പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
azadi ka amrit mahotsav

അരിപ്പൂവിൽ നിന്ന് ഉപജീവനത്തിലേക്ക്: മുത്തങ്ങയിൽ ഇരുനൂറിലധികം പേർക്ക് ബയോചാർ ഉൽപ്പാദനത്തിൽ പരിശീലനം നൽകി

പോസ്റ്റഡ് ഓണ്‍: 09 OCT 2026 6:09PM by PIB Thiruvananthpuram
വിനാശകാരിയായ അധിനിവേശ സസ്യങ്ങളിൽ നിന്നുള്ള ജൈവപിണ്ഡത്തെ (biomass) മണ്ണിനാവശ്യമായ കാർബൺ സമ്പുഷ്ട പോഷകമാക്കി മാറ്റാനുള്ള പദ്ധതി വഴി 165-ലധികം ഗോത്ര -വന ആശ്രിത സമൂഹാംഗങ്ങൾക്ക് പരിശീലനം നൽകി.വയനാട് വന്യജീവി സങ്കേതത്തിലെ ഇത്തരത്തിലുള്ള ആദ്യപരിപാടിയാണിത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoEF&CC) പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
 
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ (MoEF&CC) പാരിസ്ഥിതിക അവബോധ,ശേഷി വികസന പരിപാടിയ്ക്ക് (EIACP) കീഴിൽ പ്രവർത്തിക്കുന്ന ന്യൂഡൽഹി ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യയിലെ (WWF-India) ഇ.ഐ.എ.സി.പി പ്രോഗ്രാം സെന്റർ (PC RP), "അധിനിവേശ സസ്യങ്ങളിൽ നിന്നുള്ള ബയോചാർ ഉൽപ്പാദനവും കേരളത്തിലെ വനമേഖലകളിൽ ഉപജീവന മാർഗ്ഗ സൃഷ്ടിയും" എന്ന വിഷയത്തിൽ 2026 ഒക്ടോബർ 06 മുതൽ 09 വരെ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷനിൽ  ശേഷി വികസന പരിപാടി വിജയകരമായി സംഘടിപ്പിച്ചു.പരിപാടിക്കാവശ്യമായ സാമ്പത്തിക സഹായം ഇ.ഐ.എ.സി.പിക്ക് കീഴിൽ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ലഭ്യമാക്കി.
 
വയനാട് വന്യജീവി സങ്കേതത്തിൽ ഇ.ഐ.എ.സി.പി പ്രോഗ്രാം സെന്റർ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ശേഷി വികസന പരിപാടിയായിരുന്നു ഇത്. ദ ഷോള ട്രസ്റ്റ്, വയനാട് വന്യജീവി സങ്കേതം, വൈൽഡ് കാർബൺ എന്നിവരുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചിന് ചുറ്റുമുള്ള പൊൻകുഴി, തഗരപ്പാടി, മുത്തങ്ങ ആനക്യാമ്പ് , കൊല്ലൂർ, ബത്തേരി, കുറിച്യാട്ട് എന്നീ ഗ്രാമങ്ങളിൽ നിന്നുള്ള 165-ലധികം ഗോത്ര -വന ആശ്രിത സമൂഹാംഗങ്ങളും ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി (EDC) അംഗങ്ങളും ഇ.ഐ.എ.സി.പി പി.സി ആർ.പി, ഡബ്ല്യു.ഡബ്ല്യു.എഫ്-ഇന്ത്യ ജീവനക്കാരും ചേർന്ന് മൂന്ന് ബാച്ചുകളിലായി പരിശീലനത്തിൽ പങ്കെടുത്തു.
 
അരിപ്പൂവ് (Lantana camara), മഞ്ഞക്കൊന്ന (Senna spectabilis) തുടങ്ങിയ അധിനിവേശ സസ്യങ്ങൾ പശ്ചിമഘട്ടത്തിന്റെ വലിയൊരു ഭാഗത്ത് പടർന്നുപിടിച്ചിട്ടുണ്ട്. ഇവ സ്വാഭാവിക സസ്യങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും വന്യജീവികൾക്കുള്ള തീറ്റ കുറയ്ക്കുകയും കാട്ടുതീ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി വെട്ടിമാറ്റി വലിച്ചെറിയുന്ന ഈ സസ്യങ്ങളെ, മണ്ണിനുള്ള ഒരു മികച്ച പോഷകമായും ഒരു വരുമാന മാർഗ്ഗമായും ബയോചാർ (Biochar) രൂപത്തിലേക്ക് എങ്ങനെ മാറ്റാമെന്ന് ഈ പരിപാടി പങ്കാളികൾക്ക് കാണിച്ചുകൊടുത്തു.
 
