Social Welfare

ഏഷ്യൻ ഗെയിംസ് 2026

प्रविष्टि तिथि: 06 OCT 2026 17:28 PM

ന്യൂഡൽഹിയിൽ നിന്ന് ഐച്ചി-നഗോയയിലേക്കുള്ള ഇന്ത്യയുടെ യാത്ര

 

ഏഷ്യൻ ഗെയിംസ് 2026 ഒറ്റനോട്ടത്തിൽ

നാലുവർഷത്തിലൊരിക്കൽ നടക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ കായിക മത്സരമാണ് ഏഷ്യാഡ് എന്നറിയപ്പെടുന്ന ഏഷ്യൻ ഗെയിംസ്. ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയാണ് (OCA) ഇത് സംഘടിപ്പിക്കുന്നത്. നിലവിൽ 45 രാജ്യങ്ങൾ/പ്രദേശങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്. 20-ാമത് ഏഷ്യൻ ഗെയിംസ് 2026 സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെ ജപ്പാനിലെ ഐച്ചി-നഗോയയിലാണ് നടന്നത്. "ഇമാജിൻ വൺ ഏഷ്യ" എന്നതായിരുന്നു ഔദ്യോഗിക മുദ്രാവാക്യം. ടോക്കിയോ (1958), ഹിരോഷിമ (1994) എന്നിവയ്ക്ക് ശേഷം ജപ്പാൻ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ പതിപ്പാണിത്.

16 ദിവസം നീണ്ടുനിൽക്കുന്ന ഈ ബൃഹദ് കായിക മാമാങ്കം തീപാറുന്ന ലോകോത്തര മത്സരങ്ങളിലായി വ്യാപിച്ചുകിടന്നു. കായിക മികവിന്റെ പ്രകടനമായി 43 കായിക ഇനങ്ങളും 71 വിഭാഗങ്ങളും ഇതിൽ ഉൾപ്പെട്ടിരുന്നു. ഗെയിംസിലുടനീളം 469 ആവേശകരമായ ഇനങ്ങളിലായി ആകെ 1,407 മെഡലുകൾ സമ്മാനിച്ചു.

ഏഷ്യൻ ഗെയിംസിനൊപ്പം ജപ്പാൻ 5-ാമത് ഏഷ്യൻ പാരാ ഗെയിംസിനും ആതിഥേയത്വം വഹിക്കുന്നു. 2026 ഒക്ടോബർ 18 മുതൽ ഒക്ടോബർ 24 വരെ ഐച്ചി-നഗോയയിലാണ് ഇത് നടക്കുന്നത്. ജപ്പാൻ ഇതാദ്യമായാണ് പാരാ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്.

