പ്രധാന വസ്തുതകള്‍
തേനീച്ച വളര്‍ത്തല്‍ മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കായി ശാസ്ത്രീയ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര പദ്ധതിയാണ് ദേശീയ തേന്‍, തേനീച്ച വളര്‍ത്തല്‍ ദൗത്യം (National Beekeeping and Honey Mission- NBHM). 'മധുര വിപ്ലവം' യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
500 കോടി രൂപ ബജറ്റ് വിഹിതമുള്ള ഈ ദൗത്യം 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ 2025-26 സാമ്പത്തിക വര്‍ഷം വരെയാണ് നടപ്പിലാക്കുന്നത്. ദേശീയ തേനീച്ച ബോര്‍ഡാണ് (NBB) NBHM നടപ്പിലാക്കുന്നത്.
ഉത്പാദനക്ഷമത മെച്ചപ്പെടുത്തല്‍, വിളവെടുപ്പാനന്തര പരിപാലനം, ഗവേഷണ-സാങ്കേതിക സൃഷ്ടി എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 3 ചെറു ദൗത്യങ്ങളിലൂടെയാണ് NBHM നടപ്പിലാക്കുന്നത്.
2024 ല്‍ ഇന്ത്യ ഏകദേശം 1.4 ലക്ഷം മെട്രിക് ടണ്‍ ((MT) പ്രകൃതിദത്ത തേന്‍ ഉത്പാദിപ്പിച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 177.55 ദശലക്ഷം യുഎസ് ഡോളര്‍ മൂല്യമുള്ള ഏകദേശം 1.07 ലക്ഷം മെട്രിക് ടണ്‍ (MT) പ്രകൃതിദത്ത തേന്‍ കയറ്റുമതി ചെയ്തു. 2020-ല്‍ 9-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ ആഗോളതലത്തില്‍ തേന്‍ കയറ്റുമതിയില്‍ രണ്ടാമത്തെ വലിയ രാജ്യമായി ഉയര്‍ന്നു.
തേനിന്റെയും, തേനീച്ച ഉത്പന്നങ്ങളുടെയും ഉറവിടം കണ്ടെത്തുന്നതിനും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നതിനുമായി മധുക്രാന്തി പോര്‍ട്ടല്‍ ആരംഭിച്ചു.
ആമുഖം
ശാസ്ത്രീയ തേനീച്ച വളര്‍ത്തലിന്റെയും ഗുണനിലവാരമുള്ള തേനിന്റെയും മറ്റ് തേനീച്ച ഉത്പന്നങ്ങളുടെയും ഉത്പാദനത്തിനും പ്രോത്സാഹനത്തിനും സമഗ്ര വികസനത്തിനുമായി ഭാരത സര്‍ക്കാര്‍ ആരംഭിച്ച കേന്ദ്ര പദ്ധതിയാണ് ദേശീയ തേന്‍, തേനീച്ച വളര്‍ത്തല്‍ ദൗത്യം (National Beekeeping and Honey Mission- NBHM). ദേശീയ തേനീച്ച ബോര്‍ഡ് (NBB) മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിയ്ക്കായി, ആത്മനിര്‍ഭര്‍ ഭാരത് ദര്‍ശനത്തിന് കീഴില്‍ മൂന്ന് വര്‍ഷത്തേക്ക് (2020-21 മുതല്‍ 2022-23 വരെ) ബജറ്റ് വിഹിതമായി മൊത്തം 500 കോടി രൂപ പ്രഖ്യാപിച്ചു. ശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി (2023-24 മുതല്‍ 2025-26 വരെ) ദൗത്യം നീട്ടി. യഥാര്‍ത്ഥ വിഹിതത്തില്‍ നിന്നുള്ള ബാക്കി ബജറ്റ് 370 കോടി രൂപയാണ്.
