• Sitemap
  • Advance Search
Farmer's Welfare

25-ാം വാർഷികാഘോഷം:

രാജ്യത്തെ ഗ്രാമീണ യാത്രാസൗകര്യങ്ങള്‍ മാറ്റിമറിച്ച് പ്രധാനമന്ത്രി ഗ്രാമ സഡക് യോജന

Posted On: 25 DEC 2025 11:08AM

രാജ്യത്തെ ഗ്രാമീണ യാത്രാസൗകര്യങ്ങള്‍ പരിവര്‍ത്തനം ചെയ്ത പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയുടെ 25-ാം വാർഷികാഘോഷം 

  • പദ്ധതിയുടെ തുടക്കം മുതൽ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴിൽ 8,25,114 കിലോമീറ്റർ ഗ്രാമീണ റോഡുകൾക്ക് അനുമതി നൽകി; ഇതിൽ 7,87,520 കിലോമീറ്റർ പൂർത്തീകരിച്ചു.

  • പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍  1,22,393 കിലോമീറ്ററിന് അനുമതി നൽകുകയും 1,01,623 കിലോമീറ്റർ നിർമിക്കുകയും ചെയ്തു.

  • 2024–29 കാലയളവിലെ പദ്ധതിയുടെ നാലാംഘട്ടത്തില്‍ 70,125 കോടി രൂപ വകയിരുത്തി 62,500 കിലോമീറ്റർ റോഡുകളിലൂടെ 25,000 ജനവാസ കേന്ദ്രങ്ങളെ ബന്ധിപ്പിക്കും.

  • OMMAS, e-MARG, ജിപിഎസ് ട്രാക്കിങ്, ത്രിതല ഗുണനിലവാര സംവിധാനം എന്നിവയിലൂടെ നടത്തുന്ന തത്സമയ നിരീക്ഷണം ഉത്തരവാദിത്തവും ഈടും ഉറപ്പാക്കുന്നു.

 

ആമുഖം 

ഗ്രാമീണ വികസനത്തിന്റെ അടിസ്ഥാന ശിലയായ റോഡ് യാത്രാസൗകര്യങ്ങള്‍   സാമ്പത്തിക-സാമൂഹ്യ  സേവനങ്ങളിലേക്ക് പ്രവേശനം സാധ്യമാക്കുകയും കാർഷിക വരുമാനം വർധിപ്പിക്കുകയും ഉല്പാദനക്ഷമമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ദാരിദ്ര്യനിർമാർജനത്തിന് ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. 2025-ൽ കാല്‍നൂറ്റാണ്ട്  പൂർത്തിയാക്കുന്ന പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) രാജ്യത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായി നിലകൊള്ളുന്നു. നേരത്തെ റോഡ് സൗകര്യമില്ലാതിരുന്ന ഗ്രാമീണ ജനവാസ കേന്ദ്രങ്ങളിലേക്ക് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന  റോഡ് യാത്രാസൗകര്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ   2000 ഡിസംബർ 25-നാണ്  പദ്ധതി ആരംഭിച്ചത്. കാർഷിക വളർച്ച, തൊഴിൽ സൃഷ്ടി, വിദ്യാഭ്യാസ-ആരോഗ്യ സേവനങ്ങൾ എന്നിവ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിലും ദാരിദ്ര്യ ലഘൂകരണത്തിലും   പ്രധാന ചാലകശക്തിയായി പദ്ധതി മാറിക്കഴിഞ്ഞു.  വിപണി സംയോജനം ശക്തിപ്പെടുത്താനും കർഷകർക്ക് മികച്ച വില ലഭ്യമാക്കാനും കാർഷിക-കാർഷികേതര ഉപജീവനമാർഗങ്ങളെ പിന്തുണയ്ക്കാനും സഹായിക്കുന്ന സാമൂഹ്യ-സാമ്പത്തിക പരിവർത്തനത്തിന്റെ പ്രധാന പ്രേരകശക്തിയായി PMGSY കാലക്രമേണ  വികസിച്ചു. ചുരുക്കത്തിൽ ഉൾച്ചേര്‍ക്കലിന്റെയും സുസ്ഥിരതയുടെയും ഗ്രാമീണ വികസനം മുന്നോട്ടു നയിക്കുന്നതിലെ പദ്ധതിയുടെ കേന്ദ്രസ്ഥാനത്തെ ഈ നേട്ടങ്ങള്‍ അടിവരയിടുന്നു.  

