പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യ ഐഡിയാസ് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി

Posted On: 22 JUL 2020 9:25PM by PIB Thiruvananthpuram


കരുത്തുറ്റ ആഭ്യന്തര സാമ്പത്തിക ശേഷിയിലൂടെ ആഗോള സാമ്പത്തിക പുനരുദ്ധാരണം സാധ്യമാകും: പ്രധാനമന്ത്രി

'ആത്മനിര്‍ഭര്‍ ഭാരത്' ആഹ്വാനം ചെയ്തതിലൂടെ സമൃദ്ധവും പൂര്‍വാവസ്ഥയിലുള്ളതുമായ ലോകത്തിന് ഇന്ത്യ സംഭാവനയേകുന്നു: പ്രധാനമന്ത്രി

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇതിലും മികച്ച സമയം വേറെയില്ല: പ്രധാനമന്ത്രി

അവസരങ്ങളുടെ നാടായി ഇന്ത്യ ഉയര്‍ന്നുവരുന്നു: പ്രധാനമന്ത്രി

മഹാമാരിക്കുശേഷം ലോകത്തിന്റെ ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയും: പ്രധാനമന്ത്രി

ഇന്ത്യ ഐഡിയാസ് സമ്മിറ്റില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഖ്യ പ്രഭാഷണം നടത്തി. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലാണ് (യുഎസ്‌ഐബിസി) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. 'മികച്ച ഭാവി കെട്ടിപ്പടുക്കുക' എന്ന പ്രമേയത്തിലൂന്നിയാണ് ഇക്കൊല്ലത്തെ ഉച്ചകോടി.

45-ാം വര്‍ഷം പൂര്‍ത്തിയാക്കിയ യുഎസ്ഐബിസിയെ പ്രധാനമന്ത്രി  അഭിനന്ദിച്ചു. ഇന്ത്യ-യുഎസ് സാമ്പത്തിക പങ്കാളിത്തത്തെ മുന്നോട്ട് നയിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് യുഎസ്‌ഐബിസി നേതൃത്വത്തിന് അദ്ദേഹം നന്ദി പറഞ്ഞു.

കരുത്തുറ്റ ആഭ്യന്തര സാമ്പത്തിക ശേഷിയിലൂടെ ആഗോള സാമ്പത്തിക പുനരുദ്ധാരണം

പുരോഗതിയുടെ പാതയില്‍ പാവപ്പെട്ടവരെയും ആലംബഹീനരെയും പ്രധാന ഘടകമായി കാണേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. 'ബിസിനസ് സുഗമമാക്കുന്നതു' പോലെ 'ജീവിതരീതിയും സുഗമാക്കേണ്ടത്' പ്രാധാന്യമര്‍ഹിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാമാരി നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, പുറമെനിന്നുള്ള ആഘാതങ്ങള്‍ക്കനുസൃതമായി ആഗോള സമ്പദ്വ്യവസ്ഥയെ പുനഃസ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ്. കരുത്തുറ്റ ആഭ്യന്തര സാമ്പത്തിക ശേഷിയിലൂടെയേ അതു നേടാനാകൂ എന്നും അദ്ദേഹം പറഞ്ഞു. 'ആത്മനിര്‍ഭര്‍ ഭാരത്' ആഹ്വാനം ചെയ്തതിലൂടെ സമൃദ്ധവും പൂര്‍വസ്ഥിതിയിലുള്ളതുമായ ലോകത്തിന് ഇന്ത്യ സംഭാവനയേകുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് പരിധികളില്ലാത്ത, ഇഷ്ടാനുസരണമുള്ള അവസരങ്ങളുടെ സമ്പൂര്‍ണമായ കൂടിച്ചേരല്‍

ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാരണം ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് പരിധികളില്ലാത്ത, ഇഷ്ടാനുസരണമുള്ള അവസരങ്ങളുടെ സമ്പൂര്‍ണമായ കൂടിച്ചേരലാണ്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, നമ്മുടെ സമ്പദ്വ്യവസ്ഥയെ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനും കൂടുതല്‍ പരിഷ്‌കരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു, മത്സരശേഷി, കൂടുതല്‍ സുതാര്യത, വിപുലമായ ഡിജിറ്റല്‍വല്‍ക്കരണം, മഹത്തായ നവീകരണം, നയസ്ഥിരത എന്നിവ ഈ പരിഷ്‌കരണം ഉറപ്പുവരുത്തിയിട്ടുണ്ട്.

നഗരത്തിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളേക്കാള്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ അതുപയോഗിക്കുന്നവരുണ്ടെന്ന് അടുത്തിടെ വന്ന ഒരു റിപ്പോര്‍ട്ട് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ അവസരങ്ങളുടെ ഭൂമിയായി വിശേഷിപ്പിച്ച പ്രധാനമന്ത്രി അര ബില്യണ്‍ സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇപ്പോള്‍ രാജ്യത്തുണ്ടെന്നും അര ബില്യണിലധികം ആളുകള്‍ ഈ കണ്ണിയുടെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 5 ജി, ബിഗ് ഡേറ്റ അനലിറ്റിക്‌സ്, ക്വാണ്ടം കമ്പ്യൂട്ടിങ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് എന്നീ നൂതന സാങ്കേതികവിദ്യകളിലെ അവസരങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

വിവിധ മേഖലകളില്‍ നിക്ഷേപിക്കാനുള്ള വിപുലമായ അവസരങ്ങള്‍

ഇന്ത്യയില്‍ വിവിധ മേഖലകളില്‍ നിക്ഷേപം നടത്താന്‍ വിപുലമായ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയില്‍ അടുത്തിടെ സ്വീകരിച്ച ചരിത്രപരമായ പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, കാര്‍ഷിക മേഖല, യന്ത്രങ്ങള്‍, കാര്‍ഷിക വിതരണ ശൃംഖല, ഭക്ഷ്യ സംസ്‌കരണ മേഖല, മത്സ്യബന്ധനം, ജൈവ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താനുള്ള അവസരങ്ങളുണ്ടെന്നും വ്യക്തമാക്കി. ഇന്ത്യയിലെ ആരോഗ്യമേഖല എല്ലാ വര്‍ഷത്തേക്കാളും 22 ശതമാനത്തിലധികം വേഗത്തില്‍ വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍-ടെക്‌നോളജി, ടെലി-മെഡിസിന്‍, ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ പുരോഗതി ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇന്ത്യയുടെ ആരോഗ്യമേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണിതെന്നു വ്യക്തമാകുന്നു എന്നു കൂട്ടിച്ചേര്‍ത്തു.

