• Sitemap
  • Advance Search
Technology

IMEI കൃത്രിമത്വം

प्रविष्टि तिथि: 23 SEP 2026 10:07 AM

ഡിജിറ്റൽ പരമാധികാരത്തിന് ഭീഷണി

 

ഇന്ത്യയുടെ വളരുന്ന ഡിജിറ്റൽ ആവാസവ്യവസ്ഥയും സുരക്ഷിത ഉപകരണങ്ങളുടെ ആവശ്യകതയും

ഇന്ത്യയുടെ ദ്രുതഗതിയിലുള്ള ഡിജിറ്റൽ പരിവർത്തനം ടെലികമ്മ്യൂണിക്കേഷനെ ദൈനംദിന ജീവിതത്തിന്റെയും വാണിജ്യത്തിന്റെയും ഭരണനിർവഹണത്തിന്റെയും അവിഭാജ്യ ഘടകമാക്കി മാറ്റി. രാജ്യത്തെ സജീവ വയർലെസ് മൊബൈൽ വരിക്കാരുടെ എണ്ണം 2026 ജൂലൈയിൽ 1,204.01 ദശലക്ഷത്തിലെത്തി.
ഇത്രയധികം വരിക്കാർ ഇന്ത്യയുടെ ബന്ധിപ്പിക്കപ്പെട്ട ഡിജിറ്റൽ ആവാസവ്യവസ്ഥയുടെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നു. മൊബൈൽ നെറ്റ്‌വർക്കുകളും ഉപകരണങ്ങളും ഡിജിറ്റൽ പേയ്‌മെന്റുകളെയും ഓൺലൈൻ സേവനങ്ങളെയും പൗരകേന്ദ്രീകൃത ഭരണനിർവഹണത്തെയും കൂടുതൽ പിന്തുണയ്ക്കുന്നു. ഈ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് വർധിച്ചുവരുമ്പോൾ
ടെലികോം നെറ്റ്‌വർക്കുകളുടെയും ഉപകരണങ്ങളുടെയും സുരക്ഷയും സമഗ്രതയും ഉറപ്പാക്കുന്നത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

വളർന്നുവരുന്ന ഈ ഡിജിറ്റൽ ആവാസവ്യവസ്ഥ പുതിയ സുരക്ഷാ വെല്ലുവിളികളും ഉയർത്തുന്നു. ഇന്റർനാഷണൽ മൊബൈൽ ഇക്വിപ്‌മെന്റ് ഐഡന്റിറ്റി (IMEI) നമ്പർ ദുരുപയോഗം ചെയ്യുന്നത് അത്തരമൊരു ആശങ്കയാണ്. IMEI നമ്പറുകളിൽ കൃത്രിമം കാണിക്കുന്നതോ ദുരുപയോഗം ചെയ്യുന്നതോ ആയ നടപടികൾ വ്യാജ ഐഡന്റിറ്റികളുള്ള ഉപകരണങ്ങളുടെ പ്രവർത്തനം എളുപ്പമാക്കുകയും ടെലികോം നെറ്റ്‌വർക്കുകളിൽ ഉപകരണങ്ങളെ തിരിച്ചറിയുന്നത് സങ്കീർണ്ണമാക്കുകയും ചെയ്യുന്നു. ഇത്തരം പ്രവണതകൾ നിയമപാലനം, ഉപഭോക്തൃ സംരക്ഷണം, നെറ്റ്‌വർക്ക് സുരക്ഷ എന്നിവയ്ക്ക് വെല്ലുവിളികൾ സൃഷ്ടിക്കും. അതിനാൽ സുരക്ഷിതവും വിശ്വസനീയവും പ്രതിരോധശേഷിയുള്ളതുമായ ഒരു ടെലികമ്മ്യൂണിക്കേഷൻ ആവാസവ്യവസ്ഥ നിലനിർത്തുന്നതിന് ഉപകരണ തിരിച്ചറിയൽ നമ്പറുകളുടെ കൃത്യതയും സമഗ്രതയും ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.

എന്താണ് നിയമവിരുദ്ധമായ IMEI കൃത്രിമത്വം?