ഗ്രാമീണ മേഖലയിലെ കര്‍ഷകരും ഭൂരഹിത തൊഴിലാളികളും ഏറ്റെടുക്കുന്ന കാര്‍ഷികാധിഷ്ഠിത പ്രവര്‍ത്തനമായ തേനീച്ച വളര്‍ത്തല്‍, സംയോജിത കൃഷി സമ്പ്രദായത്തിലെ അവിഭാജ്യ ഘടകമാണ്. പരാഗണത്തിലും തേനീച്ചകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അതു മുഖേന വിളവും കര്‍ഷകരുടെ വരുമാനവും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം തേന്‍, മെഴുക്, പൂമ്പൊടി, പ്രോപോളിസ്, റോയല്‍ ജെല്ലി, തേനീച്ച വിഷം തുടങ്ങിയ ഉന്നത മൂല്യമുള്ള തേനീച്ച ഉത്പന്നങ്ങളും ലഭിക്കുന്നു. ഇവയെല്ലാം ഗ്രാമീണ സമൂഹങ്ങളുടെ പ്രധാന ഉപജീവന മാര്‍ഗ്ഗങ്ങളായി വര്‍ത്തിക്കുന്നു.
നിലവിലുള്ള ഏകമുഖമായ കാര്‍ഷിക സമീപനങ്ങളെ അപേക്ഷിച്ച് കൃഷിയോടുള്ള സമഗ്ര സമീപനത്തെ വിശദീകരിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന ഒരു പദമാണ് സംയോജിത കൃഷി (ഇന്റഗ്രേറ്റഡ് ഫാമിംഗ്, അഗ്രികള്‍ച്ചറല്‍ ഫാമിംഗ്) എന്നത്. കന്നുകാലികള്‍, മത്സ്യബന്ധനം, വിള ഉത്പാദനം, തോട്ടക്കൃഷി മുതലായവ സമന്വയിക്കുന്ന കാര്‍ഷിക സംവിധാനങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന കാര്‍ഷിക-കാലാവസ്ഥാ സാഹചര്യങ്ങളില്‍ തേന്‍, തേനീച്ച വളര്‍ത്തല്‍, ഉത്പാദനം, കയറ്റുമതി എന്നിവയ്ക്ക് വമ്പിച്ച സാധ്യതകളുണ്ട്. ഗ്രാമവികസനത്തിലും കാര്‍ഷിക സുസ്ഥിരതയിലും അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ശാസ്ത്രീയവും സംഘടിതവുമായ തേനീച്ച വളര്‍ത്തലിലൂടെ ഗുണനിലവാരമുള്ള തേന്‍ ഉത്പാദനം ത്വരിതപ്പെടുത്തുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയും അഭിലാഷ സംരംഭമായ 'മധുര വിപ്ലവ' ത്തിന്റെ ഭാഗമായി ഭാരത സര്‍ക്കാര്‍ NBHM ആരംഭിച്ചു.
NBHM പ്രകാരമുള്ള ഉപ പദ്ധതികള്‍
3 ചെറു ദൗത്യങ്ങള്‍ (MMs) മുഖേനയാണ് NBHM നടപ്പിലാക്കുന്നത് - MM-I, MM-II & MM-III:
മിനി മിഷന്‍-I:
ഈ ദൗത്യത്തിന് കീഴില്‍, ശാസ്ത്രീയ തേനീച്ച വളര്‍ത്തലിന്റെ സഹായത്തോടെ പരാഗണത്തിലൂടെ വിവിധ വിളകളുടെ ഉത്പാദനത്തിനും ഉത്പാദനക്ഷമതയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കും;
മിനി മിഷന്‍-II:
തേനീച്ച വളര്‍ത്തല്‍/തേനീച്ച ഉത്പന്നങ്ങളുടെ വിളവെടുപ്പാനന്തര പരിപാലനത്തില്‍ ഈ ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും. അതില്‍ ശേഖരണം, സംസ്‌കരണം, സംഭരണം, വിപണനം, മൂല്യവര്‍ദ്ധനവ് എന്നിവ ഉള്‍പ്പെടുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
മിനി മിഷന്‍-III:
വിവിധ പ്രദേശങ്ങള്‍/സംസ്ഥാനങ്ങള്‍/കാര്‍ഷിക-കാലാവസ്ഥ, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയ്ക്കായുള്ള ഗവേഷണത്തിലും സാങ്കേതികവിദ്യാ ഉത്പാദനത്തിലും ദൗത്യം ശ്രദ്ധ കേന്ദ്രീകരിക്കും.
