പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രാദേശികമായും ആഗോളതലത്തിലും തൊഴില്‍ നേടാനുള്ള അവസരങ്ങള്‍ സ്‌കില്‍ ഇന്ത്യ മിഷന്‍ വര്‍ധിപ്പിച്ചു: പ്രധാനമന്ത്രി

Posted On: 15 JUL 2020 11:33AM by PIB Thiruvananthpuram

 

ലോക യുവജന നൈപുണ്യ ദിനത്തില്‍ നൈപുണ്യം, നൈപുണ്യ വികസനം, അധിക വൈദഗ്ധ്യം ( സ്കിൽ, അപ്സ്കിൽ, റീ സ്കിൽ ) എന്നിവയില്‍ യുവാക്കള്‍ക്കു പ്രചോദനമേകി പ്രധാനമന്ത്രി

വിദഗ്ധ തൊഴിലാളികളെ അടയാളപ്പെടുത്തുന്നതിനായി അടുത്തിടെയാരംഭിച്ച പോര്‍ട്ടല്‍, വീടുകളിലേക്ക് മടങ്ങിയ കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എളുപ്പത്തില്‍ ജോലി ലഭ്യമാകാന്‍ സഹായിക്കുമെന്ന് പ്രധാനമന്ത്രി

ലോക യുവജന നൈപുണ്യ ദിനം, 'സ്‌കില്‍ ഇന്ത്യ' ദൗത്യത്തിന്റെ അഞ്ചാം വാര്‍ഷികം എന്നിവയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ സ്‌കില്‍സ് കോണ്‍ക്ലേവിനു നല്‍കിയ സന്ദേശത്തില്‍, മാറുന്ന വ്യവസായ അന്തരീക്ഷത്തിലും വാണിജ്യ സാഹചര്യങ്ങളിലും പുറന്തള്ളപ്പെടാതിരിക്കുക എന്നതു കണക്കിലെടുത്ത് നൈപുണ്യം, നൈപുണ്യ വികസനം, അധിക വൈദഗ്ധ്യം 
( സ്കിൽ, അപ്സ്കിൽ, റീ സ്കിൽ ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ യുവാക്കളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. എല്ലായ്പ്പോഴും പുതിയ ശേഷി ആര്‍ജിക്കാനുള്ള കഴിവുള്ളതിനാല്‍ ലോകം യുവാക്കളുടേതാണെന്നും ഈ അവസരത്തില്‍ രാജ്യത്തെ യുവാക്കളെ അഭിനന്ദിച്ച് അദ്ദേഹം പറഞ്ഞു.

അഞ്ചുകൊല്ലം മുമ്പ് ഇതേ ദിവസം ആരംഭിച്ച സ്‌കില്‍ ഇന്ത്യ മിഷന്‍, നൈപുണ്യത്തിനും ശേഷീവികസനത്തിനും അധിക വൈദഗ്ധ്യത്തിനും വിപുലമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചതായും, പ്രാദേശികമായും ആഗോളതലത്തിലും തൊഴിലവസരങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് രാജ്യത്തുടനീളം നൂറുകണക്കിന് പ്രധാനമന്ത്രി കൗശല്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനും ഐടിഐ ആവാസവ്യവസ്ഥയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. യോജിച്ചുള്ള ഈ പ്രയത്‌നത്തിലൂടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ അഞ്ചുകോടിയിലധികം യുവാക്കള്‍ക്കു വിദഗ്ധപരിശീലനം നല്‍കി. വിദഗ്ധ തൊഴിലാളികളെയും തൊഴിലുടമകളെയും അടയാളപ്പെടുത്തുന്നതിനായി അടുത്തിടെ ആരംഭിച്ച പോര്‍ട്ടല്‍, തിരികെയെത്തിയ കുടിയേറ്റത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് എളുപ്പത്തില്‍ ജോലി ലഭ്യമാക്കാനും തൊഴിലുടമകള്‍ക്ക് വിദഗ്ദ്ധരായ ജോലിക്കാരെ കണ്ടെത്താനും ഒരൊറ്റ മൗസ് ക്ലിക്കില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റത്തൊഴിലാളികളുടെ കഴിവുകള്‍ പ്രാദേശിക സമ്പദ്ഘടനയില്‍ മാറ്റം വരുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