ഒരു വ്യക്തി താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുന്നത് നിയമവിരുദ്ധമാണ്:

  • മൊബൈൽ ഡിവൈസ് ഇക്വിപ്‌മെന്റ് ഐഡന്റിഫിക്കേഷൻ (IMEI) നമ്പർ മനഃപൂർവ്വം നീക്കം ചെയ്യുകയോ മായ്ച്ചുകളയുകയോ മാറ്റുകയോ തിരുത്തുകയോ ചെയ്യുക.
  • മുകളിൽ പറഞ്ഞ രീതിയിൽ കോൺഫിഗർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ അത്തരം ഹാർഡ്‌വെയറോ സോഫ്റ്റ്‌വെയറോ ഉപയോഗിക്കുകയോ നിർമ്മിക്കുകയോ കടത്തുകയോ തന്റെ നിയന്ത്രണത്തിലോ കസ്റ്റഡിയിലോ സൂക്ഷിക്കുകയോ കൈവശം വെക്കുകയോ ചെയ്യുക.

IMEI മനസ്സിലാക്കാം

  • എന്താണ് ഒരു IMEI? ടെലികോം നെറ്റ്‌വർക്കിൽ ഒരു മൊബൈൽ ഉപകരണത്തെ തിരിച്ചറിയുന്ന 15 അക്കങ്ങളുള്ള ഒരു സവിശേഷ നമ്പറാണ് IMEI.
  • TAC എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? ഒരു IMEI-യുടെ ആദ്യത്തെ എട്ട് അക്കങ്ങൾ 'ടൈപ്പ് അലോക്കേഷൻ കോഡ്' (TAC) രൂപീകരിക്കുന്നു, ഇത് ഉപകരണത്തിന്റെ മോഡലോ തരമോ തിരിച്ചറിയുന്നു.
  • ആരാണ് IMEI നമ്പറുകൾ അനുവദിക്കുന്നത്? ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻസ് അസോസിയേഷൻ (GSMA) ആണ് TAC-യുടെ ഗ്ലോബൽ അലോക്കേഷൻ മേൽനോട്ടം വഹിക്കുന്നത്.
  • IMEI-കൾ എങ്ങനെയാണ് അനുവദിക്കുന്നത്? GSMA നിർമ്മാതാക്കൾക്കും ബ്രാൻഡ് ഉടമകൾക്കും TAC-കൾ അനുവദിക്കുന്നു. നിർമ്മാതാക്കൾ ഓരോ ഉപകരണങ്ങൾക്കും തനിമയാർന്ന IMEI നമ്പറുകൾ നൽകുന്നു.
  • ഡ്യുവൽ സിം ഫോണിന് എത്ര IMEI നമ്പറുകൾ ഉണ്ടാകും? ഒരു ഡ്യുവൽ സിം ഫോണിന് സാധാരണയായി രണ്ട് IMEI നമ്പറുകൾ ഉണ്ടാകും. ഓരോ സിം സ്ലോട്ടിനും ഒന്നുവീതം.
  • ഉപഭോക്താക്കൾക്ക് അവരുടെ IMEI എങ്ങനെ കണ്ടെത്താം? ഉപഭോക്താക്കൾക്ക് തങ്ങളുടെ മൊബൈൽ ഫോണിന്റെ IMEI നമ്പർ കാണുന്നതിന് *#06# എന്ന് ഡയൽ ചെയ്യാവുന്നതാണ്.
  • ഉപഭോക്താക്കൾക്ക് ഒരു IMEI എങ്ങനെ പരിശോധിച്ച് ഉറപ്പുവരുത്താം? ഉപകരണത്തിന്റെ വിവരങ്ങൾ പരിശോധിക്കുന്നതിനായി ഉപഭോക്താക്കൾക്ക് സഞ്ചാർ സാഥി പോർട്ടലോ മൊബൈൽ ആപ്പോ സന്ദർശിക്കാം, അല്ലെങ്കിൽ KYM <15-അക്ക IMEI നമ്പർ> എന്ന് 14422 എന്ന നമ്പറിലേക്ക് SMS അയക്കാവുന്നതാണ്.