NBHM ന്റെ ലക്ഷ്യങ്ങള്‍
NBHM ന്റെ പ്രധാന ലക്ഷ്യങ്ങള്‍ ഇനിപ്പറയുന്നു:
വരുമാനവും തൊഴിലും സൃഷ്ടിക്കുന്നതിനായി തേനീച്ച വളര്‍ത്തല്‍ വ്യവസായത്തിന്റെ സമഗ്രമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക, കാര്‍ഷികേതര കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കുക, കൃഷി/ഹോര്‍ട്ടികള്‍ച്ചര്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുക;
തേനീച്ചകളുടെ ഗുണമേന്മയുള്ള ന്യൂക്ലിയസ് സ്റ്റോക്ക് വികസിപ്പിക്കുന്നതിനും, തേനീച്ച ബ്രീഡര്‍മാരുടെ സ്റ്റോക്കിന്റെ വര്‍ദ്ധനവ്, തേന്‍ സംസ്്കരണ പ്ലാന്റുകള്‍, സംഭരണശാലകള്‍/ശീതീകരണ സംവിധാനങ്ങള്‍, ശേഖരണം, ബ്രാന്‍ഡിംഗ്, വിപണനം മുതലായവ ഉള്‍പ്പെടെയുള്ള വിളവെടുപ്പാനന്തര, വിപണന അടിസ്ഥാന സൗകര്യങ്ങള്‍ക്കായി അധിക അടിസ്ഥാന സൗകര്യങ്ങളുടെ വികസനം;
തേനും മറ്റ് തേനീച്ച ഉത്പന്നങ്ങളും പരിശോധിക്കുന്നതിനായി പ്രാദേശിക തലങ്ങളില്‍ അത്യാധുനിക ഗുണനിലവാര നിയന്ത്രണ ലാബുകളും പ്രധാന തേന്‍ ഉത്പാദന ജില്ലകളില്‍/സംസ്ഥാനങ്ങളില്‍ ജില്ലാ തലങ്ങളില്‍ മിനി/സാറ്റലൈറ്റ് ലാബുകള്‍ സ്ഥാപിക്കല്‍;
തേനിന്റെയും മറ്റ് തേനീച്ച ഉത്പന്നങ്ങളുടെയും ഉറവിടം കണ്ടെത്തുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള തേനീച്ച വളര്‍ത്തലില്‍ ഐടി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള ബ്ലോക്ക്‌ചെയിന്‍/ട്രേസബിലിറ്റി സംവിധാനം വികസിപ്പിക്കുക;
സാധ്യതയുള്ള മേഖലകളില്‍ തേന്‍ ഇടനാഴികള്‍ വികസിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുക;
തേനീച്ച വളര്‍ത്തല്‍/തേന്‍ ഉത്പാദനത്തില്‍ പങ്കാളിത്തത്തിനായി കാര്‍ഷിക സംരംഭകരെയും കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുക;
തേനീച്ച വളര്‍ത്തുന്നവരും വ്യാപാരികളും/തേന്‍ സംസ്‌കരണ സ്ഥാപനങ്ങളും /കയറ്റുമതി സ്ഥാപനങ്ങളും തമ്മിലുള്ള വ്യാപാര കരാറുകള്‍ പ്രോത്സാഹിപ്പിക്കുക;
തേനും മറ്റ് ഉന്നത മൂല്യമുള്ള തേനീച്ച ഉത്പന്നങ്ങളും ഉത്പാദിപ്പിക്കുന്നതിനായി തേനീച്ച വളര്‍ത്തല്‍ വ്യവസായത്തിലെ നൂതന സാങ്കേതിക വിദ്യകളും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കുക, വികസിപ്പിക്കുക, പ്രചരിപ്പിക്കുക;
