Culture & Tourism
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
प्रविष्टि तिथि:
20 SEP 2026 12:49 AM
ഇന്ത്യൻ സിനിമയുടെ മാന്ത്രികതയ്ക്ക് രാജ്യത്തിന്റെ ആദരം
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ — ഒറ്റനോട്ടത്തിൽ

ചലച്ചിത്ര രംഗത്തെ മികവിനായി നൽകുന്ന രാജ്യത്തെ ഏറ്റവും അഭിമാനകരമായ പുരസ്കാരങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ. 1954-ൽ ആരംഭിച്ച ഈ പുരസ്കാരങ്ങൾ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഓരോ വർഷവും സമ്മാനിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമാ നിർമ്മാണത്തിലെ സർഗ്ഗാത്മകവും സാങ്കേതികവുമായ നേട്ടങ്ങളെ ഈ പുരസ്കാരങ്ങൾ അംഗീകരിക്കുന്നു. ഫീച്ചർ സിനിമകൾ, നോൺ-ഫീച്ചർ സിനിമകൾ, സിനിമയെക്കുറിച്ചുള്ള രചനകൾ എന്നീ മൂന്ന് മേഖലകളെ ഇവ ഉൾക്കൊള്ളുന്നു.
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 2024-ലെ ഇന്ത്യൻ സിനിമയിലെ നേട്ടങ്ങളെയാണ് ആദരിക്കുന്നത്. മൂന്ന് ജൂറി അധ്യക്ഷന്മാർ ചേർന്ന് 2026 ജൂലൈ 18-നാണ് വിജയികളെ പ്രഖ്യാപിച്ചത്. 2026 സെപ്റ്റംബർ 22-ന് ഗുജറാത്തിലെ ഏകതാ നഗറിൽ (കെവാഡിയ) വെച്ച് നടക്കാനിരിക്കുന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി പുരസ്കാരങ്ങൾ വിതരണം ചെയ്യും.
രാജ്യത്തുടനീളമുള്ള സിനിമാ നിർമ്മാണത്തിന്റെ സമ്പന്നമായ ഭാഷാപരവും സാംസ്കാരികവും പ്രാദേശികവുമായ വൈവിധ്യത്തെ ഈ പുരസ്കാരങ്ങൾ പ്രതിഫലിപ്പിക്കുന്നു. വമ്പൻ വാണിജ്യ സിനിമകളെയും ചെറിയ സ്വതന്ത്ര സിനിമകളെയും ഇവ ഒരൊറ്റ ദേശീയ വേദിയിൽ അണിനിരത്തുന്നു. ഈ വിപുലമായ കാഴ്ചപ്പാടാണ് ചലച്ചിത്രപ്രവർത്തകർക്കും പ്രേക്ഷകർക്കും ഇടയിൽ ഈ പുരസ്കാരത്തിന് ഇത്രയും ഉയർന്ന സ്ഥാനം നൽകുന്നത്.

|
നിങ്ങൾക്കറിയാമോ?
ഒരു പ്രധാന നയമുന്നേറ്റത്തിന്റെ ഭാഗമായി പുരസ്കാരദാന ചടങ്ങ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്തുവാൻ മന്ത്രാലയം തീരുമാനിച്ചു. വരുംവർഷങ്ങളിലെ ചടങ്ങുകൾ രാജ്യതലസ്ഥാനത്തിനപ്പുറം മറ്റ് വിവിധ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഏകതാ നഗറിൽ വെച്ച് നടക്കുന്ന ചടങ്ങ് ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിന്നുമുള്ള സിനിമാ പ്രതിഭകളെ ഒന്നിപ്പിക്കും. ഇത് ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്നതായിരിക്കും.
|
പാരമ്പര്യവും പരിണാമവും — 1954 മുതൽ
1913-ൽ ദാദാസാഹേബ് ഫാൽക്കെയുടെ 'രാജാ ഹരിശ്ചന്ദ്ര' എന്ന ചിത്രത്തോടെയാണ് ഇന്ത്യൻ സിനിമയുടെ യാത്ര ആരംഭിച്ചത്. 1949-ൽ രൂപീകരിച്ച ഫിലിം എൻക്വയറി കമ്മിറ്റി സിനിമകൾക്കായി സംസ്ഥാന പുരസ്കാരങ്ങൾ ഏർപ്പെടുത്താൻ ശുപാർശ ചെയ്തു. ഇന്ത്യൻ സിനിമയിലെ കലാപരവും സാങ്കേതികവുമായ മികവിനെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഇവ രൂപീകരിച്ചത്. 1954-ൽ സ്ഥാപിതമായ ഈ പുരസ്കാരങ്ങളുടെ ആദ്യ പതിപ്പിൽ 1953-ലെ ചിത്രങ്ങളെയാണ് ആദരിച്ചത്.
