Industries
ദേശീയ കൈത്തറി ദിനം 2025
പാരമ്പര്യത്തിലേക്ക് ഇഴചേര്‍ക്കുന്ന നൂതനാശയങ്ങൾ
Posted On: 06 AUG 2025 1:29PM
രാജ്യത്തെ കൈത്തറിയുടെ സമ്പന്ന പൈതൃകത്തിലും ഊർജസ്വലമായ പാരമ്പര്യത്തിലും നാം ഏറെ അഭിമാനിക്കുന്നു. നമ്മുടെ കരകൗശല വിദഗ്ധരുടെ പ്രയത്നങ്ങളെ നാം വിലമതിക്കുകയും 'പ്രാദേശികതയ്ക്കായി സ്വരമുയർത്താന്‍' പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു.
- പ്രധാനമന്ത്രി നരേന്ദ്ര മോദി
ആമുഖം
ലോകത്തെ ഏറ്റവും പഴക്കമേറിയതും ഊർജസ്വലവുമായ കുടിൽ വ്യവസായങ്ങളിലൊന്നാണ് ഇന്ത്യൻ കൈത്തറി വ്യവസായം. ആയിരക്കണക്കിന് വർഷങ്ങൾ പഴക്കംചെന്ന പാരമ്പര്യവുമായി രാജ്യത്തെ കൈത്തറി മേഖല ഇന്ത്യയുടെ സമ്പന്ന സംസ്കാരത്തെയും കരകൗശല വൈദഗ്ധ്യത്തെയും പ്രതിഫലിപ്പിക്കുന്നു. കൈകൊണ്ട് നൂല്‍ നൂൽക്കുന്നതിലും നെയ്ത്തിലും തുണിത്തരങ്ങളിലെ അച്ചടിയിലും വൈദഗ്ധ്യം നേടിയ ഇന്ത്യൻ നെയ്ത്തുകാർ ഏറെക്കാലമായി അറിയപ്പെടുന്നു. രാജ്യത്തുടനീളം ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും ജീവിക്കുന്ന അവരുടെ കഴിവുകള്‍ തലമുറതോറും കൈമാറ്റം ചെയ്യപ്പെടുന്നു.
സ്വദേശിയിൽ നിന്ന് സ്വാശ്രയത്വത്തിലേക്ക്
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ കൈത്തറി മേഖല നിർണായക പങ്കുവഹിച്ചു. 1905 ഓഗസ്റ്റ് 7-ന് തുടക്കം കുറിച്ച സ്വദേശി പ്രസ്ഥാനം കൊളോണിയൽ ഭരണത്തിനെതിരായ സാമ്പത്തിക ചെറുത്തുനില്‍പ്പെന്ന രൂപത്തില്‍ കൈത്തറി ഉള്‍പ്പെടെ തദ്ദേശീയ വ്യവസായങ്ങളെ പ്രോത്സാഹിപ്പിച്ചു.

ഈ പാരമ്പര്യത്തിന് ആദരവായി 2015-ൽ കേന്ദ്രസര്‍ക്കാര്‍ ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ചെന്നൈയിൽ പ്രഥമ ദിനാഘോഷം ഉദ്ഘാടനം ചെയ്തത്. പിന്നീട് നെയ്ത്ത് സമൂഹത്തെ ആദരിക്കാനും രാജ്യത്തിന്റെ സാമൂഹ്യ - സാമ്പത്തിക വികസനത്തിന് അവർ നൽകിയ സംഭാവനകളെ തിരിച്ചറിയാനും ഒപ്പം ഇന്ത്യയുടെ കൈത്തറി പൈതൃകത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും കൂട്ടായ നിശ്ചയദാര്‍ഢ്യം ആവര്‍ത്തിച്ചുറപ്പിക്കാനും ലക്ഷ്യമിട്ട് എല്ലാ വർഷവും ഈ ദിനം ആചരിക്കുന്നു.
11-ാമത് ദേശീയ കൈത്തറി ദിനം:
കരകൗശല മികവിന്റെയും വൈദഗ്ധ്യത്തിന്റെയും ആഘോഷം
11-ാമത് ദേശീയ കൈത്തറി ദിനം 2025 ഓഗസ്റ്റ് 7-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആഘോഷിക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു പങ്കെടുക്കുന്ന ചടങ്ങില്‍ 2024-ലെ അഭിമാനകരമായ സന്ത് കബീർ കൈത്തറി പുരസ്കാരങ്ങളും ദേശീയ കൈത്തറി പുരസ്കാരങ്ങളും സമ്മാനിക്കും. അഞ്ച് സന്ത് കബീർ പുരസ്കാര ജേതാക്കളും 19 ദേശീയ കൈത്തറി പുരസ്കാര ജേതാക്കളും ഉൾപ്പെടെ ആകെ 24 പേര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങും.
ദേശീയ കൈത്തറി വികസന പരിപാടി (എന്‍എച്ച്ഡിപി) പ്രകാരം കൈത്തറി വിപണന സഹായ (എച്ച്എംഎ) ഘടകത്തിന്റെ ഭാഗമായാണ് ഈ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ഈ രംഗത്ത് പരിവര്‍ത്തനം കൊണ്ടുവന്ന നെയ്ത്തുകാരുടെയും ഡിസൈനർമാരുടെയും വിപണനക്കാരുടെയും സ്റ്റാർട്ടപ്പുകളുടെയും ഉല്പാദക കമ്പനികളുടെയും പ്രവർത്തനങ്ങളെ പുരസ്കാരത്തിലൂടെ അംഗീകരിക്കുന്നു.