തേനീച്ച വളര്‍ത്തലിലൂടെ വനിതാ ശാക്തീകരണം;
ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി ഉയര്‍ന്ന അളവിലും ഗുണനിലവാരത്തിലുമുള്ള തേനും മറ്റ് ഉന്നത മൂല്യമുള്ള തേനീച്ച ഉത്പന്നങ്ങളും ഉത്പാദിപ്പിച്ച് തേനീച്ചവളര്‍ത്തലിലൂടെയും വൈവിധ്യവത്കരണത്തിലൂടെയും പരമാവധി സാമ്പത്തിക, പാരിസ്ഥിതിക, സാമൂഹിക നേട്ടങ്ങള്‍ കൈവരിക്കുക; കൂടാതെ
സ്വയം സഹായ സംഘങ്ങള്‍/കര്‍ഷക ഉത്പാദക സംഘടനകള്‍/തേനീച്ച വളര്‍ത്തല്‍ സഹകരണ സംഘങ്ങള്‍/ഫെഡറേഷനുകള്‍ തുടങ്ങിയവയുടെ കൂട്ടായ സമീപനത്തിലൂടെ സ്ഥാപനപരമായ ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ട് തേനീച്ച വളര്‍ത്തുന്നവരെ ശാക്തീകരിക്കുക.
NBHM ന്റെ പുരോഗതിയും നേട്ടങ്ങളും
2024 വിപണന വര്‍ഷത്തില്‍ (ജനുവരി മുതല്‍ ഡിസംബര്‍ വരെ) ഇന്ത്യ ഏകദേശം 1.4 ലക്ഷം മെട്രിക് ടണ്‍ (MT) പ്രകൃതിദത്ത തേന്‍ ഉത്പാദിപ്പിച്ചു. കൂടാതെ, NBHM ന്റെ പുരോഗതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ ഉദ്യമങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നു:
2025 മാര്‍ച്ച് വരെ NBHMന് കീഴില്‍ 6 ലോകോത്തര തേന്‍ പരിശോധനാ ലാബുകള്‍, 47 മിനി തേന്‍ പരിശോധനാ ലാബുകള്‍, 6 രോഗനിര്‍ണയ ലാബുകള്‍, 8 കസ്റ്റം ഹയറിംഗ് സെന്ററുകള്‍, 26 തേന്‍ സംസ്‌കരണ യൂണിറ്റുകള്‍, 12 തേനീച്ച വളര്‍ത്തല്‍ ഉപകരണ യൂണിറ്റ്, 18 കളക്ഷന്‍-ബ്രാന്‍ഡിംഗ് & മാര്‍ക്കറ്റിംഗ് യൂണിറ്റുകള്‍, 10 പാക്കേജിംഗ്, കോള്‍ഡ് സ്റ്റോറേജ് എന്നിവ അനുവദിച്ചിട്ടുണ്ട്.
NBHM-ന്റെ അനുമതി ലഭിച്ച പദ്ധതികള്‍ക്ക് കീഴില്‍ 424 ഹെക്ടര്‍ ഭൂമി തേനീച്ച വളര്‍ത്തലിന്റെ സാങ്കേതിക പ്രദര്‍ശനത്തിനും 288 ഹെക്ടര്‍ ഭൂമി തേനീച്ച സൗഹൃദ സസ്യങ്ങളുടെ നടീലിനായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിവിധ സംസ്ഥാനങ്ങളിലെ സ്വയം സഹായ സംഘങ്ങളെ NBHM-ന് കീഴില്‍ കൊണ്ടുവന്ന് വനിതാ ശാക്തീകരണത്തിനായി 167 പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.