 

യാത്രാസൗകര്യം മുതൽ  ഏകീകരണം വരെ: PMGSY-ക്ക് കീഴില്‍ ഘട്ടം ഘട്ടമായി പുരോഗതി 

പദ്ധതിയുടെ തുടക്കം മുതൽ PMGSY-യില്‍ ആകെ 8,25,114 കിലോമീറ്റർ ഗ്രാമീണ റോഡുകൾക്ക് അനുമതി നൽകിയിട്ടുണ്ട്; 2025 ഡിസംബർ വരെ  ലഭ്യമായ കണക്കനുസരിച്ച് ഇതില്‍ 7,87,520 കിലോമീറ്റർ പൂർത്തിയാക്കി.  ഏകദേശം 95 ശതമാനം ഭൗതിക പുരോഗതിയെയാണ് ഇത് സൂചിപ്പിക്കുന്നത്.  

സമീപ വർഷങ്ങളിൽ പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക്  നൽകിയ ബജറ്റ് വിഹിതം ഗ്രാമീണ റോഡ് യാത്രാസൗകര്യം ശക്തിപ്പെടുത്താന്‍ സർക്കാർ നൽകുന്ന തുടർച്ചയായ ഊന്നലിന്റെ പ്രതിഫലനമാണ്.  2025–26 സാമ്പത്തിക വർഷം ഈ പദ്ധതിയ്ക്കായി 19,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും  എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് യാത്രാസൗകര്യങ്ങള്‍ ഉറപ്പാക്കാനും ഗ്രാമീണ മേഖലയിലെ സാമ്പത്തിക അവസരങ്ങൾ വർധിപ്പിക്കാനും പദ്ധതി തുടർച്ചയായ പിന്തുണ ഉറപ്പുനല്‍കുന്നു.  

PMGSY ഒന്നാം ഘട്ടം - 2000

2000-ത്തിൽ ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടം നേരത്തെ യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്ന യോഗ്യമായ ഗ്രാമീണ ജനവാസ കേന്ദ്രങ്ങൾക്ക് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് സൗകര്യം നൽകുന്ന സുപ്രധാന സംരംഭമായി നിലകൊണ്ടു.  വിപണികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യ കേന്ദ്രങ്ങളുമായി ഗ്രാമങ്ങളെ  ബന്ധിപ്പിച്ച് സാർവത്രിക ഗ്രാമീണ പ്രവേശനത്തിന് പദ്ധതി അടിത്തറയിട്ടു. രാജ്യത്ത് ആകെ 1,63,339 ഗ്രാമീണ ജനവാസ കേന്ദ്രങ്ങളില്‍ റോഡ് യാത്രാസൗകര്യമൊരുക്കുന്ന പദ്ധതികള്‍ക്ക് ആദ്യഘട്ടത്തിന് കീഴിൽ അനുമതി നൽകി.  

PMGSY രണ്ടാം ഘട്ടം - 2013  

2013-ൽ നടപ്പാക്കിയ രണ്ടാം ഘട്ടം നിലവിലെ ഗ്രാമീണ റോഡ് ശൃംഖലയെ ശക്തിപ്പെടുത്തുന്നതിലും ഏകീകരിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.  ഗതാഗതക്ഷമത മെച്ചപ്പെടുത്താനും ഗ്രാമീണ സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനും ലക്ഷ്യമിട്ട് ഗ്രാമീണ വിപണികളെയും വികസന കേന്ദ്രങ്ങളെയും സേവന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക പ്രാധാന്യമേറിയ പാതകളുടെ  നവീകരണത്തിന് ഈ ഘട്ടത്തില്‍  മുൻഗണന നൽകി.