|
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ആദ്യ പതിപ്പ്
ആദ്യ പതിപ്പിൽ ഫീച്ചർ സിനിമകൾ, ഡോക്യുമെന്ററി സിനിമകൾ, ബാലചിത്രങ്ങൾ എന്നീ മൂന്ന് വിഭാഗങ്ങളാണ് ഉൾപ്പെട്ടിരുന്നത്. മറാത്തി ചിത്രമായ 'ശ്യാംചി ആയ്' മികച്ച ഇന്ത്യൻ ഫീച്ചർ സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടി. 'മഹാബലിപുരം' മികച്ച ഡോക്യുമെന്ററി ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. 'ദോ ബിഘാ സമീൻ' മെറിറ്റ് സർട്ടിഫിക്കറ്റും നേടി. അങ്ങനെ ഏഴ് പുരസ്കാരങ്ങളുടെ ലളിതമായ തുടക്കം ഇന്ത്യൻ സിനിമയ്ക്ക് ഏഴ് പതിറ്റാണ്ടുകളുടെ ദേശീയ അംഗീകാരത്തിനാണ് വഴിതുറന്നത്.
|
കാഴ്ചപ്പാട് വിശാലമാക്കുന്നു
1967-ലെ സിനിമകളിലെ കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കുമായി പ്രത്യേക പുരസ്കാരങ്ങൾ ഏർപ്പെടുത്തി. 1968-ൽ ഉത്തം കുമാറും നർഗീസും ആദ്യത്തെ മികച്ച നടനും മികച്ച നടിയ്ക്കുമുള്ള പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. മികച്ച നടനുള്ള പുരസ്കാരം അന്ന് 'ഭരത്' എന്നും മികച്ച നടിക്കുള്ള പുരസ്കാരം 'ഉർവശി' എന്നും അറിയപ്പെട്ടു. 1969-ൽ ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം നിലവിൽ വരികയും ആദ്യം ദേവികാ റാണിക്ക് സമ്മാനിക്കുകയും ചെയ്തു. ഇന്ത്യൻ സിനിമയുടെ വ്യാപ്തി വളർന്നതോടെ പുതിയ വിഭാഗങ്ങളും സാങ്കേതിക മേഖലകളും ക്രമേണ കൂട്ടിച്ചേർക്കപ്പെട്ടു.
|
വർഷം
|
നാഴികക്കല്ല്
|
|
1913
|
ദാദാസാഹേബ് ഫാൽക്കെ ഇന്ത്യൻ സിനിമാ നിർമ്മാണ രംഗത്ത് ഒരു നാഴികക്കല്ലായ 'രാജാ ഹരിശ്ചന്ദ്ര' പൂർത്തിയാക്കുന്നു.
|
|
1954
|
'സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ' എന്ന പേരിൽ ഈ പുരസ്കാരങ്ങൾ സ്ഥാപിക്കപ്പെടുന്നു. ആദ്യത്തെ പുരസ്കാരങ്ങൾ 1953-ലെ സിനിമകൾക്കാണ് നൽകിയത്.
|
|
1967-68
|
കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കുമുള്ള പുരസ്കാരങ്ങൾ ആരംഭിക്കുന്നു. ഉത്തം കുമാറും നർഗീസും അഭിനയത്തിനുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കുന്നു.
|
|
1969
|
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നിലവിൽ വരുന്നു. ദേവികാ റാണിയാണ് ആദ്യത്തെ പുരസ്കാര വിജയി.
|
|
1973
|
ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് പുരസ്കാരങ്ങളുടെ നടത്തിപ്പു ചുമതല ഏറ്റെടുക്കുന്നു.
|
|
2022
|
ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവൽസ് ഇന്നത്തെ നിർവഹണ ഏജൻസിയായ NFDC-യിൽ ലയിപ്പിക്കുന്നു.
|
|
2026
|
ജൂലൈ മാസത്തിൽ 72-ാമത് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. പുരസ്കാര വിതരണ ചടങ്ങ് ഗുജറാത്തിലെ ഏകതാ നഗറിൽ വെച്ച് നടത്തുവാൻ നിശ്ചയിച്ചു.