3.5 ലക്ഷം രൂപയും സ്വര്‍ണ നാണയവും (ആവരണം ചെയ്തത്), താമ്രപത്രവും പൊന്നാടയും സാക്ഷ്യപത്രവുമടങ്ങുന്നതാണ് സന്ത് കബീര്‍ പുരസ്കാരം. ദേശീയ കൈത്തറി പുരസ്കാരത്തില്‍ 2 ലക്ഷം രൂപയും താമ്രപത്രവും പൊന്നാടയും സാക്ഷ്യപത്രവും ഉൾപ്പെടുന്നു.
കൈത്തറി ഹാക്കത്തൺ - പഴയ വെല്ലുവിളികളോട് പുതുസമീപനം
ആധുനിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ കൈത്തറി മേഖലയെ പിന്തുണയ്ക്കാന്‍ കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയം 2025 ഓഗസ്റ്റ് 4 ന് ഐഐടി ഡൽഹിയിലെ ഗവേഷണ - നൂതനാശയ പാർക്കിൽ കൈത്തറി ഹാക്കത്തൺ - 2025 അവതരിപ്പിച്ചു. ദേശീയ ഡിസൈൻ കേന്ദ്രവുമായും ഐഐടി ഡൽഹിയിലെ എഫ്‌ഐടിടിയുമായും സഹകരിച്ച് കൈത്തറി വികസന കമ്മീഷണർ സംഘടിപ്പിച്ച സംരംഭം നൂതനാശയങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയുടെ വളർച്ചയിലേക്ക് സുപ്രധാന ചുവടുവെയ്പ്പിനെ അടയാളപ്പെടുത്തി.

പ്രമേയം: “സ്വപ്നം കാണുക; അത് നിറവേറ്റുക”
കോളജ് വിദ്യാർഥികൾ, ഫാഷൻ ഡിസൈനർമാർ, എന്‍ജിനീയർമാർ, ഗവേഷകർ, നെയ്ത്തുകാർ തുടങ്ങിയവര്‍ക്കായിരുന്നു ഹാക്കത്തണില്‍ പങ്കെടുക്കാന്‍ അവസരം. തിരഞ്ഞെടുത്ത ആശയങ്ങൾക്ക് ദേശീയതല അംഗീകാരം ലഭിക്കുകയും നടപ്പാക്കാന്‍ മന്ത്രാലയം തുടർച്ചയായ പിന്തുണ നല്‍കുകയും ചെയ്തു. പ്രായോഗിക പ്രശ്‌നപരിഹാരം സാധ്യമാക്കുന്നതിനൊപ്പം കൈത്തറി ആവാസവ്യവസ്ഥയിൽ ദീർഘകാല സ്വാധീനമുറപ്പാക്കുന്ന മൂല്യമേറിയ ശൃംഖലകൾ കെട്ടിപ്പടുക്കുകയും ചെയ്തു.
ഒരാഴ്ചത്തെ ആഘോഷം: 2025 ഓഗസ്റ്റ് 1 മുതൽ 8 വരെ
11-ാമത് ദേശീയ കൈത്തറി ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ സമ്പന്ന കൈത്തറി പാരമ്പര്യത്തെ ആദരിക്കാനും പുതിയ ഉപയോക്താക്കളെ ആകർഷിക്കാനും കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രാലയം ന്യൂഡൽഹിയിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിച്ചു.
ഇഴചേര്‍ന്ന ബന്ധങ്ങൾ: ഇന്ത്യയുടെ കൈത്തറി പാരമ്പര്യവുമായി യുവതയെ വീണ്ടും ചേര്‍ത്തുനിര്‍ത്തുന്നു
ന്യൂ ഡൽഹിയിലെ ദേശീയ കരകൗശല മ്യൂസിയം & ഹസ്തകല അക്കാദമിയിൽ ‘നിങ്ങളുടെ ഇഴവൈവിധ്യങ്ങളെയറിയാം’ കാമ്പയിന്‍ (ഓഗസ്റ്റ് 1 മുതൽ 7 വരെ)
ഇന്ത്യയുടെ കൈത്തറി പാരമ്പര്യങ്ങളുമായി യുവതലമുറയെ വീണ്ടും ചേര്‍ത്തുനിര്‍ത്താനും സ്കൂൾ, കോളജ് വിദ്യാർത്ഥികളെ ആഴമേറിയ അനുഭവത്തിനായി ഒരുമിച്ചുകൊണ്ടുവരാനും രൂപകൽപന ചെയ്ത ഈ മുൻനിര സംരംഭത്തില്‍ ഇവ ഉൾപ്പെടുന്നു:
-
വിവിധ സംസ്ഥാനങ്ങളിലെ കരകൗശല വിദഗ്ധരുടെ തത്സമയ നെയ്ത്ത് പ്രദർശനങ്ങൾ
-
ബനാറസി, ചന്ദേരി, കാഞ്ചീപുരം, പോച്ചാംപള്ളി തുടങ്ങിയ സുപ്രധാന നെയ്ത്തുകളെക്കുറിച്ച് സംവേദനാത്മക കഥാവതരണം
-
പ്രകൃതിദത്ത ചായം, നെയ്ത്ത് സാങ്കേതിക വിദ്യകൾ, തുണിത്തര കല എന്നിവയെക്കുറിച്ച് ശില്പശാലകള്‍
-
മാര്‍ഗനിര്‍ദേശക സന്ദര്‍ശനങ്ങള്‍, ക്വിസുകൾ, സര്‍ഗ സൃഷ്ടികള്‍ എന്നിവയുൾപ്പെടെ വിദ്യാർത്ഥി പ്രവർത്തനങ്ങൾ
ഈ പ്രചാരണ പരിപാടി വിദ്യാഭ്യാസപരമായ നേട്ടങ്ങള്‍ക്കപ്പുറം യുവതയ്ക്കും നെയ്ത്തു സമൂഹത്തിനുമിടയിൽ വൈകാരികവും സാംസ്കാരികവുമായ ബന്ധങ്ങൾ സൃഷ്ടിക്കുന്നു.