സുരക്ഷ ലക്ഷ്യമിട്ടുള്ള എല്ലാവരുടെയും ഉത്തരവാദിത്തം

ഒരു സുരക്ഷിതമായ ടെലികോം ആവാസവ്യവസ്ഥയ്ക്ക് നിർമ്മാണം മുതൽ ദൈനംദിന ഉപയോഗം വരെയുള്ള മുഴുവൻ ഉപകരണ ജീവിതചക്രത്തിലും ഉത്തരവാദിത്തം ആവശ്യമാണ്. IMEI ദുരുപയോഗം തടയുന്നതിൽ നിർമ്മാതാക്കൾ, ഇറക്കുമതിക്കാർ, വിൽപ്പനക്കാർ, പൗരന്മാർ എന്നിവർക്കെല്ലാം പങ്കുണ്ട്.

  • ഇന്ത്യയിൽ നിർമ്മിക്കുന്ന ബാധകമായ എല്ലാ ടെലികോം ഉപകരണങ്ങളുടെയും IMEI നമ്പറുകൾ ആദ്യ വിൽപ്പനയ്‌ക്കോ പരിശോധനയ്‌ക്കോ ഗവേഷണത്തിനോ മറ്റ് ഉപയോഗങ്ങൾക്കോ മുമ്പായി നിർമ്മാതാക്കൾ ഗവൺമെന്റിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഡിവൈസ് സേതു-ഇന്ത്യൻ കൗണ്ടർഫീറ്റഡ് ഡിവൈസ് റെസ്ട്രിക്ഷൻ (ICDR) പോർട്ടൽ വഴിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. ഉപകരണങ്ങൾക്ക് സാധുതയുള്ളതും സവിശേഷമായതും കൃത്രിമം കാണിക്കാത്തതുമായ IMEI നമ്പറുകൾ നൽകിയിട്ടുണ്ടെന്ന് നിർമ്മാതാക്കൾ ഉറപ്പാക്കുകയും വേണം.
  • ഇന്ത്യയിലേക്ക് ബാധകമായ ടെലികോം ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് മുമ്പ് ഇറക്കുമതിക്കാർ കേന്ദ്ര ഗവൺമെന്റിൽ IMEI നമ്പറുകൾ രജിസ്റ്റർ ചെയ്യണം. വിൽപ്പനയ്ക്കോ പരിശോധനയ്ക്കോ ആർ ആൻഡ് ഡി (R&D) യ്ക്കോ മറ്റ് ആവശ്യങ്ങൾക്കോ ഉദ്ദേശിച്ചുള്ള ഉപകരണങ്ങൾക്ക് ഡിവൈസ് സേതു-ICDR പോർട്ടൽ വഴി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്. ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളിൽ സാധുതയുള്ളതും അംഗീകൃതവുമായ IMEI നമ്പറുകൾ ഉണ്ടെന്ന് ഇറക്കുമതിക്കാർ ഉറപ്പാക്കണം.
  • വിൽപ്പനയ്ക്കായി നൽകുന്ന ടെലികോം ഉപകരണങ്ങൾക്ക് സാധുതയുള്ളതും കൃത്രിമം കാണിക്കാത്തതുമായ IMEI നമ്പറുകൾ ഉണ്ടെന്ന് റീസെല്ലർമാരും റീട്ടെയിലർമാരും ഉറപ്പാക്കണം. ഉപയോഗിച്ച ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ ഇടപാടുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് ഓരോ IMEI പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ചുകൊണ്ട്, കൃത്രിമം കാണിച്ചതും ബ്ലാക്ക് ലിസ്റ്റ് ചെയ്തതുമായ ഉപകരണങ്ങളുടെ ഗവൺമെന്റിന്റെ കേന്ദ്ര ഡാറ്റാബേസുമായി IMEI പരിശോധിച്ച് ഉറപ്പുവരുത്തണം. കൃത്രിമം കാണിച്ചതോ കോൺഫിഗർ ചെയ്യാവുന്നതോ ആയ IMEI-കളുള്ള ഉപകരണങ്ങൾ വിൽക്കുന്നതോ കൈകാര്യം ചെയ്യുന്നതോ കർശനമായ നിയമനടപടികൾ ക്ഷണിച്ചുവരുത്താം.
  • ബ്രാൻഡ് ഉടമകൾ തങ്ങളുടെ ബ്രാൻഡുകൾക്ക് കീഴിൽ വിൽക്കുന്ന ഉപകരണങ്ങൾ ബാധകമായ IMEI രജിസ്ട്രേഷനും സൈബർ സുരക്ഷാ ആവശ്യകതകൾക്കും വിധേയമാണെന്ന് ഉറപ്പാക്കണം. അവരുടെ ബ്രാൻഡുകൾ ഡിവൈസ് സേതു-ICDR പോർട്ടൽ വഴി പ്രസക്തമായ GSMA ടൈപ്പ് അലോക്കേഷൻ കോഡുമായി (TAC) ബന്ധിപ്പിച്ച് കൃത്യമായി രജിസ്റ്റർ ചെയ്തിരിക്കണം. വിപണിയിൽ എത്തിക്കുന്ന ഉപകരണങ്ങളിൽ ആധികാരികവും അംഗീകൃതവുമായ IMEI-കൾ ഉണ്ടെന്ന് അവർ ഉറപ്പാക്കേണ്ടതാണ്.

