പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

ലഹരിമുക്ത യുവത്വത്തിനായി ആരോഗ്യ പദയാത്രയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു  

പോസ്റ്റഡ് ഓണ്‍: 04 OCT 2026 5:00PM by PIB Thiruvananthpuram

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, കേന്ദ്ര ഗവണ്മെന്റിന്റെ നശാ മുക്ത് യുവ ഫോർ വികസിത് ഭാരത്‌ -100 ഞായറാഴ്ച്ചകൾ ക്യാമ്പയ്നിന്റെ (Nasha Mukt Yuva for Viksit Bharat - 100 Sundays Campaign) ഭാഗമായി "എന്റെ ആരോഗ്യം, എന്റെ അഭിമാനം" എന്ന പ്രമേയത്തിൽ തിരുവനന്തപുരത്ത് ആരോഗ്യ പദയാത്രയും സൈക്കിൾ റാലിയും സംഘടിപ്പിച്ചു.  

മേരാ യുവ ഭാരത്, കേരളം സംഘടിപ്പിച്ച സംസ്ഥാനതല പരിപാടിയിൽ എം.എൽ.എയും മുൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ ശ്രീ വി. മുരളീധരൻ യുവജനങ്ങൾക്ക് നശാമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് കവടിയാർ വിവേകാനന്ദ പ്രതിമയിൽ അദ്ദേഹം പുഷ്പാർച്ചന നടത്തി. ശേഷം ശ്രീ വി. മുരളീധരൻ ആരോഗ്യ പദയാത്രയും സൈക്കിൾ റാലിയും ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയിൽ മൈ ഭാരത് സ്റ്റേറ്റ് ഡയറക്ടർ ശ്രീ അഭയ് ശങ്കർ എസ് ആർ, തിരുവനന്തപുരം ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ എൻ സുഹാസ്, സായി അസിസ്റ്റന്റ് ഡയറക്ടർ ശ്രീ സെൽവമണി എന്നിവരും മറ്റു പ്രതിനിധികളും പങ്കെടുത്തു.  

കേരളത്തിന്റെ തനത് കലാരൂപമായ തെയ്യത്തിന്റെ വേഷവിധാനത്തിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങൾ അവതരിപ്പിച്ചത് പരിപാടിയുടെ പ്രധാന ആകർഷണമായി. യുവജനങ്ങളിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ശാരീരിക ക്ഷമതയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി ഉപയോഗത്തിൽ നിന്ന് യുവാക്കളെ അകറ്റിനിർത്തുക, ആരോഗ്യകരവും സജീവവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിൽ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.  

വിവേകാനന്ദ പ്രതിമയിൽ നിന്ന് ആരംഭിച്ച പദയാത്ര കവടിയാർ പാലസ് റോഡ്,  ലോക് ഭവൻ, വെള്ളയമ്പലം ജംഗ്ഷൻ, മാനവീയം വീഥി, അൽത്തറ ജംഗ്ഷൻ, ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലൂടെ  സഞ്ചരിച്ചു.  

മേരാ യുവ ഭാരത് വോളണ്ടിയർമാർ, എൻ എസ് എസ്, സായ് വിവിധ യുവജന സംഘടനകളിലെ പ്രവർത്തകർ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവരടക്കം 500-ലധികം പേർ പരിപാടിയിൽ പങ്കെടുത്തു.  

ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും യുവജനങ്ങളെ ശാരീരിക പ്രവർത്തനങ്ങളിലേക്കും കായിക പ്രവർത്തനങ്ങളിലേക്കും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

****

NK


( റിലീസ് ഐ.ഡി: 2318897) സന്ദര്‍ശക കൗണ്ടര്‍ : 24