• Skip to Content
  • Sitemap
  • Advance Search
Others

ഇന്ത്യ-എത്യോപ്യ ബന്ധം

Posted On: 17 DEC 2025 6:00PM

പ്രധാന വസ്തുതകൾ

  • പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ഡിസംബർ 16-17 തീയതികളിൽ തന്റെ ആദ്യ ഉഭയകക്ഷി സന്ദർശനത്തിനായി എത്യോപ്യ സന്ദർശിച്ചു.
  • ആഡിസ് അബാബ സന്ദർശനത്തിനിടെ രാജ്യത്തെ പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യനൽകി അദ്ദേഹത്തെ ആദരിച്ചു.
  • ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയർത്തി. ഇത് സഹകരണത്തിന്റെ പുതിയ ഘട്ടത്തെ അടയാളപ്പെടുത്തുന്നു.
  • എത്യോപ്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ഒരു ഡാറ്റാ സെന്റർ സ്ഥാപിക്കുന്നതിനും ജി20 പൊതു ചട്ടക്കൂടിന് കീഴിലുള്ള കടം പുനഃക്രമീകരിക്കുന്നതിനുമുള്ള കരാറുകൾ ഉൾപ്പെടെ എട്ട് ധാരണാപത്രങ്ങളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
  • എത്യോപ്യൻ ഇൻവെസ്റ്റ്‌മെന്റ് കമ്മീഷനിൽ 675-ലധികം ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിർമ്മാണ മേഖലയിലും ഫാർമസ്യൂട്ടിക്കൽ മേഖലയിലുമായി 6.5 ബില്യൺ ഡോളറിലധികം നിക്ഷേപം ഇന്ത്യ നടത്തിയിട്ടുണ്ട്. ഇത് 75,000-ലധികം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു.
  • ഫോറിൻ ഓഫീസ് കൺസൾട്ടേഷനുകൾ, സംയുക്ത വ്യാപാര സമിതി യോഗങ്ങൾ തുടങ്ങിയ ഘടനാപരമായ സംഭാഷണങ്ങൾ ഉഭയകക്ഷി ബന്ധങ്ങളെ പിന്തുണയ്ക്കുന്നു.
  • ജി20, ബ്രിക്സ് ഉച്ചകോടികളിലെ പ്രധാനമന്ത്രിതല കൂടിക്കാഴ്ചകളിലൂടെയും വിദേശകാര്യ മന്ത്രിമാരുടെ നിരന്തരമായ ഇടപെടലുകളിലൂടെയും ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ ഇടപെടൽ നിലനിർത്തുന്നു.
  • 2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-എത്യോപ്യ മൊത്തം വ്യാപാരം 550.19 ദശലക്ഷം യുഎസ് ഡോളറാണ്. ഇതിൽ ഇന്ത്യൻ കയറ്റുമതി 476.81 ദശലക്ഷം ഡോളറും ഇറക്കുമതി 73.38 ദശലക്ഷം ഡോളറുമാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് ഒരു കയറ്റുമതി കേന്ദ്രീകൃത ബന്ധമാണ്.

 

ആമുഖം

2025 ഡിസംബർ 15 മുതൽ 18 വരെയുള്ള ജോർദാൻ, എത്യോപ്യ, ഒമാൻ എന്നിവിടങ്ങളിലേക്കുള്ള ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 16-17 തീയതികളിൽ എത്യോപ്യ സന്ദർശിച്ചു. എത്യോപ്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമായിരുന്നു ഇത്. ആഡിസ് അബാബയിലെത്തിയ പ്രധാനമന്ത്രി മോദി എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി ഉഭയകക്ഷി വിഷയങ്ങളിലും പരസ്പര താല്പര്യമുള്ള വിഷയങ്ങളിലും വിപുലമായ ചർച്ചകൾ നടത്തി.

