Rural Prosperity

മഴവെള്ള സംഭരണം

प्रविष्टि तिथि: 26 OCT 2026 11:16 AM

ജലസംരക്ഷണത്തിനായി ദേശീയ ആഹ്വാനം 

  

ക്യാച്ച് ദ റെയിൻ പ്രചാരണം ഒറ്റനോട്ടത്തിൽ;

മഴവെള്ള സംഭരണം, ഭൂഗർഭജല റീചാർജ് ജലാശയങ്ങളുടെ പുനരുദ്ധാരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യവ്യാപകമായ പ്രചാരണമാണ് ‘ക്യാച്ച് ദ റെയിൻ’. മഴവെള്ളം സംരക്ഷിക്കുന്നതിനും ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഈ പ്രചാരണ പരിപാടി സമൂഹങ്ങളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നു. മൺസൂൺ കാലത്ത് പരമാവധി ജലം സംഭരിച്ചുനിർത്തുന്നതിനായി കുളങ്ങളും ജലസംഭരണികളും വൃത്തിയാക്കുന്നതിന് ഇത് പ്രാധാന്യം നൽകുന്നു. ജലം സംഭരിക്കുന്ന പ്രദേശങ്ങളിലെ ഹരിതാവരണം വർധിപ്പിക്കുന്നതിനായി വനവൽക്കരണവും പ്രോത്സാഹിപ്പിക്കുന്നു. 

 ഈ പരിപാടിയുടെ ഭാഗമായി ശുപാർശ ചെയ്യുന്ന പ്രധാന ജലസംരക്ഷണ പ്രവർത്തനങ്ങൾ താഴെപ്പറയുന്നവയാണ്: 

 * വീടുകൾ, റെസിഡൻഷ്യൽ സൊസൈറ്റികൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിൽ മഴവെള്ള സംഭരണ സംവിധാനങ്ങൾ ഏർപ്പെടുത്തുക.

 * അനുയോജ്യമായ സ്ഥലങ്ങളിൽ റീചാർജ് കുഴികളും ഷാഫ്റ്റുകളും സ്ഥാപിക്കുക.

* ഭൂഗർഭജല റീചാർജ് സാധ്യമാക്കുന്നതിനായി ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അറ്റകുറ്റപ്പണി നടത്തി പുനരുപയോഗ യോഗ്യമാക്കുക.

 * ബാവഡികൾ (പരമ്പരാഗത പടിക്കിണറുകൾ), കിണറുകൾ, പരമ്പരാഗത ജലാശയങ്ങൾ എന്നിവ പുനരുദ്ധരിക്കുക. 

 * ജലസംഭരണശേഷി വർധിപ്പിക്കുന്നതിനായി കുളങ്ങളിലെയും ജലസംഭരണികളിലെയും ചെളിയും എക്കലും നീക്കം ചെയ്യുക.

 * ജലം സംഭരിക്കുന്നതിനും ഭൂഗർഭജല റീചാർജിനും അനുയോജ്യമായ പ്രദേശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുക. 

  ജൽ സഞ്ചയ് ജൻ ഭാഗീദാരി (JSJB) 1.0 (2024)

 ജലസംരക്ഷണത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനാണ് ജൽ സഞ്ചയ് ജൻ ഭാഗീദാരി 1.0 ലക്ഷ്യമിട്ടത്. 2024 ഏപ്രിൽ 1 മുതൽ 2025 മേയ് 31 വരെയാണ് JSJB 1.0 നടപ്പിലാക്കിയത്. സമൂഹം, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR), ചെലവ് എന്നീ മൂന്ന് ഘടകങ്ങൾ ഉൾപ്പെടുന്ന തത്വങ്ങളാണ് ഈ സംരംഭം പിന്തുടർന്നത്. ജലസംരക്ഷണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി നിലവിൽ നടപ്പിലാക്കിവരുന്ന ഗവൺമെന്റ് പദ്ധതികളുമായി സംയോജനം സാധ്യമാക്കുന്നതിനും ഈ സംരംഭം പ്രാധാന്യം നൽകി. കുറഞ്ഞ ചെലവിലുള്ള ഭൂഗർഭജല റീചാർജ്  സംവിധാനങ്ങളും ജലസംഭരണ ഘടനകളും സ്ഥാപിക്കുന്നതിന് ഈ സംരംഭം പ്രോത്സാഹനം നൽകി. പ്രവർത്തനരഹിതമായ കുഴൽക്കിണറുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനും ഇത് പിന്തുണ നൽകി. ‘സമഗ്ര ഗവൺമെന്റ് ’, ‘സമഗ്ര സമൂഹം’ എന്നീ  സമീപനത്തിലൂടെയാണ് ഈ ഘടനകൾ വികസിപ്പിച്ചത്. ഈ പ്രചാരണത്തിന്റെ ഭാഗമായി 10 ലക്ഷത്തിലധികം ഭൂഗർഭജല റീചാർജ് ഘടനകൾ നിർമിക്കുകയും 27 ലക്ഷത്തിലധികം  ജല റീചാർജ്  ഘടനകൾ കൃത്രിമമായി നിർമിച്ചതായി റിപ്പോർട്ട് ചെയ്യുകയും ചെയ്തു