മറ്റ് പ്രധാന ആകർഷണങ്ങളില്‍ ചിലത്:
-
ജനപഥിലെ കൈത്തറി ഹാട്ടിൽ സാരി മേള (ഓഗസ്റ്റ് 3–10) - കൈത്തറി സാരികളുടെ 116 നെയ്ത്തിനങ്ങളടങ്ങുന്ന പ്രദർശനം
-
ഭാരത്-മണ്ഡപത്തിൽ ‘വസ്ത്ര വേദ’ ഫാഷൻ ഷോയും ചാണക്യപുരിയിലെ അശോക ഹോട്ടലിൽ ‘നാദ്’ മേളയും (ഓഗസ്റ്റ് 7) - വിവിധ പ്രദേശങ്ങളിലെ പ്രധാന കൈത്തറി നെയ്ത്തുകളെക്കുറിച്ച് ‘വസ്ത്ര വേദ – ഇന്ത്യയുടെ കൈത്തറി പൈതൃകം’, പ്രത്യേക നെയ്ത്തുകളെക്കുറിച്ച് ‘നാദ്– ദി മ്യൂസിക് ഓഫ് വീവ്സ്’
-
ഭാരത് മണ്ഡപത്തിൽ (ഓഗസ്റ്റ് 7–9) ഇന്ത്യ രാജ്യാന്തര കൈത്തറി-നെയ്ത്ത് പ്രദര്‍ശനം- ആഗോളതലത്തിൽ ഇന്ത്യൻ കൈത്തറി പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്ട്ര ഉപഭോക്താക്കളെയും കയറ്റുമതിക്കാരെയും നെയ്ത്തുകാരെയും ഒരുമിച്ചുകൊണ്ടുവരുന്നു.
കൈത്തറി: ഗ്രാമീണ ഇന്ത്യയുടെ ജീവനാഡിയും പൈതൃകത്തിന്റെ സൂക്ഷിപ്പും
ഗ്രാമീണ ഇന്ത്യയിലെ ജീവിതത്തിന്റെ വലിയൊരു ഭാഗമാണ് കൈത്തറി മേഖല. പല കുടുംബങ്ങൾക്കും കേവലം പാരമ്പര്യത്തിലുപരി അവരുടെ പ്രധാന വരുമാന സ്രോതസ്സുമാണിത്. ലളിതമായ തറികൾ ഉപയോഗിച്ചാണ് പലപ്പോഴും വീട്ടിൽ നെയ്ത്തുജോലി ചെയ്യുന്നത്. തുടങ്ങാന്‍ അധികം പണം ആവശ്യമില്ലെന്നത് കൈത്തറിയെ ചെറുഗ്രാമങ്ങൾക്കും പട്ടണങ്ങൾക്കും അനുയോജ്യമാക്കുന്നു.
ഇന്ന് രാജ്യത്തെ ഏറ്റവും വലിയ കുടിൽ വ്യവസായമാണ് കൈത്തറി. നാലാമത് അഖിലേന്ത്യാ കൈത്തറി സെൻസസ് (2019–20) പ്രകാരം ഏകദേശം 35.22 ലക്ഷം കുടുംബങ്ങൾ ഈ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നു. ആകെ 35 ലക്ഷത്തിലധികം നെയ്ത്തുകാരും അനുബന്ധ തൊഴിലാളികളും ഇതിലുൾപ്പെടുന്നു.
ഈ മേഖലയിലെ സുപ്രധാന ഭാഗങ്ങളിലൊന്ന് സ്ത്രീകളുടെ പങ്കാണ്. സാമ്പത്തികമായി കൈത്തറി ജോലിയിലേര്‍പ്പെട്ട നെയ്ത്തുകാരിൽ ഏകദേശം 72% സ്ത്രീകളാണ്. അവരിൽ പലർക്കും നെയ്ത്തുജോലി വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടാണ് പല സർക്കാർ പദ്ധതികളും വനിതാ നെയ്ത്തുകാരെ സഹായിക്കുന്നതിലും കൂടുതൽ പിന്തുണ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൈത്തറി കേവലം തുണിത്തരങ്ങൾ മാത്രമല്ല. അവയില്‍ നമ്മുടെ നാടിന്റെയും ജനങ്ങളുടെയും പാരമ്പര്യത്തിന്റെയും കഥകളുണ്ട്. ബനാറസി മുതൽ കാഞ്ചീവരം വരെ ഓരോ നെയ്ത്തും ഇന്ത്യയുടെ സമ്പന്ന പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദ രീതികളിലൂടെ നിർമിക്കുന്ന കൈത്തറി ഗ്രാമീണ കുടുംബങ്ങളെ പിന്തുണയ്ക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും സുസ്ഥിര ജീവിതം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥത്തിൽ അവ നമുക്ക് സ്വയം തിരിച്ചറിവ് പകരുന്നു.
ഇന്ത്യയുടെ സമ്പന്ന കൈത്തറി വൈവിധ്യം

പരുത്തി, ഖാദി, ചണം, ലിനൻ, ഹിമാലയൻ നെറ്റിൽ തുടങ്ങി അപൂർവ ഇഴകളുടെ വൈവിധ്യമാർന്ന തുണിത്തരങ്ങളാല്‍ പ്രശസ്തമാണ് ഇന്ത്യയുടെ കൈത്തറി മേഖല. തുസ്സാർ, മഷ്രു, മൾബറി, എറി, മുഗ, അഹിംസ തുടങ്ങി വ്യതിരിക്തമായ പട്ടിനങ്ങളും പശ്മിന, ഷാഹ്തൂഷ്, കശ്മീർ തുടങ്ങിയ കമ്പിളി ഇനങ്ങളും രാജ്യത്ത് ഉല്പാദിപ്പിക്കുന്നു.