ഇന്ത്യ-എത്യോപ്യ ബന്ധം ചരിത്രപരമായ വേരുകളുള്ളതും ആധുനിക രാഷ്ട്രീയ-സാമ്പത്തിക സഹകരണത്താൽ ദൃഢവുമാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രവും BRICS കൂട്ടായ്മയിലെ അംഗവും ഗ്ലോബൽ സൗത്തിലെ നിർണ്ണായക ശക്തിയുമായ എത്യോപ്യ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരവും ദീർഘകാലമായി നിലനിൽക്കുന്നതുമായ ഒരു വികസന പങ്കാളിയാണ്.

ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന് 2,000 വർഷത്തിലേറെ പഴക്കമുണ്ട്. എഡി ഒന്നാം നൂറ്റാണ്ടിലെ അക്സുമൈറ്റ് സാമ്രാജ്യത്തിന്റെ കാലം മുതൽക്കേ വ്യാപാരം സജീവമായിരുന്നു. ആറാം നൂറ്റാണ്ടിൽ പുരാതനമായ അഡുലിസ് തുറമുഖം വഴി ഇന്ത്യൻ വ്യാപാരികൾ പട്ടും സുഗന്ധവ്യഞ്ജനങ്ങളും നൽകി പകരം സ്വർണ്ണവും ആനക്കൊമ്പും വ്യാപാരം ചെയ്തിരുന്നു. പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ നിന്നുള്ള ഇന്ത്യക്കാർ പോർച്ചുഗീസ് സൈന്യത്തോടൊപ്പം ചേർന്ന് എത്യോപ്യൻ രാജാവിനെ അധിനിവേശക്കാർക്കെതിരെ പോരാടാൻ സഹായിച്ചിട്ടുണ്ട്. 1936 മുതൽ 1941 വരെ നീണ്ടുനിന്ന ഇറ്റലിയുടെ അധിനിവേശം അവസാനിപ്പിക്കാൻ സഹായിച്ച ബ്രിട്ടീഷ് സേനയിൽ വലിയൊരു വിഭാഗം ഇന്ത്യൻ സൈനികരുണ്ടായിരുന്നു.

1950-ലാണ് ഇന്ത്യയും എത്യോപ്യയും തമ്മിൽ ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചത്. വ്യാപാരം, നിക്ഷേപം, ശേഷി വർദ്ധിപ്പിക്കൽ, വികസന സഹകരണം എന്നിങ്ങനെ വിവിധ മേഖലകളിലേക്ക് ഈ ബന്ധം ഇന്ന് വളർന്നിരിക്കുന്നു. ഇന്ത്യ എത്യോപ്യയുടെ ആഫ്രിക്കയിലെ പ്രമുഖ വ്യാപാര പങ്കാളികളിൽ ഒന്നായി ഉയർന്നുവരുന്നു. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കേന്ദ്രീകൃതമായ വ്യാപാരമാണ് ഈ ബന്ധത്തിന്റെ നെടുംതൂൺ.

G20, BRICS ഉച്ചകോടികളിലെ പ്രധാനമന്ത്രിതല കൂടിക്കാഴ്ചകളിലൂടെയും കൃത്യമായ ഇടവേളകളിൽ നടക്കുന്ന മന്ത്രിതല ചർച്ചകളിലൂടെയും ഈ രാഷ്ട്രീയ ബന്ധം ശക്തമായി തുടരുന്നു. സംയുക്ത വ്യാപാര സമിതികൾ പോലുള്ള സംവിധാനങ്ങളും എത്യോപ്യയിലെ ഇന്ത്യൻ നിക്ഷേപത്തിന്റെ സാന്നിധ്യവും ഈ പങ്കാളിത്തത്തോടുള്ള ഇന്ത്യയുടെ ദീർഘകാല പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.

ഇന്ത്യ-എത്യോപ്യ ഉഭയകക്ഷി ബന്ധം - വർഷങ്ങളിലൂടെ

വിവിധ മേഖലകളിൽ നടന്നുവരുന്ന ഔദ്യോഗിക സന്ദർശനങ്ങളിലൂടെയും ബഹുരാഷ്ട്ര ഉച്ചകോടികളോടനുബന്ധിച്ച് പ്രധാനമന്ത്രിമാർ തമ്മിൽ നടന്ന കൂടിക്കാഴ്ചകളിലൂടെയും ഇന്ത്യയും എത്യോപ്യയും ശക്തമായ ഉഭയകക്ഷി ബന്ധം നിലനിർത്തുന്നു.

