തൊഴില്‍, ഉദ്യോഗ മന്ത്രാലയം
സാമൂഹിക സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ മോദി സർക്കാർ നടത്തിയ ശ്രമങ്ങളെ അംഗീകരിച്ചുകൊണ്ട് സാമൂഹിക സുരക്ഷയിലെ മികച്ച നേട്ടത്തിനുള്ള 2025 ലെ അഭിമാനകരമായ ISSA അവാർഡ് ഇന്ത്യയ്ക്ക് സമ്മാനിച്ചു
Posted On:
03 OCT 2025 10:50AM by PIB Thiruvananthpuram
2015 ലെ 19 ശതമാനത്തിൽ നിന്ന് 2025 ൽ 64.3 ശതമാനമായി ഉയർന്ന ഇന്ത്യയുടെ സാമൂഹിക സുരക്ഷാ പരിരക്ഷ ചരിത്രപരമായ വ്യാപനത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്ര തൊഴിൽ,യുവജനകാര്യ,കായിക വകുപ്പു മന്ത്രി ഡോ.മൻസുഖ് മാണ്ഡവ്യ.ഇത് അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO)അംഗീകരിച്ചതും 940 ദശലക്ഷത്തിലധികം പൗരന്മാരെ ഉൾക്കൊള്ളുന്നതുമാണ്.മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന വേൾഡ് സോഷ്യൽ സെക്യൂരിറ്റി ഫോറം (WSSF) 2025 നെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ. മൻസുഖ് മാണ്ഡവ്യ.സാമൂഹിക സുരക്ഷയിലെ മികച്ച നേട്ടത്തിന് 2025 ലെ അഭിമാനകരമായ ഇൻ്റർനാഷണൽ സോഷ്യൽ സെക്യൂരിറ്റി അസോസിയേഷൻ (ISSA) അവാർഡ് ഇന്ത്യയ്ക്ക് ലഭിച്ചു.കൂടാതെ സാമൂഹിക സംരക്ഷണ പരിരക്ഷയിലെ വർദ്ധനവിന് ശേഷം ISSA യുടെ പൊതുസഭയിൽ ഇന്ത്യയുടെ വിഹിതം മുപ്പതാ(30)യി ഉയർന്നു.ഒരു രാജ്യത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന വോട്ട് വിഹിതമാണ് ഇത്.
"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തിൻ്റേയും വരിയിലെ അവസാന വ്യക്തിയെ ഉൾപ്പെടെ എല്ലാവരേയും ഉൾക്കൊള്ളുന്നതും സാർവത്രികവുമായ സാമൂഹിക സുരക്ഷയിലേക്കുള്ള നമ്മുടെ യാത്രയെ രൂപപ്പെടുത്തിയ അന്ത്യോദയ എന്ന മാർഗ്ഗനിർദ്ദേശ തത്വത്തിൻ്റേയും തെളിവാണ് ഈ അവാർഡ്," ഇന്ത്യയ്ക്ക് വേണ്ടി അവാർഡ് സ്വീകരിച്ചുകൊണ്ട് ഡോ.മൻസുഖ് മാണ്ഡവ്യ പറഞ്ഞു.
മൂന്ന് വർഷത്തിലൊരിക്കൽ നല്കുന്ന ഈ അവാർഡിലൂടെ ആഗോളതലത്തിലെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളിൽ ഇന്ത്യയുടെ അസാധാരണമായ പുരോഗതിയെ അംഗീകരിക്കുന്നു.163 രാജ്യങ്ങളിൽ നിന്നുള്ള 1,200-ലധികം സാമൂഹിക സുരക്ഷാ നയരൂപകർത്താക്കളും വിദഗ്ധരും പങ്കെടുക്കുന്ന പ്രധാന ആഗോള സമ്മേളനമായ WSSF-ൻ്റെ പ്രധാന ആകർഷണമായിരുന്നു അവാർഡ് ദാന ചടങ്ങ്.ഈ അവാർഡ് ലഭിക്കുന്ന അഞ്ചാമത്തെ രാജ്യമെന്ന നിലയിൽ സാമൂഹിക സുരക്ഷാ പരിരക്ഷാ മേഖലയിലെ ലോകമെമ്പാടുമുള്ള മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ചേരുന്നു.
സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ഫലപ്രദമായി വിതരണം ചെയ്യുന്നതിന് ഇന്ത്യയിൽ വിപുലമായ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് ഇ-ശ്രം പോർട്ടലിനെ പ്രത്യേകം പരാമർശിച്ചുകൊണ്ട് കേന്ദ്രമന്ത്രി തൻ്റെ പ്രസംഗത്തിൽ വിശദീകരിച്ചു. “310 ദശലക്ഷത്തിലധികം അസംഘടിത തൊഴിലാളികളെ ബഹുഭാഷാ സൗകര്യമുള്ളതും തടസ്സമില്ലാത്തതുമായ ഇൻ്റർഫേസിലൂടെ സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കുന്ന 'വൺ-സ്റ്റോപ്പ് സൊല്യൂഷൻ' ആയി പ്രവർത്തിക്കുന്ന ഒരു ദേശീയ ഡിജിറ്റൽ ഡാറ്റാബേസാണ് ഇ-ശ്രം പോർട്ടൽ,” അദ്ദേഹം പറഞ്ഞു.
തൊഴിലന്വേഷകരേയും തൊഴിലുടമകളേയും ഒരു പൊതു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്നതിനായി ശക്തമായ ഡിജിറ്റൽ ഉപകരണങ്ങൾ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന നാഷണൽ കരിയർ സർവീസ്(NCS) പോർട്ടലിലേക്കും ഡോ. മാണ്ഡവ്യ ശ്രദ്ധ ക്ഷണിച്ചു. "ഇന്ന് എൻ.സി.എസിന് വിദഗ്ധ തൊഴിലാളികളുടെ ആധികാരികമായ ഒരു ഡാറ്റാബേസ് ഉണ്ട്. ഇത് ലോകമെമ്പാടുമുള്ള തൊഴിലുടമകൾക്ക് എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതും ഇ-ശ്രാമുമായി സംയോജിപ്പിച്ചതുമാണ്.നമ്മുടെ വൈദഗ്ധ്യമുള്ള യുവാക്കൾക്ക് അവരുടെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ നഷ്ടപ്പെടാതെ ആഗോള അവസരങ്ങൾ ലഭ്യമാക്കാൻ കഴിയുമെന്ന് ഇത് ഉറപ്പാക്കും" അദ്ദേഹം കൂട്ടിച്ചേർത്തു.രാജ്യത്തെ തൊഴിൽ ശക്തിക്ക് വിപുലമായ ആരോഗ്യ സംരക്ഷണം,ഇൻഷുറൻസ്,പെൻഷൻ പദ്ധതികൾ എന്നിവ നല്കുന്നതിൽ ഇന്ത്യയിലെ രണ്ട് പ്രമുഖ സാമൂഹിക സുരക്ഷാ സംഘടനകളായ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ(EPFO),എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) എന്നിവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ലോക സാമൂഹിക സുരക്ഷാ ഉച്ചകോടിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കവെ ഡോ.മൻസുഖ് മാണ്ഡവ്യ അടിവരയിട്ടു.
സാങ്കേതിക,തൊഴിൽ വിപണിയിലെ മാറ്റങ്ങളുമായി ചേർന്നുകൊണ്ട് വളരുന്ന സാമൂഹിക സുരക്ഷയുടെ പങ്കിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. "സമഗ്ര നയം,പ്രക്രിയ,ഡിജിറ്റൽ പരിഷ്കാരങ്ങൾ എന്നിവയിലൂടെ നാം നമ്മുടെ സാമൂഹിക സുരക്ഷയെ ശക്തിപ്പെടുത്തുകയാണ്.സാമ്പത്തിക ലഭ്യത,വൈദഗ്ദ്ധ്യം,സ്വയം തൊഴിൽ,ഡിജിറ്റൽ നവീകരണം എന്നിവ സംയോജിപ്പിക്കുന്ന സമഗ്ര സമീപനത്തിലൂടെ പുതിയ വരുമാന അവസരങ്ങളും സാമൂഹിക സുരക്ഷാ വലയവും സൃഷ്ടിക്കുന്നതിന് ഇന്ത്യ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഭാവി രൂപപ്പെടുത്താനും ലോകത്തിലെ യുവാക്കളെ പ്രചോദിപ്പിക്കാനും സജ്ജമായിക്കൊണ്ട് ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്നു", അദ്ദേഹം പറഞ്ഞു.
SKY
**************
(Release ID: 2174402)
Visitor Counter : 8