ഇന്ത്യയിലെ ഓരോ പ്രദേശവും അതിന്റേതായ സവിശേഷ കൈത്തറി ശൈലി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് രാജസ്ഥാൻ ടൈ ആൻഡ് ഡൈയ്ക്കും മധ്യപ്രദേശ് ചന്ദേരിക്കും ഉത്തർപ്രദേശ് ജാക്കാർഡ് പാറ്റേണുകൾക്കും പേരുകേട്ടതാണ്. ഈ വ്യത്യസ്ത പാരമ്പര്യങ്ങൾ ഇന്ത്യൻ കൈത്തറികളെ അവയുടെ വിശദമായ ഡിസൈനുകളും കലാപരമായ മൂല്യവും കാരണം രാജ്യത്തിനകത്തും പുറത്തും ജനപ്രിയമാക്കി.
ഒഡീഷയിലെ ബോംകായും കോട്പാഡും, ഗോവയിലെ കുൻബി, മഹാരാഷ്ട്രയിലെ പൈത്താണി, കേരളത്തിലെ ബാലരാമപുരം, പശ്ചിമ ബംഗാളിലെ ജംദാനിയും ബാലുചാരിയും എന്നിവയാണ് മറ്റ് അറിയപ്പെടുന്ന ശൈലികൾ. പരമ്പരാഗത രീതികളുപയോഗിച്ച് കൈകൊണ്ട് നിർമിച്ച ഓരോ ഭാഗവും ഓരോ ഉല്പന്നത്തെയും അതുല്യമാക്കുന്നു.
ഇന്ത്യൻ കൈത്തറി ആഗോള വിപണികളിൽ
സമ്പന്നമായ ഘടനയും പ്രകൃതിദത്ത നിറങ്ങളും സങ്കീർണ കരകൗശല വൈദഗ്ധ്യവുമായി ഇന്ത്യന്‍ കൈത്തറി ഉല്പന്നങ്ങള്‍ ലോകമെങ്ങും ആഘോഷിക്കപ്പെടുന്നു. ഓരോ നെയ്ത്തിനും ഓരോ കഥ പറയാനുണ്ട്. ഈ സാംസ്കാരിക ആഴവും അതുല്യതയും ഇന്ത്യൻ കൈത്തറി ഉല്പന്നങ്ങൾക്ക് ലോകമെങ്ങും വീടുകളിലും ജനഹൃദയങ്ങളിലും പ്രത്യേക സ്ഥാനം നൽകുന്നു.

സമ്പന്നമായ പൈതൃകത്തിന്റെ പശ്ചാത്തലത്തില്‍ വാണിജ്യാടിസ്ഥാനത്തിൽ കൈത്തറി തുണിത്തരങ്ങൾ ഉല്പാദിപ്പിക്കുന്ന ലോകത്തെ ഏക പ്രധാന രാജ്യമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ട്. ലോകത്ത് കൈത്തറി തുണിത്തരങ്ങളുടെ ഏകദേശം 95 ശതമാനവും ഇന്ത്യയിലാണ് നിർമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. മറ്റ് രാജ്യങ്ങളിലെ സമാന മേഖലകൾ ക്ഷയിക്കുകയോ അപ്രത്യക്ഷമാവുകയോ ചെയ്തെങ്കിലും ആഴത്തിൽ വേരൂന്നിയ സാംസ്കാരിക മൂല്യങ്ങളും നെയ്ത്തുകാരുടെ ശാശ്വത വൈദഗ്ധ്യവും ഇന്ത്യയുടെ കൈത്തറി പാരമ്പര്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നു.
20-ലധികം ലോക രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്ന ഇന്ത്യയുടെ കൈത്തറി കയറ്റുമതിയുടെ ആഗോള വിപണികളിലെ ശക്തമായ ആവശ്യകത ഇന്നും തുടരുന്നു. 2024-25 സാമ്പത്തിക വർഷം 331.56 കോടി രൂപയുടെ കയറ്റുമതിയുമായി അമേരിക്ക ഏറ്റവും വലിയ ലക്ഷ്യസ്ഥാനമായി തുടർന്നു. 179.91 കോടി രൂപയുടെ ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത യുഎഇ ആണ് രണ്ടാം സ്ഥാനത്ത്. നെതർലാൻഡ്‌സ് 73.88 കോടി രൂപയുടെ ഉല്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. യഥാക്രമം 66.14 കോടി രൂപയുടെയും 65.6 കോടി രൂപയുടെയും ഉല്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത ഫ്രാൻസും ബ്രിട്ടനും തൊട്ടുപിന്നിലുണ്ട്. ഇന്ത്യൻ കൈത്തറി ഉല്പന്നങ്ങളുടെ കരകൗശലത്തിനും സാംസ്കാരിക മൂല്യത്തിനും ആഗോളതലത്തിൽ തുടർച്ചയായി ലഭിക്കുന്ന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.

കുഷ്യൻ കവറുകൾ, കർട്ടനുകൾ, ടേബിൾ ലിനൻ, മറ്റ് വീട്ടുപകരണങ്ങൾ തുടങ്ങിയ ഉല്പന്നങ്ങള്‍ 2024-25 ലെ കയറ്റുമതി വരുമാനത്തിന്റെ 42.4 ശതമാനം സംഭാവന ചെയ്തു. 40.6 ശതമാനം സംഭാവന ചെയ്ത് പരവതാനികൾ, ചവിട്ടുമെത്തകള്‍, പായകള്‍ തുടങ്ങിയ ഇനങ്ങളാണ് ഇതിന് തൊട്ടുപിന്നിൽ. വസ്ത്ര ഘടകഭാഗങ്ങള്‍ 12.7 ശതമാനവും തുണിത്തരങ്ങൾ 4.3 ശതമാനവും സംഭാവന ചെയ്തു.