റൂര്‍ക്കി ഐഐടിയില്‍ ദേശീയ തേനീച്ച വളര്‍ത്തല്‍ കേന്ദ്രം അനുവദിച്ചു
തേനീച്ച വളര്‍ത്തല്‍ മേഖലയുടെ ആവശ്യപ്രകാരം കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) ഒരു മെട്രിക് ടണ്ണിന് (PMT) 2,000 യുഎസ് ഡോളര്‍ (1.67 ലക്ഷം രൂപ), അതായത് ഒരു കിലോ തേനിന് 167.10 രൂപ എന്ന കുറഞ്ഞ കയറ്റുമതി വില (MEP) ഏര്‍പ്പെടുത്തി. പ്രഖ്യാപിച്ച MEP 2024 ഡിസംബര്‍ 31 വരെ പ്രാബല്യത്തിലുണ്ടായിരുന്നു.
തേനിന്റെയും മറ്റ് തേനീച്ച ഉത്പന്നങ്ങളുടെയും ഉറവിടം കണ്ടെത്തുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുമായി മധുക്രാന്തി പോര്‍ട്ടല്‍ ആരംഭിച്ചു. 2025 ഒക്ടോബര്‍ 14 വരെ ഏകദേശം 14,859 തേനീച്ച വളര്‍ത്തലുകാര്‍, 269 തേനീച്ച വളര്‍ത്തല്‍-തേന്‍ സഹകരണ സംഘങ്ങള്‍, 150 സ്ഥാപനങ്ങള്‍, 206 കമ്പനികള്‍ എന്നിവ മധുക്രാന്തി പോര്‍ട്ടലില്‍ NBB-യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
NBHM ന് കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനായി NBHM ന് കീഴില്‍,10,000 FPO കള്‍, തേനീച്ച വളര്‍ത്തുന്നവരുടെയും തേന്‍ ഉത് പാദകരുടെയും 100 FPO കള്‍ എന്നിവ TRIFED (14), NAFED (60), NDDB (26) എന്നിവയിലേക്ക് അനുവദിച്ചു. NBB ക്ക് അനുവദിച്ച ആകെ 100 FPO കളില്‍ 2025 മാര്‍ച്ച് വരെ തേനീച്ച വളര്‍ത്തുന്നവരുടെയും തേന്‍ ഉല്‍പാദകരുടെയും 97 FPO കള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്/രൂപീകരിച്ചിട്ടുണ്ട്.
2025 മാര്‍ച്ച് വരെ, NBHM ന്റെ വ്യവസ്ഥകള്‍ പ്രകാരം ആകെ രജിസ്റ്റര്‍ ചെയ്ത 298 ഉത്പാദകര്‍ക്ക് പ്രയോജനം ലഭിച്ചു.
ഇന്ത്യയില്‍ നിന്നുള്ള പ്രകൃതിദത്ത തേനിന്റെ കയറ്റുമതി
റാപ്‌സീഡ്/കടുക് തേന്‍, യൂക്കാലിപ്റ്റ്‌സ് തേന്‍, ലിച്ചി തേന്‍, സൂര്യകാന്തി തേന്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത തേനുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. തേന്‍ ഉത്പാദിപ്പിക്കുന്ന പ്രധാന ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇവയാണ്: ഉത്തര്‍പ്രദേശ് (17%), പശ്ചിമ ബംഗാള്‍ (16%), പഞ്ചാബ് (14%), ബീഹാര്‍ (12%), രാജസ്ഥാന്‍ (9%).
2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 1.07 ലക്ഷം മെട്രിക് ടണ്‍ (MT) പ്രകൃതിദത്ത തേന്‍ കയറ്റുമതി ചെയ്തു. അതിന്റെ മൂല്യം 177.52 ദശലക്ഷം യുഎസ് ഡോളര്‍ വരും. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 96.77 ദശലക്ഷം യുഎസ് ഡോളര്‍ മൂല്യമുള്ള 59,999 മെട്രിക് ടണ്‍ പ്രകൃതിദത്ത തേന്‍ കയറ്റുമതി ചെയ്തു. കയറ്റുമതിയില്‍ പ്രശംസനീയമായ വളര്‍ച്ചയായി ഇത് കണക്കാക്കപ്പെടുന്നു.