പങ്കാളികൾ :
 
പരിശീലനത്തിൽ പങ്കെടുത്ത ഭൂരിഭാഗം പേരും സമീപ ഗ്രാമങ്ങളിൽ നിന്നുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവരും വയനാട് വന്യജീവി സങ്കേതത്തിലെ ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റികളിലെ അംഗങ്ങളുമായിരുന്നു. ഇവരിൽ ഭൂരിഭാഗവും യുവാക്കളും നാലിലൊന്ന് ഭാഗം സ്ത്രീകളുമായിരുന്നു.  ബയോച്ചാർ ഉത്പാദന വൈദഗ്ധ്യം ഏവർക്കും എളുപ്പത്തിൽ സ്വായത്തമാക്കാൻ പ്രായോഗിക പരിശീലന രീതി സഹായിച്ചു.
 
ക്ലാസ് മുറിയിലെ പഠനവും പ്രായോഗിക പരിശീലനവും:
 
 തിയറി ക്ലാസുകളും പ്രായോഗിക പ്രദർശനങ്ങളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ബയോചാറിനെക്കുറിച്ചും അതിന്റെ ഗുണങ്ങളെക്കുറിച്ചും, ഫാം തലത്തിൽ കുറഞ്ഞ ചെലവിൽ ഇത് ഉൽപ്പാദിപ്പിക്കുന്ന രീതികളെക്കുറിച്ചും, കൃഷിയിലും വനകൃഷിയിലും (agroforestry) ഇതിന്റെ ഉപയോഗത്തെക്കുറിച്ചും പങ്കെടുത്തവർക്ക് അവബോധംനൽകി. പ്രായോഗിക സെഷനുകളിൽ സുരക്ഷാ മുൻകരുതലുകളോടെ അവർ സ്വയം ജൈവപിണ്ഡം തയ്യാറാക്കി ബയോചാർ ഉൽപ്പാദിപ്പിച്ചു. കാർബൺ ക്രെഡിറ്റുകളും വിപണി ബന്ധങ്ങളും നേടുന്നതിന് ബയോചാർ ഉപയോഗിക്കുന്നതിന്റെ ഭാവി സാധ്യതകളെക്കുറിച്ചും സെഷനിൽ ചർച്ച ചെയ്തു.
 
വ്യാവസായിക ഉൽപ്പാദന കേന്ദ്ര സന്ദർശനം:
 
ബെഗൂരിലുള്ള വൈൽഡ് കാർബണിന്റെ വ്യാവസായിക ബയോചാർ നിർമ്മാണ കേന്ദ്രവും പങ്കാളികൾ സന്ദർശിച്ചു. ഫാം തലത്തിലെ രീതികൾ ഒരു ബിസിനസ് മാതൃകയായി വലിയ ഉൽപ്പാദന യൂണിറ്റുകളിലേക്ക് എങ്ങനെ വ്യാപിപ്പിക്കാമെന്ന് ഈ സന്ദർശനം അവർക്ക് കാണിച്ചുകൊടുത്തു.
 
പരിശീലനത്തിന്റെ പ്രധാന നേട്ടങ്ങൾ: 
 