|
ലക്ഷ്യവും പ്രാധാന്യവും
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ ലക്ഷ്യങ്ങൾ ഔദ്യോഗിക നിയമാവലിയിൽ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. സൗന്ദര്യാത്മകവും സാങ്കേതികവുമായ മികവും സാമൂഹിക പ്രസക്തിയുമുള്ള ചിത്രങ്ങളുടെ നിർമ്മാണത്തെ ഇവ പ്രോത്സാഹിപ്പിക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സംസ്കാരങ്ങൾ മനസ്സിലാക്കാനും ആസ്വദിക്കാനും ഇവ പ്രേക്ഷകരെ സഹായിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഈ പുരസ്കാരങ്ങൾ രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ചലച്ചിത്രത്തെ ഒരു കലാരൂപമെന്ന നിലയിൽ പഠിക്കുന്നതിനെയും ആസ്വദിക്കുന്നതിനെയും പുരസ്കാരങ്ങൾ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നു. പുസ്തകങ്ങളും ലേഖനങ്ങളും നിരൂപണങ്ങളും ഈ കലാരൂപത്തിന്റെ വിമർശനാത്മകമായ ആസ്വാദനം കൂടുതൽ വായനക്കാരിലേക്ക് എത്തിക്കുന്നു.
എന്തുകൊണ്ട് ഈ അംഗീകാരം പ്രസക്തമാകുന്നു
ഒരു ചിത്രം രാജ്യം നിശ്ചയിച്ചിട്ടുള്ള ഏറ്റവും ഉയർന്ന നിലവാരം പുലർത്തുന്നുണ്ടെന്ന് ഒരു ദേശീയ പുരസ്കാരം ഉറപ്പുനൽകുന്നു. അല്ലാത്തപക്ഷം വളരെ ചെറിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് മാത്രം ഒതുങ്ങിപ്പോകുമായിരുന്ന സിനിമകളിലേക്ക് ഇത് ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നു. ഈ ബഹുമതി ചലച്ചിത്ര പ്രവർത്തകർക്കൊപ്പം എന്നും നിലനിൽക്കുകയും അവരുടെ അടുത്ത പ്രോജക്റ്റുകൾക്കായി വാതിലുകൾ തുറന്നുനൽകുകയും ചെയ്യുന്നു.
പുരസ്കാര ഘടന
ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ മൂന്ന് വിഭാഗങ്ങളായും അതോടൊപ്പം ആയുഷ്കാല സംഭാവനയ്ക്കുള്ള ഒരു പരമോന്നത പുരസ്കാരമായുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഫീച്ചർ ഫിലിം വിഭാഗം പൂർണ്ണദൈർഘ്യ സിനിമകൾക്കുള്ളതാണ്. നോൺ-ഫീച്ചർ സിനിമാ വിഭാഗം ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, ആനിമേഷൻ, മറ്റു അനുബന്ധ രൂപങ്ങൾ എന്നിവയ്ക്കുള്ളതാണ്. സിനിമയെക്കുറിച്ചുള്ള മികച്ച രചനാ വിഭാഗം മികച്ച പുസ്തകത്തെയും മികച്ച ചലച്ചിത്ര നിരൂപകനെയും ആദരിക്കുന്നു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഹുമതിയായി നിലകൊള്ളുന്നു.
|
വിഭാഗം
|
ഉപ-വിഭാഗങ്ങൾ
|
മെഡൽ
|
സമ്മാനത്തുക
|
|
ഫീച്ചർ സിനിമകൾ
|
26 (പ്രത്യേക പരാമർശങ്ങൾ ഉൾപ്പെടെ)
|
സ്വർണ്ണ കമൽ, രജത കമൽ
|
3,00,000 രൂപയും 2,00,000 രൂപയും
|
|
നോൺ-ഫീച്ചർ സിനിമകൾ
|
16 (പ്രത്യേക പരാമർശങ്ങൾ ഉൾപ്പെടെ)
|
സ്വർണ്ണ കമൽ, രജത കമൽ
|
3,00,000 രൂപയും 2,00,000 രൂപയും
|
|
സിനിമയെക്കുറിച്ചുള്ള മികച്ച രചനകൾ
|
2
|
സ്വർണ്ണ കമൽ
|
1,00,000 രൂപ
|
|
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
|
1
|
സ്വർണ്ണ കമൽ, പൊന്നാട
|
10,00,000 രൂപ
|
ഫീച്ചർ സിനിമാ വിഭാഗത്തിൽ മികച്ച ഫീച്ചർ സിനിമ, മികച്ച സംവിധാനം, പ്രധാന വേഷത്തിലെ മികച്ച നടൻ തുടങ്ങിയവ ഉൾപ്പെടുന്നു. കൂടാതെ മികച്ച ബാലചിത്രം, മികച്ച ഛായാഗ്രഹണം, മികച്ച സംഗീത സംവിധാനം, മികച്ച വസ്ത്രാലങ്കാരം എന്നിവയും ഇതിൽ ഉൾപ്പെടുന്നു. നോൺ-ഫീച്ചർ വിഭാഗത്തിൽ മികച്ച ഡോക്യുമെന്ററി, മികച്ച ഹ്രസ്വചിത്രം, മികച്ച ആനിമേഷൻ ചിത്രം എന്നിവ ഉൾപ്പെടുന്നു. മികച്ച കല/സാംസ്കാരിക ചിത്രം, മികച്ച വിവരണം അല്ലെങ്കിൽ വോയ്‌സ് ഓവർ, മികച്ച തിരക്കഥ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു.
