സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
ഇന്ത്യയുടെ കയർ മേഖല: ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കൽ, സംരംഭകത്വം പ്രോത്സാഹിപ്പിക്കൽ, സുസ്ഥിര വളർച്ച നയിക്കൽ
ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ 21,000-ത്തിലധികം കയർ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് 2.3 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുന്നു.
കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 305% വർദ്ധന രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്:
14 OCT 2026 10:09AM by PIB Thiruvananthpuram
ലോകത്തിലെ ഏറ്റവും വലിയ കയർ ഉത്പാദകരും കയറ്റുമതി രാജ്യവുമായ ഇന്ത്യയുടെ കയർ മേഖല പാരമ്പര്യത്തിൽ അധിഷ്ഠിതവും നൂതനാശയങ്ങളാൽ സമ്പുഷ്ടവുമാണ് . സാമ്പത്തികവും സാമൂഹികവുമായ പുരോഗതിയുടെ സജീവവും പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഒരു ചാലകശക്തിയായികയർ മേഖല ഉയർന്നുവരികയാണ്. ഇത് തൊണ്ടിന്റെ ഉൽപ്പാദനക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക മാത്രമല്ല, ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുകയും ഗ്രാമീണ, പരമ്പരാഗത സമൂഹങ്ങളുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. സുസ്ഥിരത, മൂല്യവർദ്ധന, സമഗ്ര വളർച്ച എന്നിവയിൽ ശക്തമായ ശ്രദ്ധ നൽകിക്കൊണ്ട് , വികസിത ഭാരതം @2047 നോടുള്ള ഇന്ത്യയുടെ യാത്രയിൽ കയർ മേഖല നിർണ്ണായക പങ്ക് വഹിക്കുന്നു.
കയർ ഉപയോഗിച്ച് നിർമ്മിച്ച, പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഉൽപ്പന്നങ്ങളായ പായകൾ, മെത്തകൾ, കയറുകൾ, ബ്രഷുകൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്താണ് യഥാർത്ഥത്തിൽ കയർ?
നാളികേരത്തിന്റെ കടുപ്പമേറിയ പുറംതൊണ്ടിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സ്വാഭാവിക നാരാണ് കയർ. ഈ സ്വാഭാവിക നാരുകൾ സംസ്കരിച്ച് വൈവിധ്യമാർന്ന വാണിജ്യ ഉൽപ്പന്നങ്ങളാക്കി മാറ്റുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പരമ്പരാഗതവുമായ വ്യവസായങ്ങളിലൊന്നായ കയർ മേഖല, തൊണ്ടിൽ നിന്നും നാരുകൾ വേർതിരിച്ചെടുക്കുകയും സംസ്കരിക്കുകയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയും ചെയ്യുന്ന ഒരു പരിസ്ഥിതി സൗഹൃദ നിർമ്മാണ മേഖലയെ ഇത് പ്രതിനിധീകരിക്കുന്നു.
ഇന്ത്യയിലെ കയർ മേഖല:-
•ആഗോള ഉൽപ്പാദനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സംഭാവന ചെയ്യുന്ന ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ കയർ, കയർ ഉൽപ്പന്നങ്ങളുടെ ഉത്പാദകരും കയറ്റുമതിക്കാരുമാണ്. ഇന്ത്യൻ കയർ വ്യവസായത്തിന് ഏകദേശം ₹16,000 കോടിയുടെ വിറ്റുവരവുണ്ട്.ഇത് ഇന്ത്യയുടെ ജിഡിപിയിലേക്ക് ഏകദേശം 1% സംഭാവന ചെയ്യുന്നു.
•2025-26 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ കയർ, കയർ ഉൽപ്പന്നങ്ങളുടെ കയറ്റുമതി മൂല്യം ₹6,614.40 കോടിയായിരുന്നു; യുഎസ്, ചൈന, നെതർലൻഡ്സ്, സ്പെയിൻ, യുകെ എന്നിവയാണ് പ്രധാന കയറ്റുമതി കേന്ദ്രങ്ങൾ. കയർ പിത്ത് , നാര് , നൂൽ, ടഫ്റ്റഡ് മാറ്റുകൾ എന്നിവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രധാന കയർ ഉൽപ്പന്നങ്ങൾ.
•ഇന്ത്യൻ കയർ മേഖലയിൽ 21,000-ത്തിലധികം കയർ യൂണിറ്റുകളുണ്ട്. കൂടാതെ 7 ലക്ഷത്തിലധികം തൊഴിലാളികൾക്ക് നേരിട്ടും അല്ലാതെയും തൊഴിൽ നൽകുന്നു, ഇതിൽ 80% പേരും ഗ്രാമീണ കുടുംബങ്ങളിൽ നിന്നുള്ള സ്ത്രീകളാണ്.
•കയർ മേഖലയുടെ സുസ്ഥിര വികസനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനും കയർ തൊഴിലാളികൾക്കും കയർ വ്യവസായത്തിനും പിന്തുണ നൽകുന്നതിനുമായി കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ മന്ത്രാലയം (Ministry of MSME) "കയർ വികാസ് യോജന (CVY)" എന്ന ഒരു കേന്ദ്ര മേഖല പദ്ധതി നടപ്പിലാക്കുന്നു.