 

* ജൽ സഞ്ചയ് ജൻ ഭാഗീദാരി 2.0 (2025)

 2025 ജൂൺ 1-ന് ആരംഭിച്ച ജൽ സഞ്ചയ് ജൻ ഭാഗീദാരി 2.0, മുൻ സംരംഭത്തിന്റെ തുടർച്ചയായാണ് നടപ്പിലാക്കിയത്. അമിതമായി ചൂഷണം ചെയ്യപ്പെട്ടതും ഗുരുതര ജലക്ഷാമ വിഭാഗത്തിൽപ്പെടുന്നതുമായ ജില്ലകളിൽ ഭൂഗർഭജല റീചാർജിന് പ്രത്യേക പ്രാധാന്യം നൽകി. കുറഞ്ഞ ചെലവിലുള്ളതും പ്രാദേശിക തലത്തിൽ നടപ്പിലാക്കാവുന്നതുമായ ഇടപെടലുകൾക്കാണ് ഈ സമീപനം ഊന്നൽ നൽകിയത്. 2025 നവംബറിൽ നടന്ന ആറാമത് ദേശീയ ജല പുരസ്‌കാരചടങ്ങിൽ JSJB 1.0-ന്റെ ഭാഗമായി മാതൃകാപരമായ സംഭാവനകൾ നൽകിയവരെ ആദരിച്ചു.

 

 JSJB സംരംഭത്തിന്റെ സ്വാധീനം വിലയിരുത്തലും നേട്ടങ്ങളും 

 ജൽ സഞ്ചയ് ജൻ ഭാഗീദാരി (JSJB) സംരംഭത്തിന്റെ ഭാഗമായി 1.55 കോടിയിലധികം കൃത്രിമ ജലറീചാർജ് -ജലസംഭരണ ഘടനകൾ നിർമിച്ചിട്ടുണ്ട്. കൂടാതെ, JSJB 1.0-ന്റെ ഭാഗമായി നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ സ്വാധീനം വിലയിരുത്തുന്നതിനായി ഒരു പഠനം നടത്തി. 2025 ജൂൺ 1 മുതൽ 2025 ഡിസംബർ 31 വരെയുള്ള മഴയുടെ കണക്കുകൾ ഉപയോഗിച്ച് 23 ലക്ഷം ഘടനകളെ ഈ പഠനത്തിൽ വിലയിരുത്തി. ഈ ഇടപെടലുകളിലൂടെ 2.43 ബില്യൺ ഘനമീറ്റർ ഭൂഗർഭജലം റീചാർജ് വഴി സംഭരിക്കപ്പെട്ടതായി പഠനം കണക്കാക്കി. 

 ജൽ സഞ്ചയ് ജൻ ഭാഗീദാരി: ക്യാച്ച് ദ റെയിൻ (JSJB: CTR) (2026)