വയനാട് വന്യജീവി സങ്കേതത്തിലെ ആദ്യത്തെ പരിപാടി എന്ന നിലയിൽ, ഈ പരിശീലനം താഴെ പറയുന്ന നേട്ടങ്ങൾ കൈവരിച്ചു:
• വന ആശ്രിത സമൂഹങ്ങൾക്ക് പുതിയ വൈദഗ്ധ്യം: വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ഗോത്ര -വന ആശ്രിത സമൂഹങ്ങൾക്ക് ആദ്യമായി ബയോചാർ ഉൽപ്പാദനം പരിചയപ്പെടുത്തി. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് പ്രായോഗികവും കുറഞ്ഞ ചെലവിലുള്ളതുമായ നിർമാണ വൈദഗ്ധ്യം അവർ നേടി.
• അധിനിവേശ സസ്യങ്ങൾ ഒരു വിഭവമായി മാറുന്നു: അരിപ്പൂ പോലുള്ള അധിനിവേശ സസ്യങ്ങളെ കേവലം വെട്ടിമാറ്റേണ്ടത് എന്ന ഒരു പ്രശ്നമായി മാത്രം കാണാതെ, ഉപകാരപ്രദമായ  ഉൽപ്പന്നത്തിനുള്ള അസംസ്‌കൃത വസ്തുവായി അവയെ കാണുന്നു. ഇത് അധിനിവേശ സസ്യ നിയന്ത്രണത്തെ സാമൂഹ്യ ആനുകൂല്യങ്ങളുമായി ബന്ധിപ്പിക്കുന്നു.
• ഏറ്റവും അർഹരായവരിലേക്ക് സഹായം എത്തുന്നു: ഇ.ഐ.എ.സി.പിയുടെ സമഗ്ര വൈദഗ്ധ്യ വികസനം (inclusive skill development) എന്ന ലക്ഷ്യത്തിന് അനുസൃതമായി, ഈ പരിപാടി ഗോത്ര വിഭാഗങ്ങളിലേക്കും സ്ത്രീകൾ, യുവാക്കൾ, ഔപചാരിക വിദ്യാഭ്യാസം കുറഞ്ഞവർ എന്നിവരിലേക്കും എത്തിച്ചേർന്നു.
• മുൻനിര പ്രവർത്തകർക്ക് നൈപുണ്യ വികസനം: ഇ.ഡി.സി (EDC) അംഗങ്ങൾ, ഫോറസ്റ്റ് വാച്ചർമാർ, ഇക്കോ ടൂറിസം തൊഴിലാളികൾ, വനംവകുപ്പ് ജീവനക്കാർ എന്നിവർ അവരുടെ നൈപുണ്യ ശേഷിയിലേക്ക് ബയോചാർ ഉൽപ്പാദനം കൂടി കൂട്ടിച്ചേർത്തു. സ്വന്തം മേഖലകളിൽ ഈ പ്രവർത്തനം പിന്തുണയ്ക്കാനും പ്രദർശിപ്പിക്കാനും ഇനി ഇവർക്ക് സാധിക്കും.
• ഹരിത ഉപജീവനത്തിലേക്കുള്ള വഴികൾ: തുടർ പ്രവർത്തനങ്ങൾക്കായി വൈൽഡ് കാർബൺ പങ്കെടുത്തവരിൽ നിന്ന് ഒരു സംഘത്തെ കണ്ടെത്തി. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാർഷിക ചെലവുകൾ കുറയ്ക്കുന്നതിനുമായി സ്വന്തം ഫാമുകളിൽ ബയോചാർ ഉൽപ്പാദിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പങ്കെടുത്തവരിൽ പലരും വ്യക്തമാക്കി.
• വ്യാപകമായ ഉപയോഗത്തിന് ഒരു മാതൃക: സാമൂഹ്യ സ്ഥാപനങ്ങൾ, വനംവകുപ്പ്, ഒരു സാങ്കേതിക പങ്കാളി, ഒരു വ്യവസായ പങ്കാളി എന്നിവർ ഒന്നിച്ചു പ്രവർത്തിച്ചു. ഈ കൂട്ടായ്മ കേരളത്തിലെയും പശ്ചിമഘട്ടത്തിലെയും മറ്റ് സംരക്ഷിത പ്രദേശങ്ങളിലും വനമേഖലകളിലും സമാനമായ പരിപാടികൾക്ക് ഒരു മാതൃക നൽകുന്നു.
• ദേശീയ മുൻഗണനകൾക്കുള്ള പിന്തുണ: കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 'മിഷൻ ലൈഫ്' (Mission LiFE) പദ്ധതിക്ക് അനുസൃതമായി, വനഭൂമി വീണ്ടെടുക്കൽ, മണ്ണിന്റെ ആരോഗ്യം, നൈപുണ്യ വികസനം, സാമൂഹ്യ അധിഷ്ഠിത ഹരിത ഉപജീവനമാർഗ്ഗങ്ങൾ എന്നിവയ്ക്ക് ഈ പരിപാടി സംഭാവന നൽകുന്നു.
 
******

( റിലീസ് ഐ.ഡി: 2321473) സന്ദര്‍ശക കൗണ്ടര്‍ : 31
ഈ റിലീസ് വായിക്കുക: English