|
എല്ലാ ഭാഷകൾക്കും ഇവിടെ ഇടമുണ്ട്
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓരോ ഭാഷയിലെയും മികച്ച ഫീച്ചർ സിനിമയ്ക്ക് പുരസ്കാരം നൽകുന്നു. ഷെഡ്യൂളിന് പുറത്തുള്ള ഭാഷകളിലെ ചിത്രങ്ങളെ അവരുടേതായ പ്രത്യേക പുരസ്കാരങ്ങളിലൂടെയാണ് ആദരിക്കുന്നത്. 72-ാമത് പതിപ്പിൽ ഗഡ്‍വാളി ഭാഷയിലെ 'ധോലി' (Dholi), തുളു ഭാഷയിലെ 'ഇംബു' (IMBU) എന്നീ ചിത്രങ്ങൾ ഈ വ്യവസ്ഥയ്ക്ക് കീഴിൽ അംഗീകരിക്കപ്പെട്ടു.
|

പുരസ്കാരങ്ങൾ എങ്ങനെ തിരഞ്ഞെടുക്കുന്നു
തൊട്ടുമുമ്പത്തെ കലണ്ടർ വർഷത്തിൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രങ്ങൾക്കായി ഓരോ വർഷവും എൻട്രികൾ ക്ഷണിക്കുന്നു. തുടർന്ന് മൂന്ന് പുരസ്കാരം വിഭാഗങ്ങൾക്കുമായി മന്ത്രാലയം പ്രത്യേക ജൂറികൾക്ക് രൂപം നൽകുന്നു. ചലച്ചിത്ര രംഗം, അനുബന്ധ കലാമേഖലകൾ, മാനവിക വിഷയങ്ങൾ എന്നിവയിൽ നിന്നുമുള്ള വിശിഷ്ട വ്യക്തികളെയാണ് ജൂറി അംഗങ്ങളായി സേവനമനുഷ്ഠിക്കാൻ തിരഞ്ഞെടുക്കുന്നത്.
ഫീച്ചർ സിനിമകൾക്കായി രണ്ടു ഘട്ടങ്ങളുള്ള പരിശോധന
57-ാമത് പതിപ്പ് മുതൽ ഫീച്ചർ സിനിമകൾ രണ്ടു ഘട്ടങ്ങളുള്ള പ്രക്രിയയിലൂടെയാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന എൻട്രികൾ ആദ്യം അഞ്ച് റീജിയണൽ പാനലുകൾ ചുരുക്കപ്പട്ടികയിലാക്കുന്നു. തുടർന്ന് ഒരു സെൻട്രൽ പാനലാണ് പുരസ്കാരങ്ങളിലെ ഫീച്ചർ സിനിമ വിഭാഗത്തിലെ വിജയികളെ തീരുമാനിക്കുന്നത്. നോൺ-ഫീച്ചർ സിനിമാ വിഭാഗത്തിനും സിനിമയെക്കുറിച്ചുള്ള മികച്ച രചനയ്ക്കുള്ള വിഭാഗത്തിനും അതിന്റേതായ സ്വന്തം ജൂറികളുണ്ട്. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിനായി എൻട്രികൾ ക്ഷണിക്കാറില്ല, അത് മറ്റൊരു രീതിയാണ് പിന്തുടരുന്നത്. പ്രമുഖ ചലച്ചിത്ര വ്യക്തിത്വങ്ങൾ അടങ്ങുന്ന പ്രത്യേകം രൂപീകരിച്ച കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ ശുപാർശ ചെയ്യുന്നത്.