ഉന്നതതല രാഷ്ട്രീയ ഇടപെടലുകൾ

ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ഉന്നതതല ബന്ധം വളരെ ശക്തമാണ്. 2025 നവംബർ 22-ന് ജോഹന്നാസ്ബർഗിൽ നടന്ന ജി20 ഉച്ചകോടിക്കിടയിലും അതിനുമുമ്പ് 2023 ഓഗസ്റ്റ് 24-ന് നടന്ന BRICS ഉച്ചകോടിക്കിടയിലും ഇന്ത്യൻ പ്രധാനമന്ത്രി എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദുമായി കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യ, നൈപുണ്യ വികസനം, പാർലമെന്ററി ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഐസിടി (ICT), കൃഷി, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ഈ യോഗങ്ങളിൽ അവർ ചർച്ച ചെയ്തു. കൂടാതെ, 2023 നവംബറിലും 2024 ഓഗസ്റ്റിലും ഇന്ത്യയുടെ അധ്യക്ഷതയിൽ നടന്ന രണ്ടാമത്തെയും മൂന്നാമത്തെയും 'വോയ്‌സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിയിൽ' എത്യോപ്യൻ പ്രധാനമന്ത്രി പങ്കെടുത്തു. കോവിഡ്-19 മഹാമാരിക്കാലത്ത് ഇരു നേതാക്കളും ടെലിഫോണിൽ സംഭാഷണം നടത്തുകയും പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വിദേശകാര്യ മന്ത്രിതലത്തിലും കൃത്യമായ ഇടവേളകളിൽ ചർച്ചകൾ നടന്നിട്ടുണ്ട്. 2025 ഫെബ്രുവരി 20-ന് ജോഹന്നാസ്ബർഗിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എത്യോപ്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നേരത്തെ 2024 സെപ്റ്റംബറിൽ 79-ാമത് യുഎൻ പൊതുസഭയുടെ ഭാ​ഗമായി ഇവർ തമ്മിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വിദേശകാര്യ മന്ത്രി ശ്രീ എസ്.ജയശങ്കർ 2023 ജൂണിലും ഏപ്രിലിലും ആഡിസ് അബാബ സന്ദർശിച്ച് വിദ്യാഭ്യാസം, ആരോഗ്യം, നിക്ഷേപം, വികസന പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ചർച്ചകൾ നടത്തി. കൂടാതെ, ഇന്ത്യൻ വിദേശകാര്യ മന്ത്രി 2022 സെപ്റ്റംബർ 21-നും 2021 സെപ്റ്റംബർ 26-നും ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്ട്ര പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് എത്യോപ്യൻ ഉപപ്രധാനമന്ത്രിയുമായും വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. 2021 ഓഗസ്റ്റ് 27-ന് വിദേശകാര്യ മന്ത്രി എത്യോപ്യൻ വിദേശകാര്യ മന്ത്രിയുമായി ടെലിഫോണിലൂടെ സംസാരിക്കുകയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും യു.എൻ. രക്ഷാസമിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ചർച്ച ചെയ്യുകയും ചെയ്തു.

സമീപകാലത്ത് നടന്ന ഔദ്യോഗിക സന്ദർശനങ്ങളും ഇടപെടലുകളും

 

അന്താരാഷ്ട്ര സൗര സഖ്യത്തിന്റെ ഡയറക്ടർ ജനറൽ 2025 ഓഗസ്റ്റ് 11-15 തീയതികളിൽ എത്യോപ്യ സന്ദർശിച്ചു. എത്യോപ്യയിലെ സോളാർ ഊർജ്ജ വികസന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി അദ്ദേഹം ജല-ഊർജ്ജ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

2024 ജൂലൈ 21 മുതൽ 27 വരെ ആഡിസ് അബാബയിൽ നടന്ന നാലാമത് അന്താരാഷ്ട്ര ധനസഹായ വികസന സമ്മേളനത്തിന്റെ ആദ്യ പ്രിപ്പറേറ്ററി കമ്മിറ്റി സെഷനിൽ ധനകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുത്തു.