ഏഷ്യൻ ഗെയിംസ് 2026-ന്റെ ഔദ്യോഗിക ചിഹ്നം മനസ്സിലാക്കാം

ഔദ്യോഗിക ചിഹ്നത്തിന്റെ നിറവും രൂപകൽപ്പനയും കായികരംഗത്തിന്റെ ഊർജ്ജസ്വലതയോടൊപ്പം പ്രാദേശികവും സാംസ്കാരികവുമായ പ്രാധാന്യത്തെയും സമന്വയിപ്പിക്കുന്നു. വളവുകൾ ജീവസ്സുറ്റ അന്തരീക്ഷത്തെ പ്രതിനിധീകരിക്കുമ്പോൾ പർപ്പിൾ, സ്വർണം, പച്ച എന്നീ കേന്ദ്രരേഖകൾ ആളുകൾ ഒന്നുചേർന്ന് ശോഭനമായ ചുവന്ന സൂര്യനിലേക്ക് - ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (OCA) ഔദ്യോഗിക ചിഹ്നത്തിലേക്ക് - മുന്നേറുന്ന ചിത്രം ഓർമ്മിപ്പിക്കുന്നു. പർപ്പിൾ നിറം ഐച്ചിയുടെ സംസ്ഥാന പുഷ്പമായ ഐറിസിനെയും സ്വർണ നിറം നഗോയ കൊട്ടാരത്തിന്റെ മേൽക്കൂരയിലുള്ള പ്രശസ്തമായ കിൻഷാച്ചി (Kinshachi - ഐക്കണിക് ഗോൾഡൻ ടൈഗർ-ഫിഷ്) അലങ്കാരങ്ങളെയും പച്ച നിറം EXPO 2005 ഐച്ചി, COP10, യുനെസ്കോ വേൾഡ് കോൺഫറൻസ് ഓൺ ESD തുടങ്ങിയ ചരിത്രപരമായ സംഭവങ്ങളിലൂടെ വളർത്തിയെടുത്ത ഐച്ചി-നഗോയയുടെ കരുത്തുറ്റ പാരിസ്ഥിതിക ബോധത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ചിഹ്നത്തിൽ ഏഷ്യ, ഐച്ചി, നഗോയ എന്നിവയുടെ ആദ്യ അക്ഷരങ്ങൾ അടങ്ങിയിരിക്കുന്നു: "A" എന്നത് പർപ്പിൾ വളവിലും കേന്ദ്രരേഖയിലും, "N" എന്നത് പർപ്പിൾ, സ്വർണ നിറങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

ഏഷ്യൻ ഗെയിംസ് 2026 ഔദ്യോഗിക മാസ്കോട്ട്

20-ാമത് ഏഷ്യൻ ഗെയിംസിന്റെ മാസ്കോട്ടായ "ഹോണോഹോൺ" (HONOHON) കായികതാരങ്ങളുടെ തീക്ഷ്ണമായ അഭിനിവേശത്തെ പ്രതിനിധീകരിക്കുന്നു. ജാപ്പനീസ് ഭാഷയിൽ ജ്വാല എന്നർത്ഥം വരുന്ന 'ഹോണോഹോ' (honoho) എന്ന വാക്കിൽ നിന്നാണ് ഈ പേര് സ്വീകരിച്ചിരിക്കുന്നത്. നഗോയ കൊട്ടാരത്തിന്റെ സവിശേഷ ചിഹ്നങ്ങളിലൊന്നും ഐച്ചി-നഗോയയുടെ കാവൽ ദൈവവുമായ 'ഷാച്ചിഹോക്കോ'യിൽ (Shachihoko) നിന്നാണ് ഇതിന്റെ രൂപകൽപ്പനയ്ക്ക് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