പൗരന്മാർ ഒഴിവാക്കേണ്ട കാര്യങ്ങൾ

ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയറുകളിലും വിഭവങ്ങളിലും കൃത്രിമം കാണിക്കുന്നതോ ദുരുപയോഗം ചെയ്യുന്നതോ ആയ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ടെലികോം വകുപ്പ് (DoT) പൗരന്മാരോട് നിർദ്ദേശിക്കുന്നു:

  • കോൺഫിഗർ ചെയ്യാവുന്നതോ കൃത്രിമം കാണിച്ചതോ ആയ IMEI-കളുള്ള മോഡമുകൾ, മോഡ്യൂളുകൾ, സിം ബോക്സുകൾ അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കുകയോ ശേഖരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുക.
  • വ്യാജ രേഖകൾ, തട്ടിപ്പ്, വഞ്ചന അല്ലെങ്കിൽ ആൾമാറാട്ടം എന്നിവയിലൂടെ സിം കാർഡുകൾ നേടിയെടുക്കുക.
  • തങ്ങളുടെ പേരിൽ എടുത്ത സിം കാർഡുകൾ ദുരുപയോഗം ചെയ്തേക്കാവുന്ന മറ്റുള്ളവർക്ക് കൈമാറുകയോ വിൽക്കുകയോ നൽകുകയോ ചെയ്യുക.
  • കോളിംഗ് ലൈൻ ഐഡന്റിറ്റി (CLI) അല്ലെങ്കിൽ മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയറുകൾ പരിഷ്കരിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനുകൾ, വെബ്‌സൈറ്റുകൾ അല്ലെങ്കിൽ മറ്റേതെങ്കിലും മാർഗ്ഗങ്ങൾ ഉപയോഗിക്കുക.

സഞ്ചാർ സാഥി പ്ലാറ്റ്‌ഫോം

പൗരന്മാർക്ക് തങ്ങളുടെ മൊബൈൽ ഹാൻഡ്‌സെറ്റുകൾ പരിശോധിച്ച് സുരക്ഷിതമാക്കാൻ സഞ്ചാർ സാഥി പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്താം. ബ്രാൻഡ്, മോഡൽ, നിർമ്മാതാവ് എന്നിവയുൾപ്പെടെയുള്ള ഒരു ഉപകരണത്തിന്റെ IMEI വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോം ഉപഭോക്താക്കളെ പ്രാപ്തരാക്കുന്നു. ഇത് ഉപകരണത്തിന്റെ ആധികാരികതയും സുരക്ഷയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. സഞ്ചാർ സാഥി ആപ്പിനെക്കുറിച്ച് കൂടുതൽ വായിക്കുക.

പൗരന്മാർ ചെയ്യേണ്ട കാര്യങ്ങൾ

ഉപഭോക്താക്കൾ തങ്ങളുടെ ഉപകരണങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ IMEI നമ്പറുകൾ യഥാർത്ഥവും സുരക്ഷിതവുമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും മുൻകരുതലുകൾ എടുക്കണം.