പരമ്പരാഗത ഭംഗിയും പരിസ്ഥിതി സൗഹൃദ ആകർഷണവുമായി ഇന്ത്യൻ കൈത്തറി ഉല്പന്നങ്ങൾ ലോകമെങ്ങും ഉപഭോക്താക്കളെ ആകർഷിക്കുന്നത് തുടരുകയാണ്. യൂറോപ്പിലെ സ്വീകരണമുറികൾ മുതൽ മധ്യകിഴക്കന്‍ മേഖലയിലെ ആധുനിക വസ്ത്രശാലകള്‍ വരെ ഇന്ത്യൻ നെയ്ത്ത് അതിന്റെ ഇഴവൈവിധ്യം അടയാളപ്പെടുത്തുന്നു. .
കൈത്തറി വികസനത്തിന് സർക്കാർ പദ്ധതികൾ
ഗ്രാമീണ മേഖലകളിലടക്കം രാജ്യത്ത് കൈത്തറി, കരകൗശല മേഖലകളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ടെക്സ്റ്റൈൽസ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി സുപ്രധാന പദ്ധതികൾ നടപ്പാക്കുന്നു.
പ്രധാന പദ്ധതികൾ:

അസംസ്കൃത വസ്തുക്കളും തറികളും ഉപകരണങ്ങളും അനുബന്ധ ഘടകങ്ങളും വാങ്ങാനും രൂപകല്പന നവീകരണം, ഉല്പന്ന വൈവിധ്യവൽക്കരണം, അടിസ്ഥാന സൗകര്യ വികസനം, ആഭ്യന്തര - അന്തർദേശീയ വിപണനം തുടങ്ങിയവയ്ക്കും സാമ്പത്തിക സഹായവും ഗുണഭോക്താക്കൾക്ക് ഇളവോടുകൂടിയ വായ്പകളും പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു.
ഈ പദ്ധതികൾക്ക് കീഴിൽ അനുവദിച്ച തുക വർഷങ്ങളായി ക്രമാനുഗതമായി വളർന്നു. 2020-21 ൽ ഏകദേശം 219.85 കോടി രൂപയായിരുന്നത് 2024-25 ല്‍ 367.67 കോടി രൂപയിലധികമായി വർധിച്ചു. ഇന്ത്യയിലുടനീളം കൈത്തറി, കരകൗശല സമൂഹങ്ങളെ ശാക്തീകരിക്കുന്നതിൽ സർക്കാർ ശക്തമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിത്. .
ദേശീയ കൈത്തറി വികസന പരിപാടി (എന്‍എച്ച്ഡിപി)
അംഗീകൃത ക്ലസ്റ്ററുകളിലും പുറത്തും സ്വാശ്രയവും മത്സരപൂര്‍ണവുമായ കേന്ദ്രങ്ങള്‍ രൂപീകരിച്ച് കൈത്തറി തൊഴിലാളികളുടെ സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുകയാണ് ദേശീയ കൈത്തറി വികസന പരിപാടയുടെ (എന്‍എച്ച്ഡിപി) ലക്ഷ്യം. .
നെയ്ത്തുകാരെ പിന്തുണയ്ക്കാന്‍ ആവശ്യകതാധിഷ്ഠിതവും സമഗ്രവുമായ സമീപനമാണ് പദ്ധതി അവലംബിക്കുന്നത്. അസംസ്കൃത വസ്തുക്കൾ, രൂപകൽപ്പന, സാങ്കേതികവിദ്യ നവീകരണം, പ്രദർശന വിപണനം, നഗര വില്പന കേന്ദ്രങ്ങളും വിപണന സമുച്ചയങ്ങളും ഉള്‍പ്പെടെ സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം എന്നിവയ്ക്ക് പദ്ധതി സഹായം നൽകുന്നു.
Components under NHDP
|
2014-15 to 2023-24
|
2024-25
|
Small Cluster Development Programme
|
|
|
No. of clusters sanctioned
|
715
|
79
|
Amount released (Rs. in crore)
|
533.17
|
85.99
|
No. of beneficiaries covered
|
2,16,579
|
12,221
|
Handloom Marketing Assistance
|
|
|
No. of marketing events sanctioned
|
2316
|
177
|
Amount released (Rs. in crore)
|
302.42
|
35.77
|
No. of beneficiaries covered
|
37,59,380
|
4,86,040
|
No. of products/items registered under GI Act, 1999
|
73
|
31
|
Weavers MUDRA Loan
|
|
|
No. of beneficiaries sanctioned loans
|
2,90,212
|
9,211
|
Handloom Weavers Welfare
|
|
|
No. of weavers enrolled under PMJJBY/PMSBY
|
24,86,697
|
1,42,126
|
അസംസ്കൃത വസ്തു വിതരണ പദ്ധതി (ആര്‍എംഎസ്എസ്)

നേരത്തെ നിലവിലുണ്ടായിരുന്ന നൂൽ വിതരണ പദ്ധതി (വൈഎസ്എസ്) ഇപ്പോൾ ഭാഗികമായി പരിഷ്കരിച്ച് അസംസ്കൃത വസ്തു വിതരണ പദ്ധതി (ആര്‍എംഎസ്എസ്) എന്ന് പുനർനാമകരണം ചെയ്യുകയും 2021–22 മുതൽ 2025–26 വരെ കാലയളവിൽ പദ്ധതി നടപ്പാക്കാൻ അംഗീകാരം ലഭിക്കുകയും ചെയ്തു. താഴെപ്പറയുന്ന പ്രധാന ലക്ഷ്യങ്ങളിലൂടെയും ഘടകങ്ങളിലൂടെയും താങ്ങാവുന്ന വിലയിൽ ഗുണനിലവാരമേറിയ നൂലിന്റെ ലഭ്യത ഉറപ്പാക്കി കൈത്തറി നെയ്ത്തുകാരെ പിന്തുണയ്ക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.