ഇടതുപക്ഷ തീവ്രവാദ ബാധിത മേഖലകളില്‍ റോഡ് യാത്രാസൗകര്യം ഉറപ്പാക്കുന്ന പദ്ധതി (RCPLWEA) – 2016

ആന്ധ്രാപ്രദേശ്, ബിഹാർ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ ഒന്‍പത് സംസ്ഥാനങ്ങളില്‍ ഇടതുപക്ഷ തീവ്രവാദം സാരമായി ബാധിച്ച 44 ജില്ലകളെയും അവയോട് ചേർന്ന പ്രദേശങ്ങളെയും ഉൾക്കൊള്ളുന്ന അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടാണ് 2016-ൽ ഈ പദ്ധതി ആരംഭിച്ചത്. 

പദ്ധതിയുടെ രണ്ട് പ്രധാന ലക്ഷ്യങ്ങള്‍:

  • സുരക്ഷാ സേനയുടെ സഞ്ചാരക്ഷമത മെച്ചപ്പെടുത്തി സുരക്ഷാ പ്രവർത്തനങ്ങൾ ശക്തമാക്കുക.

  • വിദൂരമേഖലകളിലും സേവനലഭ്യത കുറഞ്ഞ പ്രദേശങ്ങളിലും  വിപണികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സേവനങ്ങൾ എന്നിവയുടെ ലഭ്യത  മെച്ചപ്പെടുത്തി സാമൂഹ്യ-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുക.

PMGSY മൂന്നാം ഘട്ടം - 2019 

ഗ്രാമീണ ജനവാസ കേന്ദ്രങ്ങളും ഗ്രാമങ്ങളിലെ കാര്‍ഷിക വിപണികള്‍,  ഹയർ സെക്കൻഡറി സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ തുടങ്ങിയ പ്രധാന സാമൂഹ്യ-സാമ്പത്തിക കേന്ദ്രങ്ങളും തമ്മിലെ യാത്രാസൗകര്യം ശക്തിപ്പെടുത്തുന്നതിന് 1,25,000 കിലോമീറ്റർ ദൈർഘ്യമുള്ള  പ്രധാന പാതകളുടെയും  ഗ്രാമീണ ലിങ്ക് റോഡുകളുടെയും  നവീകരണത്തിലാണ് ഈ ഘട്ടം  ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് ആകെ ലക്ഷ്യമിട്ടതില്‍  1,22,393 കിലോമീറ്റർ റോഡിന് അനുമതി നൽകുകയും രാജ്യത്തുടനീളം 1,01,623 കിലോമീറ്റർ (83%) നിർമാണം പൂര്‍ത്തീകരിക്കുകയും ചെയ്തു. പദ്ധതിയുടെ മൂന്നാംഘട്ടം യാത്രാസൗകര്യം ഗണ്യമായി മെച്ചപ്പെടുത്തുകയും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലേക്ക് പ്രവേശനം വർധിപ്പിക്കുകയും കാർഷിക വിപണികളുമായി സംയോജനം സുഗമമാക്കുകയും തൊഴിലവസരങ്ങൾ ഉയര്‍ത്തുകയും വിപുലമായ ഗ്രാമീണ സാമൂഹ്യ-സാമ്പത്തിക പരിവർത്തനത്തിന് സംഭാവന നൽകുകയും ചെയ്തു.