വരാനിരിക്കുന്ന നാലാമത് ഇന്ത്യ-ആഫ്രിക്ക ഫോറം സമ്മിറ്റിന് മുന്നോടിയായുള്ള പ്രിപ്പറേറ്ററി മീറ്റിംഗുകൾക്കായി സെക്രട്ടറി (ER) എത്യോപ്യ സന്ദർശിച്ചു.

2024 ജനുവരി 28 മുതൽ 31 വരെ ആഡിസ് അബാബയിൽ നടന്ന 'ഗ്ലോബൽ ചീറ്റ സമ്മിറ്റിൽ' പ്രോജക്ട് ടൈഗർ & എലിഫന്റ് അഡീഷണൽ ഡിജി നയിച്ച ഇന്ത്യൻ പ്രതിനിധി സംഘം പങ്കെടുത്തു.

ജോയിന്റ് സെക്രട്ടറി / ഡയറക്ടർ ജനറൽ തലത്തിലുള്ള ആറാമത് സംയുക്ത വ്യാപാര സമിതി യോഗം 2023 നവംബർ 6-7 തീയതികളിൽ ആഡിസ് അബാബയിൽ നടന്നു.

സർവ്വകക്ഷി പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ എത്യോപ്യൻ സന്ദർശനം (2025 മെയ് 30 - ജൂൺ 01)

ശ്രീമതി സുപ്രിയ സുലെയുടെ നേതൃത്വത്തിലുള്ള ഒരു സർവ്വകക്ഷി പാർലമെന്ററി പ്രതിനിധി സംഘം 2025 മെയ് 30 മുതൽ ജൂൺ 01 വരെ എത്യോപ്യ സന്ദർശിച്ചു. ഏപ്രിൽ 22-ന് പഹൽഗാമിലുണ്ടായ ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, തുടർന്നുള്ള സംഭവവികാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആസൂത്രണം ചെയ്ത നാല് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന്റെ ഭാഗമായിരുന്നു ഈ സന്ദർശനം. സന്ദർശന വേളയിൽ, പ്രതിനിധി സംഘം മുൻ എത്യോപ്യൻ പ്രധാനമന്ത്രി ഹൈലെമറിയം ഡെസലെൻ, പ്രോസ്പിരിറ്റി പാർട്ടി ഡെപ്യൂട്ടി ചെയർപേഴ്സണും ഉപപ്രധാനമന്ത്രിയുമായ ആദം ഫറ, ജനപ്രതിനിധി സഭയുടെ സ്പീക്കർ ടഗെസെ ചാഫോ, ആഫ്രിക്കൻ യൂണിയൻ പ്രതിനിധികൾ എന്നിവരുൾപ്പെടെയുള്ള വിശിഷ്ട വ്യക്തികളുമായി വിപുലമായ ചർച്ചകൾ നടത്തി. കൂടാതെ മാധ്യമപ്രവർത്തകർ, അക്കാദമിക് വിദഗ്ധർ, ജനങ്ങൾ, വിദഗ്ധ സമിതി, എത്യോപ്യയിലെ ഇന്ത്യൻ പ്രവാസികൾ എന്നിവരുമായും അവർ സംവദിച്ചു. ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടായ 'സീറോ ടോളറൻസ്' എന്ന വിഷയത്തിലായിരുന്നു ചർച്ചകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ എത്യോപ്യ ഇന്ത്യയ്ക്ക് ശക്തമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഭീകരവാദത്തെ ചെറുക്കുന്നതിനുള്ള തങ്ങളുടെ ഉറച്ച പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.

എത്യോപ്യയിൽ നിന്നുള്ള സന്ദർശനങ്ങൾ

2025 ഫെബ്രുവരി 11-ന് നടന്ന 'എയ്‌റോ ഇന്ത്യ 2025'-ന്റെ ഭാഗമായി എത്യോപ്യൻ പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിക്കുകയും പ്രതിരോധ സഹകരണ ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഇന്ത്യൻ പ്രതിരോധ മന്ത്രിയുമായി അവർ ഉഭയകക്ഷി ചർച്ചകൾ നടത്തി.