ഉദ്ദേശ്യ ലക്ഷ്യങ്ങൾ:
-
യോഗ്യരായ കൈത്തറി നെയ്ത്തുകാർക്ക് സബ്സിഡി നിരക്കിൽ ഗുണനിലവാരമുള്ള നൂലും മിശ്രണ ഘടകങ്ങളും നൽകുക.
-
മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി വില നിശ്ചയിക്കുകയും സുസ്ഥിര ഗുണനിലവാരവും വിതരണവും നിലനിർത്തുകയും ചെയ്യുക.
-
ഉല്പന്നങ്ങള്‍ക്ക് നിറം ചേര്‍ക്കാനുള്ള സൗകര്യങ്ങളുടെ പരിമിതി പരിഹരിക്കാനും ഉൽപ്പന്ന വൈവിധ്യവൽക്കരണം പിന്തുണയ്ക്കാനും നിറം ചേര്‍ത്ത നൂലിന്റെ വിതരണം നടത്തുക.
-
മിൽ മേഖലയുമായി മത്സരിക്കുന്നതിൽ കൈത്തറി നെയ്ത്തുകാരെ പിന്തുണയ്ക്കുക.
സബ്സിഡി
പദ്ധതി പ്രകാരം എല്ലാത്തരം നൂലുകൾക്കും ചരക്കുനീക്കത്തിന്റെ കൂലി തിരികെ നൽകുന്നു. കൂടാതെ നൂൽ കോട്ടൺ ഹാങ്ക് നൂൽ, ഗാർഹിക പട്ട്, കമ്പിളി, ലിനൻ നൂൽ, പ്രകൃതിദത്ത നാരുകൾ കൊണ്ട് നിർമിച്ച മിശ്രണ നൂൽ എന്നിവയ്ക്ക് അളവില്‍ പരിധിയോടെ 15% സബ്സിഡി നല്‍കുന്നതുവഴി കൈത്തറി നെയ്ത്തുകാർക്ക് വിലനിർണയത്തിൽ യന്ത്രവല്‍കൃത തുണിത്തരങ്ങളുമായി മത്സരിക്കാനാവും.
മുദ്ര ലോൺ

ഈ പദ്ധതി നെയ്ത്തുകാർക്ക് ബാങ്കുകൾ വഴി 6% കുറഞ്ഞ പലിശയോടെ സബ്‌സിഡി നിരക്കിൽ വായ്പകൾ ലഭ്യമാക്കുന്നു. ഈ വായ്പകള്‍ക്കൊപ്പം വ്യക്തിഗത നെയ്ത്തുകാർക്ക് 25,000 രൂപ വരെയും സംഘടനകൾക്ക് 20 ലക്ഷം രൂപ വരെയും മാർജിൻ മണി ലഭിക്കും. വായ്പ പ്രോത്സാഹിപ്പിക്കുന്നതിന് മന്ത്രാലയം ബാങ്കുകൾക്ക് വായ്പാ ഈട് ഫീസും നൽകുന്നു. പ്രക്രിയ സുഗമമാക്കുന്നതിന്റെ ഭാഗമായി നെയ്ത്തുകാരുടെ അക്കൗണ്ടുകളിലേക്ക് മാർജിൻ മണി നേരിട്ട് കൈമാറാനും പലിശ പിന്തുണയ്ക്കും ബാങ്കുകളിലേക്ക് വായ്പാ ഈട് ഇടപാടുകള്‍ക്കുമായി കൈത്തറി നെയ്ത്തുകാര്‍ക്ക് ഓൺലൈൻ മുദ്ര പോർട്ടൽ തയ്യാറാക്കിയിട്ടുണ്ട്. .
മറ്റ് പ്രധാന കേന്ദ്രസര്‍ക്കാര്‍ സംരംഭങ്ങൾ
വിപണന സഹായം

കൈത്തറി നെയ്ത്തുകാർക്ക് വിപണനവേദിയൊരുക്കുന്നതിന് പ്രദര്‍ശനങ്ങളും ജില്ലാതല പരിപാടികളും പതിവായി സംഘടിപ്പിച്ചുവരുന്നു. രാജ്യത്തുടനീളം നടത്തുന്ന വിവിധ കരകൗശല മേളകളിൽ പങ്കെടുക്കാനും നെയ്ത്തുകാർക്ക് അവസരമുണ്ട്. പുതിയ സംരംഭമെന്ന നിലയിൽ കൈത്തറി ഉൽപ്പന്നങ്ങളുടെ ഇ-വിപണി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 23 കമ്പനികൾ ഇ-വിപണനത്തില്‍ ഏർപ്പെട്ടിട്ടുണ്ട്.
കൈത്തറി ഉൽപ്പന്നങ്ങളുടെ സാക്ഷ്യപ്പെടുത്തല്‍
കൈത്തറി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക തിരിച്ചറിയല്‍ സംവിധാനമൊരുക്കാന്‍ 2006-ലാണ് കൈത്തറി അടയാളം പുറത്തിറക്കിയത്. 2015 ൽ ഉന്നതനിലവാര കൈത്തറി ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യാന്‍ ഇന്ത്യ കൈത്തറി ബ്രാൻഡ് (ഐഎച്ച്ബി) അവതരിപ്പിച്ചു. നെയ്ത്തുകാര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിൽ നേരിട്ട് ബന്ധം സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നതിലൂടെ നെയ്ത്തുകാര്‍ക്ക് മികച്ച വരുമാനവും ഉപഭോക്താക്കള്‍ക്ക് മികച്ച ഗുണനിലവാരവും ഉറപ്പാക്കുന്നു. ബിബ, പീറ്റര്‍ ഇംഗ്ലണ്ട്, ഒനയ തുടങ്ങിയ മുൻനിര ബ്രാൻഡുകൾ ഐഎച്ച്ബി-യുമായി ചേര്‍ന്ന് പ്രത്യേക കൈത്തറി ശേഖരങ്ങൾ ആരംഭിച്ചു.