PMGSY നാലാം ഘട്ടം - 2024  

2024-25 മുതൽ 2028-29 വരെ കാലയളവിൽ 70,125 കോടി രൂപയുടെ ആകെ സാമ്പത്തിക ചിലവിൽ 62,500 കിലോമീറ്റർ റോഡ് നിർമാണം ആസൂത്രണം ചെയ്തിട്ടുണ്ട്.   യാത്രാസൗകര്യമില്ലാത്ത  25,000 ഗ്രാമീണ ജനവാസ കേന്ദ്രങ്ങൾക്ക് എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന റോഡ് സൗകര്യം നൽകാനാണ് പദ്ധതിയുടെ നാലാം ഘട്ടം ലക്ഷ്യമിടുന്നത്.  2011-ലെ സെൻസസ്, ജനസംഖ്യാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍ണയിക്കുന്നത്: 

  • സമതല പ്രദേശങ്ങളിൽ 500 അല്ലെങ്കില്‍ അതിലേറെ  ജനസംഖ്യയുള്ള ജനവാസ കേന്ദ്രങ്ങൾ 

  • വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങളിൽ/കേന്ദ്രഭരണ പ്രദേശങ്ങളിൽ 250 അല്ലെങ്കില്‍ അതിലേറെ ജനസംഖ്യയുള്ള മേഖലകള്‍. 

  • ഗോത്രവർഗ (പട്ടിക അഞ്ച്) പ്രദേശങ്ങൾ, അഭിലഷണീയ ജില്ലകൾ/ബ്ലോക്കുകള്‍, മരുഭൂപ്രദേശങ്ങൾ എന്നിവയുൾപ്പെടെ പ്രത്യേക വിഭാഗത്തിലെ  ജനവാസ കേന്ദ്രങ്ങൾ.

ഗ്രാമീണ റോഡ് വികസനത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ പ്രയോഗം 

സർക്കാരിന്റെ വ്യവസ്ഥാപിത നടപടികൾ PMGSY-യ്ക്ക് കീഴിൽ നിർമിച്ച ഗ്രാമീണ റോഡുകളുടെ ഗുണനിലവാരവും ഈടുനിൽപ്പും സുസ്ഥിരതയും  വലിയതോതില്‍  മെച്ചപ്പെടുത്തിയിട്ടുണ്ട്. PMGSY റോഡ് പദ്ധതികളുടെ പുരോഗതിയും പ്രകടനവും അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും ഓൺലൈൻ സംവിധാനങ്ങളുമുപയോഗിച്ച് സൂക്ഷ്മമായി നിരീക്ഷിക്കുന്നത്  കൂടുതൽ കാര്യക്ഷമതയും സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നു.

ഓൺലൈൻ പദ്ധതിനിര്‍വഹണ  നിരീക്ഷണ  അക്കൗണ്ടിങ് സംവിധാനം (OMMAS):

പ്രധാനമന്ത്രി ഗ്രാമ സഡക് യോജനയ്ക്ക് കീഴിലെ എല്ലാ ജോലികളുടെയും തത്സമയ നിരീക്ഷണം സാധ്യമാക്കുന്ന സംവിധാനമാണ് ഓൺലൈൻ പദ്ധതിനിര്‍വഹണ  നിരീക്ഷണ  അക്കൗണ്ടിങ് സംവിധാനം (OMMAS).   സംസ്ഥാനങ്ങൾക്ക് നിശ്ചയിച്ച ലക്ഷ്യങ്ങളുമായി ഭൗതികവും സാമ്പത്തികവുമായ പുരോഗതി ഒത്തുപോകുന്നുവെന്ന് ഇതുവഴി ഉറപ്പാക്കുന്നു. പദ്ധതി നിര്‍വഹണ വിവര സംവിധാനം (PMIS) കൂടുതൽ ശക്തിപ്പെടുത്തുന്നതിന്  പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ അനുവദിച്ച ഓരോ റോഡിന്റെയും നിർമാണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇവയെ  OMMAS സംവിധാനവുമായി സംയോജിപ്പിച്ചിട്ടുണ്ട്. 