1951-ലെ പ്രഥമ ഏഷ്യൻ ഗെയിംസ്: ഇന്ത്യയുടെ സ്ഥാപക പങ്കാളിത്തം

ഏഷ്യൻ ഗെയിംസുമായുള്ള ഇന്ത്യയുടെ ബന്ധം അതിന്റെ തുടക്കം മുതൽക്കേയുള്ളതാണ് അതായത് 1951-ൽ ആദ്യ പതിപ്പ് ന്യൂഡൽഹിയിൽ നടന്നതുമുതൽ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് നടന്നത്. ഈ സമയത്ത് പല ഏഷ്യൻ പ്രദേശങ്ങളും കോളനിവാഴ്ചയിൽ നിന്ന് മുക്തമായിരുന്നു. യുദ്ധം തകർത്ത ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം പുനർനിർമ്മിക്കുന്നതിനും ഐക്യം പ്രദർശിപ്പിക്കുന്നതിനുമുള്ള ഒരു മാർഗ്ഗമായാണ് ഏഷ്യൻ കായിക മത്സരം എന്ന ആശയം ഇന്ത്യ മുന്നോട്ടുവെച്ചത്. ഇന്ത്യയിൽ നിന്നുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) അംഗമായ പ്രൊഫ.ജി.ഡി.സോന്ധിയാണ് ഏഷ്യൻ ഗെയിംസ് എന്ന ആശയം ആദ്യമായി വിഭാവനം ചെയ്തത്. ഏഷ്യൻ ഗെയിംസ് നടത്തുന്നതിനുള്ള നിർദ്ദേശം ആദ്യമായി ഉയർന്നുവന്നത് 1947-ൽ ന്യൂഡൽഹിയിൽ നടന്ന ഏഷ്യൻ രാജ്യങ്ങളുടെ സമ്മേളനത്തിലാണ്. തുടർന്ന് ഇതിനെ ഏഷ്യൻ ഗെയിംസ് എന്നുവിളിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യത്തെ ഏഷ്യൻ ഗെയിംസ് 1951 മാർച്ച് മാസത്തിൽ ന്യൂഡൽഹിയിലാണ് നടന്നത്. നാഷണൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാജേന്ദ്ര പ്രസാദാണ് ഗെയിംസ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചത്. ആദ്യ പതിപ്പിൽ ആറ് കായിക ഇനങ്ങളിലായി മത്സരിക്കാൻ 11 രാജ്യങ്ങളിൽ നിന്നായി 489 കായികതാരങ്ങളാണ് എത്തിയത്. ആ വർഷത്തെ മെഡൽ പട്ടികയിൽ ജപ്പാന് പിന്നിൽ രണ്ടാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അന്നുമുതൽ വൈവിധ്യങ്ങളെ അംഗീകരിച്ചുകൊണ്ട് കായികരംഗത്തിലൂടെ സൗഹൃദം വളർത്തുന്നതിനും ലോകസമാധാനത്തിന് സംഭാവന നൽകുന്നതിനുമുള്ള ഒരു വലിയ കായിക മാമാങ്കമായി ഈ ഗെയിംസ് മാറി.

ഐച്ചി-നഗോയ 2026-ലെ ഇന്ത്യൻ സംഘം

36 കായിക ഇനങ്ങളിലായി 501 കായികതാരങ്ങൾ അടങ്ങുന്ന സംഘവുമായി ഏഷ്യൻ ഗെയിംസ് 2026-ൽ ഇന്ത്യ രാജ്യത്തിന്റെ എക്കാലത്തെയും വലിയ കായിക പ്രതിനിധി സംഘങ്ങളിലൊന്നിനെയാണ് അണിനിരത്തിയത്. ഈ സംഘത്തിലെ 300-ലധികം കായികതാരങ്ങൾ തങ്ങളുടെ ആദ്യ ഏഷ്യൻ ഗെയിംസിലാണ് മത്സരിച്ചത്.

സംഘത്തിന്റെ യാത്രയ്ക്ക് മുന്നോടിയായി 2026 സെപ്റ്റംബർ 8-ന് ന്യൂഡൽഹിയിൽ ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചു. കേന്ദ്രമന്ത്രി ഡോ.മാണ്ഡവ്യ, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) പ്രസിഡന്റ് ഡോ.പി.ടി.ഉഷ, ഷെഫ് ഡി മിഷൻ സഹദേവ് യാദവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംഘത്തിന്റെ ഔദ്യോഗിക ജേഴ്സിയും ചടങ്ങിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്.

 

2026 ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഡോ.മാണ്ഡവ്യയും (മധ്യത്തിൽ) ഐ.ഒ.എ പ്രസിഡന്റ് ഡോ.പി.ടി.ഉഷയും (വലത്ത്) സ്പോർട്സ് സെക്രട്ടറി ഹരി രഞ്ചൻ റാവുവും (ഇടത്ത്) ചേർന്ന് ഔദ്യോഗിക ജേഴ്സി പ്രകാശനം ചെയ്യുന്നു

ചിത്രത്തിന്റെ ഉറവിടം: കേന്ദ്ര കായിക യുവജന മന്ത്രാലയം

 

2026 സെപ്റ്റംബർ 19-ന് നടന്ന ഉദ്ഘാടന ചടങ്ങിൽ രണ്ടുതവണ ഒളിമ്പിക് മെഡൽ നേടിയ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തും ചേർന്ന് ഇന്ത്യയുടെ പരേഡിന് നേതൃത്വം നൽകി.

