Farmer's Welfare
സ്റ്റാർട്ടപ്പുകളുടെ കഥകൾ, വ്യാപ്തിയുടെ കരുത്ത്
വേൾഡ് ഫുഡ് ഇന്ത്യ 2025 ആഗോള ഭക്ഷ്യ സംസ്കരണത്തിൽ ഇന്ത്യയുടെ പങ്ക് പുനർനിർവചിക്കുന്നു
Posted On:
03 OCT 2025 9:59AM

2024-ൽ ഡൽഹിയിലെ വികാസ്പുരിയുടെ ഒരു ചെറിയ കോണിൽ ദേവീന്ദർ സിംഗ് ദില്ലി ക്രീമറി ആരംഭിച്ചപ്പോൾ, അദ്ദേഹത്തിന്റെ ലക്ഷ്യം ലളിതവും തീർത്തും വ്യക്തിപരവുമായിരുന്നു. താൻ വളർന്നുവന്നപ്പോൾ അനുഭവിച്ച പഞ്ചാബി വീടുകളിലെ പനീറിന്റെയും പാലുൽപ്പന്നങ്ങളുടെയും തനതായ രുചി തിരികെ കൊണ്ടുവരിക എന്നതായിരുന്നു അത്. ഒരു ദിവസം വെറും 20 ലിറ്റർ പാലും കൈകൊണ്ട് നിർമ്മിച്ച പനീർ ബാച്ചുകളും ഉപയോഗിച്ച്, പരിശുദ്ധിയിലും പാരമ്പര്യത്തിലും ഊന്നിയാണ് സിംഗ് തന്റെ സംരംഭം കെട്ടിപ്പടുത്തത്. എഫ്എസ്എസ്എഐയിൽ രജിസ്റ്റർ ചെയ്ത അദ്ദേഹം ചെറുകിട ഭക്ഷ്യ സംസ്കരണക്കാരെ ലക്ഷ്യം വച്ചുള്ള പദ്ധതികളുടെ പിന്തുണയോടെ ക്രമേണ തന്റെ ഉത്പാദനം വിപുലീകരിച്ചു. ദില്ലി ക്രീമറി ഇപ്പോൾ എല്ലാ ദിവസവും 300-350 ലിറ്റർ പാലും 20–25 കിലോഗ്രാം പനീറും 40–50 കിലോഗ്രാം മധുരപലഹാരങ്ങളും പാലുൽപ്പന്നങ്ങളും ഉത്പാദിപ്പിക്കുന്നു. വേൾഡ് ഫുഡ് ഇന്ത്യ 2025 അദ്ദേഹത്തിന് വെറുമൊരു പ്രദർശനം എന്നതിലുപരിയായി മാറി. തന്റെ തദ്ദേശീയ ബ്രാൻഡ് ആഗോള ബ്രാൻഡുകളോട് തോളോട് തോൾ ചേർന്ന് നിൽക്കുകയും സ്വന്തം വേരുകളിൽ ഊന്നി നിന്നു കൊണ്ട് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ തങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്ത വേദിയായിരുന്നു അത്. ഗുണമേന്മയുള്ള പാലുൽപ്പാദനത്തിന്റെ ഗൃഹാതുര ഗന്ധം കൊണ്ട് അലങ്കരിക്കുകയും പാരമ്പര്യം അവസരത്തെ കണ്ടെത്തുകയും ചെയ്ത ദില്ലി ക്രീമറിയുടെ കഥ മൃഗസംരക്ഷണ, ക്ഷീരോൽപ്പാദന മന്ത്രാലയത്തിലെ പവലിയനിലെ അദ്ദേഹത്തിന്റെ സ്റ്റാളിലേക്ക് അന്താരാഷ്ട്ര റീട്ടെയിലർമാരെ ആകർഷിച്ചു.