നിക്ഷേപത്തിന് ധാരാളം അവസരങ്ങള്‍ തുറന്നുതരുന്ന നിരവധി മേഖലകള്‍ പ്രധാനമന്ത്രി പരിചയപ്പെടുത്തി. ഊര്‍ജമേഖല; കെട്ടിടനിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, തുറമുഖങ്ങള്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യ നിര്‍മ്മാണം, പ്രമുഖ സ്വകാര്യ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വരുന്ന ദശകത്തില്‍ ആയിരത്തിലധികം പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്ന വ്യോമയാന മേഖല- അത്തരത്തില്‍  നിര്‍മ്മാണയൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയെ തെരഞ്ഞെടുക്കുന്ന ഏതൊരു നിക്ഷേപകനും അവസരമൊരുക്കാനാകും. കൂടാതെ അറ്റകുറ്റപ്പണികള്‍ക്കും പ്രവര്‍ത്തനസൗകര്യങ്ങള്‍ക്കുമായുള്ള സംവിധാനങ്ങളും സജ്ജീകരിക്കാനാകും. പ്രതിരോധ മേഖലയിലെ നിക്ഷേപത്തിനുള്ള എഫ്ഡിഐ പരിധി 74 ശതമാനമായി ഉയര്‍ത്തിയതും പ്രതിരോധ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് പ്രതിരോധ ഇടനാഴികള്‍ സ്ഥാപിച്ചതും സ്വകാര്യ, വിദേശ നിക്ഷേപകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹിരാകാശ മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പുത്തന്‍ പരിഷ്‌കാരങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

ധനകാര്യ- ഇന്‍ഷുറന്‍സ് മേഖലകളിലും പ്രധാനമന്ത്രി നിക്ഷേപങ്ങള്‍ ക്ഷണിച്ചു. ഇന്‍ഷുറന്‍സ് നിക്ഷേപത്തിനുള്ള എഫ്ഡിഐ പരിധി 49 ശതമാനമായി ഉയര്‍ത്തിയെന്നും ഇന്‍ഷുറന്‍സ് ഇടനിലക്കാരില്‍ നിക്ഷേപിക്കുന്നതിന് 100 ശതമാനം എഫ്ഡിഐ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, കൃഷി, ബിസിനസ്സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്നതിന് ഇതുവരെ കടന്നുചെല്ലാത്ത വലിയ അവസരങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.


ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന നിക്ഷേപങ്ങള്‍

ലോക ബാങ്കിന്റെ 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' റാങ്കിങ്ങിലുള്ള ഇന്ത്യയുടെ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഓരോ വര്‍ഷവും ഇന്ത്യ എഫ്ഡിഐയില്‍ പുതിയ ഉയരങ്ങള്‍ താണ്ടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. 2019-20ല്‍ ഇന്ത്യയില്‍ എത്തിയ എഫ്ഡിഐ 74 ബില്യണ്‍ ഡോളറായിരുന്നു. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്. മഹാമാരിയുടെ പശ്ചാത്തലത്തില്‍ പോലും ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂലൈ വരെ 20 ബില്യണ്‍ ഡോളറിലധികം വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞെന്നും അദ്ദേഹം എടുത്തുപറഞ്ഞു.


ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള കൃത്യമായ സമയം

ആഗോള സാമ്പത്തിക മേഖലയുടെ വീണ്ടെടുപ്പിന് കരുത്തു പകരാനുള്ള കഴിവ് ഇന്ത്യക്കുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഉയര്‍ച്ചയെന്നാല്‍ വിശ്വാസയോഗ്യമായ ഒരു രാജ്യവുമായുള്ള വാണിജ്യാവസരങ്ങളുടെ വര്‍ധന; വര്‍ധിച്ചുവരുന്ന, തുറന്ന മനസ്സോടെയുള്ള ആഗോള ഏകീകരണത്തിന്റെ ഉയര്‍ച്ച; വിശാലമായ കമ്പോളത്തിലേയ്ക്കുള്ള പ്രവേശനം ഉറപ്പാക്കുന്ന മാത്സര്യത്തിന്റെ വര്‍ധന; വിദഗ്ധ മാനവവിഭവശേഷിയുടെ ലഭ്യതയ്‌ക്കൊപ്പം നിക്ഷേപത്തിനനുസൃതമായ വരുമാനത്തിന്റെ വര്‍ധന എന്നിവയാണ്.

ഇന്ത്യയും അമേരിക്കയും സ്വാഭാവിക കൂട്ടാളികളാണെന്നു പറഞ്ഞ പ്രധാനമന്ത്രി, മഹാമാരിക്കുശേഷം ലോകത്തിന്റെ ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ഇതിലും മികച്ച സമയം വേറെയില്ലെന്നും അമേരിക്കന്‍ നിക്ഷേപകരോട് അദ്ദേഹം പറഞ്ഞു.


(Release ID: 1640556) Visitor Counter : 249