• Skip to Content
  • Sitemap
  • Advance Search
Social Welfare

മ്യൂസിയം ഓഫ് റോയൽ കിങ്ഡംസ് ഓഫ് ഇന്ത്യ

രാജകീയ പൈതൃകങ്ങൾക്ക് ജീവനേകുന്നിടം

Posted On: 31 OCT 2025 12:09PM

സംഗ്രഹം

  • ഗുജറാത്തിലെ ഏകതാ നഗറില്‍ ഏകതാ പ്രതിമയ്ക്ക് സമീപം 2025 ഒക്ടോബർ 30-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ രാജകീയ ദേശങ്ങളുടെ മ്യൂസിയത്തിന് തറക്കല്ലിട്ടു.
  • ഐക്യത്തിൻ്റെയും ത്യാഗത്തിൻ്റെയും കാലാതീത ചൈതന്യം പകർന്ന് ഭാവി തലമുറയ്ക്ക് പ്രചോദനമേകുകയാണ് ഇതിൻ്റെ ലക്ഷ്യം.
  •  367 കോടി രൂപ ചെലവിൽ നിർമിക്കുന്ന  മ്യൂസിയത്തിൽ നാല് പ്രമേയങ്ങള്‍ അടിസ്ഥാനമാക്കി സജ്ജീകരിച്ച ഗാലറികളുണ്ടാകും.
  • ഏകതാ നഗറിലെ ഏകതാ പ്രതിമയ്ക്ക് സമീപം അഞ്ചേക്കർ സ്ഥലത്താണ്  മ്യൂസിയം നിർമിക്കുക.


ആമുഖം

രാജ്യത്തിൻ്റെ പൊതുവായ പൈതൃകത്തോടും ഐക്യത്തിൻ്റെ നിശ്ചയദാര്‍ഢ്യത്തോടും ആദരസൂചകമായി 367 കോടി രൂപ ചെലവിൽ യശസ്സിൻ്റെയും പൈതൃകത്തിൻ്റെയും സംരംഭമെന്ന നിലയില്‍ നിർമിക്കുന്ന ഇന്ത്യയിലെ രാജകീയ ദേശങ്ങളുടെ മ്യൂസിയത്തിന് രാഷ്ട്രീയ ഏകതാ ദിനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു.  



ഇന്ത്യയുടെ രാജകീയ പൈതൃകം ആഘോഷിക്കുന്ന ദേശീയ ശേഖരമായി മ്യൂസിയം നിലകൊള്ളും. വിവിധ രാജവംശങ്ങളിൽ നിന്നും നാട്ടുരാജ്യങ്ങളിൽ നിന്നുമുള്ള രാജകീയ ചിഹ്നങ്ങൾ, പുരാവസ്തുക്കൾ, തുണിത്തരങ്ങൾ, കൈയെഴുത്തുപ്രതികൾ, ചിത്രരചനകള്‍, പുരാവസ്തുക്കൾ എന്നിവയുടെ ഗാലറികളും മ്യൂസിയത്തിലുണ്ടാകും.  
 

  • ഏകതാ നഗറിലെ ഏകതാ പ്രതിമയ്ക്ക് സമീപം അഞ്ചേക്കർ സ്ഥലത്താണ് മ്യൂസിയം നിർമിക്കുക.
  • നാല് പ്രമേയങ്ങളെ അടിസ്ഥാനമാക്കി സജ്ജീകരിക്കുന്ന ഗാലറികളില്‍ ചരിത്രപരമായ പുരാവസ്തുക്കൾ, രേഖകൾ, ഡിജിറ്റൽ അവതരണങ്ങള്‍ എന്നിവയുടെ സംവേദനാത്മക അനുഭവം മ്യൂസിയം സന്ദർശകർക്ക് നല്‍കുന്നു.  
  • ഭൂതകാലത്തിൻ്റെ ഓർമകൾ സംരക്ഷിക്കുന്നതിനൊപ്പം ഐക്യത്തിൻ്റെയും ത്യാഗത്തിൻ്റെയും കാലാതീത ചൈതന്യത്തിലൂടെ ഭാവി തലമുറയ്ക്ക് പ്രചോദനമേകാനും  മ്യൂസിയം ലക്ഷ്യമിടുന്നു.  


ചരിത്ര പശ്ചാത്തലം

1947 ഓഗസ്റ്റ് 15-ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള പ്രദേശങ്ങളും 550-ൽ അധികം നാട്ടുരാജ്യങ്ങളും ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നു. ഈ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ രാഷ്ട്രീയമായി സംയോജിപ്പിച്ചത് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നിർണായക നേട്ടങ്ങളിലൊന്നാണ്.