ഐച്ചി-നഗോയ 2026-ലെ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടം

2026-ലെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മുന്നേറ്റം 21 സ്വർണമെഡലുകളുടെ തിളക്കമാർന്ന നേട്ടത്താൽ ശ്രദ്ധേയമായിരുന്നു. കൃത്യത ആവശ്യമായ മത്സരങ്ങളിലെയും ടീം ഇനങ്ങളിലെയും ശക്തമായ പ്രകടനങ്ങളായിരുന്നു ഇതിന് അടിത്തറയിട്ടത്. അഞ്ച് വിജയങ്ങളുമായി അമ്പെയ്ത്ത് വിഭാഗമാണ് സ്വർണ വേട്ടയിൽ മുന്നിലെത്തിയത്. ഷൂട്ടിംഗും ബോക്സിംഗും 3 സ്വർണ മെഡലുകൾ വീതം നേടി ഇതിന് പിന്തുണ നൽകി. ടീം ഇനങ്ങളിൽ ക്രിക്കറ്റ്, ഹോക്കി, കബഡി എന്നിവയിലുടനീളം ഇന്ത്യ മികച്ച സ്വർണക്കൊയ്ത്ത് നടത്തുകയും ഓരോ ഇനത്തിലും 2 സ്വർണമെഡലുകൾ വീതം സ്വന്തമാക്കുകയും ചെയ്തു. ഫൈനലിൽ പാകിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച പുരുഷ ക്രിക്കറ്റ് ടീമിന്റെ പ്രകടനം, ഫൈനലിൽ മലേഷ്യയ്‌ക്കെതിരെ 5-1 എന്ന മികച്ച വിജയത്തോടെ വൻകരയിലെ തങ്ങളുടെ കിരീടം നിലനിർത്തിയ പുരുഷ ഹോക്കി ടീമിന്റെ പ്രകടനം, കൂടാതെ പുരുഷന്മാരുടെയും സ്ത്രീകളുടെയും കബഡി മത്സരങ്ങളിലെ ഇരട്ട സ്വർണ വിജയങ്ങൾ എന്നിവയും ഇതിലെ മികച്ച പ്രകടനങ്ങളിൽ ഉൾപ്പെടുന്നു. ഗുസ്തി (2), അത്‌ലറ്റിക്‌സ് (1), ഗോൾഫ് (1) എന്നിവയിൽ ലഭിച്ച കൂടുതൽ സ്വർണ മെഡലുകൾ ഇന്ത്യയുടെ ആകെ നേട്ടം 21 ആയി ഉയർത്തി. വൻകരയിലെ ഈ കായിക മാമാങ്കത്തിൽ രാജ്യത്തിന്റെ ശക്തവും വൈവിധ്യമാർന്നതുമായ പ്രകടനത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

2026 ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മെഡൽ പട്ടിക (ഇനം തിരിച്ചുളള കണക്ക്)

കായികം

സ്വർണം

വെള്ളി

വെങ്കലം

ആകെ

അത്‌ലറ്റിക്‌സ്

1

9

14

24

ഷൂട്ടിംഗ്

3

8

4

15

അമ്പെയ്ത്ത്

5

2

2

9

ബോക്‌സിങ്

3

0

3

6

ഗുസ്‌തി

2

2

2

6

സ്ക്വാഷ്

0

2

3

5

സെയിലിംഗ്

0

1

2

3

ക്രിക്കറ്റ്

2

0

0

2

ഹോക്കി

2

0

0

2

കബഡി

2

0

0

2

ഗോൾഫ്

1

1

0

2

ഭാരോദ്വഹനം

0

1

0

1

വുഷു

0

1

0

1

ബാഡ്‌മിന്റൺ

0

0

1

1

കുറാഷ്

0

0

1

1

മിക്സഡ് മാർഷ്യൽ ആർട്സ്

0

0

1

1

തുഴച്ചിൽ

0

0

1

1

സെപക് താക്രോ

0

0

1

1

സോഫ്റ്റ് ടെന്നീസ്

0

0

1

1

ടേബിൾ ടെന്നീസ്

0

0

1

1

ആകെ

21

27

37

85

  