  • അംഗീകൃത വിൽപ്പനക്കാരിൽ നിന്ന് മാത്രം മൊബൈൽ ഉപകരണങ്ങൾ വാങ്ങുകയും IMEI വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുക.
  • ഹാൻഡ്‌സെറ്റ് സുരക്ഷിതമാക്കാൻ ശക്തമായ പാസ്‌വേഡുകൾ, പിൻ (PIN) അല്ലെങ്കിൽ ബയോമെട്രിക് ഓതന്റിക്കേഷൻ ഉപയോഗിക്കുക.
  • IMEI കൃത്രിമത്വം അല്ലെങ്കിൽ മറ്റ് ദോഷകരമായ പ്രവർത്തനങ്ങൾ എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നതിന് അംഗീകൃത സർവീസ് സെന്ററുകളിൽ മാത്രം ഉപകരണങ്ങൾ നന്നാക്കുക.
  • ഉപകരണം നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഔദ്യോഗികമായി ബ്ലോക്ക് ചെയ്യുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കുക:
  1. പ്രാദേശിക പോലീസിൽ ഉടൻ തന്നെ പരാതി നൽകുകയും പരാതിയുടെ ഒരു പകർപ്പ് കൈപ്പറ്റുകയും ചെയ്യുക.
  2. നിങ്ങളുടെ ടെലികോം ഓപ്പറേറ്ററിൽ നിന്ന് നഷ്ടപ്പെട്ട മൊബൈൽ നമ്പറിനായി ഒരു ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് നേടുക (TRAI നിബന്ധനകൾ അനുസരിച്ച് വീണ്ടും നൽകിയ സിം ആക്റ്റിവേറ്റ് ചെയ്ത് ആദ്യത്തെ 24 മണിക്കൂർ നേരത്തേക്ക് SMS സേവനങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു. സഞ്ചാർ സാഥിക്ക് മൊബൈൽ OTP വെരിഫിക്കേഷൻ ആവശ്യമായതിനാൽ നിങ്ങളുടെ അപേക്ഷ സമർപ്പിക്കുന്നതിന് ആക്റ്റിവേഷന് ശേഷം 24 മണിക്കൂർ കാത്തിരിക്കേണ്ടതുണ്ട്).
  3. ഒരു സവിശേഷ റിക്വസ്റ്റ് ഐഡി ലഭിക്കുന്നതിനായി പോലീസ് റിപ്പോർട്ടും സാധുവായ തിരിച്ചറിയൽ രേഖയും അപ്‌ലോഡ് ചെയ്തുകൊണ്ട് സഞ്ചാർ സാഥി (CEIR) പോർട്ടലിലോ മൊബൈൽ ആപ്പിലോ ബ്ലോക്കിംഗ് അപേക്ഷ രജിസ്റ്റർ ചെയ്യുക.
  4. നിങ്ങളുടെ ഉപകരണം പിന്നീട് തിരികെ ലഭിക്കുകയാണെങ്കിൽ ആദ്യം പ്രാദേശിക പോലീസിനെ വിവരമറിയിക്കുക. തുടർന്ന് ഹാൻഡ്‌സെറ്റ് സുരക്ഷിതമായി അൺബ്ലോക്ക് ചെയ്യുന്നതിന് പോർട്ടലിൽ നിങ്ങളുടെ റിക്വസ്റ്റ് ഐഡി ഉപയോഗിക്കുക.

ഉപകരണങ്ങളുടെ സുരക്ഷ നിലനിർത്തുക എന്നത് ടെലികോം ആവാസവ്യവസ്ഥയിലുടനീളമുള്ള ഒരു പങ്കാളിത്ത ഉത്തരവാദിത്തമാണ്. ബോധവൽക്കരണം, നിയമാനുസരണം, ഉത്തരവാദിത്തമുള്ള ഉപയോഗം എന്നിവ തട്ടിപ്പുകൾ തടയാനും പൗരന്മാരെ സംരക്ഷിക്കാനും ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സുരക്ഷ ശക്തിപ്പെടുത്താനും കൂടുതൽ സഹായിക്കും.

