പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
എൻഐഐഎസ്ടി സുവർണ ജൂബിലി സമാപന സമ്മേളനം ഒക്ടോബർ 15 ന്: കേന്ദ്ര സഹമന്ത്രി ശ്രീ ജിതേന്ദ്ര സിംഗ് മുഖ്യാഥിതിയാകും
ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ പുതിയ ഇന്നൊവേഷൻ സെന്ററിനായി കേരള ഗവണ്മെന്റ് 10 ഏക്കർ ഭൂമി കൈമാറി: എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ
Posted On:
10 OCT 2025 3:23PM by PIB Thiruvananthpuram
N6H1.jpeg)
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ തിരുവനന്തപുരത്തെ പാപ്പനംകോടുള്ള സിഎസ്ഐആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (സിഎസ്ഐആർ-എൻഐഐഎസ്ടി) യുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് മുഖ്യാതിഥിയാകും. ഒരു വർഷം നീണ്ട ആഘോഷങ്ങളുടെ സമാപനം 2025 ഒക്ടോബർ 15 ന് നടക്കുമെന്ന് സിഎസ്ഐആർ-എൻഐഐഎസ്ടി ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ക്യാംപസിൽ നിർമ്മിച്ച സുവർണ ജൂബിലി ഇന്നൊവേഷൻ സെന്റർ കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്യും. നൂതനാശയത്തിൽ അധിഷ്ഠിതമായ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായങ്ങളുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഇന്നൊവേഷൻ സെന്റർ.
നെക്സ്റ്റ് ജനറേഷൻ ഡൈ-സെൻസിറ്റൈസ്ഡ് ലൈറ്റ് ഹാർവെസ്റ്ററുകളുടെ വിന്യാസത്തിനുള്ള ഓട്ടോമേറ്റഡ് നോഡൽ-ഹബ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (AI-ML) ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനവും നടക്കും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മതീർത്ഥ കുളത്തിൽ ഉണ്ടാകുന്ന ആൽഗൈ വളർച്ച, മീനുകൾ ചത്തു പൊങ്ങുന്നത്, ദുർഗന്ധം തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഐഐഎസ്‌ടി ഒരു പ്രകൃതി അധിഷ്ഠിത ശുദ്ധീകരണ സംവിധാനം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർച്ചയായ ഒരു വർഷത്തെ നിരീക്ഷണത്തിനുശേഷം ഈ മാതൃകയെ മറ്റ് നഗര ജലാശയങ്ങളിലും നടപ്പാക്കാൻ സാധിക്കുന്നതാണെന്നും ഡോ. സി. അനന്തരാമകൃഷ്ണൻ പറഞ്ഞു. സമാപന സമ്മേളനത്തിൻ്റെ ഭാഗമായി പ്രധാന സാങ്കേതിക വിദ്യാ കൈമാറ്റങ്ങൾ നടക്കും. ധാരണാപത്രങ്ങളും ഒപ്പ് വെയ്ക്കും.
കേരളത്തിലെ ഹൗസ് ബോട്ട് വ്യവസായം നേരിടുന്ന മലിനജല പ്രശ്നങ്ങൾ പരിഹരിക്കാൻ, ശുചിത്വ മിഷനും, മലിനീകരണ നിയന്ത്രണ ബോർഡുമായി സഹകരിച്ച് കേരള ഹൗസ് ബോട്ട് ഓണേഴ്സ് ഫെഡറേഷനുമായി എൻഐഐഎസ്‌ടി ധാരണാപ്രതം ഒപ്പിടും. ബോട്ടിനുള്ളിലും പുറത്തുമുള്ള ശുദ്ധീകരണ സംവിധാനങ്ങൾ വികസിപ്പിച്ച് പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യം. എംആർഎഫ് ലിമിറ്റഡുമായി സ്മാർട്ട് ടയർ സാങ്കേതികവിദ്യയിൽ ഒപ്പിടുന്ന ധാരണാപ്രതം സ്വയം പ്രവർത്തിക്കുന്ന ടയർ നിരീക്ഷണ സംവിധാനങ്ങൾ വികസിപ്പിക്കാൻ സഹായിക്കും. എൻഐഐഎസ്ടി വികസിപ്പിച്ച അലുമിനിയം-മഗ്നീഷ്യം-സ്കാൻഡിയം അലോയ്സ് ദേശീയ വ്യോമയാന, പ്രതിരോധ മേഖലയ്ക്ക് കരുത്തേകും. മുംബൈയിലെ സ്റ്റാർ അലൂകാസ്റ്റിനാണ് ഈ സാങ്കേതികവിദ്യ കൈമാറുന്നത്. മനുഷ്യന്റെ ശാരീരിക ഊർജ്ജം ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പെഡൽ-അസിസ്റ്റഡ് വ്യായാമ സംവിധാനം 'വിദ്യുത് സ്വാസ്ഥ്യ' കേന്ദ്ര സഹമന്ത്രി ഉദ്ഘാടനം ചെയ്യും. ലാപ്ടോപ്പ്, ഫോൺ തുടങ്ങിയ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനും ആരോഗ്യസംരക്ഷണത്തിനുമായി ഇത് ഉപയോഗിക്കാം. എൻഐഐഎസ്ടി വികസിപ്പിച്ച ഹൈബ്രിഡ് സാങ്കേതികവിദ്യയിലാണ് ഇത് പ്രവർത്തിക്കുന്നതെന്നും ഡയറക്ടർ വ്യക്തമാക്കി.