2025 സെപ്റ്റംബർ 25 മുതൽ 28 വരെ ന്യൂഡൽഹിയിൽ നടന്ന വേൾഡ് ഫുഡ് ഇന്ത്യയുടെ ഈ വർഷത്തെ പതിപ്പ്, സ്റ്റാർട്ടപ്പുകളെയും ചെറുകിട ഭക്ഷ്യ സംരംഭങ്ങളെയും ആഗോളതലത്തിൽ ശാക്തീകരിക്കുന്നതിൽ ശക്തമായി ശ്രദ്ധ കേന്ദ്രീകരിച്ചു. ലോകത്തിൽ പാൽ, ഉള്ളി, പയർവർഗ്ഗങ്ങൾ എന്നിവയുടെ ഏറ്റവും വലിയ ഉൽപാദക രാജ്യമെന്ന നിലയിൽ മാത്രമല്ല, 2024–25 ൽ 49.4 ബില്യൺ ഡോളറിന്റെ സംസ്കരിച്ച ഭക്ഷ്യ കയറ്റുമതിയിൽ വളർന്നുവരുന്ന പങ്കാളി എന്ന നിലയിലും ഇന്ത്യയുടെ ശക്തി പ്രദർശിപ്പിച്ചുകൊണ്ട്, WFI ചെറുകിട സംരംഭങ്ങൾക്ക് അവരുടെ ആഗോള കാൽപ്പാടുകൾ വികസിപ്പിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചു. ന്യൂസിലാൻഡ്, സൗദി അറേബ്യ, ജർമ്മനി, ജപ്പാൻ, റഷ്യ എന്നിവയുൾപ്പെടെയുള്ള പങ്കാളിയും ഫോക്കസ് കൺട്രി പവലിയനുകളും സ്റ്റാർട്ടപ്പുകൾക്ക് ലക്ഷ്യമിട്ടുള്ള B2B ഇടപെടലുകൾ നൽകി.

തലമുറകളായി മഖാനയെ വളർത്തിയെടുക്കുന്ന ദർഭംഗ-മിഥില മേഖലയിൽ നിന്ന് മറ്റൊരു ശ്രദ്ധേയമായ കാഴ്ചയുണ്ടായി. 2019 ഡിസംബറിൽ, എഞ്ചിനീയറിൽ നിന്ന് സംരംഭകനായി മാറിയ ശ്രാവൺ കെ. റോയ് ദൃഢനിശ്ചയവും വിശ്വാസവും മാത്രം കൈമുതലാക്കി ദർഭംഗയിൽ ഒരു ചെറിയ പ്രോസസ്സിംഗ്, പാക്കേജിംഗ് യൂണിറ്റ് സ്ഥാപിച്ചു. ആ സമയത്ത്, അദ്ദേഹത്തിന് പ്രതിമാസം 100–150 കിലോഗ്രാം മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്നുള്ളൂ, പ്രധാനമായും അത് പ്രാദേശിക വിപണികളിൽ വിറ്റു. വിഭവങ്ങൾ കുറവായിരുന്നു, അവബോധം കുറവായിരുന്നു, ഓരോ ചുവടും ഒരു പോരാട്ടം പോലെ തോന്നി, പക്ഷേ തന്റെ മാതൃരാജ്യത്ത് നിന്നുള്ള മഖാന ഒരു ആഗോള സൂപ്പർഫുഡ് എന്ന അംഗീകാരത്തിന് അർഹമാണെന്ന് റോയ് വിശ്വസിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാർട്ടപ്പ് ബിഹാർ, ബി-ഹബ് ഇൻകുബേഷൻ എന്നിവയിൽ നിന്നുള്ള പിന്തുണ അദ്ദേഹത്തിന് മാർഗനിർദേശം നൽകി, അതേസമയം എംഎസ്എംഇ സബ്സിഡികൾ യന്ത്രസാമഗ്രികളുടെ ചെലവ് ലഘൂകരിച്ചു, അപേഡയുടെ കയറ്റുമതി പദ്ധതികൾ വിദേശത്തേക്ക് വാതിലുകൾ തുറന്നു. ജിഎസ്ടി പരിഷ്കാരങ്ങൾ അദ്ദേഹത്തിന്റെ ബ്രാൻഡിനെ ബിഹാറിനപ്പുറം ഡൽഹി, മുംബൈ, ബാംഗ്ലൂർ പോലുള്ള മെട്രോകളിലേക്ക് വിപുലീകരിക്കാൻ സഹായിച്ചു. ഓരോ പദ്ധതിയും ഒരു ചവിട്ടുപടിയായി മാറി, ഒരു പ്രാദേശിക സ്വപ്നത്തെ വളരുന്ന ദേശീയ പ്രസ്ഥാനമാക്കി മാറ്റി. ഇന്ന്, അദ്ദേഹത്തിന്റെ സംരംഭമായ എഫ്‌ടി-എംബിഎ മഖാന വാല, എല്ലാ മാസവും 4–6 ടൺ പ്രോസസ്സ് ചെയ്യുന്നു, വറുത്തതും രുചിയുള്ളതും പ്രീമിയം നിലവാരമുള്ളതുമായ ഉത്പ്പന്നത്തിന്റെ കയറ്റുമതി വാഗ്ദാനം ചെയ്യുന്നു. ഒരു Geographical Indicator (ഭൗമ സൂചകം) എന്ന നിലയിൽ അംഗീകൃത ഉപയോക്താവായ ഈ ബ്രാൻഡ് മിഥിലയുടെ പൈതൃകം അഭിമാനത്തോടെ ലോകത്തിന്ന് മുന്നിൽ എത്തിക്കുന്നു. വേൾഡ് ഫുഡ് ഇന്ത്യ 2025 ൽ, ഒരു സംരംഭകനെന്ന നിലയിൽ മാത്രമല്ല, റോയ് തന്റെ പ്രദേശത്തെ ആയിരക്കണക്കിന് കർഷകരുടെ പ്രതിനിധിയായും,അദ്ദേഹത്തിന്റെ ബ്രാൻഡ് പൈതൃകത്തിന്റെയും ആരോഗ്യത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകമായും ആഗോള ഉപഭോക്താക്കളുടെ മുന്നിൽ നിന്നു,

WFI യിലെ ജർമ്മൻ പ്രദർശകനായ നാടി ഫുഡ്, പരിപാടിയിൽ വളരെ നല്ല അനുഭവം പങ്കുവെച്ചു. അവരുടെ സെയിൽസ്മാന്റെ അഭിപ്രായത്തിൽ, കമ്പനി WFI യുടെ ഉദ്ഘാടന പതിപ്പ് മുതൽ സന്ദർശകരായി പങ്കെടുത്തിട്ടുണ്ട്, ഈ വർഷം ഉടമ ഒരു പ്രദർശകനായി പങ്കെടുക്കാൻ തീരുമാനിച്ചു. ഇത്രയും വലിയ തോതിൽ പരിപാടി കാര്യക്ഷമമായി സംഘടിപ്പിച്ചതിനും ഗണ്യമായ എണ്ണം സന്ദർശകരെ ആകർഷിച്ചതിനും അവർ ഇന്ത്യാ ഗവൺമെന്റിനെ പ്രശംസിച്ചു. ഇന്ത്യൻ ബിസിനസുകളിൽ നിന്നുള്ള ശക്തമായ താൽപ്പര്യം, അവസരങ്ങൾ പര്യവേക്ഷണം ചെയ്യാനും രാജ്യത്ത് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് ആസൂത്രണം ചെയ്യാനും അവരെ പ്രേരിപ്പിച്ചുവെന്ന് പ്രതിനിധി അഭിപ്രായപ്പെട്ടു.
