതിനെയാണ് പ്രതിഫലിപ്പിക്കുന്നത്.
  • ഉന്നത വിദ്യാഭ്യാസ രംഗത്ത് വർദ്ധിച്ചുവരുന്ന അന്താരാഷ്ട്രവൽക്കരണം, മെച്ചപ്പെട്ട അക്കാദമിക സഹകരണങ്ങൾ, ഇന്ത്യൻ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ആഗോള അംഗീകാരം എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്.




 

ഉന്നത വിദ്യാഭ്യാസ രംഗത്തെ അധ്യാപകരുടെ എണ്ണത്തിലെ വർദ്ധനവ്

ഉന്നത വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ എണ്ണം 2014–15-ലെ 14.73 ലക്ഷത്തിൽ നിന്ന് 2023–24 ആയപ്പോഴേക്കും 17.32 ലക്ഷമായി ഉയർന്നു. ഈ കാലയളവിൽ അധ്യാപകരുടെ എണ്ണത്തിൽ 2.59 ലക്ഷത്തിൻ്റെ വർദ്ധനവാണ് ഉണ്ടായത്. ഏകദേശം 17.6 ശതമാനം വളർച്ചയാണ് ഇത് സൂചിപ്പിക്കുന്നത്.




 

  • 2014–15 മുതൽ 2023–24 വരെയുള്ള കാലയളവിൽ വനിതാ അധ്യാപകരുടെ എണ്ണത്തിൽ 36.7 ശതമാനം വളർച്ച രേഖപ്പെടുത്തി. ഈ മേഖലയിൽ സ്ത്രീകൾക്ക് തൊഴിലവസരങ്ങളിൽ തുല്യത വർദ്ധിച്ചുവരുന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
  • 2022–23 ലും 2023–24 ലും ആകെ അധ്യാപകരിൽ പുരുഷ അധ്യാപകരുടെ വിഹിതം വനിതാ അധ്യാപകരേക്കാൾ കൂടുതലായി തുടർന്നു.
  • 2022-23-ൽ, വനിതാ അധ്യാപകരുടെ വിഹിതം 44.3 ശതമാനമായിരുന്നു. 2023–24-ൽ ഇത് നേരിയ തോതിൽ ഉയർന്ന് 44.9 ശതമാനമായി.


അടിസ്ഥാന സൗകര്യങ്ങൾ

2014–15 മുതൽ 2023–24 വരെയുള്ള കാലയളവിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭൗതിക-അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി മെച്ചപ്പെട്ടു. ഭൗതിക, ഡിജിറ്റൽ, പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളും സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക സൗകര്യങ്ങളും സ്ഥാപനങ്ങളിൽ വികസിപ്പിച്ചു. 2023–24-ലെ കണക്കുകൾ പ്രകാരം:

  • 94 ശതമാനം സർവ്വകലാശാലകളിലും, 95 ശതമാനം കോളേജുകളിലും, 91 ശതമാനം സ്വതന്ത്ര സ്ഥാപനങ്ങളിലും കളിസ്ഥല സൗകര്യമുണ്ട്.
  • സർവ്വകലാശാലകൾ, കോളേജുകൾ, സ്വതന്ത്ര സ്ഥാപനങ്ങൾ എന്നിവയിൽ 98 ശതമാനത്തിലും ലൈബ്രറി സൗകര്യം ലഭ്യമാണ്.
  • 89 ശതമാനം സർവ്വകലാശാലകളിലും, 85 ശതമാനം കോളേജുകളിലും, 94 ശതമാനം സ്വതന്ത്ര സ്ഥാപനങ്ങളിലും ലബോറട്ടറി സൗകര്യങ്ങളുണ്ട്.


കൂടാതെ, ഭൂരിഭാഗം സർവ്വകലാശാലകളിലും കോളേജുകളിലും സ്വതന്ത്ര സ്ഥാപനങ്ങളിലും ആരോഗ്യ കേന്ദ്രങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ സെൻ്ററുകൾ, ഓഡിറ്റോറിയങ്ങൾ, കോൺഫറൻസ് ഹാളുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഭാവി സജ്ജമായ ഉന്നത വിദ്യാഭ്യാസ ആവാസവ്യവസ്ഥയിലേക്ക്

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സ്ഥാപനങ്ങളുടെ എണ്ണം, വിദ്യാർത്ഥി പ്രവേശനം, അധ്യാപകരുടെ എണ്ണം, പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരുടെ എണ്ണം എന്നിവയിലെല്ലാം ശ്രദ്ധേയമായ വളർച്ച കൈവരിച്ചുകൊണ്ട് ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖല ഗണ്യമായി വിപുലീകരിക്കപ്പെട്ടു. മൊത്തം പ്രവേശന അനുപാതം, സ്ത്രീകളുടെ പങ്കാളിത്തം, ലിംഗസമത്വം, പട്ടികജാതി-പട്ടികവർഗ്ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ ഉൾച്ചേർക്കൽ എന്നിവയിലെ പുരോഗതി വിദ്യാഭ്യാസ പ്രാപ്യതയും തുല്യതയും വർദ്ധിച്ചതിനെയാണ് വ്യക്തമാക്കുന്നത്. STEM കോഴ്‌സുകളിലും വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലുമുണ്ടായ വർദ്ധനവ് ഇന്ത്യയുടെ വിജ്ഞാന ആവാസവ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഈ നേട്ടങ്ങളെല്ലാം ഗുണനിലവാരവും ഉൾച്ചേർക്കലും മികവും പ്രോത്സാഹിപ്പിക്കുന്നതിൽ 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ നിർണ്ണായക സ്വാധീനത്തെ അടിവരയിടുന്നു.


അവലംബം

 

Ministry of Education

https://www.pib.gov.in/PressReleasePage.aspx?PRID=2282525&reg=48&lang=1

https://cdnbbsr.s3waas.gov.in/s392049debbe566ca5782a3045cf300a3c/uploads/2025/06/202506041473712372.pdf

https://cdnbbsr.s3waas.gov.in/s392049debbe566ca5782a3045cf300a3c/uploads/2026/07/20260708401535366.pdf

https://cdnbbsr.s3waas.gov.in/s392049debbe566ca5782a3045cf300a3c/uploads/2026/07/202607131602421770.pdf

 

Click to see pdf

*****

(तथ्य सामग्री आईडी: 150987) आगंतुक पटल : 8


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Urdu , Urdu , Kannada , Telugu