ഇനി പറയുന്നവയിൽ സിവിവൈ (CVY) ശ്രദ്ധ കേന്ദ്രീകരിക്കുന്നു :
•കയർ വ്യവസായത്തിനായി പുതിയ സാങ്കേതികവിദ്യകൾ, യന്ത്രങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവയുടെ വികസനം.
•നൈപുണ്യ പരിശീലനവും പ്രചാരണ പരിപാടികളും സംഘടിപ്പിക്കൽ.
•ആഭ്യന്തര, അന്തർദേശീയ വിപണികളിൽ കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും വിൽപ്പന പ്രോത്സാഹിപ്പിക്കൽ.
•പ്രചാരണ പ്രവർത്തനങ്ങളിലൂടെയും ട്രേഡ് ഫെയറുകൾ, എക്സ്പോകൾ തുടങ്ങിയവയിലെ പങ്കാളിത്തത്തിലൂടെയും അവബോധം സൃഷ്ടിക്കൽ.
•വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിന് സാമ്പത്തിക സഹായം നൽകൽ.
•അന്താരാഷ്ട്ര പ്രദർശനങ്ങളിൽ കയർ കയറ്റുമതിക്കാരുടെ പങ്കാളിത്തം സുഗമമാക്കൽ.
•കയർ മേഖലയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ സമാഹരിക്കലും പ്രസിദ്ധീകരിക്കലും.
കഴിഞ്ഞ 12 വർഷത്തെ പ്രധാന നേട്ടങ്ങൾ (2014-15 മുതൽ):
•ഉദ്യം രജിസ്ട്രേഷൻ പോർട്ടലിൽ 21,000-ത്തിലധികം കയർ യൂണിറ്റുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ഇത് 2.3 ലക്ഷം പേർക്ക് തൊഴിൽ നൽകുകയും ഔദ്യോഗിക MSME നയ ആവാസവ്യവസ്ഥയുടെ ഭാഗമാക്കുകയും ചെയ്യുന്നു.
•കയറിന്റെയും കയർ ഉൽപ്പന്നങ്ങളുടെയും കയറ്റുമതി 2014-15 സാമ്പത്തിക വർഷത്തിലെ ₹1,630.33 കോടിയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ ₹6,614.40 കോടിയായി നാലിരട്ടിയിലധികം വർദ്ധിച്ചു. ഇത് 305.70% വർദ്ധനയാണ് .
•വിവിധ പരിശീലന പരിപാടികൾക്ക് കീഴിൽ 68,000-ത്തിലധികം പേർക്ക് പരിശീലനം നൽകിയിട്ടുണ്ട്, ഇതിൽ 80%-ത്തിലധികവും സ്ത്രീകളാണ്.
•കയർ മേഖലയിൽ 150-ലധികം നൂതന യന്ത്രങ്ങൾ, സാങ്കേതികവിദ്യകൾ, മൂല്യവർദ്ധിത കയർ ഉൽപ്പന്നങ്ങൾ.
•വിദേശത്തുള്ള അന്താരാഷ്ട്ര പ്രദർശനങ്ങളിൽ 1,000-ത്തിലധികം കയറ്റുമതിക്കാരുടെ പങ്കാളിത്തത്തിന് വഴിയൊരുക്കുകയും കയറ്റുമതി വിപണന പ്രോത്സാഹനത്തിന് കീഴിൽ 850-ലധികം സംരംഭകർക്ക് ₹20 കോടിയിലധികം സാമ്പത്തിക സഹായം നൽകുകയും ചെയ്തു.
ഇന്ത്യയിലുടനീളം 1,400-ലധികം പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയും 950-ലധികം പ്രദർശനങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന കയർ: സംരംഭകത്വത്തിന്റെയും വിജയത്തിന്റെയും പ്രചോദനാത്മകമായ കഥകൾ
1. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിൽ നിന്നുള്ള ശ്രീമതി രഞ്ജന രാമചന്ദ്ര കദം, പ്രധാനമന്ത്രി തെഴിൽദാന പദ്ധതി (PMEGP) പ്രകാരം തന്റെ സംരംഭകത്വ സ്വപ്നം യാഥാർത്ഥ്യമാക്കി, ഇത് കയർ ബോർഡിന്റെ മാർഗ്ഗനിർദ്ദേശത്തോടെ ഒരു കയർ യൂണിറ്റ് സ്ഥാപിക്കാൻ അവരെ പ്രാപ്തയാക്കി. കയർ ബോർഡിന്റെ ഓഫീസിൽ നിന്നുള്ള പിന്തുണയോടെ അവർ ഒരു ഷെഡ് നിർമ്മിച്ച് വ്യവസായം ആരംഭിക്കുന്നതിന് ആവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും എത്തിച്ചു . അവരുടെ ഫാക്ടറി നിലവിൽ കയറുകൾ, തലയിണകൾ, ചവിട്ടികൾ എന്നിവ നിർമ്മിക്കുന്നു. ഈ സംരംഭത്തിലൂടെ അവർ ആറ് പേർക്ക് പൂർണ്ണസമയ തൊഴിൽ നൽകിയിട്ടുണ്ട്.