സ്വതന്ത്ര ഗുണനിലവാര നിരീക്ഷകർ നടത്തുന്ന വിലയിരുത്തലുകൾ രേഖപ്പെടുത്തുന്നതിലൂടെ OMMAS ഗുണനിലവാരം ഉറപ്പാക്കുന്നു. ദേശീയ ഗുണനിലവാര  നിരീക്ഷകരും  സംസ്ഥാന ഗുണനിലവാര നിരീക്ഷകരും നടത്തുന്ന പരിശോധനകൾ ഗുണമേന്മ നിരീക്ഷണ സംവിധാനത്തിന്റെ (QMS) മൊബൈൽ ആപ്ലിക്കേഷൻ വഴി സമര്‍പ്പിക്കുന്നു.  പ്രദേശത്തെ  ജിയോ-ടാഗ് ചെയ്ത ചിത്രങ്ങള്‍ക്കൊപ്പം  പിന്നീട് ഇവ OMMAS പോർട്ടലിൽ ലഭ്യമാകും.  തത്സമയ ഗുണനിലവാര നിരീക്ഷണം സാധ്യമാക്കുന്ന ഈ ചട്ടക്കൂട് ഈടുനിൽക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിലെ  സുതാര്യത വർധിപ്പിക്കുന്നു.  

ഇ-മാർഗ് (ഗ്രാമീണ റോഡുകളുടെ ഇലക്ട്രോണിക് പരിപാലനം)

 നിർമാണം പൂർത്തിയായ തീയതി മുതൽ അഞ്ച് വർഷത്തെ ഉത്തരവാദിത്ത കാലാവധി വരെ റോഡ് പരിപാലനം വ്യവസ്ഥാപിതമായി നിരീക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഇ-മാർഗ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്. പരിപാലനവുമായി ബന്ധപ്പെട്ട പണംകൈമാറുന്നതിന് പ്രത്യേക സോഫ്റ്റ്‌വെയർ സംവിധാനമായി ഇ-മാർഗ് അവതരിപ്പിച്ചതോടെ ഉത്തരവാദിത്ത കാലയളവിലെ കരാറുകാരുടെ പ്രതിഫലം  റോഡിന്റെ പ്രകടനവുമായും ഗുണനിലവാരവുമായും നേരിട്ട് ബന്ധിപ്പെട്ടിരിക്കുന്നു.  പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കുന്ന  കരാർ നിര്‍വഹണ സംവിധാനം ഉത്തരവാദിത്തം ഗണ്യമായി  ശക്തിപ്പെടുത്തുകയും പരിപാലന നിലവാരം ഉയര്‍ത്തുകയും പദ്ധതി ആസ്തികളുടെ ദീർഘകാല ഈടുനിൽപ്പ് വർധിപ്പിക്കുകയും ചെയ്യുന്നു.   

ജിപിഎസ് ഉപയോഗം

റോഡ് നിർമാണത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക്  കരാറുകാരും പദ്ധതി നിര്‍വഹണ കേന്ദ്രങ്ങളും ഉപോയോഗിക്കന്ന എല്ലാ വാഹനങ്ങളിലും യന്ത്രങ്ങളിലും ഉപകരണങ്ങളിലും ജിപിഎസ് അധിഷ്ഠിത വാഹന പരിശോധന സംവിധാനം  സ്ഥാപിക്കുന്നത് 2022 മെയ് മുതൽ നിർബന്ധമാക്കി. വാഹനങ്ങളുടെയും ഉപകരണങ്ങളുടെയും വിന്യാസവും പ്രവർത്തന സമയവും തുടർച്ചയായി നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനം സഹായിക്കുന്നു; തൽഫലമായി നിർദിഷ്ട നിർമാണ പ്രക്രിയകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും റോഡിന്റെ നിശ്ചിത ഗുണനിലവാരം കൈവരിക്കാനും ഇതുവഴി സാധിക്കുന്നു.  