ശ്രീ ജയരാജ് 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷത വഹിച്ചു. അതേ പതിപ്പിലെ നോൺ-ഫീച്ചർ ഫിലിം ജൂറിയുടെ അധ്യക്ഷത വഹിച്ചത് ശ്രീ അസീം സിൻഹയാണ്. ശ്രീ എ.ചന്ദ്രശേഖറാണ് സിനിമയെക്കുറിച്ചുള്ള മികച്ച രചനയ്ക്കുള്ള ജൂറിയുടെ അധ്യക്ഷത വഹിച്ചത്.
|
യോഗ്യത ചുരുക്കത്തിൽ
പുരസ്കാരം വർഷത്തിൽ CBFC സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങളായിരിക്കണം. കൂടാതെ ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കുകയും വേണം. ഒരു ഫീച്ചർ ഫിലിമിന് 72 മിനിറ്റിൽ കൂടുതൽ ദൈർഘ്യം ഉണ്ടായിരിക്കണം. മുമ്പ് സമർപ്പിച്ചിട്ടുള്ള ഡബ്ബ് ചെയ്തതോ റീമേക്ക് ചെയ്തതോ റീ-എഡിറ്റ് ചെയ്തതോ ആയ പതിപ്പുകൾ യോഗ്യമല്ല.
|
ഇന്ത്യൻ സിനിമയിലുടനീളമുള്ള അംഗീകാരം
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നിർമ്മിക്കുന്ന സിനിമകളെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പരിഗണിക്കുന്നു. 72-ാമത് പതിപ്പിൽ മറാത്തി, സാന്താളി, തമിഴ്, മലയാളം, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ ചിത്രങ്ങൾ ആദരിക്കപ്പെട്ടു. മറ്റ് നിരവധി ഭാഷകൾക്കൊപ്പം തുളു, ഗഡ്‍വാളി എന്നീ ഭാഷകളിലെ ചിത്രങ്ങളും അംഗീകരിക്കപ്പെട്ടു. ആദ്യമായി നോൺ-ഫീച്ചർ സിനിമാ വിഭാഗത്തിൽ ഒരു സാന്താളി ചിത്രം ആദരിക്കപ്പെട്ടു.
ശ്രീ രവി രാജ് മുർമു സംവിധാനം ചെയ്ത 'ആംഗെൻ' മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഇത്തരത്തിലുള്ള ആദ്യത്തെ അംഗീകാരം ഇന്ത്യൻ സിനിമയുടെ ഭൂപടം കുറച്ചുകൂടി വിശാലമാക്കുന്നു.
ഏറ്റവും പുതിയ പതിപ്പ് — പ്രധാന സവിശേഷതകൾ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ 2024-ൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ഇന്ത്യൻ സിനിമകളെയാണ് ഉൾക്കൊള്ളുന്നത്. ഈ പതിപ്പിൽ 'ആർട്ടിക്കിൾ 370' മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്കാരം നേടി. അതേ ചിത്രത്തിന് യാമി ഗൗതം പ്രധാന വേഷത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടി. മമ്മൂട്ടിയും കാർത്തിക് ആര്യനും പ്രധാന വേഷത്തിലെ മികച്ച നടനുള്ള പുരസ്കാരം പങ്കുവെച്ചു. യഥാക്രമം 'ഭ്രമയുഗം', 'ചന്തു ചാമ്പ്യൻ' എന്നീ ചിത്രങ്ങൾക്കാണ് അവർക്ക് പുരസ്കാരം ലഭിച്ചത്.
തമിഴ് ചിത്രമായ 'അമരൻ' എന്ന സിനിമയിലൂടെ ശ്രീ രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 'കൽക്കി 2898 എ.ഡി' സ്വീകാര്യതയും വിനോദമൂല്യവുമുള്ള മികച്ച ജനപ്രിയ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 'സ്വാതന്ത്ര്യ വീർ സവർക്കർ' എന്ന ചിത്രത്തിലൂടെ ശ്രീ രൺദീപ് ഹൂഡ ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രത്തിനുള്ള പുരസ്കാരം നേടി. 'ഭംഗാർ' മികച്ച നോൺ-ഫീച്ചർ സിനിമയായും 'രാം-നാമി' മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ പുരസ്കാര ജേതാക്കൾ — 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രധാന പുരസ്കാരങ്ങൾ താഴെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു. ഭാഷാ പുരസ്കാരങ്ങൾ, സാങ്കേതിക വിഭാഗങ്ങൾ, പ്രത്യേക പരാമർശങ്ങൾ എന്നിവ പൂർണ്ണമായ പട്ടികയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്.
