പ്രത്യേക സേവനങ്ങളും ഫീച്ചറുകളും
ശുദ്ധ ഊർജ സാങ്കേതികവിദ്യകൾക്ക് പ്രത്യേക പ്രാധാന്യം നൽകി BIS കൊച്ചി ലോക മാനദണ്ഡ ദിനം ആചരിച്ചു
പോസ്റ്റഡ് ഓണ്:
14 OCT 2026 6:44PM by PIB Thiruvananthpuram
കൊച്ചി, 2026 ഒക്ടോബർ 14:
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS), കൊച്ചി ബ്രാഞ്ച് ഓഫീസ്, 2026 ഒക്ടോബർ 14-ന് ലോക മാനദണ്ഡ ദിനം 2026 ആചരിച്ചു. ഈ വർഷത്തെ പ്രമേയമായ “മെച്ചപ്പെട്ട ലോകത്തിനായുള്ള പങ്കിട്ട ദർശനം” (Shared Vision for a Better World) എന്ന ആശയത്തോടൊപ്പം സുസ്ഥിര വികസന ലക്ഷ്യം 7 (SDG 7) — ശുദ്ധവും താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്നതുമായ ഊർജം എന്ന വിഷയത്തിന് പ്രത്യേക പ്രാധാന്യം നൽകി. ഊർജലഭ്യത ഉറപ്പാക്കുന്നതിലും ഊർജക്ഷമത മെച്ചപ്പെടുത്തുന്നതിലും ശുദ്ധ ഊർജ സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിക്കുന്നതിലും മാനദണ്ഡങ്ങൾ വഹിക്കുന്ന പ്രധാന പങ്ക് പരിപാടിയിൽ ഊന്നിപ്പറഞ്ഞു.

ബഹുമാനപ്പെട്ട ലോക്സഭാംഗം ശ്രീ ഹൈബി ഈഡൻ മുഖ്യാതിഥിയായി പങ്കെടുത്തു. ശ്രീ യതീഷ് ചന്ദ്ര ജി. എച്ച്., IPS, എറണാകുളം റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (DIG), ഡോ. ഗ്രിൻസൺ ജോർജ്, ഡയറക്ടർ, ICAR–സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി, എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
_20261014184905_9317e9.jpeg)
ശ്രീമതി ഹേമലത പി. പണിക്കർ, ഡയറക്ടർ, BIS കൊച്ചി, സ്വാഗതപ്രസംഗം നടത്തി. ശ്രീ നരേന്ദർ റെഡ്ഡി ബീസു, ഡയറക്ടറും BIS കൊച്ചി ബ്രാഞ്ച് ഓഫീസ് മേധാവിയും, പരിപാടിയുടെ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ശ്രീ സച്ചിൻ എസ്. മേനോൻ, സയന്റിസ്റ്റ്-ഡി, ജോയിന്റ് ഡയറക്ടർ, BIS കൊച്ചി ബ്രാഞ്ച് ഓഫീസ്, ലോക മാനദണ്ഡ ദിനം 2026-ന്റെ സന്ദേശം അവതരിപ്പിച്ചു.
മുഖ്യാതിഥിയായ ശ്രീ ഹൈബി ഈഡൻ, ബഹുമാനപ്പെട്ട ലോക്സഭാംഗം, തന്റെ ഉദ്ഘാടന പ്രസംഗത്തിൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിലും ഹാൾമാർക്കിംഗ് പ്രവർത്തനങ്ങളിലും BIS നടത്തുന്ന പ്രതിബദ്ധതയെയും നിരന്തര പരിശ്രമങ്ങളെയും പ്രശംസിച്ചു. തുടർന്ന് വിശിഷ്ടാതിഥിയായ ശ്രീ യതീഷ് ചന്ദ്ര ജി. എച്ച്., IPS, എറണാകുളം റേഞ്ച് പോലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (DIG) പ്രത്യേക പ്രഭാഷണം നടത്തി. BIS നടത്തുന്ന എൻഫോഴ്സ്മെന്റ് റെയ്ഡുകളിൽ പോലീസിന്റെ പങ്കും BIS-ഉം പോലീസ് വകുപ്പും തമ്മിലുള്ള ഏകോപനത്തിന്റെയും പരസ്പര സഹകരണത്തിന്റെയും പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് ഡോ. ഗ്രിൻസൺ ജോർജ്, ഡയറക്ടർ, ICAR–സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി, കേരളത്തിന് സമുദ്രങ്ങൾ നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും സമുദ്രവിഭവങ്ങളുമായി ബന്ധപ്പെട്ട ഹരിതഗൃഹ പ്രഭാവങ്ങളെക്കുറിച്ചും അവ ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും വിശദീകരിച്ചു.