യുഎസ്എ, യുഎഇ, സൗദി അറേബ്യ, ഖത്തര്‍, ലിബിയ എന്നിവ പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനങ്ങള്‍
കാര്‍ഷിക, സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്ന കയറ്റുമതി വികസന അതോറിറ്റിയും (APEDA) ക്രിസിലും (Crisil) സംയുക്തമായി തയ്യാറാക്കിയ മന്ത്‌ലി ഡാഷ്‌ബോര്‍ഡ് ഫോര്‍ ഹണി ജൂലൈ 2025 പ്രകാരം, ആഗോളതലത്തില്‍ ചൈനയ്ക്ക് ശേഷം രണ്ടാമത്തെ വലിയ തേന്‍ കയറ്റുമതി രാജ്യമാണ് ഇന്ത്യ. 2020 വിപണന വര്‍ഷത്തില്‍ ഇത് 9-ാം സ്ഥാനത്തായിരുന്നു.
ദേശീയ തേനീച്ച ബോര്‍ഡ് (NBB)
1860 ലെ സൊസൈറ്റീസ് രജിസ്‌ട്രേഷന്‍ ആക്ട് XXI പ്രകാരം 2000 ജൂലൈ 19 ന് ദേശീയ തേനീച്ച ബോര്‍ഡ് ഒരു സഹകരണ സംഘമായി രജിസ്റ്റര്‍ ചെയ്യുകയും 2006 ജൂണില്‍ സെക്രട്ടറി (A&C) യുടെ അധ്യക്ഷതയില്‍ പുനഃസംഘടിപ്പിക്കുകയും ചെയ്തു. സമഗ്ര വികസനം, രാജ്യത്ത് ശാസ്ത്രീയ തേനീച്ച വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കല്‍, പരാഗണത്തിലൂടെ വിളകളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക, തേനീച്ച വളര്‍ത്തുന്നവരുടെയും കര്‍ഷകരുടെയും വരുമാനം വര്‍ദ്ധിപ്പിക്കുക എന്നിവയാണ് NBB യുടെ പ്രധാന ലക്ഷ്യങ്ങള്‍. രാജ്യത്ത് ശാസ്ത്രീയ തേനീച്ച വളര്‍ത്തലിന്റെ സമഗ്ര വികസനത്തിനും പ്രോത്സാഹനത്തിനുമായി NBB യെ നോഡല്‍ ഏജന്‍സിയായി നിയമിച്ചിട്ടുണ്ട്/അംഗീകരിച്ചിട്ടുണ്ട്. NBHM എന്ന പദ്ധതി നടപ്പിലാക്കുന്നത് NBB ആണ്.