2 ശ്രീ സുരേന്ദ്രൻ പി. യുടെ നേതൃത്വത്തിൽ,കോഴിക്കോട്ടെ സമ്പൂർണ്ണ പ്ലസ് അഗ്രോ ഫെർട്ടിലൈസർ എന്റർപ്രൈസസിന് കണ്ണൂർ കയർ ബോർഡ് ഉപ-മേഖലാ ഓഫീസ്, കലവൂർ സി. സി. ആർ. ഐ. (CCRI) എന്നിവ നൽകിയ പരിശീലനത്തിലൂടെയും സാങ്കേതിക മാർഗ്ഗനിർദ്ദേശത്തിലൂടെയും കരുത്തേകി. ജൈവവളമായ കയർ ചോറിന്റെ നിർമ്മാണവും ഫലപ്രദമായ ഉപയോഗവും. സംബന്ധിച്ച് നടന്ന പരിശീലന പരിപാടികൾ, പ്രദർശനം , ബോധവൽക്കരണ ക്ലാസുകൾ എന്നിവയിൽ അദ്ദേഹം സജീവമായി പങ്കെടുത്തു. ഒരു വർഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ, അദ്ദേഹത്തിന്റെ സംരംഭം 500-ലധികം പേരുടെ ഒരു ഉപഭോക്തൃ ശൃംഖല വിജകരമായി സൃഷ്ടിച്ചു . ഈ യൂണിറ്റ് 20 ടണ്ണിലധികം കയർ പിത്ത് ജൈവവളത്തിന്റെ ശ്രദ്ധേയമായ വിൽപ്പനയും രേഖപ്പെടുത്തി. ഈ സംരംഭം നിലവിൽ 2 സ്ത്രീകൾ ഉൾപ്പെടെ 5 പേർക്ക് തൊഴിൽ നൽകുന്നു.

3.ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള ശ്രീമതി അല്ലം ഗൗതമി അഞ്ച് വർഷം മുമ്പ് കയർ ബോർഡ് ട്രെയിനിംഗ് സെന്ററിൽ പരിശീലനം നേടി. സാങ്കേതിക മാർഗ്ഗനിർദ്ദേശത്താൽ പ്രചോദിതയായി അവർ അഡിഗോ കയർ പ്രൊഡക്ട്സ് എന്ന സ്വന്തം സംരംഭം ആരംഭിച്ചു. PMEGP പ്രകാരം അവർ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി. ഇന്ന്, ഈ യൂണിറ്റ് പ്രതിവർഷം ഏകദേശം ₹35 ലക്ഷം വിറ്റുവരവ് നേടുകയും പ്രതിവർഷം ₹10 ലക്ഷം ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സംരംഭം ആറ് സ്ത്രീകൾക്ക് തൊഴിലവസരവും സൃഷ്ടിച്ചു. രാജമുണ്ട്രിയിലെ കയർ ബോർഡ് പ്രാദേശിക ഓഫീസ് , മണ്ഡൽ പരിഷത്ത് അധികൃതർ എന്നിവരുടെ പിന്തുണയോടെ അവർ പരിശീലന പരിപാടികളും സജീവമായി നടത്തിവരുന്നു, കൂടാതെ ഏകദേശം 120 സ്ത്രീകൾക്ക് കയർ പായ നെയ്ത്ത്, കയർ , കര കൗശല ഉൽപ്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്.

4.ആലപ്പുഴ സ്വദേശിയായ ശ്രീ ജി. സാബു, PMEGP പദ്ധതിക്ക് കീഴിലും കയർ ബോർഡ് കലവൂർ പ്രാദേശിക ഓഫീസ് വഴിയും 2024-ൽ കയർ സ്പിന്നിംഗ് യൂണിറ്റ് ആരംഭിച്ചു. പ്രവർത്തനം തുടങ്ങി രണ്ട് വർഷത്തിനുള്ളിൽ, ആലപ്പുഴയിലെ പ്രാദേശിക കയർ സഹകരണ സംഘങ്ങൾക്കും നിർമ്മാതാക്കൾക്കും നൽകുന്ന ചകിരിയുടെയും കയറിന്റെയും സ്ഥിരമായ ഉൽപ്പാദനം ഈ യൂണിറ്റ് കൈവരിച്ചു. ഈ സംരംഭം അടുത്തുള്ള ഗ്രാമങ്ങളിലെ പ്രധാനമായും സ്ത്രീകളായ 8-10 പ്രാദേശിക തൊഴിലാളികൾക്ക് നേരിട്ട് തൊഴിൽ നൽകി. പ്രതിമാസ വിറ്റുവരവ് ഗണ്യമായി വർദ്ധിച്ചു, ഇത് സംരംഭകന് സുസ്ഥിരമായ വരുമാനവും ജീവനക്കാർക്ക് തുടർച്ചയായി വേതനവും ഉറപ്പാക്കുന്നു.
****
( റിലീസ് ഐ.ഡി: 2323297)
സന്ദര്ശക കൗണ്ടര് : 9