  • അന്നത്തെ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിൻ്റെ നേതൃത്വത്തിൽ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ ഇൻസ്ട്രുമെൻ്റ് ഓഫ് അസ്സക്ഷൻ (കൂട്ടിച്ചേർക്കൽ) കരാറിലൂടെ ഇന്ത്യയുടെ ഭാഗമാകാന്‍ പ്രേരിപ്പിച്ചു.
  • 1949 -ഓടെ മിക്ക നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയൻ്റെ ഭാഗമായത് അഖണ്ഡ പരമാധികാര രാഷ്ട്രത്തിന് അടിത്തറ പാകി.  
  • സമാധാനപൂര്‍ണമായ ഈ ഏകീകരണം ഇന്ത്യയുടെ നയതന്ത്രത്തിൻ്റെയും ഉള്‍ച്ചേര്‍ക്കലിൻ്റെയും രാഷ്ട്ര നിർമാണത്തിൻ്റെയും ചൈതന്യത്തിൻ്റെ തെളിവായി നിലകൊള്ളുന്നു.


ലക്ഷ്യങ്ങൾ

താഴെ നല്‍കിയിരിക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൂന്നിയാണ് മ്യൂസിയം സംരംഭം വിഭാവനം ചെയ്തിരിക്കുന്നത്:

 

  • ഇന്ത്യയിലെ രാജകീയ ദേശങ്ങളുടെയും നാട്ടുരാജ്യങ്ങളുടെയും സമ്പന്ന പൈതൃകം രേഖപ്പെടുത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുക.  
  • ഇന്ത്യയുടെ രാജകീയ പാരമ്പര്യങ്ങളും രാഷ്ട്ര ഐക്യത്തിനും സാംസ്കാരിക സ്വത്വത്തിനും അവ നൽകിയ സംഭാവനകളും പ്രതിഫലിക്കുന്ന പുരാവസ്തുക്കള്‍ സംരക്ഷിക്കുക.  
  • സംയോജനത്തിൻ്റെ ചരിത്രപരമായ പ്രക്രിയയെക്കുറിച്ചും നാട്ടുരാജ്യങ്ങളുടെ സംഭാവനകള്‍ സംബന്ധിച്ചും ഇന്ത്യയുടെ ഭരണ-സാംസ്കാരിക ഐക്യത്തിൻ്റെ പരിണാമത്തെപ്പറ്റിയും പൊതുജനങ്ങള്‍ക്ക് അറിവ് പകരുകയും ഇടപെടുവിക്കുകയും ചെയ്യുക.  
  • ഇന്ത്യയുടെ രാജകീയ, ജനാധിപത്യ പൈതൃകത്തിൻ്റെ സംരക്ഷണത്തിനും ഗവേഷണത്തിനും പൊതു പഠനത്തിനും മികച്ച കേന്ദ്രമായി നിലകൊള്ളുക.

രൂപകല്പനയിലെ പ്രധാന  സവിശേഷതകൾ

സന്ദർശകരെ ആകർഷിക്കുന്നതിനായി മ്യൂസിയത്തിന് വിവിധ സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്.  

  • 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തില്‍നിന്ന് നിന്ന് പ്രചോദനമുൾക്കൊണ്ട് സംവേദനാത്മകവും അനുഭവപരവുമായ പഠനത്തിന് മ്യൂസിയത്തിൽ പ്രത്യേക ഗാലറി ഒരുക്കും. ആകർഷകമായ രീതിയിൽ ചരിത്ര പര്യവേക്ഷണത്തിന് ഇത് സന്ദർശകർക്ക് അവസരം നൽകുന്നു.
  • പ്രകൃതിയുമായി  ഇഴചേരുന്ന രീതിയിലാണ് മ്യൂസിയത്തിൻ്റെ വാസ്തുവിദ്യ രൂപകല്പന ചെയ്തിരിക്കുന്നത്. ജലസംഭരണികളും ജലധാരകളും ചെറുമുറ്റങ്ങളും പൂന്തോട്ടങ്ങളും ഘടനാപരമായി മ്യൂസിയത്തിൻ്റെ പ്രധാന ഭാഗങ്ങളാണ്.
  • രാജകീയ പൂന്തോട്ടങ്ങളിൽ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് സന്ദർശകരുടെ പ്രവേശനം പൂന്തോട്ടത്തിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്.  പ്രവേശനസമയത്ത് മ്യൂസിയത്തിനകത്തെ പ്രൗഢിയുടെ അടയാളമായി ഇത് മാറുന്നു.  
  • ‌രാജകീയ വിഭവങ്ങൾ ആസ്വദിച്ച് സന്ദർശകര്‍ക്ക് അനുഭവം വിലയിരുത്താവുന്ന  മ്യൂസിയം കഫേയിലാണ് സന്ദർശനം അവസാനിക്കുന്നത്.