ഐച്ചി-നഗോയ 2026 ഏഷ്യൻ പാരാ ഗെയിംസിലെ ഇന്ത്യയുടെ പങ്കാളിത്തം

ഐച്ചി-നഗോയ 2026 ഏഷ്യൻ പാരാ ഗെയിംസ് 2026 ഒക്ടോബർ 18 മുതൽ 24 വരെ ജപ്പാനിൽ നടക്കും. ഏഷ്യയിലുടനീളമുള്ള 45 നാഷണൽ പാരാലിമ്പിക് കമ്മിറ്റികളിൽ നിന്നായി 3,000-ത്തോളം കായികതാരങ്ങൾ ഈ ഗെയിംസിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗെയിംസിൽ 18 പാരാ കായിക ഇനങ്ങൾ ഉണ്ടാകും.

ഗെയിംസിനായുള്ള ഇന്ത്യയുടെ അംഗീകൃത നാഷണൽ പാരാലിമ്പിക് കമ്മിറ്റിയായ പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ വഴിയായിരിക്കും ഇന്ത്യ ഇതിൽ പങ്കെടുക്കുക. 2022-ലെ ഹാംഗ്‌ഷൂ ഏഷ്യൻ പാരാ ഗെയിംസിൽ 29 സ്വർണം ഉൾപ്പെടെ 111 മെഡലുകൾ നേടിയതിന് ശേഷം ഏഷ്യൻ പാരാ ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാമത്തെ പങ്കാളിത്തമായിരിക്കും ഇത്. 111 മെഡലുകളിൽ 40 മെഡലുകൾ വനിതാ താരങ്ങളുടെ സംഭാവനയായിരുന്നു (ആകെ മെഡൽ പട്ടികയുടെ 36%). ഇതിനുമുമ്പ് 2010 പതിപ്പിൽ 14 മെഡലുകളും 2014-ൽ 33 മെഡലുകളും 2018-ൽ 72 മെഡലുകളുമാണ് ഇന്ത്യ നേടിയിരുന്നത്.

പ്രാദേശിക തലം മുതൽ ആഗോള വേദികൾ വരെ: കായികരംഗത്തിനായുള്ള ഇന്ത്യയുടെ നയപരമായ മുന്നേറ്റം

ഖേലോ ഭാരത് നീതി

കായികരംഗത്തിനായുള്ള ഇന്ത്യയുടെ ദേശീയ കായിക നയമായ ഖേലോ ഭാരത് നീതി 2025 ജൂലൈ 1-ന് കേന്ദ്ര ഗവൺമെന്റ് പുറത്തിറക്കി. ശക്തവും ഉൾക്കൊള്ളുന്നതും മികച്ച പ്രകടനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമായ ഒരു കായിക സംവിധാനം കെട്ടിപ്പടുക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. പരിശീലനത്തിലും സൗകര്യങ്ങളിലുമുള്ള ഗ്രാമീണ-നഗര വ്യത്യാസങ്ങൾ പരിഹരിക്കുന്നതിൽ ഇത് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പരിശീലന ചെലവുകൾ കുറയ്ക്കുന്നതിനായി കമ്മ്യൂണിറ്റി പങ്കാളിത്തത്തിനും സഹകരണങ്ങൾക്കും ഇത് പ്രാധാന്യം നൽകുന്നു. 2036-ലെ ഒളിമ്പിക്സിലെ മികച്ച നേട്ടങ്ങളെയാണ് ഈ നയം ലക്ഷ്യമിടുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020-ന് കീഴിൽ ഇത് കായികരംഗത്തെ സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധിപ്പിക്കുന്നു. കൂടാതെ വനിതകൾ, ഗോത്രവർഗ്ഗ വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കും ഇത് പിന്തുണ നൽകുന്നു.

റെക്കോർഡ് സാമ്പത്തിക പിന്തുണ

2026-27-ലെ കേന്ദ്ര ബജറ്റിൽ കായിക മന്ത്രാലയത്തിന് റെക്കോർഡ് തുകയായ 4,479.88 കോടി രൂപ വകയിരുത്തി. 2013-14-ലെ 1,219 കോടി രൂപയിൽ നിന്നാണ് ഈ വർധനവ്. 2026-27 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് പരിഷ്കരിച്ച ഖേലോ ഇന്ത്യ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. നാഷണൽ സ്‌പോർട്‌സ് ഫെഡറേഷനുകൾക്കുള്ള പിന്തുണ ഉൾപ്പെടെ ആകെ വകയിരുത്തിയ തുക 36,441 കോടി രൂപയാണ്. ഖേലോ ഇന്ത്യയ്ക്ക് മാത്രമായി 2026-27 വർഷത്തേക്ക് 924.35 കോടി രൂപ ലഭിച്ചു. നേരത്തെ 2021-22 മുതൽ 2025-26 വരെയുള്ള കാലയളവിൽ ഈ പദ്ധതിക്ക് 3,790.50 കോടി രൂപ വകയിരുത്തിയിരുന്നു. സ്പോർട്സ് സാമഗ്രികളുടെ നിർമ്മാണത്തിനായി ബജറ്റിൽ 500 കോടി രൂപയും നീക്കിവെച്ചിട്ടുണ്ട്.

പ്രതിഭകളെ മുൻകൂട്ടി കണ്ടെത്തുന്നു

പ്രാദേശിക തലത്തിലെ കായികവളർച്ചയ്ക്കായുള്ള പ്രധാന പദ്ധതിയാണ് ഖേലോ ഇന്ത്യ. 2026 ജൂലൈ ആയപ്പോഴേക്കും 1,067 ഖേലോ ഇന്ത്യ സെന്ററുകൾ ഇത് സ്ഥാപിച്ചുകഴിഞ്ഞു. 3,176 കോടി രൂപ ചെലവിൽ 349 പുതിയ കായിക അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ഇത് അംഗീകാരം നൽകിയിട്ടുണ്ട്. 2,745 ഖേലോ ഇന്ത്യ കായികതാരങ്ങൾക്ക് പരിശീലനം, കായിക ഉപകരണങ്ങൾ, വൈദ്യസഹായം, പ്രതിമാസ അലവൻസ് എന്നിവ നൽകി പദ്ധതി പിന്തുണയ്ക്കുന്നു. 2018 മുതൽ 63,000-ത്തിലധികം കായികതാരങ്ങൾ ഖേലോ ഇന്ത്യ ഗെയിംസിൽ മത്സരിച്ചിട്ടുണ്ട്.

ഖേലോ ഇന്ത്യ റൈസിംഗ് ടാലന്റ് ഐഡന്റിഫിക്കേഷൻ (KIRTI) പദ്ധതി 9-നും 18-നും ഇടയിൽ പ്രായമുള്ള കുട്ടികളിലെ പ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതിന്റെ 174 ടാലന്റ് അസസ്‌മെന്റ് സെന്ററുകൾ നിഷ്പക്ഷവും യോഗ്യതാധിഷ്ഠിതവുമായ തിരഞ്ഞെടുപ്പിനായി ഡാറ്റാ ടൂളുകൾ ഉപയോഗിക്കുന്നു.