ചെറുകിട ക്ലസ്റ്റർ വികസന പരിപാടി (എസ്‍സിഡിപി)
നെയ്ത്തു സംഘങ്ങളുടെ ദൃശ്യപരത വര്‍ധിപ്പിച്ച് സ്വയം-സുസ്ഥിരമാക്കി വികസിപ്പിക്കുന്നതിലാണ് ചെറുകിട ക്ലസ്റ്റർ വികസന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തറികള്‍, അനുബന്ധ ഉപകരണങ്ങൾ, വെളിച്ച സംവിധാനങ്ങള്‍ എന്നിവ വാങ്ങാനും നെയ്ത്തുശാലകളുടെ നിർമാണം, പൊതു തൊഴില്‍ശാലകളിലെ സൗരോര്‍ജ വെളിച്ച സംവിധാനങ്ങൾ എന്നിവ സജ്ജീകരിക്കാനും തുണിത്തര ഡിസൈനർമാരുടെ ഇടപെടൽ, ഉൽപ്പന്ന വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുമായി ഓരോ ക്ലസ്റ്ററിനും 2 കോടി രൂപ വരെ ആവശ്യാധിഷ്ഠിത സാമ്പത്തിക സഹായം നൽകുന്നു.
നൈപുണ്യ വികസനം

പുതിയ നെയ്ത്ത് സാങ്കേതിക വിദ്യകൾ പഠിക്കാനും ആധുനിക സാങ്കേതികവിദ്യകള്‍കക്കൊപ്പം സഞ്ചരിക്കാനും പുതിയ രൂപകല്പനകളും നിറങ്ങളും വികസിപ്പിക്കാനും നെയ്ത്തുകാർക്കും അനുബന്ധ തൊഴിലാളികൾക്കും പരിശീലനം ലഭിക്കുന്നു. പരിസ്ഥിതി സൗഹൃദമായി നിറം നല്‍കുന്ന രീതികൾ, അടിസ്ഥാന അക്കൗണ്ടിംഗിലും നിര്‍വഹണത്തിലും പരിചയം, ഇ-വിപണന സംവിധാനങ്ങളുമായി പരിചയപ്പെടൽ എന്നിവയും പരിശീലനത്തിൽ ഉൾപ്പെടുന്നു.
ഹത്കർഘ സംവർധൻ സഹായത (നൂലും അനുബന്ധ ഘടകങ്ങളും)

നവീകരിച്ച തറികളും ജക്കാർഡുകളും ഡോബികളും ഉപയോഗിച്ച് തുണിത്തരങ്ങളുടെ ഗുണനിലവാരവും ഉല്പാദനക്ഷമതയും മെച്ചപ്പെടുത്താന്‍ ഈ പദ്ധതി ലക്ഷ്യമിടുന്നു. പദ്ധതി പ്രകാരം ആകെ ചെലവിന്റെ 90% കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നു. അതേസമയം സംസ്ഥാന സർക്കാരുകളുടെ പൂർണ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നെയ്ത്തുശാല പദ്ധതി
പദ്ധതി പ്രകാരം നെയ്ത്തുകാരന്റെ വീടിനടുത്ത് മുഴുവൻ കുടുംബത്തിനും പ്രത്യേക തൊഴിലിടം ലഭിക്കും. ഓരോ യൂണിറ്റിനും 1.2 ലക്ഷം രൂപയാണ് ചെലവ്. വനിതകള്‍, ബിപിഎൽ - എസ്‌സി - എസ്ടി - ട്രാൻസ്‌ജെൻഡർ - ഭിന്നശേഷി വിഭാഗങ്ങളിലെ നെയ്ത്തുകാർ എന്നിവരുൾപ്പെടെ പാർശ്വവൽക്കരിക്കപ്പെട്ട കുടുംബങ്ങൾക്ക് 100% സാമ്പത്തിക സഹായത്തിന് അർഹതയുണ്ട്. മറ്റ് ഗുണഭോക്താക്കൾക്ക് 75% സഹായം ലഭിക്കുന്നു.
ഡിസൈനർമാരുടെ പങ്കാളിത്തം
നൂതന ഡിസൈനുകളും ഉല്പന്നങ്ങളും വികസിപ്പിക്കാന്‍ പ്രൊഫഷണൽ ഡിസൈനർമാർ ക്ലസ്റ്ററുകളിലും പുറത്തും ചേര്‍ന്നുപ്രവര്‍ത്തിക്കുന്നു. അവരുടെ ഫീസിന് പുറമെ രൂപകല്പന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നൽകാനും വിപണന സാധ്യതകള്‍ കണ്ടെത്താനും പ്രതിഫലത്തിന് അധിക സാമ്പത്തിക വിഹിതവും പദ്ധതി വാഗ്ദാനം ചെയ്യുന്നു.
പരമ്പരാഗത രൂപകല്പന സംരക്ഷണം
1999 ലെ ഭൂമിശാസ്ത്ര സൂചന (ജിഐ) നിയമപ്രകാരം ഇന്ത്യയുടെ തനത് കൈത്തറി മാതൃകകള്‍ രജിസ്റ്റർ ചെയ്യാൻ സഹായിക്കുന്നതിന് മന്ത്രാലയം സജീവമായി പ്രവർത്തിക്കുന്നു. സെമിനാറുകളും ശില്പശാലകളും വഴി ഇതിനായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഇതുവരെ ജിഐ ടാഗ് ചെയ്ത ആകെ 658 ഉൽപ്പന്നങ്ങളിൽ 104 എണ്ണം ജിഐ നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉൽപാദക കമ്പനികളിലൂടെ ശാക്തീകരണം
ഉൽപാദനക്ഷമതയും വരുമാനവും വര്‍ധിപ്പിക്കാന്‍ വിവിധ സംസ്ഥാനങ്ങളിലായി 163-ലധികം ഉൽപാദക കമ്പനികൾ (പിസികൾ) രൂപീകരിച്ചിട്ടുണ്ട്. മികച്ച രീതിയിൽ വ്യാപാരം നടത്താനും വന്‍കിട വിപണികളിലേക്ക് പ്രവേശനം നേടാനും ഈ കൂട്ടായ്മകൾ നെയ്ത്തുകാരെ സഹായിക്കുന്നു.
