ബഹിരാകാശ വകുപ്പ്
"റോക്കറ്റ് റെവല്യൂഷൻ": ലോക ബഹികാരാശ വാരാഘോഷത്തിന് വിഎസ്എസ്സിയിൽ സമാപനം
പോസ്റ്റഡ് ഓണ്:
14 OCT 2026 5:01PM by PIB Thiruvananthpuram
കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ വിഎസ്എസ്സി (VSSC), ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് സെന്റർ (LPSC), ഐ.എസ്.ആർ.ഒ ഇന്നർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (IISU), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ "റോക്കറ്റ് റെവല്യൂഷൻ" എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ലോക ബഹിരാകാശ വാരാഘോഷത്തിന് സമാപനമായി. വാരാഘോഷത്തിന്റെ സമാപനച്ചടങ്ങ് ഇന്ന് (2026 ഒക്ടോബർ 14) വിഎസ്എസ്സിയിൽ നടന്നു.

വിഎസ്എസ്സി ഡെപ്യൂട്ടി ഡയറക്ടറും WSW 2026 സംഘാടക സമിതി ചെയർമാനുമായ ഡോ. ജയകുമാർ എം. സമാപനച്ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വിഎസ്എസ്സി ഡയറക്ടർ ഡോ. രാജീവ് യു. പി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൽപിഎസ് സി ഡയറക്ടർ ശ്രീ. ജയൻ എൻ., ഐഐഎസ് യു ഡയറക്ടർ ശ്രീ. ജോജി ജെ. ചമൻ എന്നിവർ ആശംസ നേർന്നു. തുടർന്ന് ഐഐഎസ്ടി വൈസ് ചാൻസലർ ഡോ. ദിപാങ്കർ ബാനർജി, "ചേസിംഗ് ദി ഡൈനാമിക് സൺ: ഹൗ ആദിത്യ L1 ഷേപ്സ് ഇന്ത്യാസ് റോഡ്മാപ്പ് ഫോർ സ്പേസ് വെതർ ആൻഡ് ഹീലിയോഫിസിക്സ്" (Chasing the Dynamic Sun: How Aditya L1 shapes India’s roadmap for space weather and heliophysics) എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. WSW26 സെക്രട്ടറി ശ്രീമതി മീര ഏഞ്ചൽ ചടങ്ങിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സമാപന സമ്മേളന സമിതി ചെയർപേഴ്സൺ ശ്രീമതി അഞ്ജന എസ്. ജെ. നന്ദി പ്രഭാഷണം നടത്തി.

ഒക്ടോബർ 6-ന് എൽ.പി.എസ്.സി. വലിയമലയിൽ നടന്ന ചടങ്ങിൽ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST) ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരിയാണ് ബഹിരാകാശ വാരാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി കേരളത്തിലുടനീളമുള്ള ഇരുന്നൂറിലധികം സ്കൂളുകളിലായി, വിദ്യാർത്ഥികളിൽ ശാസ്ത്രബോധവും ബഹിരാകാശ ശാസ്ത്രത്തിലുള്ള താല്പര്യവും വളർത്തുക എന്ന ലക്ഷ്യത്തോടെ ശാസ്ത്രജ്ഞർ നയിക്കുന്ന ഓൺലൈൻ, ഓഫ്ലൈൻ സംവാദാത്മക പ്രഭാഷണങ്ങളും സംഘടിപ്പിച്ചിരുന്നു. വിദ്യാർത്ഥികൾക്കായി വീഡിയോ മത്സരങ്ങൾ ഉൾപ്പെടുന്ന “യുവർ സ്പേസ്” (Your Space) പരിപാടിയും പൊതുജന പങ്കാളിത്ത പരിപാടികളും ആഘോഷങ്ങളുടെ ഭാഗമായി നടന്നു. ഇതിനോടനുബന്ധിച്ച് "സുസ്ഥിര പ്രാദേശിക വികസനത്തിനായുള്ള ബഹിരാകാശ സാങ്കേതികവിദ്യ" (“Space Technology for Sustainable Local Development”) എന്ന വിഷയത്തിൽ വീഡിയോ അവതരണം തയ്യാറാക്കാൻ സ്കൂളുകൾ മുഖേന വിദ്യാർത്ഥികളെ ക്ഷണിച്ചിരുന്നു. മികച്ച പ്രതികരണം ലഭിച്ച മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ആറ് ടീമുകൾ വിഎസ്എസ് സിയിൽ നടന്ന സമാപന സമ്മേളനത്തിൽ പങ്കാളികളായി.
_20261014170326_271701.jpeg)
“അന്യഗ്രഹ ലോകങ്ങൾക്കായുള്ള തിരച്ചിൽ” (The great search for alien worlds) എന്ന വിഷയത്തിൽ ഐ.ഐ.എസ്.ടി. പ്രൊഫസർ ഡോ. ആനന്ദ് നാരായണൻ നടത്തിയ പ്രഭാഷണം, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ വെച്ച് നടന്ന പൊതുജന പങ്കാളിത്ത പരിപാടിയിൽ എൽ.പി.എസ്.സി. ഡെപ്യൂട്ടി ഡയറക്ടർ ശ്രീ കിരൺ മോഹൻ “ബിയോണ്ട് ദി പേൽ ബ്ലൂ ഡോട്ട് (Beyond the Pale Blue Dot)” എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം, തിരുവനന്തപുരം ഐസർ (IISER) ഡയറക്ടർ പ്രൊഫ. ശ്രീനിവാസ മൂർത്തി ശ്രീനിവാസലു "പ്രപഞ്ചത്തിലെ ജീവനെ നാം എങ്ങനെ തേടുന്നു" (How do we search for the life in the Universe) എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം എന്നിവയും ബഹിരാകാശ വാരാഘോഷങ്ങൾക്ക് മികവേറ്റി.
വിക്രം സാരാഭായ് സ്പേസ് സെന്ററിലെ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷനിൽ (TERLS) നിന്ന് രോഹിണി (RH200) സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണവും ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി നടന്നിരുന്നു. വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കാൻ വിദ്യാർത്ഥികളും പൊതുജനങ്ങളും ഉൾപ്പെടെ 2500-ലധികം ആളുകളായിരുന്നു തുമ്പയിൽ എത്തിയത്.
***
NK
( റിലീസ് ഐ.ഡി: 2323355)
സന്ദര്ശക കൗണ്ടര് : 54