IMEI കൃത്രിമത്വത്തിനെതിരെയുള്ള നിയമ സംരക്ഷണങ്ങൾ

ടെലികമ്മ്യൂണിക്കേഷൻ ആവാസവ്യവസ്ഥയുടെ സമഗ്രത സംരക്ഷിക്കുന്നതിനായി ഇന്ത്യ ശക്തമായ നിയമനിർമ്മാണ ചട്ടക്കൂട് ഉണ്ടാക്കിയിട്ടുണ്ട്.

  • 2023-ലെ ടെലികമ്മ്യൂണിക്കേഷൻസ് നിയമം മൊബൈൽ ഹാൻഡ്‌സെറ്റുകളുടെയും മറ്റ് ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങളുടെയും IMEI നമ്പർ ഉൾപ്പെടെയുള്ള ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയറുകളിൽ കൃത്രിമം കാണിക്കുന്നതിനെതിരെ കർശനമായ നടപടികൾ വ്യവസ്ഥ ചെയ്യുന്നു.
  • സെക്ഷൻ 42(3)(c) ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയറുകളിൽ കൃത്രിമം കാണിക്കുന്നത് നിരോധിക്കുന്നു. സെക്ഷൻ 42(3)(e) തട്ടിപ്പ്, വഞ്ചന അല്ലെങ്കിൽ ആൾമാറാട്ടം എന്നിവയിലൂടെ സബ്‌സ്‌ക്രൈബർ ഐഡന്റിറ്റി മോഡ്യൂളുകൾ (SIM) അല്ലെങ്കിൽ ടെലികമ്മ്യൂണിക്കേഷൻ ഐഡന്റിഫയറുകൾ നേടുന്നത് നിരോധിക്കുന്നു.
  • ലംഘനങ്ങൾക്ക് മൂന്ന് വർഷം വരെ തടവോ ₹50 ലക്ഷം വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കാം. ഈ നിയമത്തിലെ സെക്ഷൻ 42(7) പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾ പോലീസിന് നേരിട്ട് കേസെടുക്കാവുന്നതും ജാമ്യമില്ലാത്തതുമാണ്.
  • സെക്ഷൻ 42(6) പ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരണ നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും ഇതേ ശിക്ഷയ്ക്ക് അർഹതയുണ്ട്.

ഈ വ്യവസ്ഥകൾ IMEI കൃത്രിമത്വത്തിനും ടെലികോം വിഭവങ്ങളുടെ ദുരുപയോഗത്തിനുമെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുന്നു.

ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെ സംരക്ഷിക്കാം

ഇന്ത്യയുടെ ടെലികോം പ്രയാണം ശ്രദ്ധേയമായ പുരോഗതിയെയും പങ്കാളിത്ത ഉത്തരവാദിത്തത്തെയും ഒരുപോലെ പ്രതിഫലിപ്പിക്കുന്നു. ശക്തമായ നിയമങ്ങൾ, വെരിഫിക്കേഷൻ ടൂളുകൾ, പൗരന്മാരുടെ ബോധവൽക്കരണം എന്നിവ ഒരുമിച്ച് ഈ നെറ്റ്‌വർക്കിനെ സുരക്ഷിതവും വിശ്വസനീയവുമായി നിലനിർത്തുന്നു. ഗവൺമെന്റും വ്യവസായ മേഖലയും വ്യക്തിഗത ഉപഭോക്താക്കളും ഉൾപ്പെടെയുള്ള ഓരോ പങ്കാളിക്കും ഈ വിശ്വാസം നിലനിർത്തുന്നതിൽ പങ്കുണ്ട്. ജാഗ്രതയുള്ളതും വിവരമുള്ളതുമായ പൗരസമൂഹം ദുരുപയോഗത്തിനെതിരെയുള്ള ഏറ്റവും ശക്തമായ പ്രതിരോധമായി നിലകൊള്ളുന്നു. നിരന്തരമായ സഹകരണം വരും തലമുറകൾക്കായി ഇന്ത്യയുടെ ഡിജിറ്റൽ കണക്റ്റിവിറ്റിയെ സുരക്ഷിതമായി നിലനിർത്തും.

അവലംബം

 

Ministry of Communications

Telecom Regulatory Authority of India

 

Click to see pdf

***

SK

 

(तथ्य सामग्री आईडी: 151044) आगंतुक पटल : 24


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Telugu , Urdu , Assamese , Bengali , Kannada