2026 ജൂൺ 1-ന് ആരംഭിച്ച ഈ സംരംഭം, ജൽ ശക്തി അഭിയാൻ: ക്യാച്ച് ദ റെയിൻ കാമ്പെയ്‌നുമായി സംയോജിപ്പിച്ചുകൊണ്ട് JSJB സമീപനത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. മഴവെള്ള സംഭരണം, ഭൂഗർഭജല റീചാർജ് , ജലസംരക്ഷണം, ജലസ്രോതസ്സുകളുടെ സൃഷ്ടി, ജനപങ്കാളിത്തം എന്നിവയ്ക്കായിരുന്നു പരിപാടി ഊന്നൽ നൽകിയത്. പ്രാദേശിക സാഹചര്യങ്ങൾക്ക് അനുയോജ്യമായതും കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്നതുമായ ഇടപെടലുകൾ പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരമായ ജലപരിപാലനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്തു. VB-G RAM G, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ (PMKSY) കീഴിലുള്ള ഓരോ തുള്ളിക്കും കൂടുതൽ വിള (Per Drop More Crop), PMKSY-യുടെ കീഴിലുള്ള ജലാശയങ്ങളുടെ അറ്റകുറ്റപ്പണി, നവീകരണം, പുനഃസ്ഥാപനം, CAMPA, ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ, മറ്റ് സംസ്ഥാന ഗവൺമെന്റ് പദ്ധതികൾ തുടങ്ങിയ നിരവധി ഗവൺമെന്റ് പദ്ധതികളുടെ ഏകോപനം എന്നിവ ഈ കാമ്പെയ്‌ൻ വഴി പ്രയോജനപ്പെടുത്തി. പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വനിതാ സംഘങ്ങൾ, യുവജനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, പ്രാദേശിക സമൂഹങ്ങൾ എന്നിവരെ ഈ സംരംഭം ഒരുമിപ്പിച്ചു. ആസൂത്രണം, നിർവഹണം, സാമൂഹ്യ നേതൃത്വത്തിലുള്ള ജലസംരക്ഷണം എന്നിവയ്ക്ക് ഈ പങ്കാളികൾ പിന്തുണ നൽകുന്നു. JSJB: CTR പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും സുതാര്യത ശക്തിപ്പെടുത്തുന്നതിനും നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനും പൊതുജനങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും ലഭ്യമാക്കുന്നതിനും നിർണായക പങ്കുവഹിച്ചു. 

 ജൽ ശക്തി അഭിയാൻ: ക്യാച്ച് ദ റെയിൻ (JSA: CTR)

2021 മാർച്ച് 22-ന് ലോക ജലദിനത്തോടനുബന്ധിച്ചാണ് ജൽ ശക്തി അഭിയാൻ: ക്യാച്ച് ദ റെയിൻ ആരംഭിച്ചത്. “മഴ പെയ്യുന്നിടത്ത്, മഴ പെയ്യുന്ന സമയത്ത് തന്നെ മഴവെള്ളം സംഭരിക്കുക” (Catch the Rain, Where It Falls, When It Falls) എന്നതായിരുന്നു ഇതിന്റെ മാർഗദർശക മുദ്രാവാക്യം. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിനായി 256 ജില്ലകളിലെ ജലക്ഷാമം നേരിടുന്ന 1,592 ബ്ലോക്കുകളെ ഉൾപ്പെടുത്തി 2019-ൽ നടപ്പാക്കിയ ജൽ ശക്തി അഭിയാന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് ഈ കാമ്പെയ്‌ൻ രൂപപ്പെടുത്തിയത്. ഭൂഗർഭജല റീചാർജിംഗ്‌, നീർത്തട വികസനം, ജലാശയങ്ങളുടെ പുനരുജ്ജീവനം, വനവൽക്കരണം, ജനപങ്കാളിത്തം എന്നിവയ്ക്കും ഈ കാമ്പെയ്‌ൻ പ്രോത്സാഹനം നൽകി. തുടർന്ന്, മാറിവരുന്ന പ്രമേയങ്ങളും മുൻഗണനാ മേഖലകളും ഉൾക്കൊണ്ടുകൊണ്ട് ഈ കാമ്പെയ്‌ൻ എല്ലാ വർഷവും നടപ്പിലാക്കിവരുന്നു.

 

വർഷം
വിഷയം 
പ്രധാന പ്രവർത്തന മേഖലകൾ

2021

മഴ എവിടെ, എപ്പോൾ പെയ്യുന്നുവോ അവിടെ ജലം സംഭരിക്കുക 

 
മഴവെള്ള സംഭരണവും ജല സംരക്ഷണവും; ജലാശയങ്ങളുടെ ജിയോ-ടാഗിംഗ്; ശാസ്ത്രീയ ജലസംരക്ഷണ ആസൂത്രണം; ജലശക്തി കേന്ദ്രങ്ങളും ബോധവൽക്കരണ പ്രവർത്തനങ്ങളും
 

2022

ജലസംരക്ഷണപ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു
പരമ്പരാഗത ജലാശയങ്ങളുടെ പുനഃസ്ഥാപനം; ഭൂഗർഭജല റീചാർജും,നീർത്തടവികസനവും; തണ്ണീർത്തടങ്ങളുടെയും നദികളുടെയും പുനരുജ്ജീവനം; നീരുറവ-നീർത്തടവികസനവുംവൃഷ്ടിപ്രദേശ സംരക്ഷണവും