സെപ്റ്റംബർ 28 ന് തിരശ്ശീല വീണപ്പോൾ, വേൾഡ് ഫുഡ് ഇന്ത്യ 2025 അതിന്റെ വാഗ്ദാനം വ്യക്തമായി പാലിച്ചു. ഇത് വെറുമൊരു പ്രദർശനം മാത്രമായിരുന്നില്ല, മറിച്ച് സ്റ്റാർട്ടപ്പ് വളർച്ചയെ ഉത്തേജിപ്പിക്കുകയും അന്താരാഷ്ട്ര ബിസിനസ് ശൃംഖലകളെ ശക്തിപ്പെടുത്തുകയും ആഗോളതലത്തിൽ ഇന്ത്യൻ ഭക്ഷ്യ സംരംഭങ്ങളെ പ്രതിഷ്ഠിക്കുന്നതിനുള്ള വഴികൾ വാഗ്ദാനം ചെയ്യുകയും ചെയ്ത ഒരു പ്ലാറ്റ്ഫോമായിരുന്നു. നാല് ദിവസത്തിനുള്ളിൽ, 26 പ്രമുഖ ആഭ്യന്തര, ആഗോള കമ്പനികൾ ₹1,02,046.89 കോടിയുടെ ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു, ഇത് ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപ പ്രഖ്യാപനങ്ങളിലൊന്നാണ്, ഇത് 64,000-ത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 10 ലക്ഷത്തിലധികം ആളുകൾക്ക് പരോക്ഷമായി പ്രയോജനം ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഡയറി, പാനീയങ്ങൾ, പാക്കേജുചെയ്‌ത ഭക്ഷണങ്ങൾ, റെഡി-ടു-ഈറ്റ് ഉൽപ്പന്നങ്ങൾ എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി, പ്രമുഖ ബ്രാൻഡുകളായ റിലയൻസ്, കൊക്കകോള, അമുൽ, നെസ്‌ലെ, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് തുടങ്ങിയവയുമായി 18 സംസ്ഥാനങ്ങളിലായി വ്യാപിക്കുന്ന നിക്ഷേപ കരാറുകളിലും ഒപ്പു വെച്ചു. ഇന്ത്യയെ ഭക്ഷ്യ സംസ്കരണത്തിനുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റുക എന്ന ഗവൺമെന്റിന്റെ കാഴ്ചപ്പാടിനെ പിന്തുണച്ചുകൊണ്ട്, ഇൻവെസ്റ്റ് ഇന്ത്യ ധാരണാപത്ര ഒപ്പിടലുകൾക്ക് സൗകര്യമൊരുക്കി.
10,500-ലധികം ബി2ബി മീറ്റിംഗുകൾ, 261 ഗവൺമെന്റ്-ടു-ഗവൺമെന്റ് സെഷനുകൾ, 18,000 റിവേഴ്‌സ് ബയർ-സെല്ലർ മീറ്റിംഗുകൾ എന്നിവ യുവാക്കൾക്കും വളർന്നുവരുന്ന ബിസിനസുകൾക്കും പങ്കാളിത്തം, കയറ്റുമതി അവസരങ്ങൾ, സംയുക്ത സംരംഭങ്ങൾ എന്നിവ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ഒരു ഘടനാപരമായ അന്തരീക്ഷം വാഗ്ദാനം ചെയ്തു. ഗ്രേറ്റ് ഇന്ത്യൻ ഫുഡ് സ്ട്രീറ്റ്, ഇന്നൊവേഷൻ കോർണറുകൾ തുടങ്ങിയ പരിപാടിയുടെ പ്രത്യേക മേഖലകൾ സ്റ്റാർട്ടപ്പുകൾക്ക് പ്രാദേശിക ഉൽപ്പന്നങ്ങൾ, പുതിയ രുചികൾ, പാക്കേജിംഗ്, കോൾഡ് സ്റ്റോറേജ്, ഭക്ഷ്യ സംരക്ഷണം എന്നിവയ്ക്കുള്ള സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ പ്രാപ്തമാക്കി, ഇത് നിക്ഷേപകരെയും ആഗോള സഹകാരികളെയും ആകർഷിക്കാൻ സഹായിച്ചു.
References
Ministry of Food Processing Industries
https://www.pib.gov.in/PressNoteDetails.aspx?NoteId=155267&ModuleId=3
https://www.pib.gov.in/FeaturesDeatils.aspx?NoteId=155319&ModuleId=2
https://www.pib.gov.in/PressReleasePage.aspx?PRID=2172417
Stories of Startups, Strength of Scale
***
(Features ID: 155335)
Visitor Counter : 8
Provide suggestions / comments