സാമ്പത്തിക വികസനം, പൊതുജനസുരക്ഷ, ഉപഭോക്തൃ സംരക്ഷണം, സാമൂഹിക ക്ഷേമം എന്നിവയിൽ മാനദണ്ഡവൽക്കരണം നൽകുന്ന സംഭാവനകളെ അംഗീകരിക്കുന്നതിനായി ലോക മാനദണ്ഡ ദിനം അന്താരാഷ്ട്രതലത്തിൽ ആചരിക്കുന്നു. ഈ ആഘോഷത്തിലൂടെ ഗുണനിലവാരബോധം വളർത്തുന്നതിനും ഇന്ത്യൻ മാനദണ്ഡങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനും സർക്കാർ സ്ഥാപനങ്ങൾ, വ്യവസായ മേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ, മറ്റ് ബന്ധപ്പെട്ട കക്ഷികൾ എന്നിവ തമ്മിലുള്ള കൂട്ടായ പ്രവർത്തനങ്ങളുടെ പ്രാധാന്യം ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS), കൊച്ചി വീണ്ടും ഊന്നിപ്പറഞ്ഞു.
സാങ്കേതിക സെഷനുകളുടെ ഭാഗമായി, ശ്രീ കുശാഗ്ര ജിൻഡാൽ, ഡെപ്യൂട്ടി ഡയറക്ടർ, BIS കൊച്ചി, സുസ്ഥിര വികസന ലക്ഷ്യം 7 (SDG 7) എന്ന വിഷയത്തിൽ അവതരണം നടത്തി. തുടർന്ന് ശ്രീമതി നാഗവർഷിണി എം., ഡെപ്യൂട്ടി ഡയറക്ടർ, BIS കൊച്ചി, “മാനദണ്ഡങ്ങൾ പ്രവർത്തനത്തിൽ” (Standards in Action) എന്ന വിഷയത്തിൽ അവതരണം നടത്തി. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും മാനദണ്ഡവൽക്കരണ തത്വങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നതിലും മാനദണ്ഡങ്ങൾക്കുള്ള പ്രസക്തി ഈ സെഷനുകൾ എടുത്തുകാട്ടി.
പരിപാടിയുടെ ഭാഗമായി, ഇന്ത്യൻ മാനദണ്ഡങ്ങളുമായുള്ള ബന്ധവും ഗുണനിലവാരത്തിലും മാനദണ്ഡവൽക്കരണത്തിലും നൽകിയ സംഭാവനകളും പരിഗണിച്ച് ദക്ഷിണ മേഖലാ പ്രഥമ (Southern Region First), ബ്രാഞ്ച് പ്രഥമ (Branch First) വിഭാഗങ്ങളിൽ അംഗീകാരം നേടിയ ലൈസൻസികളെ BIS ആദരിച്ചു. വിദ്യാർത്ഥികളിൽ മാനദണ്ഡങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിൽ സംഭാവന നൽകിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സ്റ്റാൻഡേർഡ്സ് ക്ലബ് മെന്റർമാരെയും ആദരിച്ചു. കൂടാതെ, ഉപഭോക്തൃ സംഘടനകളുടെയും അക്കാദമിക മേഖലയുടെയും പ്രതിനിധികളെയും തിരഞ്ഞെടുത്ത പോലീസ് സ്റ്റേഷനുകളെയും അവരുടെ സംഭാവനകൾ പരിഗണിച്ച് ആദരിച്ചു.
****
( റിലീസ് ഐ.ഡി: 2323491)
സന്ദര്ശക കൗണ്ടര് : 5