എത്യോപ്യൻ വ്യവസായ മന്ത്രി മെലാകു അലെബെൽ 2024 ഫെബ്രുവരിയിൽ ന്യൂഡൽഹിയിൽ നടന്ന 'ഭാരത് ടെക്സ് 2024'-ൽ പങ്കെടുത്തു.

ലോകബാങ്കുമായി സഹകരിച്ച് നടത്തിയ പഠനയാത്രയുടെ  ഭാഗമായി എത്യോപ്യൻ ആരോഗ്യ സഹമന്ത്രി ഫിരെഹിവോട്ട് അബെബെ ഗൊബേനയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം 2025 നവംബർ 08-16 തീയതികളിൽ ഇന്ത്യ സന്ദർശിച്ചു. ഫാർമസ്യൂട്ടിക്കൽ, ആരോഗ്യ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള അവസരങ്ങൾ ഇവർ ചർച്ച ചെയ്തു.

എത്യോപ്യയുടെ ഡിഫൻസ് ഫോറിൻ റിലേഷൻസ് ആൻഡ് മിലിട്ടറി കോഓപ്പറേഷൻ ഡയറക്ടർ ജനറൽ തഷോം ഗെമെച്ചു 2025 ഒക്ടോബർ 15-17 തീയതികളിൽ ആദ്യത്തെ സംയുക്ത പ്രതിരോധ സഹകരണ യോഗത്തിനായി ന്യൂഡൽഹി സന്ദർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പ്രതിരോധ ബന്ധത്തിലെ ഒരു നാഴികക്കല്ലായിരുന്നു ഈ സന്ദർശനം.

നാഷണൽ ഇലക്ഷൻ ബോർഡ് ഓഫ് എത്യോപ്യയുടെ (NEBE) ചെയർപേഴ്സന്റെ നേതൃത്വത്തിലുള്ള ഏഴംഗ പ്രതിനിധി സംഘം 2025 ഓഗസ്റ്റ് 26-30 തീയതികളിൽ ന്യൂഡൽഹി സന്ദർശിച്ചു.

എത്യോപ്യൻ ഹൗസ് ഓഫ് ഫെഡറേഷൻ ഡെപ്യൂട്ടി സ്പീക്കറുടെ നേതൃത്വത്തിലുള്ള 41 അംഗ പ്രതിനിധി സംഘം ITEC പദ്ധതി പ്രകാരം 2025 മെയ് 12-17 തീയതികളിൽ ന്യൂഡൽഹിയിലെ നാഷണൽ സെന്റർ ഫോർ ഗുഡ് ഗവേണൻസിൽ നടന്ന ശേഷി വർദ്ധിപ്പിക്കൽ പരിപാടിയിൽ പങ്കെടുത്തു.

എത്യോപ്യൻ പാർലമെന്ററി പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനം (20-24 ഫെബ്രുവരി, 2023)

എത്യോപ്യയിൽ നിന്നുള്ള 50 അംഗ പാർലമെന്ററി പ്രതിനിധി സംഘം ന്യൂഡൽഹിയിലെ 'പാർലമെന്ററി റിസർച്ച് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെമോക്രസീസ്' (PRIDE) സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്തു. ഗവൺമെന്റ് വിപ്പുകൾ, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ അധ്യക്ഷന്മാരും ഉപാധ്യക്ഷന്മാരും, 12 പ്രാദേശിക പാർലമെന്റുകളിലെ സ്പീക്കർമാർ എന്നിവർ ഈ സംഘത്തിലുണ്ടായിരുന്നു.