|
പുരസ്കാരം
|
സിനിമ (ഭാഷ)
|
പുരസ്കാര വിജയി
|
|
മികച്ച ഫീച്ചർ സിനിമ
|
ആർട്ടിക്കിൾ 370 (ഹിന്ദി)
|
നിർമ്മാതാക്കൾ: ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ്; സംവിധായകൻ: ആദിത്യ സുഹാസ് ജംഭാലെ
|
|
മികച്ച സംവിധാനം
|
അമരൻ (തമിഴ്)
|
രാജ്കുമാർ പെരിയസാമി
|
|
പ്രധാന വേഷത്തിലെ മികച്ച നടൻ
|
ഭ്രമയുഗം (മലയാളം); ചന്തു ചാമ്പ്യൻ (ഹിന്ദി)
|
മമ്മൂട്ടി, കാർത്തിക് ആര്യൻ
|
|
പ്രധാന വേഷത്തിലെ മികച്ച നടി
|
ആർട്ടിക്കിൾ 370 (ഹിന്ദി)
|
യാമി ഗൗതം
|
|
മികച്ച സഹനടൻ
|
ഭക്ഷക് (ഹിന്ദി)
|
സഞ്ജയ് മിശ്ര
|
|
മികച്ച സഹനടി
|
മഹാരാജ (തമിഴ്); മിഥ്യ (കന്നഡ)
|
സചന നാമിദാസ്, രൂപശ്രീ വർക്കാടി
|
|
ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രം
|
സ്വാതന്ത്ര്യ വീർ സവർക്കർ (ഹിന്ദി)
|
രൺദീപ് ഹൂഡ
|
|
സ്വീകാര്യതയും വിനോദമൂല്യവുമുള്ള മികച്ച ജനപ്രിയ ചിത്രം
|
കൽക്കി 2898 എ.ഡി (തെലുങ്ക്)
|
നിർമ്മാതാവ്: വൈജയന്തി മൂവീസ്; സംവിധായകൻ: നാഗ് അശ്വിൻ സിംഗിറെഡ്ഡി
|
|
ദേശീയ, സാമൂഹിക, പാരിസ്ഥിതിക മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്ന മികച്ച ഫീച്ചർ ഫിലിം
|
ക്യാപ്റ്റൻ മില്ലർ (തമിഴ്)
|
നിർമ്മാതാവ്: സത്യ ജ്യോതി ഫിലിംസ്; സംവിധായകൻ: അരുൺ മാതേശ്വരൻ
|
|
മികച്ച ബാലചിത്രം
|
35 - ചിന്ന കഥ കാടു (തെലുഗു)
|
നിർമ്മാതാക്കൾ: എസ് ഒറിജിനൽസ്, വാൾട്ടെയർ പ്രൊഡക്ഷൻസ്; സംവിധായകൻ: നന്ദ കിഷോർ ഇമാനി
|
|
മികച്ച സംഗീത സംവിധാനം
|
ആർട്ടിക്കിൾ 370 (ഹിന്ദി); അമരൻ (തമിഴ്)
|
ശാശ്വത് സച്ദേവ് (ഗാനങ്ങൾ); ജി.വി.പ്രകാശ് കുമാർ (പശ്ചാത്തല സംഗീതം)
|
|
മികച്ച നോൺ-ഫീച്ചർ ഫിലിം
|
ഭംഗാർ (മറാത്തി, ഇംഗ്ലീഷ്)
|
നിർമ്മാതാവും സംവിധായകയും: സുമിറ റോയ്
|
|
ഒരു സംവിധായകന്റെ മികച്ച നവാഗത ചിത്രം (നോൺ-ഫീച്ചർ)
|
ആംഗെൻ (സാന്താളി)
|
സംവിധായകൻ: രവി രാജ് മുർമു
|
|
മികച്ച ഡോക്യുമെന്ററി
|
രാം-നാമി (ഹിന്ദി)
|
നിർമ്മാതാവ്: ബിബിപി സ്റ്റുഡിയോ വെർച്വൽ ഭാരത് പ്രൈവറ്റ് ലിമിറ്റഡ്; സംവിധായകൻ: ഭാരത്ബാല ഗണപതി
|
|
മികച്ച സംവിധാനം (നോൺ-ഫീച്ചർ)
|
സ്റ്റാച്യൂ ഓഫ് യൂണിറ്റി - ഏകതാ കാ പ്രതീക് (ഹിന്ദി)
|
ആനന്ദ് എൽ. റായ്
|
|
സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം
|
നാനിരിവുഡെ നിമഗാകി നാടിരിവുഡെ നനഗാകി (കന്നഡ)
|
രചയിതാവ്: കെഞ്ചനൂരു പ്രദീപ് കുമാർ ഷെട്ടി; പ്രസാധകർ: മിറർ പുസ്തക
|
|
മികച്ച ചലച്ചിത്ര നിരൂപകൻ
|
ഹിന്ദി
|
സഞ്ജീവ് ശ്രീവാസ്തവ
|
പുരസ്കാര ജേതാക്കളുടെയും ജൂറി അംഗങ്ങളുടെയും സമ്പൂർണ്ണ ലിസ്റ്റ്
ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. 1969-ൽ ഏർപ്പെടുത്തിയ ഈ പുരസ്കാരം ആദ്യമായി സമ്മാനിച്ചത് ദേവികാ റാണിയ്ക്കാണ്. 1913-ൽ 'രാജാ ഹരിശ്ചന്ദ്ര' സംവിധാനം ചെയ്ത ദാദാസാഹേബ് ഫാൽക്കെയുടെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം നൽകുന്നത്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ മികച്ച സംഭാവനകൾക്കാണ് ജേതാക്കളെ ആദരിക്കുന്നത്.
|
നിങ്ങൾക്കറിയാമോ?

ദാദാസാഹേബ് ഫാൽക്കെ എന്നറിയപ്പെടുന്ന ധുണ്ടിരാജ് ഗോവിന്ദ് ഫാൽക്കെ (1870-1944) ഇന്ത്യയിലെ ആദ്യത്തെ പൂർണ്ണദൈർഘ്യ ഫീച്ചർ ചിത്രമായ 'രാജാ ഹരിശ്ചന്ദ്ര' 1913-ൽ സംവിധാനം ചെയ്യുകയും തുടർന്ന് 94 ഫീച്ചർ ചിത്രങ്ങളും 27 ഹ്രസ്വചിത്രങ്ങളും നിർമ്മിക്കുകയും ചെയ്തു. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് ആദരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ സ്മരണയ്ക്കായി 1969-ൽ ഇന്ത്യ ഗവൺമെന്റ് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തി.
|
2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം
2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ശ്രീ അനന്ത് നാഗിന് നൽകി ആദരിക്കും. 2026 സെപ്റ്റംബർ 16-നാണ് ഇന്ത്യാ ഗവൺമെന്റ് ഈ തീരുമാനം പ്രഖ്യാപിച്ചത്. 1948 സെപ്റ്റംബർ 4-ന് കർണാടകയിൽ ജനിച്ച അദ്ദേഹം എഴുപതുകളുടെ തുടക്കത്തിലാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. കന്നഡ ഫീച്ചർ ചിത്രമായ 'സങ്കൽപി'ലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 'അങ്കുർ' ആണ് അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രം.
ആറ് ഇന്ത്യൻ ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഏറെ ജനപ്രീതി നേടിയ 'മാൽഗുഡി ഡേയ്സ്' എന്ന ടെലിവിഷൻ പരമ്പരയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങളും അഞ്ചു കർണാടക സംസ്ഥാന മികച്ച നടനുള്ള പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. 2025-ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. അഞ്ചുപതിറ്റാണ്ടിലേറെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ സിനിമായാത്ര തലമുറകളായുള്ള കലാകാരന്മാർക്ക് പ്രചോദനമാണ്.
|
സമീപകാല ജേതാക്കൾ
2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ശ്രീ മോഹൻലാൽ ഏറ്റുവാങ്ങി. 2022-ലെ പുരസ്കാരം ശ്രീ മിഥുൻ ചക്രവർത്തിക്ക് ലഭിച്ചു. 2021-ലെ പുരസ്കാരം ശ്രീമതി വഹീദാ റഹ്മാന് ലഭിച്ചു. ഓരോ പുരസ്കാരവും അതാത് പതിപ്പിലെ ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ വെച്ചാണ് സമ്മാനിക്കുന്നത്.
