ഉപരാഷ്ട്രപതിയുടെ കാര്യാലയം

മാധ്യമ വ്യവസായരംഗത്ത് കോവിഡ് സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികളിൽ ആശങ്ക അറിയിച്ച് ഉപരാഷ്ട്രപതി.

Posted On: 22 JUL 2020 7:36PM by PIB Thiruvananthpuram

 

അന്തരിച്ച  ശ്രീ എം പി വീരേന്ദ്ര കുമാറിന് ഉപരാഷ്ട്രപതി. ആദരാഞ്ജലികളും അർപ്പിച്ചു.

--------*


 മാധ്യമ വ്യവസായരംഗത്ത് കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക പരാധീനതകളിൽ ആശങ്ക അറിയിച്ച് ഉപരാഷ്ട്രപതി ശ്രീ എം  വെങ്കയ്യ നായിഡു. തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്നവരോട് കരുതലോടും അനുകമ്പയോടും  പ്രവർത്തിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.

 അന്തരിച്ച ശ്രീ എം പി വീരേന്ദ്രകുമാറിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച വെർച്വൽ സ്മാരക യോഗത്തിൽ പങ്കെടുക്കുകയായിരുന്നു ശ്രീ നായിഡു.

 ആദരണീയനായ രാഷ്ട്രീയനേതാവ്,  മികച്ച എഴുത്തുകാരൻ,  പരിസ്ഥിതി സ്നേഹി, അതിവിദഗ്ദ്ധനായ മാധ്യമപ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ വീരേന്ദ്രകുമാറെന്ന്  ഉപരാഷ്ട്രപതി അനുസ്മരിച്ചു.


" മാതൃഭൂമി പ്രിന്റിംഗ് ആൻഡ് പബ്ലിക്കേഷൻസ് ലിമിറ്റഡ് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറും എന്ന നിലയിൽ മാധ്യമരംഗത്ത് വിലമതിക്കാനാവാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളതെന്ന് ശ്രീ നായിഡു അഭിപ്രായപ്പെട്ടു.


 ഉയർന്ന ആദർശങ്ങൾക്ക് അനുസരിച്ച് ജീവിച്ചിരുന്ന, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടി രിക്കുന്നവരുടെ പുനരുദ്ധാരണത്തിനായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിന്റെ ആദർശങ്ങളും പ്രവൃത്തികളും വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി

 കേരള വനം മന്ത്രി ആയിരിക്കെ മരം മുറിക്കൽ തടയാനുള്ള തന്റെ തീരുമാനം പിൻവലിക്കാൻ സമ്മർദം ഏറിയപ്പോൾ , തൽസ്ഥാനത്തുനിന്ന് രാജിവയ്ക്കാനാണ് ശ്രീ വീരേന്ദ്രകുമാർ താൽപര്യപ്പെട്ടത്. ഇത്
 താൻ പുലർത്തുന്ന ആദർശങ്ങളോടും മൂല്യങ്ങളോടുള്ള അദ്ദേഹത്തിന്റെ പ്രതിജ്ഞാബദ്ധതയുടെ  ഉദാഹരണമാണെന്ന് ഉപരാഷ്ട്രപതി ഓർമ്മിപ്പിച്ചു..


 ട്രേഡ് യൂണിയൻ മുന്നേറ്റങ്ങളിലെ  ശ്രീ വീരേന്ദ്രകുമാറിന്റെ  പങ്കാളിത്തത്തെയും, തൊഴിലാളികളുടെ അവകാശങ്ങൾക്കായി നടത്തിയ പോരാട്ടത്തെയും പറ്റി  സംസാരിക്കവേ,  തൊഴിൽ മന്ത്രാലയത്തിന്റെ  സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി എന്ന നിലയിൽ തൊഴിലാളികൾക്ക് ഗുണകരമാകുന്ന രീതിയിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിന്റെയും , എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷന്റെയും (ESIC)   പ്രവർത്തന രീതിയിൽ അദ്ദേഹം കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളെ പറ്റിയും  ഉപരാഷ്ട്രപതി അനുസ്മരിച്ചു..

 എം പി വീരേന്ദ്രകുമാറിന്റെ സാഹിത്യരംഗത്തെ നേട്ടങ്ങളെപ്പറ്റി പരാമർശിക്കവെ, കേന്ദ്രസാഹിത്യ അക്കാദമി,  കേരള സാഹിത്യ അക്കാദമി,  മൂർത്തിദേവി പുരസ്കാരം (2016) തുടങ്ങിയ  വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ വളരെ ചുരുക്കം ജനപ്രതിനിധികളിൽ ഒരാളായിരുന്നു വീരേന്ദ്രകുമാറെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു..


 കേരള ഗവർണർ ശ്രീ  ആരിഫ് മുഹമ്മദ് ഖാൻ, മിസോറാം ഗവർണർ ശ്രീ പി എസ് ശ്രീധരൻ പിള്ള, ഹിന്ദു പബ്ലിഷിംഗ് ഗ്രൂപ്പ് ഡയറക്ടർ ശ്രീ എൻ റാം, മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ ശ്രീ പി വി ചന്ദ്രൻ, പാർലമെന്റ് അംഗങ്ങൾ, അന്തരിച്ച എം പി വീരേന്ദ്രകുമാറിന്റെ മകനും മാതൃഭൂമി മാനേജിംഗ് ഡയറക്ടറുമായ  ശ്രീ എം വി  ശ്രേയാംസ് കുമാർ തുടങ്ങിയവരും വെർച്വൽ യോഗത്തിൽ പങ്കെടുത്തു



(Release ID: 1640552) Visitor Counter : 194