സാമ്പത്തിക - വാണിജ്യ ബന്ധങ്ങൾ

2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ആകെ വ്യാപാരം 550.19 ദശലക്ഷം യുഎസ് ഡോളറാണ്. ഇതിൽ ഇന്ത്യ 476.81 ദശലക്ഷം ഡോളറിന്റെ സാധനങ്ങൾ കയറ്റുമതി ചെയ്യുകയും 73.38 ദശലക്ഷം ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുകയും ചെയ്തു. എത്യോപ്യയിലെ ഏറ്റവും വലിയ മൂന്ന് വിദേശ നിക്ഷേപകരിൽ ഒന്നാണ് ഇന്ത്യ. പുതിയ ഇന്ത്യൻ ബഹുരാഷ്ട്ര കമ്പനികൾ എത്യോപ്യയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ടിരിക്കുന്നു.

LDCകൾക്കുള്ള ഇന്ത്യയുടെ ഡ്യൂട്ടി-ഫ്രീ താരിഫ് പ്രിഫറൻസ് (DFTP) പദ്ധതിയുടെ ഗുണഭോക്താവാണ് എത്യോപ്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാങ്കേതിക സഹകരണം കൂടുതൽ വൈവിധ്യവൽക്കരിക്കാനും തീവ്രമാക്കാനും ഇരുപക്ഷവും ആഗ്രഹിക്കുന്നു.

എത്യോപ്യൻ ഇൻവെസ്റ്റ്‌മെന്റ് കമ്മീഷനിൽ 675-ലധികം ഇന്ത്യൻ കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരുടെ ആകെ നിക്ഷേപം 6.5 ബില്യൺ ഡോളറിലധികം വരും. ഇന്ത്യൻ നിക്ഷേപകർ ഇതുവരെ 17,000-ത്തിലധികം തൊഴിലവസരങ്ങൾ അവിടെ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യൻ നിക്ഷേപത്തിന്റെ ഏകദേശം 48.3 ശതമാനവും നിർമ്മാണ മേഖലയിലാണ്.

2024-ൽ മാത്രം 11 ഇന്ത്യൻ കമ്പനികൾ കൃഷി, ഓട്ടോമൊബൈൽ, ഇരുമ്പ്-ഉരുക്ക്, ഐസിടി (ICT) തുടങ്ങി വിവിധ മേഖലകളിൽ എത്യോപ്യയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (FDI) ടെക്സ്റ്റൈൽ മേഖലയിലെ ഇന്ത്യൻ നിക്ഷേപങ്ങൾ മുൻപന്തിയിലാണ്. കൂടാതെ, ഫാർമ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപകരിലൊന്നായും ഇന്ത്യയെ കണക്കാക്കുന്നു.

എത്യോപ്യയിലെ ഇന്ത്യൻ സമൂഹം

എത്യോപ്യയിലെ ഇന്ത്യൻ സമൂഹത്തിന് ദീർഘകാലത്തെ ചരിത്രമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഗുജറാത്തിൽ നിന്നാണ് ആദ്യമായി ഇവിടുത്തേക്ക് ആളുകൾ കുടിയേറിയത്. സാമ്രാജ്യത്വ കാലഘട്ടത്തിൽ, പതിനായിരക്കണക്കിന് ഇന്ത്യൻ അധ്യാപകർ എത്യോപ്യയിലെ വിദൂര ഗ്രാമങ്ങളിൽ പോലും ജോലി ചെയ്തിരുന്നു. ഇന്ന്, ഏകദേശം 150-ഓളം ഇന്ത്യൻ അധ്യാപകർ എത്യോപ്യൻ സർവ്വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്നു. എത്യോപ്യയിലെ മൊത്തം ഇന്ത്യൻ പ്രവാസികൾ ഏകദേശം 2,500 പേരാണ്. ഇവരിൽ ഭൂരിഭാഗവും അവിടെയുള്ള ഇന്ത്യൻ കമ്പനികളിലോ എത്യോപ്യൻ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നവരാണ്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഫലങ്ങൾ

ജോർദാനിൽ നിന്നും 2025 ഡിസംബർ 16-ന് എത്യോപ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നാഷണൽ പാലസിൽ ഔദ്യോഗിക സ്വീകരണം നൽകി. ആഡിസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് എത്യോപ്യൻ പ്രധാനമന്ത്രി ഡോ. അബി അഹമ്മദ്, രാജ്യത്തെ പരമോന്നത ബഹുമതിയായ ഗ്രേറ്റ് ഓണർ നിഷാൻ ഓഫ് എത്യോപ്യപ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകളും ആഗോളതലത്തിലെ അദ്ദേഹത്തിന്റെ നേതൃത്വപാടവവും പരിഗണിച്ചാണ് ഈ പുരസ്കാരം നൽകിയത്. ഈ ബഹുമതിക്ക് പ്രധാനമന്ത്രി ഡോ. അബിക്കും എത്യോപ്യയിലെ ജനങ്ങൾക്കും പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു.