ശക്തമായ സാങ്കേതിക മാനദണ്ഡങ്ങൾ 

റോഡ് വികസനത്തിൽ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെയും അത്യാധുനിക നിർമാണ സാങ്കേതികവിദ്യകളുടെയും ഉപയോഗം സജീവമായി പ്രോത്സാഹിപ്പിക്കുന്നു. രാജ്യാന്തര തലത്തിലെ  മികച്ച രീതികളും തദ്ദേശീയ ഗവേഷണങ്ങളിലെ  തെളിവുകളും അടിസ്ഥാനമാക്കി ഇത്തരം നൂതനാശയങ്ങൾ നടപ്പാക്കുന്നത് സുഗമമാക്കാന്‍ ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് (ഐആര്‍സി) പുതിയ മാനദണ്ഡങ്ങൾ രൂപീകരിക്കുകയും നിലവിലെ മാർഗനിർദേശങ്ങൾ ഇടയ്ക്കിടെ പരിഷ്കരിക്കുകയും ചെയ്യുന്നു.  ഇതനുസരിച്ച് കൽക്കരി ചാരം, ലോഹാവശിഷ്ടങ്ങള്‍, നിർമാണത്തിലും  പൊളിക്കലിലുമുണ്ടാകുന്ന അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് മാലിന്യം, റബർ തരികൾ ചേർത്ത് ഗുണനിലവാരമുയര്‍ത്തിയ ടാര്‍, കൃത്രിമ പോളിമർ പാളികൾ, ജൈവവസ്തുക്കളിൽ നിന്ന് നിർമ്മിക്കുന്ന ടാർ, ജൈവ-എന്‍ജിനീയറിങ് നടപടികൾ എന്നിവയുൾപ്പെടെ പരിസ്ഥിതി സൗഹൃദ സാമഗ്രികളും രീതികളും അവയുടെ ലഭ്യതയ്ക്കും സാങ്കേതിക പ്രായോഗികതയ്ക്കും വിധേയമായി ദേശീയപാത പദ്ധതികളിൽ ഉപയോഗിക്കുന്നു.  

നൂതനാശയങ്ങളും കാലാവസ്ഥാ പ്രതിരോധവും  

പ്ലാസ്റ്റിക് മാലിന്യത്തിന്റെ  ഉപയോഗം,  ശീത മിശ്രണ സാങ്കേതികവിദ്യകൾ, ആഴത്തിലുള്ള  സമ്പൂർണ പുനരുപയോഗം   എന്നിവയുൾപ്പെടെ നൂതന നിർമാണ സാങ്കേതികവിദ്യകള്‍ സ്വീകരിച്ചത് ഗ്രാമീണ റോഡുകളുടെ ഈടുനിൽപ്പ് വർധിപ്പിക്കുന്നതിനൊപ്പം പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുകയും ചെയ്തു. 2025 ജൂലൈ വരെയുള്ള കണക്കനുസരിച്ച് 1.24 ലക്ഷം കിലോമീറ്ററിലധികം റോഡുകളുടെ നിർമാണത്തിൽ ഈ സുസ്ഥിര രീതികൾ ഉപയോഗിച്ചിട്ടുണ്ട്.  പ്രതിരോധശേഷിയാര്‍ന്നതും പരിസ്ഥിതി സൗഹൃദവുമായ ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിലേക്ക് നടത്തുന്ന തന്ത്രപരമായ പരിവര്‍ത്തനത്തിന്റെ പ്രതിഫലനമാണിത്.  

ത്രിതല ഗുണനിലവാര നിരീക്ഷണം 

ഗ്രാമീണ റോഡുകളുടെ ഗുണനിലവാരവും ദീർഘകാല ഈടുനിൽപ്പും ഉറപ്പാക്കുന്നതിന് ശക്തമായ  ത്രിതല ഗുണനിലവാര നിരീക്ഷണ സംവിധാനം രൂപീകരിച്ചിട്ടുണ്ട്:

  • ആദ്യതലം: നിർവഹണ ഏജൻസികൾ നടത്തുന്ന പ്രാദേശിക തല ഗുണനിലവാര പരിശോധനകൾ.