2023

കുടിവെള്ളത്തിനുള്ള ഉറവിട സുസ്ഥിരത
ജലക്ഷാമമുള്ള 150 ജില്ലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക; കുടിവെള്ള സ്രോതസ്സുകൾ ശക്തിപ്പെടുത്തുക; ഭൂഗർഭജല റീചാർജും ഉറവിടസുസ്ഥിരതയും;ഫീൽഡ് നിരീക്ഷണവും സമൂഹ പങ്കാളിത്തവും
2024 സ്ത്രീശക്തിയിലൂടെ  ജലശക്തി
 
 
സ്ത്രീകൾ നയിക്കുന്ന ജലസംരക്ഷണ സംരംഭങ്ങൾ; ജലാശയങ്ങളുടെ ചെളിനീക്കലും  വൃത്തിയാക്കലും; റീചാർജിനായി ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറുകളുടെ പുനരുജ്ജീവനം; വനവൽക്കരണവും പ്രാദേശിക ജലസ്രോതസ്സുകളുടെ പുനരുജ്ജീവനവും

 

2024-ലെ പ്രചാരണ പരിപാടി സ്ത്രീകളുടെ നേതൃത്വത്തിലുള്ള ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി. ജലസംരക്ഷണം, ശുചിത്വം, ആരോഗ്യകരമായ ശുചിത്വശീലങ്ങൾ എന്നിവയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നവരെ ആദരിക്കുന്ന സ്വച്ഛ് സുജൽ ശക്തി സമ്മാൻ മുഖേന അവരുടെ സംഭാവനകൾക്ക് തുടർന്നും അംഗീകാരം നൽകിവരുന്നു. 

ജൽ ശക്തി കേന്ദ്രങ്ങൾ (Jal Shakti Kendras) 

 ജില്ലാ തലത്തിലുള്ള വിജ്ഞാന-സഹായ കേന്ദ്രങ്ങളായി ജൽ ശക്തി കേന്ദ്രങ്ങൾ (JSKs)പ്രവർത്തിക്കുന്നു. താഴെപ്പറയുന്ന പ്രവർത്തനങ്ങളിലൂടെ അവ സമൂഹങ്ങളെയും പ്രാദേശിക ഭരണസംവിധാനങ്ങളെയും പിന്തുണയ്ക്കുന്നു:

 * മഴവെള്ള സംഭരണ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുക.

 * സാങ്കേതിക മാർഗനിർദേശം നൽകുക

. * ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ആസൂത്രണത്തിനും നിർവഹണത്തിനും പിന്തുണ നൽകുക.

 

മഴവെള്ള സംഭരണത്തിൽ നിന്ന് ഗ്രാമീണ പ്രതിരോധശേഷിയിലേക്ക് 

 ജലസംരക്ഷണം സുസ്ഥിര ജലപരിപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു ജനകീയ മുന്നേറ്റമായി വികസിച്ചിരിക്കുന്നു. ക്യാച്ച് ദ റെയിൻ (Catch the Rain), ജൽ സഞ്ചയ് ജൻ ഭാഗീദാരി (Jal Sanchay Jan Bhagidari) തുടങ്ങിയ പദ്ധതികൾ മഴവെള്ള സംഭരണം, ഭൂഗർഭജല റീചാർജ്, ജലാശയങ്ങളുടെ പുനരുദ്ധാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നു. ശാസ്ത്രീയമായ ആസൂത്രണം, പ്രാദേശിക പങ്കാളിത്തം, വിഭവങ്ങളുടെ ഏകോപിത വിനിയോഗം എന്നിവ ജലസുരക്ഷ, ഗ്രാമീണ ഉപജീവനമാർഗങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാനുള്ള പ്രതിരോധശേഷി എന്നിവ ശക്തിപ്പെടുത്തുന്നു. സമൂഹത്തിന്റെ ഉടമസ്ഥാവകാശബോധത്തെ വിവിധ പദ്ധതികളുടെ ഏകോപനം, ഡിജിറ്റൽ നിരീക്ഷണം, ജലസംരക്ഷണ ആസ്തികൾ സൃഷ്ടിയ്ക്കൽ എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെ JSJB: CTR സംരംഭം ജലസുരക്ഷിതമായ ഭാരതം വാർത്തെടുക്കുന്നതിനുള്ള അടിത്തറ പാകുകയാണ്. 

അവലംബം:

PIB Backgrounders

https://www.pib.gov.in/FeaturesDeatils.aspx?NoteId=159260&ModuleId=2&reg=%203&lang=1

Click here to see pdf 

****

 

 

(तथ्य सामग्री आईडी: 151149) आगंतुक पटल : 3


Provide suggestions / comments
इस विश्लेषक को इन भाषाओं में पढ़ें : English , Urdu , Assamese , Bengali , हिन्दी , Telugu