മുൻനിര കായികതാരങ്ങൾക്ക് പിന്തുണ

ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS) ഇന്ത്യയിലെ കായികതാരങ്ങളെ പിന്തുണയ്ക്കുന്നു. വിദേശ പരിശീലനം, അന്താരാഷ്ട്ര മത്സരങ്ങൾ, പരിശീലന ക്യാമ്പുകൾ, സവിശേഷമായ കായിക ഉപകരണങ്ങൾ എന്നിവയിലൂടെ ഇത് താരങ്ങൾക്ക് പിന്തുണ നൽകുന്നു. കായികതാരങ്ങൾക്ക് പ്രതിമാസം 50,000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കുന്നു. ഡെവലപ്‌മെന്റ് ഗ്രൂപ്പിലെ ജൂനിയർ കായികതാരങ്ങൾക്ക് പ്രതിമാസം 25,000 രൂപ ലഭിക്കും. 2026 ഏപ്രിൽ വരെയുള്ള കണക്കനുസരിച്ച് ടോപ്സ് (TOPS) 55 കോർ അത്‌ലറ്റുകളെയും 62 പാരാ കോർ അത്‌ലറ്റുകളെയും 140 ഡെവലപ്‌മെന്റ് അത്‌ലറ്റുകളെയും പിന്തുണയ്ക്കുന്നു. കൂടാതെ, ഹോക്കിയിൽ 67 കോർ അത്‌ലറ്റുകളുമുണ്ട്. ടോക്കിയോ 2020, പാരീസ് 2024 ഒളിമ്പിക് ഗെയിംസുകളിൽ ഇന്ത്യ നേടിയ മെഡൽ നേട്ടങ്ങളിൽ ടോപ്സ് (TOPS) പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, ഫിറ്റ്നസ്, കായിക മര്യാദ

2018-ലാണ് ഇംഫാലിലെ നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടത്. കായിക ശാസ്ത്രം, സാങ്കേതികവിദ്യ, മാനേജ്‌മെന്റ്, പരിശീലനം എന്നിവയിൽ ഇത് വിദ്യാഭ്യാസം നൽകുന്നു.

ഫിറ്റ്നസ് ദിനചര്യയുടെ ഭാഗമാക്കാൻ ഫിറ്റ് ഇന്ത്യ മൂവ്മെന്റ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. 2025 ഓഗസ്റ്റിൽ പാർലമെന്റ് നാഷണൽ സ്പോർട്സ് ഗവേണൻസ് ബിൽ പാസാക്കി. കായിക സംഘടനകൾക്ക് അംഗീകാരം നൽകുന്നതിനായി ഒരു നാഷണൽ സ്പോർട്സ് ബോർഡിന് ഇത് വ്യവസ്ഥ ചെയ്യുന്നു. കായിക തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഒരു നാഷണൽ സ്പോർട്സ് ട്രിബ്യൂണലും നിലവിൽ വരും.

ഐച്ചി-നഗോയയ്ക്ക് അപ്പുറം: ഇന്ത്യയുടെ നീണ്ട ഒളിമ്പിക് പാത

ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്‌സിലേക്കും അതിനപ്പുറത്തേക്കുമുള്ള ഇന്ത്യയുടെ വിശാലമായ രൂപരേഖയിലാണ് ഐച്ചി-നഗോയ 2026 നിലകൊള്ളുന്നത്. ഇന്ത്യയുടെ അഞ്ഞൂറിലധികം വരുന്ന കായികതാരങ്ങളിൽ മുന്നൂറിലധികം പേർ ഈ വർഷമാണ് ആദ്യമായി ഏഷ്യൻ ഗെയിംസിൽ അരങ്ങേറുന്നത്. നവാഗതരുടെ ഈ വലിയ പങ്കാളിത്തം ഇന്ന് ഇന്ത്യൻ കായികരംഗത്തിന്റെ വർധിച്ചുവരുന്ന ആഴത്തെയും വിപുലീകരിക്കുന്ന കരുത്തിനെയും പ്രതിഫലിപ്പിക്കുന്നു.

രാജ്യത്തുടനീളം കായിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 36,000 കോടിയിലധികം രൂപ നിക്ഷേപിക്കുന്ന പത്തുവർഷത്തെ പദ്ധതിക്കും ഗവൺമെന്റ് രൂപം നൽകിയിട്ടുണ്ട്. 2036-ന് വളരെ മുമ്പുതന്നെ ആഗോള കായിക വേദിയിൽ ഇന്ത്യയെ ഉറപ്പിച്ചുനിർത്താനാണ് ഈ നിക്ഷേപം ലക്ഷ്യമിടുന്നത്. ഫെഡറേഷനുകൾ, സംസ്ഥാനങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരെ ഏകോപിപ്പിച്ചുകൊണ്ടുള്ള 360-ഡിഗ്രി സമീപനത്തിന് കായിക മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.