  • രണ്ടാംതലം: സ്വതന്ത്ര സംസ്ഥാന ഗുണനിലവാര നിരീക്ഷകര്‍ നടത്തുന്ന പരിശോധനകൾ.

  • മൂന്നാംതലം: മന്ത്രാലയം നിയോഗിക്കുന്ന ദേശീയ ഗുണനിലവാര നിരീക്ഷകര്‍  നടത്തുന്ന മിന്നൽ പരിശോധനകൾ. 

എല്ലാ പുരോഗതിയും ഗുണനിലവാര വിലയിരുത്തലുകളും ഓൺലൈൻ പദ്ധതിനിര്‍വഹണ നിരീക്ഷണ അക്കൗണ്ടിംഗ് സംവിധാനമായ OMMAS വഴി തത്സമയം നിരീക്ഷിക്കുന്നു.

ഉപസംഹാരം

2025-ൽ പരിവർത്തനാത്മക സ്വാധീനത്തിന്റെ കാല്‍നൂറ്റാണ്ട്  പൂർത്തിയാക്കുന്ന പ്രധാനമന്ത്രി ഗ്രാമ സഡക് യോജന  രാജ്യത്തിന്റെ ഗ്രാമീണ വികസന യാത്രയിലെ നിർണായക സ്തംഭമായി നിലകൊള്ളുന്നു. അനുവദിച്ച ഗ്രാമീണ റോഡുകളുടെ ഏകദേശം 96 ശതമാനവും പൂര്‍ത്തീകരിച്ച  പദ്ധതി ഗ്രാമങ്ങളിലെ പ്രവേശനക്ഷമത ഗണ്യമായി വർധിപ്പിക്കുകയും വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും വിദ്യാഭ്യാസ  ആരോഗ്യ സേവനങ്ങളുടെ ലഭ്യത  മെച്ചപ്പെടുത്തുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്തു. അടിസ്ഥാന യാത്രാസൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് മുതൽ ശൃംഖലകളുടെ ഏകീകരണം, തന്ത്രപ്രധാന ഗ്രാമീണ മേഖലകളുടെ പരസ്പരബന്ധം വികസിപ്പിക്കൽ, നാലാം ഘട്ടത്തിന് കീഴില്‍ സാർവത്രിക അവസാന തല സേവനലഭ്യത എന്നിവ വരെ ഘട്ടം ഘട്ടമായി പദ്ധതി കാഴ്ചവെച്ച പരിണാമം ശ്രദ്ധേയമാണ്. OMMAS, ഇ-മാർഗ്, ജിപിഎസ് അധിഷ്ഠിത പരിശോധന തുടങ്ങിയ നൂതന ഡിജിറ്റൽ നിരീക്ഷണ സംവിധാനങ്ങളുടെയും ഗുണനിലവാരം ഉറപ്പാക്കുന്ന ശക്തമായ ത്രിതല സംവിധാനത്തിന്റെയും സംയോജനം സുതാര്യതയും ഉത്തരവാദിത്തവും ഈടുനിൽപ്പും കാലാവസ്ഥാ പ്രതിരോധവും ഉറപ്പാക്കി. സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന PMGSY അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനപ്പുറം പരിസ്ഥിതി സുസ്ഥിരതയും ദാരിദ്ര്യ നിർമാർജനവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഗ്രാമീണ പരിവർത്തനവും  പ്രോത്സാഹിപ്പിക്കുന്നു.

 

അവലംബം:

Click here to see in PDF

***

(Explainer ID: 156750) आगंतुक पटल : 53
Provide suggestions / comments
इस विज्ञप्ति को इन भाषाओं में पढ़ें: हिन्दी , Manipuri , Punjabi , Gujarati , Telugu , English , Urdu , Bengali , Kannada
National Portal Of India
STQC Certificate