ജെം, ഇന്ത്യ ഹാന്‍ഡ് മെയ്ഡ് എന്നിവയിലൂടെ ഡിജിറ്റല്‍വല്‍ക്കരണം
നെയ്ത്തുകാർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാന്‍ പിന്തുണ ഉറപ്പാക്കുന്നു. ഏകദേശം 1.80 ലക്ഷം നെയ്ത്തുകാരെ ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസിൽ (ജെം) ഉൾപ്പെടുത്തിയതിലൂടെ സർക്കാർ വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും നേരിട്ട് വിൽപ്പന നടത്താന്‍ നെയ്ത്തുകാര്‍ക്ക് അവസരമൊരുക്കുന്നു. 2,418 വിൽപ്പനക്കാര്‍ indiahandmade.com ന്റെ ഭാഗമാവുകയും ഇതുവരെ 11,410 ഉൽപ്പന്നങ്ങൾ ഇതില്‍ ചേര്‍ക്കുകയും ചെയ്തു.
കൈത്തറി നെയ്ത്തുകാർക്ക് ക്ഷേമ നടപടികൾ
ഇന്ത്യയിലെ കൈത്തറി നെയ്ത്തുകാർക്ക് ടെക്സ്റ്റൈൽസ് മന്ത്രാലയം സാമൂഹ്യസുരക്ഷ പദ്ധതികള്‍ നല്‍കിവരുന്നുണ്ട്. പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന (പിഎംജെജെവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന (പിഎംഎസ്ബിവൈ), മഹാത്മാഗാന്ധി സംയോജിത ബങ്കർ ബീമ യോജന (എംജിബിബിവൈ) തുടങ്ങിയ ഇൻഷുറൻസ് പദ്ധതികളിലൂടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്നു. സ്വാഭാവികവും അപകടപരവുമായ മരണത്തിനും വൈകല്യത്തിനും ഇവ പരിരക്ഷ വാഗ്ദാനം ചെയ്യുന്നു.
പ്രതിവർഷം ഒരു ലക്ഷത്തിൽ താഴെ വരുമാനത്തോടെ ദരിദ്ര സാഹചര്യങ്ങളിൽ ജീവിക്കുന്ന 60 വയസ്സിന് മേലുള്ള പുരസ്കാര ജേതാക്കളായ നെയ്ത്തുകാർക്ക് പ്രതിമാസം 8,000 രൂപയുടെ സാമ്പത്തിക സഹായം നൽകുന്നു. കൂടാതെ അവരുടെ കുട്ടികൾക്ക് (രണ്ട് വരെ) സർക്കാർ അംഗീകൃത ടെക്സ്റ്റൈൽ സ്ഥാപനങ്ങളിൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര പഠനം നടത്താന്‍ പ്രതിവർഷം 2 ലക്ഷം രൂപ വരെ സ്കോളർഷിപ്പിനും അർഹതയുണ്ട്.
ഉപസംഹാരം
ഇന്ത്യയുടെ നെയ്ത്ത് പാരമ്പര്യങ്ങളുടെയും അവയെ ശാശ്വതമായി നിലനിർത്തുന്ന ജനങ്ങളുടെയും ഹൃദയംഗമമായ ആഘോഷമാണ് ദേശീയ കൈത്തറി ദിനം. ദിനാഘോഷത്തിന്റെ 11-ാം പതിപ്പ് അഭിമാനകരമായ പുരസ്കാരങ്ങളിലൂടെ അവരുടെ സംഭാവനകളെ അംഗീകരിക്കുന്നതിനൊപ്പം 2025-ലെ കൈത്തറി ഹാക്കത്തൺ ഉള്‍പ്പെടെ ഭാവി സംരംഭങ്ങളിലൂടെ ഈ മേഖലയില്‍ പുത്തന്‍ ചലനങ്ങൾ കൊണ്ടുവരികയും ചെയ്യുന്നു. പുതിയ ആശയങ്ങളിലൂടെയും സഹകരണങ്ങളിലൂടെയും സാങ്കേതികവിദ്യയിലൂടെയും ഈ രംഗം പ്രതിരോധാത്മകതയിലേക്കും നവീകരണത്തിലേക്കും ഉറച്ച ചുവടുവെയ്ക്കുന്നു.
ഈ പ്രത്യേക ദിനാഘോഷവേളയില്‍ രാജ്യത്തെ കരകൗശല വിദഗ്ധരെ, പ്രത്യേകിച്ച് സ്ത്രീകളെ ശാക്തീകരിക്കാനും ഇന്ത്യയുടെ സമ്പന്ന നെയ്ത്ത് പാരമ്പര്യം സംരക്ഷിക്കാനും പൈതൃകത്തിന്റെയും സുസ്ഥിരതയുടെയും സ്വാശ്രയത്വത്തിന്റെയും ഇഴകളാല്‍ നെയ്തെടുക്കുന്ന ശക്തവും ഊർജസ്വലവുമായ ഭാവി ഉറപ്പാക്കാനും കൂട്ടായ പ്രതിജ്ഞ നമുക്ക് ആവര്‍ത്തിച്ചുറപ്പിക്കാം.
References
Ministry of External Affairs
Ministry Of MSME
Ministry of Textiles
Handloom Export promotion Council
Click here to see PDF
****************************
(Backgrounder ID: 154983)
Visitor Counter : 6