വൈദഗ്ധ്യം നമുക്ക് സ്വയം നല്‍കാവുന്ന ഒരു സമ്മാനമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കഴിവുകള്‍ കാലാതീതവും അതുല്യവും സമ്പത്തിന്റെ അമൂല്യശേഖരവുമാണെന്നും പറഞ്ഞു. ഒരാള്‍ക്ക് തൊഴില്‍ നേടാന്‍ മാത്രമല്ല, സംതൃപ്തമായ ജീവിതം നയിക്കാന്‍ സഹായിക്കുന്ന മാര്‍ഗമാണതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ കഴിവുകള്‍ നേടുന്നതിനുള്ള സ്വാഭാവികത്വര ഒരാളുടെ ജീവിതത്തിന് പുതിയ ഊര്‍ജവും പ്രോത്സാഹനവും പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വൈദഗ്ധ്യം ഉപജീവനത്തിനുള്ള ഉപാധി മാത്രമല്ല, നമ്മുടെ ദിനചര്യയില്‍ സജീവതയ്ക്കും ഊര്‍ജസ്വലതയ്ക്കുമുള്ള ഒരു കാരണം കൂടിയാണ്.

'അറിവ്', 'വൈദഗ്ധ്യം' എന്നിവ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും തന്റെ പ്രഭാഷണത്തില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒരു ഉദാഹരണത്തിലൂടെയാണ് അദ്ദേഹം ഇത് വിശദീകരിച്ചത് - ഒരു സൈക്കിള്‍ എങ്ങനെ ഓടുന്നു എന്ന് അറിയുന്നത് 'അറിവ്' ആണെങ്കിലും യഥാര്‍ത്ഥത്തില്‍ സൈക്കിള്‍ ഓടിക്കാന്‍ കഴിയുന്നതാണ് 'വൈദഗ്ധ്യം'. രണ്ടും തമ്മിലുള്ള വ്യത്യാസവും അവയുടെ വ്യത്യസ്ത സാഹചര്യങ്ങളും ആന്തരാര്‍ത്ഥങ്ങളും യുവാക്കള്‍ തിരിച്ചറിയേണ്ടത് പ്രധാനമാണ്. വാസ്തുവിദ്യായില്‍ നിന്നുള്ള ഉദാഹരണം വിവരിച്ച് സ്കിൽ , അപ്സ്കിൽ, റീ സ്കിൽ എന്നിവയിലുള്ള വ്യത്യാസം അദ്ദേഹം വിശദീകരിച്ചു.

രാജ്യത്ത് ലഭ്യമായ നൈപുണ്യ അവസരങ്ങള്‍ പ്രയോജനപ്പെടുത്താനുള്ള രാജ്യത്തിന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. ആരോഗ്യസംരക്ഷണ മേഖലയെ ഉദാഹരിച്ച്, ആഗോളതലത്തിലെ ആവശ്യങ്ങള്‍ക്ക് ഇന്ത്യയിലെ വിദഗ്ധ മനുഷ്യശേഷി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. ഈ ആവശ്യം അടയാളപ്പെടുത്തേണ്ടതിന്റെ ആവശ്യവും മറ്റ് രാജ്യങ്ങളുടേതുമായി ഇന്ത്യയുടെ മാനദണ്ഡങ്ങള്‍ അണിനിരത്തേണ്ടതിനെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുപോലെ, സമുദ്രമേഖലയില്‍ ദീര്‍ഘമായ പാരമ്പര്യമുള്ള ഇന്ത്യയിലെ യുവാക്കള്‍ക്ക്, ഈ മേഖലയിലെ വര്‍ധിച്ചുവരുന്ന ആവശ്യം കാരണം ലോകമെമ്പാടുമുള്ള വ്യാപാര നാവികസേനയിൽ വിദഗ്ധ  നാവികരായി പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

എല്ലാ വര്‍ഷവും ജൂലൈ 15ന് ആഘോഷിക്കുന്ന ലോക യുവജന നൈപുണ്യ ദിനം ഈ വര്‍ഷം വെര്‍ച്വലായാണ് ആഘോഷിച്ചത്. കേന്ദ്ര നൈപുണ്യവികസന, സംരംഭകത്വ മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ, സഹമന്ത്രി ശ്രീ ആര്‍. കെ. സിങ്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ലിമിറ്റഡ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ എ. എം. നായിക് എന്നിവര്‍ കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്തു. തൊഴില്‍ പരിശീലനം നടത്തുന്ന ലക്ഷക്കണക്കിന് വരുന്നവരുടെ വിപുലമായ ശൃംഖല ഉള്‍പ്പെടെ ഈ വ്യവസ്ഥിതിയിലെ എല്ലാ മേഖലയില്‍പ്പെടുന്നവരും കോണ്‍ക്ലേവില്‍ പങ്കെടുത്തു.
 



(Release ID: 1638755) Visitor Counter : 215