ലൈഫ് സയൻസസ് പാർക്കിൽ എൻ.ഐ.ഐ.എസ്.ടിയുടെ നൂതനാശയ കേന്ദ്രം
തിരുവനന്തപുരം തോന്നയ്ക്കലുള്ള ബയോ 360 ലൈഫ് സയൻസസ് പാർക്കിൽ പുതിയ ഇന്നൊവേഷൻ സെന്ററിനായി കേരള ഗവൺമെന്റ് സിഎസ്‌ഐആർ-എൻ.ഐ.ഐ.എസ്.ടി.യ്ക്ക് 10 ഏക്കർ ഭൂമി കൈമാറിയതായും ഡയറക്ടർ അറിയിച്ചു. 99 വർഷത്തെ പാട്ടത്തിന് നൽകിയ ഭൂമിയിൽ ബയോ മാനുഫാക്ച്ചറിംഗ് ഹബ്ബ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ സെന്റർ ശാസ്ത്രീയ നേട്ടങ്ങളെ വാണിജ്യപരമായ പ്രായോഗികമായ പരിഹാരങ്ങളാക്കി മാറ്റുന്നതിനുള്ള ഗവേഷണം, നൂതനാശയം, സ്റ്റാർട്ടപ്പുകൾ എന്നിവയ്ക്കുള്ള ആധുനിക കേന്ദ്രമായി പ്രവർത്തിക്കും. സാങ്കേതിക വികസനം, ഇൻക്യൂബേഷൻ, ഇൻഡസ്ട്രി സഹകരണങ്ങൾ, ലൈസൻസിംഗ് തുടങ്ങിയവ മുഖേന കേരളത്തിലെ ലൈഫ് സയൻസ് ആവാസവ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യമെന്നും ഡോ. സി. ആനന്ദരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. ഇത് എൻ.ഐ.ഐ.എസ്.ടി.യുടെ നിലവിലെ പദ്ധതികളായ കേരള ഹൈഡ്രജൻ വാലി പ്രോജക്റ്റ് പോലുള്ള പ്രധാന പദ്ധതികൾക്ക് പിന്തുണ നൽകും. മലിനജലത്തിൽ നിന്ന് സൗരോർജ്ജം ഉപയോഗിച്ച് ഹൈഡ്രജൻ ഉല്പാദിപ്പിക്കൽ വഴി ഗ്രീൻ അമോണിയ, യൂറിയ തുടങ്ങിയ പരിസ്ഥിതി സൗഹൃദ പ്രയോഗങ്ങൾ വികസിപ്പിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്.
10 ഏക്കർ ക്യാമ്പസിൽ പ്രോബയോട്ടിക്സ്, ബയോആക്റ്റീവ് ഫുഡ്സ്, ആൾട്ടർനേറ്റീവ് പ്രോട്ടീനുകൾ, ന്യൂട്രാസ്യൂട്ടിക്കൽസ്, ബയോപോളിമർസ് എന്നിവയുടെ ബയോമാനുഫാക്ചറിംഗ് ഹബ്, കൂടാതെ പ്ലാസ്റ്റിക്കും ലെതറും പോലുള്ള ഉൽപ്പന്നങ്ങൾക്ക് ജൈവാധിഷ്ഠിത ബദലുകൾ വികസിപ്പിക്കുന്ന കേന്ദ്രം എന്നിവയും ഉൾപ്പെടും. ഇതോടൊപ്പം റബർ, കയർ, മസാലകൾ തുടങ്ങിയ കേരളത്തിന്റെ പരമ്പരാഗത മേഖലയെ പിന്തുണയ്ക്കുന്ന പ്രാദേശിക വിഭവ വികസന കേന്ദ്രവും ഇവിടെ സ്ഥാപിക്കും. ഈ സംരംഭം കേരളത്തെ ജീവശാസ്ത്ര ഗവേഷണത്തിലും നവോപാധിയിലും മുന്നിലെത്തിക്കുകയും തൊഴിൽസാദ്ധ്യതകളും സുസ്ഥിര സാങ്കേതികവിദ്യകളും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സിഎസ്‌ഐആർ-എൻഐഐഎസ്‌ടി ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. പി. നിഷി, അഗ്രോ പ്രോസസിംഗ് ഡിവിഷൻ ഹെഡ് ഡോ. കെ.വി. രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
***
SK
(Release ID: 2177317)
Visitor Counter : 138