രാജ്യവ്യാപക നിര്‍വ്വഹണ ഘടന
|
Level
|
Key Institutions / Committees
|
Main Functions
|
|
National Level
|
Mission / PMU (Project Management Unit)
|
Overall coordination, monitoring, and management of NBHM
|
| |
General Council / National Level Steering Committee (GC/NLSC)
|
Apex body giving policy direction, review, and guidance
|
| |
Project Approval & Monitoring Committee (PA&MC)
|
Approval and monitoring of projects under NBHM
|
| |
Executive Committee (EC)
|
Examination and approval of project proposals received in NBB
|
| |
Project Appraisal Committee (PAC)
|
Appraisal and recommendation of project proposals
|
| |
National Level Nodal Agency
|
Central implementing and coordinating agency
|
|
State Level
|
State Level Steering Committee (SLSC)
|
Approval, implementation, and monitoring of state-level activities
|
| |
District Level Committee (DLC)
|
District-level approval, monitoring, and coordination
|
|
Implementing Agencies
|
State Departments, NDDB, NAFED, ICAR, KVIC, TRIFED, SRLM/NRLM, MSME bodies, and NBB member institutions
|
Field-level implementation, training, infrastructure creation, and
|
ഗ്രാമീണ ഇന്ത്യയില്‍ തേനീച്ച വളര്‍ത്തലിലെ വിജയഗാഥകള്‍
മേഘാലയയിലെ നോങ്തിമ്മായി ഗ്രാമത്തില്‍, ഏറെക്കാലമായി തേനീച്ച വളര്‍ത്തല്‍ ഒരു പരമ്പരാഗത രീതിയാണ്. കുടുംബങ്ങള്‍ക്ക് ഇത് ആരോഗ്യവും ഉന്മേഷവും പകരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരുകാലത്ത് കേവലം ഹോബിയായിരുന്ന ഇത് ഇപ്പോള്‍ കുടുംബങ്ങളുടെ പ്രധാന വരുമാന സ്രോതസായി മാറിയിരിക്കുന്നു. ഉംസ്‌നിംഗ് എന്റര്‍പ്രൈസ് ഫെസിലിറ്റേഷന്‍ സെന്റര്‍ (EFC) മുഖേന പരിശീലനം നേടിയ ശേഷം ഉത്സാഹപൂര്‍വ്വം തേനീച്ച വളര്‍ത്തല്‍ ആരംഭിച്ച ശ്രീ സ്റ്റീവന്‍സണ്‍ ഷാദപ്, അതിനെ ലാഭകരമായ ഒരു സംരംഭമാക്കി മാറ്റി. തേനീച്ച കോളനികള്‍ വികസിപ്പിക്കുന്നതിലൂടെയും ഉത്പാദനവും പാക്കേജിംഗും മെച്ചപ്പെടുത്തുന്നതിലൂടെയും, നോങ്‌പോ, ഷില്ലോംഗ് വിപണികളിലെ തേന്‍ വില്‍പ്പനയിലൂടെ മാത്രം ഇപ്പോള്‍ പ്രതിവര്‍ഷം 1 മുതല്‍ 2 ലക്ഷം രൂപ വരെ സമ്പാദിക്കുന്നു. വിതരണത്തേക്കാള്‍ കൂടുതലാണ് ആവശ്യക്കാര്‍. അദ്ദേഹത്തിന്റെ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, കൂട്ടായ തേന്‍ ഉത്പാദനം, പാക്കേജിംഗ്, വിപണനം, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്കായി ഒരു തേനീച്ച വളര്‍ത്തല്‍ സഹകരണ സംഘം രൂപീകരിക്കുന്നു. മേഘാലയയുടെ തേനീച്ച വളര്‍ത്തല്‍ ദൗത്യം വലിയ വിപണികളിലേക്ക് വികസിക്കാനും ഒരു തലമുറയുടെ തന്നെ ഉപജീവനമാര്‍ഗ്ഗം നിലനിര്‍ത്താനും സഹായിക്കുമെന്ന് ശ്രീ ഷാദപ് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നു.

ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍, ഭരണകൂട പിന്തുണയിലൂടെയും വ്യക്തിഗത സംരംഭങ്ങളിലൂടെയും വരുമാന വൈവിധ്യവത്ക്കരണത്തിന്റെ പ്രധാന സംരംഭമായി തേനീച്ച വളര്‍ത്തല്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. തേനീച്ച വളര്‍ത്തുന്ന പുതിയ ആളുകള്‍ക്ക് 40% സബ്സിഡിയോടെ 2,000 കോളനികള്‍ നല്‍കിക്കൊണ്ടും ഗുല്‍ഗാമില്‍ പ്രതിദിനം 2 ക്വിന്റല്‍ ശേഷിയുള്ള 25 ലക്ഷം രൂപ തേന്‍ സംസ്‌കരണ, ബോട്ടിലിംഗ് പ്ലാന്റ് സ്ഥാപിച്ചുകൊണ്ടും, വിശാലമായ വിപണികള്‍ക്കായി 'കുപ്വാര തേന്‍' എന്ന് ബ്രാന്‍ഡ് ചെയ്തും സര്‍ക്കാര്‍ ആപിസ് മെല്ലിഫെറ തേനീച്ചകളുടെ വളര്‍ത്തല്‍ പ്രോത്സാഹിപ്പിച്ചു. അഞ്ച് കോളനികളില്‍ നിന്ന് ആരംഭിച്ച സാക്കിര്‍ ഹുസൈന്‍ ഭട്ടിനെപ്പോലുള്ള പ്രാദേശിക യുവാക്കള്‍ ഇപ്പോള്‍ പ്രതിവര്‍ഷം 200 ക്വിന്റല്‍ തേന്‍ ഉത്പാദിപ്പിക്കുന്ന 200 ലധികം കോളനികള്‍ കൈകാര്യം ചെയ്യുകയും മറ്റുള്ളവര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു. സര്‍ക്കാരിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പിന്തുണയോടെ, 500-ലധികം കര്‍ഷകര്‍ ഇപ്പോള്‍ പ്രതിവര്‍ഷം 480 ക്വിന്റല്‍ ജൈവ തേന്‍ ഉത്പാദിപ്പിക്കുന്നു, ഇതിലൂടെ 3 കോടിയുടെ വിറ്റുവരവ് സൃഷ്ടിച്ചു. വിപണി പ്രവേശനവും വിലയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 'കുപ് വാര ജൈവ തേന്‍' ജിഐ ടാഗുചെയ്യുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു.

ഉപസംഹാരം
ദേശീയ തേന്‍, തേനീച്ച വളര്‍ത്തല്‍ ദൗത്യം (National Beekeeping and Honey Mission- NBHM) ഭാരത സര്‍ക്കാരിന്റെ നിര്‍ണായകവും ബഹുമുഖവുമായ സംരംഭങ്ങളെ പ്രതിനിധീകരിക്കുന്നു, മൂന്ന് ചെറു ദൗത്യങ്ങളിലൂടെയും ധനസഹായത്തിലൂടെയും ഘടനാപരമായ നിര്‍വ്വഹണ പദ്ധതിയിലൂടെയും ശാസ്ത്രീയ തേനീച്ച വളര്‍ത്തലിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ അഭിലഷണീയമായ 'മധുര വിപ്ലവത്തെ' മുന്നോട്ട് നയിക്കുന്നു. പരമ്പരാഗത രീതികളില്‍ നിന്ന് കരുത്തുറ്റതും സാങ്കേതിക വിദ്യാധിഷ്ഠിതവുമായ ഒരു വ്യവസായമാക്കി NBHM തേനീച്ച വളര്‍ത്തലിനെ വിജയകരമായി പരിവര്‍ത്തനം ചെയ്യുന്നു.
അവലംബം:
Ministry of Agriculture and Farmers Welfare
Annual Report (2024-25): https://www.agriwelfare.gov.in/Documents/HomeWhatsNew/AR_Eng_2024_25.pdf
https://sansad.in/getFile/annex/267/AU2415_c1unCP.pdf?source=pqars
https://nbb.gov.in/Archive/Guidelines.pdf
https://madhukranti.in/NBB/
Ministry of Commerce and Industry
https://apeda.gov.in/sites/default/files/2025-08/MIC_July_Monthly_dashboard_Honey_260825.pdf
https://www.pib.gov.in/PressReleasePage.aspx?PRID=1787763
https://apeda.gov.in/NaturalHoney
NABARD
https://www.nabard.org/auth/writereaddata/careernotices/0810180025ADS%20Alappuzha%20edited.pdf
Niti Aayog
https://www.niti.gov.in/honeyed-shot-arm-aatmanirbhar-bharat
Meghalaya Government
https://megipr.gov.in/docs/Success%20Stories_2.pdf
Jammu and Kashmir Government
https://kupwara.nic.in/achievements/success-story-apiculture-sector/
Click here for pdf file
****