നാല് പ്രമേയങ്ങളെ അടിസ്ഥാനമാക്കി സജ്ജീകരിച്ച ഗാലറികളടങ്ങുന്ന മ്യൂസിയം ചരിത്രപരമായ പുരാവസ്തുക്കളും രേഖകളും ഡിജിറ്റൽ അവതരണങ്ങളും ഉപയോഗിച്ച് സന്ദർശകർക്ക് സമ്പന്നവും സംവേദനാത്മകവുമായ അനുഭവം നൽകുന്നു.  

ഗാലറികളുടെ അവലോകനം

  • ഗാലറി 1: ഓറിയൻ്റേഷൻ ഗാലറി – രാജകീയ പൈതൃകങ്ങളും മ്യൂസിയത്തിൻ്റെ കഥയും ചലച്ചിത്രങ്ങളിലൂടെയും ദൃശ്യ-ശ്രാവ്യ വിവരണങ്ങളിലൂടെയും പരിചയപ്പെടുത്തുന്നു.
  • ഗാലറി 2: "സിംഹാസനവും രാജ്യവും" – രാജകുടുംബങ്ങൾ, അവരുടെ ഭരണ സംവിധാനങ്ങൾ, പാരമ്പര്യങ്ങൾ, ക്ഷേമ നയങ്ങൾ, അവര്‍ ജനങ്ങളോട് പുലര്‍ത്തിയ കരുതല്‍ എന്നിവ പ്രദർശിപ്പിക്കും.
  • വ്യൂവിംഗ് ലോഞ്ച് ആൻഡ് ഡെക്ക് – വിശ്രമിക്കാനും കാഴ്ചകൾ ആസ്വദിക്കാനുമുള്ള ഇടമായി ഇത് നിലകൊള്ളും. ഏകതാ പ്രതിമയുടെയും നർമദ നദിയുടെയും വിശാലമായ കാഴ്ചകൾ ഇവിടെ കാണാം.
  • ഗാലറി 3: "ഇന്ത്യയുടെ സംയോജനത്തിൻ്റെ കഥ" – ഇന്ത്യയുടെ രാഷ്ട്രീയ സംയോജനവുമായി ബന്ധപ്പെട്ട സംഭവങ്ങളും രേഖകളും ഇവിടെ ചിത്രീകരിക്കുന്നു.
  • ഗാലറി 4: "ഏകതാ ഹാൾ" –  നാട്ടുരാജ്യങ്ങളുടെ ചിഹ്നങ്ങളുടെയും മുദ്രകളുടെയും പ്രദര്‍ശനം, ഇന്ത്യയുടെ ഐക്യത്തിന് വേണ്ടി നാട്ടുരാജ്യങ്ങള്‍ നടത്തിയ ത്യാഗങ്ങളെ സ്മരിക്കുന്നു.  


ഉപസംഹാരം

നാട്ടുരാജ്യങ്ങളുടെ സംയോജനം സ്വതന്ത്ര ഇന്ത്യയുടെ ശ്രദ്ധേയ നേട്ടമാണ്. നാനാത്വത്തില്‍ ഏകത്വത്തിൻ്റെയും ദേശീയ വിജയത്തിൻ്റെയും പ്രതീകമാണിത്. ഇന്ത്യയിലെ രാജകീയ ദേശങ്ങളുടെ നിർദിഷ്ട മ്യൂസിയം ഈ ചരിത്രപരമായ പ്രക്രിയയെ ആഘോഷിക്കുകയും ഇന്ത്യയുടെ രാജകീയ പൈതൃകങ്ങൾ സംരക്ഷിക്കുകയും സാംസ്കാരികവും രാഷ്ട്രീയവുമായ സ്വത്വം രൂപപ്പെടുത്തുന്നതിൽ അവയുടെ പങ്ക് എടുത്തുകാണിക്കുകയും ചെയ്യും. പൈതൃകത്തെ ആധുനിക വ്യാഖ്യാനവുമായി സംയോജിപ്പിക്കുന്ന മ്യൂസിയം ഇന്ത്യയുടെ രാജകീയ ഭൂതകാലത്തിൻ്റെ ജീവസ്സുറ്റ ശേഖരമായി നിലകൊള്ളും. അഖണ്ഡവും എല്ലാവരെയും ഉൾക്കൊള്ളുന്നതും സാംസ്കാരികമായി ഊർജസ്വലവുമായ ഇന്ത്യയുടെ കാഴ്ചപ്പാടിന് മ്യൂസിയം ശക്തിപകരും.  

Click here to see PDF

***

(Backgrounder ID: 155856) Visitor Counter : 8
Provide suggestions / comments
Link mygov.in
National Portal Of India
STQC Certificate