പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാന്' പ്രധാനമന്ത്രി 26ന് (വെള്ളിയാഴ്ച) തുടക്കം കുറിക്കും

Posted On: 25 JUN 2020 2:49PM by PIB Thiruvananthpuram


കുടിയേറ്റത്തൊഴിലാളികള്‍ക്കു തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിനായി സൃഷ്ടിച്ച 'ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാന്‍' പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ജൂണ്‍ 26 വെള്ളിയാഴ്ച രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പദ്ധതിയുടെ ഉദ്ഘാടനം.

കോവിഡ് 19 തൊഴിലാളികളെ പ്രതികൂലമായാണ് ബാധിച്ചത്. പ്രത്യേകിച്ച് കുടിയേറ്റത്തൊഴിലാളികളെ. ജോലി നഷ്ടപ്പെട്ട ധാരാളം തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങുകയും ചെയ്തു. കുടിയേറ്റക്കാര്‍ക്കും ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും അടിസ്ഥാന സൗകര്യങ്ങളും ഉപജീവന മാര്‍ഗങ്ങളും ഒരുക്കേണ്ടത് ആവശ്യമായി വന്നു. ഈ വെല്ലുവിളി ഏറ്റെടുത്താണ് വിവിധ മേഖലകള്‍ക്ക് ഊര്‍ജം പകരുന്നതിനായി കേന്ദ്ര ഗവണ്‍മെന്റ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ പിന്നാക്കമേഖലകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായാണ് 2020 ജൂണ്‍ 20 ന് ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ ആരംഭിച്ചത്.

ഉത്തര്‍പ്രദേശില്‍ 30 ലക്ഷത്തോളം കുടിയേറ്റത്തൊഴിലാളികളാണ് മടങ്ങിയെത്തിയത്. ഉത്തര്‍പ്രദേശിലെ 31 ജില്ലകളില്‍ 25,000ത്തിലധികം കുടിയേറ്റത്തൊഴിലാളികളുണ്ട്. ഇതില്‍ 5 എണ്ണം ആസ്പിരേഷനൽ ജില്ലകളാണ്  . ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ വിവിദ്ധ പദ്ധതികൾ കോർത്തിണക്കികൊണ്ട് വ്യവസായ- സന്നദ്ധസംഘടനാ പങ്കാളിത്തത്തോടെ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ''ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാന്‍'' എന്ന പദ്ധതി ആവിഷ്‌കരിച്ചത്. തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യാനും പ്രാദേശിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും തൊഴിലവസരങ്ങള്‍ നല്‍കുന്നതിന് വ്യവസായ അസോസിയേഷനുകള്‍, മറ്റ് സംഘടനകള്‍ എന്നിവയുമായി കൈകോര്‍ക്കാനുമാണ്  ഈ അഭിയാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

പ്രധാനമന്ത്രിക്കു പുറമെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും 26ന് നടക്കുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിക്കും. ഉത്തര്‍പ്രദേശിലെ വകുപ്പു മന്ത്രിമാരും വെര്‍ച്വല്‍ ലോഞ്ചില്‍ പങ്കെടുക്കും. ഉത്തര്‍പ്രദേശിലെ ആറ് ജില്ലകളിലെ ഗ്രാമീണരുമായി പ്രധാനമന്ത്രി സംവദിക്കും. കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലെയും ഗ്രാമങ്ങള്‍ പൊതു സേവന കേന്ദ്രങ്ങള്‍, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിവയിലൂടെ ഈ പരിപാടിയില്‍ പങ്കെടുക്കും.
*****

(Release ID: 1634250)