|
ഇന്ത്യൻ സിനിമ: സംസ്കാരം, സ്വത്വം, സ്വാധീനം
ഇന്ത്യയുടെ ഏറ്റവും ആവിഷ്കാരശേഷിയുള്ള കലാരൂപങ്ങളിലൊന്നായും ഏറ്റവും ശക്തമായ സാംസ്കാരിക സമ്പത്തുകളിലൊന്നായും സിനിമ നിലകൊള്ളുന്നു. സർഗ്ഗാത്മകതയ്ക്കും സംസ്കാരത്തിനും നവീനാശയത്തിനുമുള്ള ഒരു ശക്തമായ മാധ്യമമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇതിനെ വിശേഷിപ്പിക്കുന്നു. കലാപരമായ ആവിഷ്കാരത്തിനുപരിയായി ഇത് ഒരു വലിയ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ നിലനിർത്തുന്നു: 20 മുതൽ 25 ലക്ഷം വരെ ഡിജിറ്റൽ ക്രിയേറ്റർമാരുടെ പിന്തുണയോടും ആനിമേഷൻ, VFX സേവനങ്ങളിലെ 40 മുതൽ 60 ശതമാനം വരെയുള്ള കുറഞ്ഞ ചെലവുകളോടെയും ഇന്ത്യയുടെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് മേഖല ഇന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ മേഖലയാണ്. ഭാഷകൾക്കും പ്രദേശങ്ങൾക്കും അപ്പുറത്തേക്ക് ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുമ്പോൾ തന്നെ ഇന്ത്യൻ സിനിമകൾ സാംസ്കാരിക പൈതൃകത്തെ ശക്തിപ്പെടുത്തിക്കൊണ്ട്, രാജ്യത്തിന്റെ മൃദുശക്തി ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ സിനിമയ്ക്കുള്ള തുടർച്ചയായ സംഭാവന
ഇന്ത്യൻ സിനിമ ഇന്ന് എക്കാലത്തേക്കാളും കൂടുതൽ ഭാഷകളിലും രൂപങ്ങളിലുമായി പ്രേക്ഷകരിലേക്ക് എത്തുന്നു. രാജ്യത്തിന്റെ സിനിമാറ്റിക് മികവിന്റെ പ്രധാന അളവുകോലായി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നിലകൊള്ളുന്നു. കേവലം വാണിജ്യപരമായ വലിപ്പത്തെക്കാൾ ഉപരിയായി അവ കഴിവ്, ധൈര്യം, കാഴ്ചപ്പാടിലെ വ്യക്തത എന്നിവയ്ക്കാണ് പുരസ്കാരം നൽകുന്നത്.
പുരസ്കാരദാന ചടങ്ങ് ഏകതാ നഗറിലേക്ക് മാറ്റുന്നത് തലസ്ഥാനത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്ക് പുരസ്കാരങ്ങളെ കുറച്ചുകൂടി അടുപ്പിക്കുന്നു. വരുംവർഷങ്ങളിലെ പുരസ്കാരദാന ചടങ്ങുകൾ രാജ്യത്തുടനീളമുള്ള വിവിധ സംസ്ഥാനങ്ങളിലേക്കും നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വലിയ സ്റ്റുഡിയോകളിൽ നിന്ന് വിദൂരതയിൽ വളരുന്ന ചലച്ചിത്ര സംസ്കാരങ്ങൾക്ക് ഇനി ഒരു ദേശീയ വേദി ലഭ്യമാകും.
72-ാമത് പതിപ്പ് ഒന്നിലധികം രീതികളിൽ ഈ വാഗ്ദാനം ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ട്. ഒരു സാന്താളി ചിത്രം ചരിത്രത്തിലാദ്യമായി പുരസ്കാര പട്ടികയിൽ ഇടംപിടിക്കുന്നു. കന്നഡ സിനിമയിലെ ഒരു മുതിർന്ന നടൻ ഈ മേഖലയിലെ ഏറ്റവും ഉയർന്ന ബഹുമതി ഏറ്റുവാങ്ങുന്നു. അങ്ങനെ ഈ പുരസ്കാരങ്ങൾ കലയെയും രാഷ്ട്രത്തെയും ഒരുപോലെ സേവിക്കുന്നത് തുടരുന്നു.
അവലംബം
Ministry of Information & Broadcasting (MIB)
Ministry of Commerce and Industry (Department of Commerce)
Click here to see PDF
***
SK
(तथ्य सामग्री आईडी: 151031)
आगंतुक पटल : 11
Provide suggestions / comments