ചർച്ചകൾക്ക് ശേഷം ഇരു നേതാക്കളും ഇന്ത്യ-എത്യോപ്യ ബന്ധത്തെ 'തന്ത്രപരമായ പങ്കാളിത്തം' എന്ന നിലയിലേക്ക് ഉയർത്താൻ തീരുമാനിച്ചു. 'ഗ്ലോബൽ സൗത്ത്' പങ്കാളികളെന്ന നിലയിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് ഇരുരാജ്യങ്ങളും സംഭാവന നൽകണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. 2023-ലെ ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ജി20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ അംഗമായി ഉൾപ്പെടുത്തിയത് ഇന്ത്യയ്ക്ക് ലഭിച്ച വലിയ ബഹുമതിയാണെന്ന് പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എത്യോപ്യ പ്രകടിപ്പിച്ച ഐക്യദാർഢ്യത്തിനും ഭീകരവാദത്തിനെതിരായ ആഗോള പോരാട്ടത്തിന് നൽകുന്ന പിന്തുണയ്ക്കും പ്രധാനമന്ത്രി മോദി നന്ദി അറിയിച്ചു. വ്യാപാരം, നിക്ഷേപം, നവീന സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ശേഷി വർദ്ധിപ്പിക്കൽ, പ്രതിരോധ സഹകരണം എന്നീ മേഖലകളിലെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തി.

ആരോഗ്യ സുരക്ഷ, ഡിജിറ്റൽ ആരോഗ്യം, പരമ്പരാഗത വൈദ്യശാസ്ത്രം, ജൻ ഔഷധി കേന്ദ്രങ്ങൾ, ഭക്ഷ്യ സുരക്ഷ, സുസ്ഥിര കൃഷി, പ്രകൃതി സൗഹൃദ കൃഷി, അഗ്രി-ടെക് എന്നീ മേഖലകളിൽ എത്യോപ്യയുമായുള്ള സഹകരണം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിച്ചു. ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (DPI), ഖനനം, നിർണ്ണായക ധാതുക്കൾ, ശുദ്ധമായ ഊർജ്ജം എന്നീ മേഖലകളിലെ സഹകരണത്തെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.

വിശ്വസ്ത പങ്കാളികളെന്ന നിലയിൽ ഇന്ത്യൻ കമ്പനികൾ എത്യോപ്യൻ സമ്പദ്‌വ്യവസ്ഥയിൽ 5 ബില്യൺ ഡോളറിലധികം നിക്ഷേപം നടത്തിയിട്ടുണ്ടെന്നും പ്രത്യേകിച്ച് നിർമ്മാണ, ഫാർമസ്യൂട്ടിക്കൽ മേഖലകളിൽ 75,000-ത്തിലധികം പ്രാദേശിക തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പ്രസ്താവിച്ചു. ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ ലോകവേദികളിൽ ഉന്നയിക്കുന്നതിനായി ഒന്നിച്ച് പ്രവർത്തിക്കുമെന്ന് ഇരു പ്രധാനമന്ത്രിമാരും ആവർത്തിച്ചു. ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിലെ സഹകരണത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു.

കാലാവസ്ഥാ വ്യതിയാനം, പുനരുപയോഗ ഊർജ്ജം, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ സഹകരണത്തിന് അവർ ആഹ്വാനം ചെയ്തു. ഈ സാഹചര്യത്തിൽ ഇന്റർനാഷണൽ ബിഗ് ക്യാറ്റ് അലയൻസ് (IBCA), കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചർ (CDRI), ഗ്ലോബൽ ബയോഫ്യുവൽ അലയൻസ് (GBA), ഇന്റർനാഷണൽ സോളാർ അലയൻസ് (ISA) തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പങ്കിനെ അവർ സ്വാഗതം ചെയ്തു. ഇന്ത്യയുടെ അധ്യക്ഷതയിൽ BRICS പങ്കാളികളായും നിർദ്ദിഷ്ട ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയിലും എത്യോപ്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി മോദി കുറിച്ചു.