21 സ്വർണമെഡലുകൾ ഉൾപ്പെടെ ഐച്ചി-നഗോയയിലെ ഇന്ത്യയുടെ 85 മെഡൽ നേട്ടം രാജ്യത്തിന്റെ കായിക യാത്രയിലെ മറ്റൊരു പ്രധാന അധ്യായത്തെ അടയാളപ്പെടുത്തുന്നു. പരമ്പരാഗത കരുത്തുകളിലും വളർന്നുവരുന്ന മറ്റ് ഇനങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചുകൊണ്ട് ഈ ഗെയിംസ് ലോസ് ആഞ്ചലസ് 2028 ഒളിമ്പിക്‌സിനായുള്ള ഇന്ത്യയുടെ തയ്യാറെടുപ്പുകൾക്കും അതിന്റെ ദീർഘകാല കായിക ലക്ഷ്യങ്ങൾക്കും കൂടുതൽ വേഗത പകർന്നിരിക്കുന്നു.

അവലംബം

 

Ministry of Youth Affairs and Sports

 https://yas.gov.in/sites/default/files/Asian_Games_sanction_for_coaches_and_suppor_ staff.pdf

https://www.pib.gov.in/PressReleasePage.aspx?PRID=2307999&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=1972615&lang=2&reg=48&utm

https://www.pib.gov.in/PressReleasePage.aspx?PRID=2149334&reg=48&lang=2

Asian Games 2026 Official Website

https://www.aichi-nagoya2026.org/history-of-the-games/

https://www.aichi-nagoya2026.org/official-mascot/

https://www.aichi-nagoya2026.org/games-emblem-slogan-core-graphics/

Olympic Council of Asia Official Website

https://oca.asia/games/111-aichi-nagoya-2026.html?utm

https://oca.asia/news/7738-asia-ready-to-shine-as-aichi-nagoya-to-host-historic-20th-asian-games.html?utm

Paralympic India Official Website

https://www.paralympicindia.com/aichi-nagoya-asian-para-games-2026

International Paralympic Committee

https://www.paralympic.org/news/aichi-nagoya-2026-celebrates-100-days-go-until-asian-para-games

https://www.paralympic.org/news/aichi-nagoya-host-2026-asian-para-games

Govt. of Japan

https://www.gov-online.go.jp/hlj/en/january_2026/january_2026-08.html

Consortium for Educational Communication

https://cec.nic.in/webpath/curriculum/Module/BPED/Paper01/9/downloads/script.pdf

News on AIR

https://newsonair.gov.in/manu-bhaker-tajinderpal-singh-toor-named-indias-flagbearers-for-asian-games-2026/

https://newsonair.gov.in/20th-asian-games-officially-opened-at-mizuho-park-athletic-stadium-in-japan/

https://newsonair.gov.in/india-gears-up-for-2028-olympics-with-strategic-preparations-union-minister-mansukh-mandaviya/

https://newsonair.gov.in/indian-contingent-for-asian-games-2026-receives-grand-send-off-in-new-delhi/

https://newsonair.gov.in/rajya-sabha-takes-up-national-sports-governance-and-anti-doping-amendment-bills-2025/

PIB Backgrounder

https://www.pib.gov.in/PressNoteDetails.aspx?NoteId=154856&ModuleId=3&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2293849&reg=48&lang=2

https://www.pib.gov.in/PressNoteDetails.aspx?NoteId=154601&ModuleId=3&reg=48&lang=2

https://www.pib.gov.in/PressReleasePage.aspx?PRID=2293849&reg=48&lang=2                               

https://www.pib.gov.in/PressNoteDetails.aspx?NoteId=154856&ModuleId=3&reg=48&lang=2

Click here to see pdf 

***

SK

 

(तथ्य सामग्री आईडी: 151090) आगंतुक पटल : 2


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , हिन्दी , Assamese , Urdu , Bengali , हिन्दी , Kannada