ഡിസംബർ 17-ന് പ്രധാനമന്ത്രി മോദി എത്യോപ്യൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഉപസംഹാരം

രാഷ്ട്രീയമായ തുടർച്ചയിലും കയറ്റുമതി കേന്ദ്രീകൃതമായ വ്യാപാര ഇടപാടുകളിലും കെട്ടിപ്പടുത്ത പ്രതിരോധശേഷിയാണ് ഇന്ത്യ-എത്യോപ്യ ബന്ധം പ്രതിഫലിപ്പിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തിൽ ആകെ ഉഭയകക്ഷി വ്യാപാരം 550.19 ദശലക്ഷം യുഎസ് ഡോളറിൽ എത്തിനിൽക്കുമ്പോൾ, ഇന്ത്യ ശക്തമായ വ്യാപാര മിച്ചം നിലനിർത്തുന്നു. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ പ്രധാന വിപണിയെന്ന നിലയിൽ എത്യോപ്യയുടെ പ്രാധാന്യം അടിവരയിടുന്നു. സാമ്പത്തിക വെല്ലുവിളികൾക്കിടയിലും കൃത്യമായ ഇടവേളകളിൽ നടക്കുന്ന ഉന്നതതല രാഷ്ട്രീയ ഇടപെടലുകളും സ്ഥാപനപരമായ സംവിധാനങ്ങളും ഈ ബന്ധം നിലനിർത്താൻ സഹായിച്ചിട്ടുണ്ട്. വ്യാപാരത്തിനപ്പുറം, എത്യോപ്യയിലെ ഒരു പ്രധാന നിക്ഷേപക രാജ്യമെന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ഈ ബന്ധത്തിന്റെ തന്ത്രപരമായ അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. സുസ്ഥിരമായ രാഷ്ട്രീയ സംവാദങ്ങളും വ്യാപാര സുഗമമാക്കൽ നടപടികളും ഉഭയകക്ഷി വാണിജ്യത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. ഇത് ആഫ്രിക്കൻ ഭൂഖണ്ഡവുമായുള്ള ഇന്ത്യയുടെ വിശാലമായ ഇടപെടലുകളെയും ആഫ്രിക്കയിലെ ഏറ്റവും സ്വാധീനമുള്ള രാജ്യങ്ങളിലൊന്നായ എത്യോപ്യയുമായുള്ള ദീർഘകാല പങ്കാളിത്തത്തെയും കൂടുതൽ ഊട്ടിയുറപ്പിക്കുന്നു.

 

 

References

Embassy of India in Addis Ababa

https://eoiaddisababa.gov.in/bilateral-relations/

Ministry of External Relations

https://www.mea.gov.in/press-releases.htm?dtl/40443/Visit_of_Prime_Minister_to_Jordan_Ethiopia_and_Oman_December_15__18_2025

https://www.mea.gov.in/press-releases.htm?dtl/40491/Prime_Minister_receives_the_highest_award_of_Ethiopia_December_16_2025

https://www.mea.gov.in/press-releases.htm?dtl/40492/Prime_Minister_holds_bilateral_talks_with_the_Prime_Minister_of_Ethiopia_December_16_2025

Press Information Bureau

https://www.pib.gov.in/PressReleseDetail.aspx?PRID=2204829&reg=3&lang=1

https://www.pib.gov.in/PressReleseDetail.aspx?PRID=2204943&reg=3&lang=1

https://www.pib.gov.in/PressReleseDetail.aspx?PRID=2205106&reg=3&lang=1

Click here to see in PDF

***

SK

(Explainer ID: 156679) आगंतुक पटल : 44
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Bengali , Punjabi
Link mygov.in
National Portal Of India
STQC Certificate